കര്‍ണാടകസംഗീതലോകത്തെ നിത്യവിസ്മയമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ഓര്‍മകള്‍ക്ക് അരനൂറ്റാണ്ട്
കര്‍ണാടകസംഗീതമണ്ഡലത്തെ ഏഴു പതിറ്റാണ്ടോളം ഹര്‍ഷോന്മാദത്തിലാറാടിച്ച് അഞ്ചു പതിറ്റാണ്ടുമുമ്പു കടന്നുപോയ ആ മഹാഗുരുവിനെ ഒരിക്കല്‍ക്കൂടി ഓര്‍മിച്ചുകൊണ്ട് ഒക്‌ടോബര്‍ 16 കടന്നുപോയി. അതേ, 1974 ലായിരുന്നു ആ ശ്രുതിധാര മുറിഞ്ഞുപോയത്. ഇന്നും ഗുരുവായൂരമ്പലത്തില്‍ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിലൂടെ ദശലക്ഷക്കണക്കിന് ആരാധകര്‍ ആ മഹാത്മാവിന്റെ ഓര്‍മ നിലനിര്‍ത്തുന്നു.
പാലക്കാട് ജില്ലയിലെ കോട്ടായി പഞ്ചായത്തിലുള്‍പ്പെട്ട ചെമ്പൈ എന്ന അഗ്രഹാരത്തില്‍ 1896 സെപ്റ്റംബര്‍ 14 നു ജനനം. അച്ഛന്‍ അനന്തമൂര്‍ത്തി ഭാഗവതര്‍. അമ്മ - പാര്‍വ്വതി അമ്മാള്‍. ത്യാഗരാജസ്വാമികളുടെ സമകാലികനായിരുന്ന ചക്രതാനം സുബ്ബയ്യര്‍, ചെമ്പൈ വൈദ്യനാഥഭാഗവതരുടെ മുതുമുത്തച്ഛനായിരുന്നു. 'കൊച്ചുവൈത്തി' എന്ന വിളിപ്പേരില്‍ ചെമ്പൈ ഗ്രാമത്തില്‍ ഓടിക്കളിച്ച അയ്യര്‍ബാലന്‍, പില്‍ക്കാലത്ത് ആ ഗ്രാമത്തിന്റെതന്നെ പേര് ശിരസ്സില്‍ ചൂടി വിഹരിച്ചു ഭാഗവതരായി! കേരളത്തിനകത്തും പുറത്തും പുകള്‍പെറ്റ സംഗീതചക്രവര്‍ത്തിയായി! വൈത്തിഭാഗവതരെന്നും ചെമ്പൈസ്വാമിയെന്നും അദ്ദേഹത്തെ വിളിച്ചിരുന്നു. മൂന്നാം വയസ്സില്‍ സ്വന്തം പിതാവിനു ദക്ഷിണവച്ചാണ് സംഗീതപഠനം ആരംഭിച്ചത്. എട്ടാം വയസ്സില്‍ വൈത്തിയുടെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് സ്വജീവിതം സംഗീതത്തിനുവേണ്ടി സമര്‍പ്പിച്ചു. ഗുരുവായൂരപ്പന്റെ പരമഭക്തനായാണു നാം കാണുന്നത്. സംഗീതതപസ്യയിലൂടെ കര്‍ണാടകസംഗീതത്തെ പ്രശസ്തിയിലേക്കുയര്‍ത്തി ആനന്ദത്തിന്റെ ശ്രുതിമഴ തീര്‍ത്ത ആ സുവര്‍ണനാദത്തിന്റെ മാസ്മരികത, ലോകം ആവോളം ആസ്വദിച്ചു.
ആരിയക്കുടി രാമാനുജം അയ്യങ്കാര്‍, മഹാരാജപുരം വിശ്വനാഥ അയ്യങ്കാര്‍ എന്നിവരുടെകൂടെ ചെമ്പൈ വൈദ്യനാഥ അയ്യരെയും ചേര്‍ത്ത് അഭിനവസംഗീതത്രിമൂര്‍ത്തികള്‍ എന്നു വിശേഷിപ്പിച്ചുപോരുന്നു.
ശാസ്ത്രീയസംഗീതത്തിലെ അഗാധപാണ്ഡിത്യം! അദ്വിതീയമായ സ്വരശുദ്ധിയില്‍ ലയിച്ച ശബ്ദഗാംഭീര്യം! ഉയര്‍ന്ന ആവൃത്തിയിലുള്ള മധുരതരമായ നാദപ്രയോഗം! ഗമകപ്രയോഗത്താലും സ്വരപ്രസ്താരത്താലും നിരവലിലെ നിര്‍ഗളസംഗതികളാലും ശ്രോതാക്കളെ ഉന്മത്തരാക്കി കച്ചേരികളെ ചടുലതരമാക്കാനുള്ള അന്യാദൃശമായ കഴിവ് ചെമ്പൈയ്ക്കുണ്ടായിരുന്നു! പക്കവാദ്യക്കാര്‍ക്കും തിളങ്ങാനുള്ള അവസരം കച്ചേരികളില്‍ അദ്ദേഹം സൃഷ്ടിക്കുമായിരുന്നു. ഗമകപ്രയോഗങ്ങളില്‍ അദ്ദേഹം നടത്തിയിട്ടുള്ള പരീക്ഷണങ്ങളെ സംഗീതജ്ഞരില്‍ ചിലരെങ്കിലും വിമര്‍ശിച്ചതായി കേട്ടിട്ടുണ്ട്. ഒരുപക്ഷേ, അപ്രാപ്യമായ പലതിനെയും എതിര്‍ക്കുന്ന ചിലരുടെ തമാശയായി അതിനെ കണക്കാക്കിയാല്‍ മതിയാകും.
സുവിദിതമാണ് ആ മഹാന്റെ ജീവചരിത്രം. അതു വീണ്ടും ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നില്ല. കേട്ടറിഞ്ഞതും അത്ര പ്രസിദ്ധമല്ലാത്തതുമായ ചില നുറുങ്ങുകള്‍ ആ വ്യക്തിത്വത്തെ അപഗ്രഥിക്കാന്‍ പോരുന്നവയായതിനാല്‍ പങ്കിടാന്‍ ആഗ്രഹിക്കുന്നു.
സംഗീതലോകത്തിലെ വിലപ്പെട്ട അംഗീകാരമായ സംഗീതകലാനിധി എന്ന ബഹുമതി ആദ്യമായി ഇദ്ദേഹത്തിലൂടെയാണ് കേരളത്തിലെത്തിയത് (1951 ല്‍) എന്നത് എടുത്തുപറയേണ്ടതാണ്. കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡും, രാഷ്ട്രപതിയുടെ പത്മഭൂഷന്‍ ബഹുമതിയും അദ്ദേഹത്തെ പരമോന്നതനാക്കി.
ഏറെ നന്മകള്‍ നിറഞ്ഞ മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. എന്നാല്‍, താന്‍ ഉറച്ചുവിശ്വസിക്കുന്ന കാര്യങ്ങളില്‍ അചഞ്ചലനായി നില്ക്കുന്ന വിട്ടുവീഴ്ചയില്ലാത്ത സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു; പ്രത്യേകിച്ചു സംഗീതത്തിന്റെ കാര്യത്തില്‍. അതു വരുത്തുന്ന ദോഷഫലങ്ങളില്‍ ഖേദിച്ചിട്ടുമില്ല. ഒരു സംഭവം: ചെമ്പൈയുടെ കഴിവും പ്രശസ്തിയും അറിഞ്ഞ മൈസൂര്‍രാജാവ് ഒരിക്കല്‍ ആസ്ഥാനവിദ്വാന്‍പട്ടം നല്കിയശേഷം ദസറാ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മൈസൂരിലേക്കു ക്ഷണിച്ചു. അതേ അവസരത്തില്‍ പതിവുള്ള നവരാത്രിപൂജ തനിക്കുള്ളതിനാല്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്നറിയിച്ച് ക്ഷണം നിരസിച്ചു. അക്കാലത്ത് എന്നല്ല, ഒരിക്കലും പ്രശസ്തി ആഗ്രഹിക്കുന്ന ഒരു സംഗീതകാരനും അങ്ങനെ ചെയ്യുകയില്ല. ലഭിക്കാമായിരുന്ന ഭാരിച്ച സമ്മാനങ്ങളും ധനവും സ്ഥാനമാനങ്ങളും നഷ്ടപ്പെടുന്നതില്‍ ആ സംഗീതോപാസകന് ഒട്ടും കുണ്ഠിതവുമില്ലായിരുന്നു!
ലളിതാദാസരുടെ കൃതികള്‍ പാടാനും പഠിപ്പിക്കാനുമായിരുന്നു അദ്ദേഹത്തിനു കമ്പം. സ്വാതിതിരുനാള്‍കൃതികളോട് അത്ര അടുപ്പം കാട്ടിയില്ല. ദീക്ഷിതരുടെയും ത്യാഗരാജന്റെയും കൃതികളോടൊപ്പം ഇരയിമ്മന്‍തമ്പിയുടെ 'കരുണ ചെയ്യാനെന്തു താമസം' അദ്ദേഹം പാടാത്ത വേദികള്‍ ചുരുക്കമായിരുന്നു.
ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്തു പരിപാലിക്കാന്‍ ഇദ്ദേഹത്തെപ്പോലെ സമര്‍ഥനായൊരു ഗുരു അന്നുണ്ടായിരുന്നില്ല എന്നത് തികച്ചും സത്യമായിരുന്നു.
ജാതിമതചിന്തകൂടാതെ താന്‍ ജീവിച്ച കാലത്തിനുമപ്പുറം ചിന്തിക്കാന്‍ വൈത്തി സ്വാമിക്കു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് പില്‍ക്കാലത്ത് പ്രശസ്തരായ പി. ലീല, യേശുദാസ്, ജയവിജയന്മാര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണത്തില്‍ പെട്ടത്. 'യേശുവിനെ' (അങ്ങനെ വിളിച്ചിരുന്നു) പൊന്നാട അണിയിച്ച ആ മഹാന്റെ മഹാമനസ്‌കതയും സ്‌നേഹവായ്പും എത്രത്തോളമെന്ന് ഒന്നു ചിന്തിച്ചുനോക്കൂ! ദാസേട്ടനെ ഗുരുവായൂരമ്പലത്തില്‍ കയറ്റാത്തതിന്റെ വിഷമം നമുക്കു മാത്രമല്ല, ചെമ്പൈയ്ക്കും ഏറെയുണ്ടായിരുന്നു. അതിന് അദ്ദേഹം ചെയ്ത 'മറുകൃതി' ഏറെ പ്രസിദ്ധമാണ്. സ്ഥലപരിമിതിയുള്ളതിനാല്‍ വിവരിക്കുന്നില്ല.
ഇടയ്ക്ക് ആ നാദം ഒന്നു നിന്നുപോയത് ഏറെ ഞെട്ടലോടെയാണു സംഗീതലോകം കേട്ടത്! പ്രതീക്ഷയോടെ, പ്രാര്‍ഥനയോടെ ഏറെനാള്‍ നിശ്ശബ്ദനായി കഴിഞ്ഞ ചെമ്പൈസ്വാമി പക്ഷേ, വെറുതെയിരുന്നില്ല. വയലിന്‍തന്ത്രികളില്‍ വിരലോടിച്ചു തന്റെ കദനഭാരം കുറയ്ക്കുകയും വേദികളില്‍ മറ്റു ഗായകര്‍ക്കു വയലിന്‍ വായിക്കാന്‍ ശ്രമിക്കുകയും ചെയ്തുവത്രേ!
ആയകാലത്തു സുമുഖനായിരുന്ന അദ്ദേഹത്തെ പല സിനിമകളിലും പാടി അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു, ധാരാളം കന്നഡ, തമിഴ്, തെലുങ്ക് സംവിധായകര്‍. എന്നാല്‍, എന്തുകൊണ്ടോ സിനിമാമേഖല അദ്ദേഹത്തിനിഷ്ടമില്ലായിരുന്നു. പക്ഷേ, പ്രസിദ്ധ വയലിന്‍വാദകന്‍ ചൗഡയ്യയുടെയും മൃദംഗവിദ്വാന്‍ പാലക്കാട് മണി അയ്യരുടെയും കൂടെക്കൂടെയുള്ള നിര്‍ബന്ധത്തിനു വഴങ്ങി 'വാണി' എന്ന കന്നഡചിത്രത്തില്‍ ഒരു പാട്ടുപാടി അഭിനയിക്കുകയും അന്നുവരെ ആരും വാങ്ങാത്ത ഏറ്റവും കൂടിയ പ്രതിഫലമായ 5000 രൂപ വാങ്ങി അമ്പലത്തില്‍ വഴിപാടു കഴിക്കുകയും ചെയ്തതായി ഒരു ചരിത്രമുണ്ട്.
ഞാന്‍ സംഗീതവിദ്യാര്‍ഥിയായിരിക്കേ, ഗുരുനാഥന്‍ കോട്ടയം ആനന്ദന്‍ ഭാഗവതര്‍ പറഞ്ഞുകേട്ട ഒരു കഥയിതാ: ഒരിക്കല്‍ ശിഷ്യന്മാരുമൊത്ത് ഒരു തീവണ്ടിയാത്രയ്ക്കിടയില്‍ ഏതോ സ്റ്റേഷനില്‍ വണ്ടി മണിക്കൂറുകളോളം കിടക്കേണ്ടതായിവന്നു. ചെമ്പൈ പ്‌ളാറ്റ്‌ഫോമിലേക്കിറങ്ങി ശിഷ്യരെ മുന്നിലിരുത്തി സംഗീതം പഠിപ്പിച്ചുതുടങ്ങി. അക്കൂട്ടത്തില്‍, ജയവിജയന്മാരും ഉണ്ടായിരുന്നതായാണറിവ്. മണിക്കൂറുകളുടെ ബോറിങ് എല്ലാവര്‍ക്കും ഒഴിവായത്രേ.
ഭാഗവതരെക്കുറിച്ച് എന്റെ പിതാവു പറഞ്ഞ ഒരു കാര്യം: സാധകത്തിനുമുമ്പ്, ഒരു കിണ്ടി മോര് എടുത്ത് ഒരു ശിഷ്യന്റെ കൈയില്‍ കൊടുത്ത്, ചാരുകസേരയില്‍ മലര്‍ന്നുകിടന്ന്, കിണ്ടിവാലിലൂടെ മോര് ഇറ്റിച്ച് തൊണ്ടയിലേക്ക് ഒഴിപ്പിക്കും. മറ്റൊരു ശിഷ്യനെക്കൊണ്ട് രാമച്ചവിശറിയാല്‍ തൊണ്ടയില്‍ വീശിക്കും! ശബ്ദത്തിന്റെ മഹിമകൊണ്ട് ആരെങ്കിലും പറഞ്ഞുപരത്തി അച്ഛന്‍ അറിഞ്ഞതായിരുന്നോ ആവോ!
ചെമ്പൈയെക്കുറിച്ച് ആരും അധികം കേള്‍ക്കാത്ത ഒരു കഥകൂടിയുണ്ട്: വടക്കന്‍കേരളത്തിലെ ഉന്നതനായ ഒരു ഗൃഹനാഥന്‍ തന്റെ മകളുടെ വിവാഹത്തിനു സ്വാമിയെ ക്ഷണിച്ചു. അവിടെ ചെമ്പൈയുടെ കച്ചേരിക്കിടെ 'അമൃതവര്‍ഷിണി' രാഗത്തിലുള്ള മുത്തുസ്വാമിദീക്ഷിതരുടെ 'ആനന്ദാമൃതവര്‍ഷിണി' എന്ന കൃതി ആലപിക്കാന്‍ നിര്‍ബന്ധിച്ചു. ഈ പ്രസന്നമായ കാലാവസ്ഥയില്‍ ആ ഗാനം പാടുന്നതു ശരിയല്ല എന്നു ചെമ്പൈ പറഞ്ഞിട്ടും സമ്മതിച്ചില്ല. പിന്നെ ഒന്നും തര്‍ക്കിച്ചില്ല. പാടി. ചരണത്തിനുമുമ്പ് ആ വിവാഹച്ചടങ്ങ് അലങ്കോലപ്പെടുത്തിക്കൊണ്ട് ശക്തമായ മഴയും കാറ്റുമുണ്ടായി. അമൃതവര്‍ഷിണി ഇപ്പോള്‍ വേണ്ടാ എന്നു പറഞ്ഞത് എല്ലാവര്‍ക്കും മനസ്സിലായി.
സദസ്യരുമായി രസകരമായി സംവദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കച്ചേരികള്‍ സാമാന്യജനങ്ങള്‍ക്കും അങ്ങേയറ്റം ഹരമായിരുന്നു. ഒരിക്കല്‍ ആ നാദധാര കേട്ടിട്ടുള്ള ഏതൊരാള്‍ക്കും ഓര്‍മയില്‍ സൂക്ഷിക്കുന്ന വിലപ്പെട്ട ധനമായി മാറും അത്! ഭാഗ്യമെന്നു പറയട്ടെ, തീര്‍ത്തും ചെറുപ്പത്തില്‍ ഈയുള്ളവനും, നേരിട്ട് ആ നാദപീയൂഷം ഒരുതവണമാത്രം ആസ്വദിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പൊന്‍കുന്നം അടുത്ത് പനമറ്റംക്ഷേത്രത്തിലെ ഉത്സവദിവസമായിരുന്നു കച്ചേരി! നിഷ്‌കളങ്കമായ ആ ചിരിയും രസകരമായ കമന്റുകളും ഇന്നും എന്റെ സ്മൃതിയില്‍ ഒളിമങ്ങാതെ കിടക്കുന്നു!...
ഹേ! സംഗീതമഹാമൂര്‍ത്തേ! അവിടുത്തെ പാവനസ്മരണയ്ക്കുമുന്നില്‍ സംഗീതപ്രേമികളായ ഞങ്ങള്‍ ശിരസ്സു നമിക്കട്ടെ.