•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സിനിമകാണാന്‍ കൊതിച്ച്

   തൃശൂര്‍ ജില്ലയിലെ പുതുക്കാട് എന്ന സ്ഥലത്താണ് ഞാന്‍ നാലാംക്ലാസുവരെ പഠിച്ചത്. അന്ന് അവിടെയായിരുന്നു എന്റെ പിതാവിനു ജോലി. 1941 ല്‍ പിതാവ് തൃശൂരില്‍ മറ്റൊരു ജോലിയില്‍ പ്രവേശിച്ചതോടെ ഞങ്ങള്‍ കുടുംബസമേതം തൃശൂരിലേക്കു പോന്നു. 

    പുതുക്കാട് കൊയ്ത്തു കഴിഞ്ഞ പാടത്തു ടൂറിങ്ങുടാക്കീസുകാര്‍ മിക്ക വര്‍ഷവും വന്നു കൂടാരമടിച്ചു സിനിമാപ്രദര്‍ശനം നടത്തിയിരുന്നു. അവിടെവച്ചാണ് ഞാനാദ്യമായി സിനിമ കാണുന്നത്. അധികവും തമിഴ്‌സിനിമകളായിരുന്നു. അന്നുമുതല്‍ സിനിമയെന്ന വിസ്മയം കാണാന്‍ എന്തെന്നില്ലാത്ത അഭിനിവേശമായിരുന്നു എനിക്ക്. 
   ഒരിക്കല്‍ അങ്കമാലിയില്‍നിന്ന് എന്റെ അപ്പൂപ്പന്‍ (അമ്മയുടെ അപ്പന്‍) തൃശൂര്‍ക്കു വന്നു. മകളുടെയും കുടുംബത്തിന്റെയും ക്ഷേമമന്വേഷിച്ച് എത്തിയതാണ്. ഞങ്ങള്‍ക്ക് സാമ്പത്തികശേഷിയില്ലെങ്കിലും അമ്മാനപ്പനെ വേണ്ടവിധം സല്‍ക്കരിക്കാനായി മരുമകനായ അപ്പന്‍ കടംവാങ്ങിയാണെങ്കിലും സുഭിക്ഷമായ വിരുന്നൊരുക്കി. എങ്ങനെയൊക്കെയാണ് അമ്മാനപ്പനെ തൃപ്തിപ്പെടുത്തേണ്ടതെന്നാലോചിച്ചപ്പോള്‍ പുതുമയുള്ള ഒരാശയം അപ്പന്റെ മനസ്സില്‍ പൊന്തിവന്നു. ആദ്യമായി തൃശൂര്‍ക്കു വന്നതല്ലേ, അമ്മാനപ്പനെ ഒരു സിനിമ കാണിക്കുക. തൃശൂര്‍ ജോസ് തിയേറ്ററില്‍ നല്ലൊരു സിനിമ വന്നിട്ടുണ്ട്.
അപ്പൂപ്പന്‍ മുമ്പ് സിനിമ കണ്ടിട്ടില്ല. അക്കാലത്ത് അങ്കമാലിയില്‍ കൂടാരമടിച്ചുള്ള സിനിമപോലും വന്നിട്ടില്ല. അപ്പൂപ്പനോടു വിവരം പറഞ്ഞപ്പോള്‍ 'അതൊന്നും വേണ്ട' എന്നു പറഞ്ഞെങ്കിലും മുഖത്ത് അര്‍ദ്ധസമ്മതത്തിന്റെ പുഞ്ചിരിയുണ്ടായിരുന്നു. അപ്പന്‍ നിര്‍ബന്ധിച്ചപ്പോള്‍ സമ്മതം മൂളി. സിനിമാജ്വരമുള്ള ഞാനും അപ്പൂപ്പനെ പ്രേരിപ്പിച്ചു. അപ്പന്‍ പറഞ്ഞു: ''ജോസ് കൂടെവരും. സിനിമ കഴിഞ്ഞു നിങ്ങള്‍ ഒരുമിച്ചുപോന്നാല്‍ മതി.''
  അപ്പന്‍ ബഞ്ചിന്റെ ടിക്കറ്റിനുള്ള പൈസ തന്നു. അന്നത്തെ ടിക്കറ്റുനിരക്കുകള്‍ ഇങ്ങനെയായിരുന്നു: ഒന്നാംക്ലാസ് കസേര ഒരു രൂപ, രണ്ടാം ക്ലാസ് എട്ടണ, ബഞ്ച് നാലണ, തറ രണ്ടണ (അതായത്, ഇന്നത്തെ പന്ത്രണ്ടു പൈസ).
   വീട്ടില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെയുള്ള ജോസ് തിയേറ്ററിലേക്ക് അന്ന് ഒമ്പതുവയസ്സുള്ള ഞാന്‍ അപ്പൂപ്പനെയും കൊണ്ടു നടന്നുപോയി. അപ്പൂപ്പന് ബഞ്ചിന്റെ   ടിക്കറ്റെടുത്തുകൊടുത്തു. സിനിമകാണാന്‍ ഏറ്റവും കൊതിയുള്ള എനിക്ക് ടിക്കറ്റിനുള്ള പൈസയില്ല. ഇരിക്കാനുള്ള സ്ഥലമെല്ലാം ചൂണ്ടിക്കാണിച്ചുകൊടുത്തിട്ടു ഞാന്‍ പുറത്തേക്കു നിരാശയോടെ പോന്നു. 'സിനിമ കാണാന്‍ നീയും വാ' എന്ന് പറഞ്ഞ് അപ്പൂപ്പന്‍ എനിക്കുള്ള പൈസ തരുമെന്നു ഞാന്‍ ആശിച്ചു. കര്‍ഷകനും നാട്ടിന്‍പുറത്തുകാരനുമായ അപ്പൂപ്പന് അങ്ങനെ ഒരു നല്ല മനസ്സു തോന്നിയില്ല. ഞാന്‍ തിയേറ്ററിനു പുറത്തേക്കുപോരുമ്പോള്‍ അപ്പൂപ്പന്‍ എന്തോ പറയാന്‍ എന്നെ നോക്കി. ഞാന്‍ ആശയോടെ ഓടിച്ചെന്നു. 'മോനും ഒരു ടിക്കറ്റെടുത്തോ' എന്നു പറഞ്ഞ് പൈസ തരാനാകുമെന്നു ഞാന്‍ വിചാരിച്ചു. പക്ഷേ, നോക്കിയത് അതിനല്ല. ''കളികഴിയുമ്പോ നീ പുറത്ത് എന്നെ കാത്തുനില്‍ക്കണം.'' അപ്പൂപ്പന്റെ ഉത്കണ്ഠ അതായിരുന്നു. ''ശരി. ഞാന്‍ കാത്തുനില്‍ക്കാം.'' മ്ലാനമുഖത്തോടെ ഞാന്‍ സമ്മതിച്ചു.
കുറച്ചുകഴിഞ്ഞപ്പോള്‍ 6.30 ന്റെ സിനിമ തുടങ്ങി. ഇനി രണ്ടരമണിക്കൂര്‍ കാത്തിരിക്കണം. ഞാന്‍ തിയേറ്ററിന്റെ എതിര്‍വശത്തെ ഫുട്പാത്തിനോട് ചേര്‍ന്നുള്ള അരമതിലില്‍ പോയി ഇരുന്നു. എനിക്കു വല്ലാത്ത നിരാശയും സങ്കടവും തോന്നി. എത്ര മോഹിച്ചതാണ് സിനിമ കാണാന്‍. ഈ കൊച്ചുമനസ്സിന്റെ പ്രയാസം ആരും മനസ്സിലാക്കിയില്ല. ആ രാത്രിസമയത്ത് ഒറ്റയ്ക്ക് മഞ്ഞുകൊണ്ട് അപ്പൂപ്പനെ കാത്തിരുന്നു.
    സിനിമ കഴിഞ്ഞതിന്റെ സൂചനയായി ബെല്ലടിയും ഉച്ചഭാഷിണിയിലൂടെയുള്ള പാട്ടും കേട്ടപ്പോള്‍ ഞാന്‍ ഗേറ്റിനടുത്തേക്കു ചെന്ന്, അപ്പൂപ്പനെയും കൂട്ടി വീണ്ടും രണ്ടു കിലോമീറ്റര്‍ നടന്നു വീട്ടിലെത്തി. വഴിക്കുവച്ച് സിനിമ നന്നായോ എന്ന് അപ്പൂപ്പനോടു ഞാന്‍ ചോദിച്ചതേയില്ല. ചോദിക്കാനുള്ള സന്തോഷം ഉണ്ടായില്ല എന്നതാണു സത്യം. 
   അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്നത്തെ ഒമ്പതുകാരന്‍ അറിയപ്പെടുന്ന നാടകകൃത്തായി വളര്‍ന്നു. എന്റെ ഒട്ടേറെ നാടകങ്ങള്‍ കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ ഇടതടവില്ലാതെ അവതരിപ്പിച്ചു. നിരവധി നാടകങ്ങള്‍ ആകാശവാണി നാടകവാരത്തിലും അല്ലാതെയും പ്രക്ഷേപണം ചെയ്തു. റേഡിയോനാടകവാരത്തില്‍ വന്ന എന്റെ മണല്‍ക്കാട്, അഗ്നിവലയം എന്നീ നാടകങ്ങള്‍ പിന്നീട് ദേശീയപരിപാടിയായി പതിന്നാലു ഭാഷകളില്‍ ഇന്ത്യയൊട്ടുക്കു പ്രക്ഷേപണം ചെയ്തു. കേരളത്തിലെ മൂന്നു യൂണിവേഴ്‌സിറ്റികളില്‍ സ്‌കൂള്‍ഫൈനല്‍കാരനായ എന്റെ നാടകങ്ങള്‍ ഡിഗ്രിക്കു പാഠപുസ്തകങ്ങളായി.
പല നാടകങ്ങളും ചലച്ചിത്രങ്ങളായി. 'ഭൂമിയിലെ മാലാഖ' എന്ന നാടകം അതേപേരിലും (ഇതില്‍ പ്രേംനസീര്‍, തിക്കുറിശ്ശി, മുത്തയ്യ, സുകുമാരി, അടൂര്‍ഭാസി തുടങ്ങിയവര്‍ അഭിനയിച്ചു) 'മണല്‍ക്കാട്' നാടകം 'അറിയാത്ത വീഥികള്‍' എന്ന പേരിലും (കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്തു. മധു, സുകുമാരി, മമ്മൂട്ടി   മോഹന്‍ലാന്‍, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ അഭിനയിച്ചു) 'ശാപരശ്മി' നാടകം 'അഗ്നിനക്ഷത്രം' എന്ന പേരിലും (മഞ്ഞിലാസിന്റെ ബാനറില്‍ വിന്‍സെന്റ് മാഷ് സംവിധാനം ചെയ്തു. ലക്ഷ്മി, സോമന്‍, മോഹന്‍, നന്ദിതാബോസ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ശങ്കരാടി, ബഹദൂര്‍, എന്‍.ഗോവിന്ദന്‍ കുട്ടി, പി.കെ. ഏബ്രഹാം തുടങ്ങിയവര്‍ ഇതിലഭിനയിച്ചു. സംഗീതം ദേവരാജന്‍. പാടിയവര്‍ യേശുദാസ്, പി.ലീല, പി. സുശീല, മാധുരി) ചലച്ചിത്രങ്ങളായി.  അഗ്നിനക്ഷത്രം 1977 ഏപ്രിലില്‍ വിഷുവിനു കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. അതേ ജോസ് തിയേറ്ററിലാണ് 'അഗ്നിനക്ഷത്രം' പ്രദര്‍ശിപ്പിച്ചത്. അന്നെല്ലാം ആ സിനിമ എല്ലാ ദിവസവും സൗജന്യമായി കാണാന്‍ എനിക്കു സൗകര്യമുണ്ടായിരുന്നു.
   വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി. കേരളത്തിലെ ഫിലിം സെന്‍സര്‍ ബോര്‍ഡ് മെമ്പറായി ഞാന്‍ നോമിനേറ്റു ചെയ്യപ്പെട്ടു. നാലുവര്‍ഷം ആ സ്ഥാനം തുടര്‍ന്നു. എനിക്കു നല്‍കിയ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡു കാണിച്ചാല്‍ കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ ഏതു തിയേറ്ററിലും ഉയര്‍ന്ന ക്ലാസില്‍ സൗജന്യമായി സിനിമ കാണാം. ഇതെല്ലാം ദൈവത്തിന്റെ നിഗൂഢവും വിസ്മയകരവുമായ പദ്ധതികള്‍!

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)