•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ചരിത്രത്തിന്റെ പുനര്‍വായനകള്‍

എന്‍.എസ്. മാധവന് 2024 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

    ''എഴുത്തച്ഛനായ് മാറുന്നു
പിന്നെ,യച്ഛനെഴുത്തായും''
എന്ന സച്ചിദാനന്ദന്‍കവിതയിലെ ഈരടികളാണ് എന്‍.എസ്. മാധവന്റെ മാസ്റ്റര്‍പീസ് എന്നു വിളിക്കാവുന്ന ഹിഗ്വിറ്റ എന്ന കഥ ഉള്‍പ്പെടുന്ന സമാഹാരത്തിന്റെ സമര്‍പ്പണവാക്യം. ഈ കഥാസമാഹാരം എന്‍.എസ്. മാധവന്‍ സമര്‍പ്പിച്ചിരിക്കുന്നത് അച്ഛന്റെ പേരിലാണ്. മൂന്നുപതിറ്റാണ്ടിനപ്പുറം ഭാഷാപിതാവിന്റെ പേരിലുള്ള ഏറ്റവും മുന്തിയ ബഹുമതി നല്‍കി കേരളം എന്‍.എസ്. മാധവനെ ആദരിക്കുമ്പോള്‍ ഈ കവിതാശകലം അന്വര്‍ഥമാവുകയാണ്. 
   1970 ലെ മാതൃഭൂമി വിഷുപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'ശിശു' എന്ന കഥയിലൂടെയാണ് എന്‍.എസ്. മാധവന്‍ എന്ന പേര് മലയാളിവായനക്കാരുടെ പരിചയസീമയിലെത്തിയത്. പിന്നീട് തിരുത്ത്, ഹിഗ്വിറ്റ, ചൂളൈമേട്ടിലെ ശവങ്ങള്‍, നിലവിളി, പഞ്ചകന്യകള്‍, നാലാംലോകം, പര്യായകഥകള്‍, ഭീമച്ചന്‍ എന്നീ ചെറുകഥാസമാഹാരങ്ങളിലൂടെയും ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന നോവലിലൂടെയും മലയാളകഥാഭൂപടത്തില്‍ നവഭാവുകത്വം അടയാളപ്പെടുത്താന്‍ എന്‍.എസ്. മാധവന്റെ എഴുത്തിനു കഴിഞ്ഞു. 1975 ല്‍ സിവില്‍ സര്‍വീസില്‍ പ്രവേശിക്കുകയും ധനകാര്യവകുപ്പില്‍ സ്‌പെഷല്‍ സെക്രട്ടറിസ്ഥാനം അലങ്കരിക്കുകയും ചെയ്ത കഥാപുരുഷന്‍ മലയാളകഥയിലെ ജീനിയസ് എന്നു വിശേഷിപ്പിക്കപ്പെട്ടു.
     1990 ല്‍ എഴുതിയ ''ഹിഗ്വിറ്റ' എന്ന ചെറുകഥ എന്‍.എസ്. മാധവനു നേടിക്കൊടുത്ത പ്രശസ്തി ചെറുതല്ല. 'പെനാല്‍റ്റിക്കു കാത്തുനില്‍ക്കുന്ന ഗോളിയുടെ ഏകാന്തത' എന്ന ഏറെ പ്രശസ്തമല്ലാതിരുന്ന ജര്‍മന്‍നോവല്‍ മലയാളികളില്‍ പലരും തേടിപ്പോയത് ഹിഗ്വിറ്റ വായിച്ചിട്ടാണ്. മലയാളത്തില്‍ പുതിയൊരു ആഖ്യാനരീതിക്കു തുടക്കംകുറിക്കാന്‍ ഹിഗ്വിറ്റയ്ക്കു കഴിഞ്ഞു. ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ മലയാളത്തില്‍ രചിക്കപ്പെട്ട ഏറ്റവും ശില്പസൗന്ദര്യമുള്ളൊരു കഥ എന്നു ഹിഗ്വിറ്റയെ നിസ്സംശയം വിശേഷിപ്പിക്കാം. മലയാളചെറുകഥയില്‍ ഒരു നവഭാവുകത്വം സൃഷ്ടിച്ച കഥയായിട്ടാണ് ഹിഗ്വിറ്റ വായിക്കപ്പെടുന്നത്.
   എന്‍.എസ്. മാധവന്റെ ചെറുകഥകള്‍ ചരിത്രത്തിന്റെ പുനര്‍വായനകളായിരുന്നു. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിലെഴുതിയ 'തിരുത്ത്', ഒരു കുട്ടിയും കൂട്ടുകാരനും വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയുടെ ഒരു പോര്‍വിമാനം ബോംബിടുന്നതു കാണുന്നതിനെപ്പറ്റിയെഴുതിയ 'പക്ഷി', ദില്ലിയിലും ഇന്ത്യയിലെ മറ്റിടങ്ങളിലും നടന്ന സിഖ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ രചിച്ച 'വന്‍മരങ്ങള്‍ വീഴുമ്പോള്‍', സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ എഴുതിയ 'നാലാം ലോകം', അമേരിക്കന്‍ പട്ടാളം ഇറാക്കില്‍ സദ്ദാം ഹുസൈനെ തടവിലാക്കിയതിനെത്തുടര്‍ന്നു നടന്ന സംഭവങ്ങളെ അധികരിച്ചെഴുതിയ 'ക്ഷുരകന്‍', അധികാരവും അതിന്റെ ഇരകളും തമ്മിലുള്ള ബന്ധം പുനര്‍വായിക്കുന്ന 'മുംബൈ' എന്നിവ ഉദാഹരണം. ഇന്ത്യ കണ്ട മൂന്നു വലിയ കലാപങ്ങളെപ്പറ്റി എഴുതിയ 'വന്‍മരങ്ങള്‍ വീഴുമ്പോള്‍', 'തിരുത്ത്', 'നിലവിളി' എന്നിവ മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയകഥകളുടെ പട്ടികയില്‍ പെടുത്താം. ചരിത്രത്തിന്റെ സന്ദിഗ്ധാവസ്ഥകളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവയെ വര്‍ത്തമാനകാലത്തോടു സംവദിക്കുന്ന തരത്തില്‍ ചെറുകഥയുടെ മാധ്യമത്തിലേക്കു സന്നിവേശിപ്പിക്കാനും മാധവനു കഴിഞ്ഞു. അരനൂറ്റാണ്ടുകാലത്തെ കഥാജീവിതത്തില്‍ സമകാലികരായ എം. മുകുന്ദന്‍, സക്കറിയ, പുനത്തില്‍ കുഞ്ഞബ്ദുള്ള, സേതു തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെക്കുറച്ചേ അദ്ദേഹം എഴുതിയിട്ടുള്ളൂ. എന്നാല്‍, ആ കഥകള്‍ മലയാളിയുടെ ദേശകാലങ്ങളോട് ആഴത്തില്‍ സംവദിച്ചു.
   ഒരര്‍ഥത്തില്‍, എഴുത്തച്ഛന്റെ വഴിയേയുള്ള സഞ്ചാരമാണ് ഓരോ എഴുത്തുകാരന്റെയും ജീവിതവും കഥയും. 'ഭീമച്ചന്‍' എന്ന ഏറ്റവും പുതിയ കഥയിലുള്‍പ്പെടെ എന്‍.എസ്. മാധവന്‍ നമ്മോടു പങ്കുവയ്ക്കുന്ന രഹസ്യവും അതുതന്നെയാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)