•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വിനോദയാത്രകള്‍ വിലാപയാത്രകള്‍

   പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ വര്‍ഷാവസാനം ആഘോഷിക്കാന്‍, ഒന്നു പൊടിപൊടിക്കാന്‍ മൂന്ന് അധ്യാപകരും മുപ്പത്തെട്ട് കുട്ടികളുംകൂടി അതിരാവിലെ ഒരു വിനോദയാത്ര പോകുന്നു. അതില്‍ ഒമ്പതാംക്ലാസുകാരായ മൂന്നു മിടുക്കന്മാരുടെ മൃതദേഹവുമായി പാതിരയ്ക്ക് സംഘം മടങ്ങിയെത്തുന്നു.
   മുപ്പത്തഞ്ചു കുട്ടികളെ ചേര്‍ത്തുപിടിച്ചും ''എന്റെ മോനേ, മോളേ'' എന്നു വിളിച്ച്  ഉമ്മവച്ചും അപകടത്തില്‍പ്പെട്ടു ചാകാതെ അവരെ തിരിച്ചെത്തിച്ച ദൈവത്തെ സ്തുതിച്ചും മുപ്പത്തഞ്ചു കുടുംബങ്ങളിലെ മാതാപിതാക്കള്‍ വീട്ടിലേക്കു പോകുന്നു. വിനോദിക്കാന്‍ പോയ അക്കൂട്ടത്തിലെ മൂന്നു കുട്ടികളുടെ ജഡം താങ്ങിയെടുത്തും ചേര്‍ത്തുപിടിച്ചും ഉമ്മവച്ചും വഴി നീളെ ആര്‍ത്തലച്ചും ഇതാ പോകുന്നു,  മൂന്നു വഴിക്ക് മൂന്നു കുടുംബങ്ങള്‍.
    മൂന്ന് ആംബുലന്‍സുകള്‍ ചീറിപ്പായുന്നു. കണ്ണിറുക്കി, കൈ കെട്ടി, ചെവിയടച്ചു  നിശ്ചലമായി അവയില്‍ കിടക്കുന്നു മൂന്നു പയ്യന്മാര്‍. അവര്‍ മൂന്നും അവരുടെ കുടുംബത്തിലെ ഏകസന്തതിയോ ഏക ആണ്‍തരിയോ ആണ്. ആംബുലന്‍സിലിരുന്ന് അപ്പനും അമ്മയും കുടുംബക്കാരും അലറിക്കരയുന്നു. ചിലര്‍ എല്ലാ ദുഃഖവും ഉള്ളിലിട്ടുപൂട്ടി തല്‍ക്കാലത്തേക്ക് മുദ്രവയ്ക്കുന്നു.
    ദുരന്തത്തില്‍പ്പെട്ടവരുടെ കൂടെപ്പോയ കുറച്ചു കൂട്ടുകാരും അവരുടെ കുടുംബാംഗങ്ങളും പിന്നെയും അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്. എന്നിട്ടെന്താ..? ഇത്തിരി കഴിഞ്ഞ് അവരും മടങ്ങും. വീര്‍പ്പുമുട്ടലുകള്‍ താനേ കെട്ടടങ്ങും. ദുര്‍വിധി ഏറ്റു വാങ്ങേണ്ടിവന്ന കുടുംബങ്ങള്‍, ജീവിച്ചുതീര്‍ക്കുക എന്നത് പ്രകൃതിനിയമത്തിലെ  ഒരു അനിവാര്യത ആയതുകൊണ്ട്  സാധാരണ ജീവിതത്തിലേക്കു വരാന്‍ ശ്രമിക്കും. പക്ഷേ, നഷ്ടമായ ഇഷ്ടസന്താനങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍, ജീവിതാന്ത്യംവരെ  അവരുടെയുള്ളില്‍ ഒരു കനലായി നീറിക്കിടക്കും.
    വിനോദയാത്രകള്‍ വിലാപയാത്രകളാകുന്ന ഡസന്‍ കണക്കിനു സംഭവങ്ങള്‍ ഓരോ വര്‍ഷവും നാം കാണുന്നു.
   ആരാണിതിന്റെ ഉത്തരവാദികള്‍? ടൂര്‍ സങ്കടിപ്പിക്കുന്നവര്‍തന്നെ, വിനോദയാത്രാസംഘത്തിന്റെ നേതാക്കള്‍തന്നെ.
   എപ്പോഴൊക്കെ വിനോദയാത്ര പോയിട്ടുണ്ടോ, അപ്പോഴൊക്കെ തുടക്കത്തിലേ  എല്ലാവരെയും ഓര്‍മിപ്പിക്കുന്ന ഒരു കാര്യമുണ്ട്: 'നാം പോകുന്നതു വിനോദത്തിനാണ്. വിനോദത്തോടെതന്നെ തിരിച്ചുവരണം. എന്തൊക്കെ വേണ്ടെന്നു വെച്ചാലും സാരമില്ല, ഇപ്പോഴത്തെ സന്തോഷത്തില്‍ത്തന്നെ നമ്മള്‍ തിരിച്ചുവന്നേ പറ്റൂ. നമ്മെ മറ്റാരെങ്കിലും ചുമന്നുകൊണ്ടു വരേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ. വിനോദയാത്രകള്‍ വിലാപയാത്രകളായി മാറിയ  അനേകം സംഭവങ്ങള്‍ നമ്മുടെ ഓര്‍മയിലുണ്ടല്ലോ.
   നമുക്കങ്ങനെ സംഭവിക്കാതിരിക്കട്ടെ; പാറക്കെട്ടില്‍നിന്നു സെല്‍ഫി, തിരപ്പുറത്തൊരു കെട്ടിമറിച്ചില്‍, കുത്തനെയുള്ള മലമണ്ടയില്‍ വലിഞ്ഞുകേറ്റം, ആഴമറിയാത്ത പുഴയില്‍ എടുത്തു ചാട്ടം... എന്നിങ്ങനെ ജീവന്‍ പണയപ്പെടുത്തിയുള്ള അഭ്യാസങ്ങള്‍. എവിടെയും കര്‍ശനമായി വിലക്കാന്‍ ആരെങ്കിലും സംഘത്തില്‍ ഉണ്ടായേ പറ്റൂ. കൂടെയുള്ളവര്‍ അത് അനുസരിച്ചേ പറ്റൂ.
  'ഹേയ്. നിങ്ങളെന്തൊരു ബോറനാണ്, രസംകൊല്ലിയാണ്, നിങ്ങടെകൂടെ പോന്നതു കഷ്ടമായി, വീട്ടിലിരുന്നാല്‍ മതിയായിരുന്നു, ഇങ്ങനെ മസിലു പിടിച്ചിരിക്കാനാണോ, ഇച്ചിരി രസിക്കാനല്ലേ നമ്മള് വന്നത്' എന്നൊക്കെയുള്ള ആക്ഷേപങ്ങളും എതിര്‍പ്പുകളും ഉയര്‍ത്തുന്നവരുണ്ട്.
അന്യദേശത്തു ചെന്ന്  ആഴമറിയാത്ത വെള്ളത്തിലിറങ്ങുന്നത്, അറിഞ്ഞുകൊണ്ട് മരണത്തെ വാരിപ്പുണരലാണ്. അതു സംഭവിക്കാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കാത്ത നിങ്ങളാണ് ദുരന്തത്തിനു കാരണക്കാര്‍. ആ ദുര്‍ഭഗകുടുംബങ്ങള്‍ക്ക് ഇത്തിരി ആശ്വാസം കൊടുക്കാന്‍ ഇനി നിങ്ങളുടെ കൈയില്‍ എന്തെങ്കിലുമുണ്ടോ? 
നീന്തലറിയാവുന്നവര്‍പോലും കയത്തിലും ചുഴിയിലും ചിലപ്പോള്‍ ആണ്ടു പോകും. പക്ഷേ, ഒരിക്കലും വെള്ളത്തില്‍ ഇറങ്ങാത്തവര്‍പോലും ടൂറിന്റെ ലഹരിയില്‍(മദ്യത്തിന്റെയും മറ്റും) വെള്ളത്തില്‍ ചാടും. ഡ്രൈവിങ് പഠിക്കാത്തവന്‍ വണ്ടിയോടിക്കുന്നതുപോലെയാണത്. മരണക്കയത്തിലേക്കാണു പോകുന്നതെന്ന് അവര്‍ അറിയുന്നില്ല.
   തീ, വെള്ളം, കാറ്റ് തുടങ്ങിയ പ്രകൃതി ശക്തികളോടൊന്നിനോടും പിള്ളകളി പാടില്ല, വെല്ലുവിളി പാടില്ല, ഏറ്റുമുട്ടല്‍ പാടില്ല. കാരണം, അവയുടെ കരുത്ത് മനുഷ്യന്റെ പിടിയില്‍ ഒതുങ്ങില്ല. അതു പ്രവചനാതീതമാണ്.
   ഇനി, ഞാന്‍ എഴുതുന്ന കാര്യം വായിച്ചിട്ട് നിങ്ങള്‍ എന്നെ തല്ലാനോ ചീത്ത പറയാനോ ഇടയുണ്ട്. സാരമില്ല.  പക്ഷേ, പറയാതെ വയ്യ. നീന്തലറിയാതെ വെള്ളത്തിലിറങ്ങി മുങ്ങിമരിക്കുന്നവരുടെയും, സര്‍വനിയമങ്ങളും തെറ്റിച്ചു രണ്ടും കല്പിച്ചു വണ്ടി പായിച്ച് അപകടത്തില്‍പ്പെട്ടു മരിക്കുന്നവരുടെയും മൃതദേഹങ്ങള്‍ക്ക് അമ്പത് ചൂരലടി കൊടുക്കണം. എന്നിട്ടിങ്ങനെ ചോദിക്കണം:  ''ഇങ്ങനെപോയി ഒടുങ്ങാനാണോ ഇത്രയുംകാലം നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളെ വളര്‍ത്തിയത്? കഷ്ടപ്പെട്ടു വളര്‍ത്തിയ അവര്‍ക്ക് നിങ്ങള്‍ കൊടുത്തത് ഒരിക്കലും തീരാത്ത ദുഃഖമല്ലേ? അതിനിരിക്കട്ടെ ഈ ശിക്ഷ.''

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)