•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കേരള സൈഗാള്‍ പാപ്പുക്കുട്ടി ഭാഗവതര്‍

    പഴയകാലനാടകനടനും സംഗീതജ്ഞനും അനേകം അപൂര്‍വസിദ്ധികളുടെ ഉടമയും കലാകേരളത്തിന്റെ അഭിമാനവുമായ ഒരു മഹാപ്രതിഭയാണ് 2020 ജൂണ്‍ 22 ന് നിര്യാതനായ പാപ്പുക്കുട്ടി ഭാഗവതര്‍.
    കുറെക്കാലമായി അദ്ദേഹത്തെ എനിക്കു നേരിട്ടറിയാം. രണ്ടുമൂന്നു വട്ടം എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. എന്നെ നന്നേ ഇഷ്ടമായിരുന്നു. ഞങ്ങള്‍തമ്മില്‍ പ്രായംകൊണ്ട് ഏറെ അന്തരമുണ്ടെങ്കിലും അദ്ദേഹം എന്നെ സ്വന്തം അനുജനെപ്പോലെയാണു സ്‌നേഹിച്ചിരുന്നത്. എല്ലാ ജന്മദിനത്തിലും ഞാനദ്ദേഹത്തെ ഫോണില്‍ വിളിച്ച് ആശംസകള്‍  അറിയിക്കുകയും ദീര്‍ഘായുസ്സു നേരുകയും ചെയ്യുമായിരുന്നു. 2020 മാര്‍ച്ച് 29 നും വിളിച്ചു. മകന്‍ സാബു ഫോണ്‍ അദ്ദേഹത്തിനുകൊടുത്തു. ഭാഗവതരുടെ സ്വരം അങ്ങനെ അവസാനമായി കേള്‍ക്കാന്‍ കഴിഞ്ഞു.
   എഴുപത്തഞ്ചുവര്‍ഷംമുമ്പ് ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ ഒരു നാടകം ആദ്യമായി കാണുന്നത്. നാടകത്തിന്റെ പേര് 'പരദേശി.' യാചകവേഷമാണു ഭാഗവതര്‍ക്ക്. സംഗീതപ്രധാനമായ റോള്‍. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ എനിക്കു നാടകം കാണാനുള്ള ആവേശവും താത്പര്യവുമുണ്ടായിരുന്നു. വീട്ടുകാരോടു പറഞ്ഞും പറയാതെയും അക്കാലത്തു പല മികച്ച നാടകങ്ങളും തിയേറ്ററുകളില്‍ പോയി കണ്ടിട്ടുണ്ട്. തൃശൂരില്‍ മുഖ്യമായും നാടകങ്ങള്‍ തൃശൂര്‍ ജോസ് തിയേറ്ററിലും തൃശൂര്‍ ടൗണ്‍ ഹാളിലുമായിരുന്നു. 
    പാപ്പുക്കുട്ടി ഭാഗവതര്‍ അഭിനയിച്ച നാടകമാണ് ജോസ് തിയേറ്ററില്‍ ഞാനന്നു കണ്ടത്. തന്റെ ശോഷിച്ച ശരീരപ്രകൃതിക്ക് നന്നേ ഇണങ്ങുന്നതായിരുന്നു ''പരദേശി''യിലെ യാചകന്റെ റോള്‍, ഒരു ഭിക്ഷാപാത്രവും പിടിച്ച് ആ കഥാപാത്രം മന്ദ്രമധുരമായി സംഗീതമാലപിച്ചു ഭിക്ഷയാചിച്ചു നീങ്ങുമ്പോള്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്നു ചിലര്‍ ഒറ്റരൂപാ നാണയങ്ങളും മുന്‍നിരയിലിരിക്കുന്ന ചില പ്രമാണികള്‍ എഴുന്നേറ്റു നോട്ടുകളും സ്റ്റേജിലേക്ക് എറിയുമായിരുന്നു. അങ്ങനെ വീഴുന്ന നോട്ടുകളും നാണയങ്ങളും പാടുന്നതിനിടയില്‍ പെറുക്കിയെടുത്തുകൊണ്ടു കഥാപാത്രം നീങ്ങുന്നു. അത് അക്കാലത്തെ ഒരു സ്റ്റൈലായിരുന്നു. 
   ഞാന്‍ കണ്ട 'യാചകി' എന്ന മറ്റൊരു നാടകത്തില്‍ യുവതിയും സംഗീതവിദുഷിയുമായ മിസ്സിസ് തങ്കം വാസുദേവന്‍നായരാണ് ഭിക്ഷ യാചിച്ചു സ്റ്റേജിലൂടെ നടന്നു പാടിയത്. അന്നും നല്ലൊരു സംഖ്യ പിരിഞ്ഞു. അങ്ങനെ, സ്റ്റേജില്‍ വന്നു വീഴുന്ന സംഖ്യ എത്രയാണെങ്കിലും ആ കളക്ഷന്‍ ആ കലാകാരനോ കലാകാരിക്കോ സ്വന്തമായി എടുക്കാവുന്നതാണ്. അക്കാലത്തെ ഏറ്റവും മികച്ച നാടകനടന്മാരും സംഗീതജ്ഞരുമായ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, അഗസ്റ്റിന്‍ ജോസഫ്, വൈക്കം വാസുദേവന്‍നായര്‍, സി.എം. പാപ്പുക്കുട്ടി ഭാഗവതര്‍ എന്നിവര്‍ പ്രായം കൊണ്ടും പ്രാഗല്ഭ്യംകൊണ്ടും ഏതാണ്ടു സമശീര്‍ഷരാണ്.
   നാടകത്തില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ സംഗീതം ആലപിച്ചുകൊണ്ടിരിക്കുമ്പോള്‍, പലപ്പോഴും പ്രേക്ഷകരുടെ ഭാഗത്തുനിന്നു നാടകകഥയുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റേതെങ്കിലും ഗാനമോ കീര്‍ത്തനമോ പാടാന്‍ വിളിച്ചുപറഞ്ഞ് ഒച്ചവയ്ക്കും. ആ സമ്മര്‍ദത്തിനു വഴങ്ങിയില്ലെങ്കില്‍, നാടകം മുമ്പോട്ടുപോകാന്‍ പറ്റാത്ത അവസ്ഥ വരും. അതുകൊണ്ട് കാണികളുടെ ആഗ്രഹത്തിനു വഴങ്ങി തെല്ലും ഔചിത്യമില്ലെങ്കിലും സീനിന്റെ ഇടയില്‍ ഭാഗവതര്‍ പാടും. 1940 കളില്‍ ഹിന്ദി ചലച്ചിത്രലോകത്ത് ആത്മാവിന്റെ വീണാതന്ത്രികളെ തൊട്ടുണര്‍ത്തിയ, വലിയ ഹിറ്റായിത്തീര്‍ന്ന ഒരു ഗാനമുണ്ട്. 'സിന്ധഗി' എന്ന ചിത്രത്തില്‍ സൈഗാള്‍ പാടിയ 'സോജാ രാജകുമാരി' എന്ന അനശ്വരഗാനം. പ്രേക്ഷകരുടെ ആവശ്യാര്‍ഥം ഈ ഗാനവും ഭാഗവതര്‍ അതിസുന്ദരമായി ആലപിക്കുമായിരുന്നു. അതോടെ 'കേരള സൈഗാള്‍' എന്ന പേരു വീണു. പിന്നെ നാടകനോട്ടീസിലും പോസ്റ്ററുകളിലും 'കേരളസൈഗാള്‍ പാപ്പുക്കുട്ടി ഭാഗവതര്‍' എന്ന വിശേഷണവും കൊടുത്തുതുടങ്ങി.
പാപ്പുക്കുട്ടി ഭാഗവതര്‍ ഏഴുവയസ്സില്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ 'വേദമണി' എന്ന സംഗീതനാടകത്തില്‍ ബാലനായകനായി പാടി അഭിനയിച്ചുകൊണ്ടാണ് തന്റെ അരങ്ങേറ്റം. അന്നു പ്രേക്ഷകര്‍ ഹര്‍ഷാരവം മുഴക്കി അഭിനന്ദിച്ചു. കലയോടുള്ള അഭിനിവേശംനിമിത്തം പന്ത്രണ്ടുവയസ്സില്‍ അദ്ദേഹം ഔപചാരികമായ വിദ്യാഭ്യാസം നിര്‍ത്തി. പിന്നീട്, രണ്ടു സംഗീതാധ്യാപകരുടെ കീഴില്‍ അഞ്ചാറുവര്‍ഷം കര്‍ണാടകസംഗീതം അഭ്യസിച്ചു. തുടര്‍ന്ന്, ഷെവ. ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്റെ 'മിശിഹാചരിത്രം' നാടകത്തില്‍ അഭിനയിച്ചും പാടിയും പേരെടുത്തു. ആ നാടകത്തില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ഭാഗവതര്‍ക്കു കൊടുത്തത് മഗ്ദലനമറിയത്തിന്റെ സ്ത്രീവേഷമായിരുന്നു. അതില്‍ അത്യധികം സങ്കടവും നിരാശയുമുണ്ടായി തിരിച്ചുപോരാന്‍ ഒരുമ്പെട്ടതാണ്. ഒടുവില്‍ റോളിന്റെ പ്രാധാന്യം     മനസ്സിലാക്കിക്കൊടുത്തതോടെ വഴങ്ങി. നാടകം അരങ്ങേറിയപ്പോള്‍ ശ്രീ ചെറിയാന്റെ ക്രിസ്തുവിനോടൊപ്പം ഭാഗവതരുടെ മഗ്ദലനമറിയവും തിളങ്ങി.
തുടര്‍ന്ന്, കേശവദേവിന്റെ 'സുഹൃത്ത്' എന്ന നാടകത്തില്‍ അഭിനയിച്ചു. പിന്നെ സമത്വം, സ്വാതന്ത്ര്യം, വിദ്യാര്‍ഥി, പരമാര്‍ഥം, തിക്കുറിശ്ശിയുടെ മായ, ടിപ്പുസുല്‍ത്താന്‍, പ്രേമഗാനം, ഭാഗ്യചക്രം, തെരുവുതെണ്ടി, ഇണപ്രാവുകള്‍, ചിരിക്കുന്ന ചെകുത്താന്‍, 19-ാം നൂറ്റാണ്ട്, ധീരസമാധി എന്നിങ്ങനെ ഒട്ടനവധി നാടകങ്ങളില്‍ പങ്കെടുത്തു. കേരളത്തില്‍ കന്യാകുമാരി മുതല്‍ കാസര്‍കോടുവരെയും സംസ്ഥാനത്തിനു പുറത്ത് കല്‍ക്കത്ത, ബോംബെ, പുനെ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും വര്‍ഷംതോറും ഭാഗവതരുടെ നാടകങ്ങള്‍ അരങ്ങേറിയിരുന്നു. മലയാളനാടകവേദിയില്‍ മുപ്പതിലേറെ വര്‍ഷക്കാലം പാടുന്ന നായകനായി പ്രശോഭിച്ചു. ഏകദേശം പതിനയ്യായിരം വേദികളില്‍ ഇദ്ദേഹത്തിന്റെ നാടകങ്ങളും സംഗീതക്കച്ചേരികളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
    ഒരിക്കല്‍ ബോംബെയില്‍  ഒരു കോളജ് ഓഡിറ്റോറിയത്തില്‍ 'പരദേശി' നാടകം അവതരിപ്പിച്ച ദിവസം. നാടകസംഘാടകരുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അക്കാലത്തെ പ്രമുഖ ഹിന്ദി ചലച്ചിത്രനടന്മാരായ രാജ്കപൂര്‍, അശോക് കുമാര്‍, ജയരാജ് തുടങ്ങിയവര്‍ നാടകം കാണാന്‍ എത്തിയിരുന്നു. അവര്‍ മുന്‍നിരയില്‍ ഉപവിഷ്ടരായി. കൈയില്‍ ഭിക്ഷാപാത്രവുമായി യാചകവേഷത്തില്‍ ഭാഗവതര്‍ പാടി അഭിനയിക്കുന്നു. ആ സമയത്തു മലയാളിപ്രേക്ഷകരുടെ ഭാഗത്തുനിന്ന് 'സോജ' പാടണം എന്ന് ഉച്ചത്തിലുള്ള അഭ്യര്‍ഥന മുഴങ്ങി. അതിനു വഴങ്ങി ഭാഗവതര്‍ 'സോജാ രാജകുമാരി' എന്ന ഹിന്ദിഗാനം സൈഗാള്‍ പാടിയ അതേ ഗാംഭീര്യത്തോടെ ശ്രുതിമധുരമായി ആലപിച്ചപ്പോള്‍ രാജ്കപൂറൂം അശോക് കുമാറും ജയരാജും വിസ്മയം പൂണ്ട്, ഹര്‍ഷപുളികതിരായി എഴുന്നേറ്റുനിന്നു കൈയടിച്ചതോടൊപ്പം നൂറിന്റെ നോട്ടുകളാണ് ഭിക്ഷാപാത്രത്തിലിട്ടുകൊടുത്തത്. പ്രേക്ഷകരുടെ ഭാഗത്തുനിന്ന് നോട്ടുകളും ഒറ്റരൂപാനാണയങ്ങളും സ്റ്റേജിലേക്കു വന്നുകൊണ്ടിരുന്നു. നാടകാനന്തരം എണ്ണിനോക്കിയപ്പോള്‍ 1750 രൂപയോളം ഉണ്ടായിരുന്നു. അത്യപൂര്‍വമായൊരനുഭവം. ഇതു ഭാഗവതര്‍ എന്നോടു നേരിട്ടു പറഞ്ഞതാണ്. അന്നത്തെ 1750 രൂപ! ഒരു പറ അരിക്ക് ഒരു രൂപമാത്രം വിലയുള്ള കാലം. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു രൂപ കൊടുത്ത് ഒരു പറ അരി വാങ്ങിയിട്ടുണ്ട്.
     പാപ്പുക്കുട്ടി ഭാഗവതര്‍ നാടകവേദിയില്‍ മുപ്പതുവര്‍ഷം നിലകൊണ്ടു. ഇതിനിടയില്‍ ഇരുപത്തഞ്ചോളം മലയാള ചലച്ചിത്രങ്ങളില്‍ അഭിനയിച്ചു. ചിലതില്‍     പിന്നണിഗായകനായി പാടി. നാടകരംഗത്തുനിന്നു പിന്‍വാങ്ങിയശേഷം കഥാപ്രസംഗത്തോടു കമ്പം തോന്നി ഏകദേശം മൂന്നുവര്‍ഷക്കാലം മുട്ടത്തുവര്‍ക്കിയുടെ 'പാടാത്ത പൈങ്കിളി' എന്ന പ്രസിദ്ധ നോവലിനെ കഥാപ്രസംഗരൂപത്തിലാക്കി ഭാഗവതര്‍ അവതരിപ്പിച്ചു. കേരളമൊട്ടുക്ക് ഓരോ സ്ഥലത്തും നിറഞ്ഞ സദസ്സ് കഥാപ്രസംഗത്തെ അംഗീകരിച്ചു, ആസ്വദിച്ചു. കഥാപ്രസംഗത്തില്‍നിന്നു പിന്തിരിഞ്ഞശേഷം കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ സംഗീതക്കച്ചേരികള്‍ നടത്തി. മാത്രമല്ല, സംഗീതവാസനയുള്ള കുട്ടികളെ ഏറെ താത്പര്യത്തോടെ സംഗീതം അഭ്യസിപ്പിച്ചു. അതിനുള്ള ആവേശവും ആരോഗ്യവും പ്രസരിപ്പും അദ്ദേഹത്തിനുണ്ടായിരുന്നു. അടുത്തകാലംവരെ അതു തുടര്‍ന്നു. ക്രമേണ ആരോഗ്യസ്ഥിതി മോശമായതോടെ അധ്യാപനം നിര്‍ത്തി.
    കലാരംഗത്തു ഭാഗവതര്‍ നല്‍കിയ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, അക്കാദമിയുടെ സ്‌പെഷല്‍ അവാര്‍ഡ്, സംസ്‌കൃതി അവാര്‍ഡ് എന്നിവ കൂടാതെ, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും 'ചലച്ചിത്രപ്രതിഭ' എന്ന ബഹുമതിയും കെസിബിസിയുടെ അവാര്‍ഡും ലഭിച്ചു. ഞാന്‍ സംഗീതനാടക അക്കാദമിയുടെ ചെയര്‍മാനായ ആദ്യവര്‍ഷംതന്നെ അദ്ദേഹത്തിന് അതുവരെ, അതായത്, 92 വയസ്സുവരെ ലഭിക്കാതിരുന്ന അക്കാദമിയുടെ ഉന്നതബഹുമതിയായ 2004 ലെ ഫെലോഷിപ്പ് സമ്മാനിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ 2009 ലെ എസ്.എല്‍.പുരം സദാനന്ദന്‍ സ്മാരകനാടകപുരസ്‌കാരവും (ഒരു ലക്ഷം രൂപയും ശില്പവും ബഹുമതിപത്രവും) ഭാഗവതര്‍ക്കു ലഭിക്കുകയുണ്ടായി. ഇതിന്റെ പേരില്‍ തൃശൂരിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി അദ്ദേഹത്തെ തൃശൂര്‍ റീജണല്‍ തിയേറ്ററില്‍വച്ച് ആദരിക്കുകയുണ്ടായി. അന്നുതന്നെ തൃശൂര്‍ ചേതനാ മ്യൂസിക് കോളജില്‍ അദ്ദേഹത്തിന്റെ ഒരു സംഗീതക്കച്ചേരിയുമുണ്ടായിരുന്നു. നൂറാംവയസ്സില്‍ ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ ഹാളില്‍ വച്ച് മറുനാടന്‍മലയാളികളുടെ വകയായി അദ്ദേഹത്തിന് ഉജ്ജ്വലമായ ഒരു സ്വീകരണം നല്‍കി. ആ പ്രായത്തിലും അന്ന് ഒരു സംഗീതക്കച്ചേരി നടത്തി കൈയടി നേടി.
    അദ്ദേഹത്തിന് സംഗീതനാടക അക്കാദമിയുടെ ഫെലോഷിപ്പ് സമ്മാനിച്ചത് കുന്നംകുളം ടൗണ്‍ഹാളില്‍വച്ച് അന്നത്തെ കേരളസാംസ്‌കാരികവകുപ്പുമന്ത്രി ശ്രീ. എ.പി. അനില്‍കുമാറാണ്. ഫെലോഷിപ്പ് ലഭിച്ച വ്യക്തി മറുപടിപ്രസംഗം നടത്താറുണ്ട്. അതിനുപകരം ഭാഗവതര്‍ 'സോജാ രാജകുമാരി' എന്ന ഹിന്ദിഗാനമാണ് ആലപിച്ചത്. അതിപ്രശസ്തനായ കെ.എല്‍. സൈഗാള്‍ പാടി അനശ്വരമാക്കിയ അതേഗാനം അതേ പ്രൗഢിയോടും സ്വരമാധുരിയോടുംകൂടി ഭാഗവതര്‍ പാടിയപ്പോള്‍, തിങ്ങി നിറഞ്ഞ സദസ്സു കോരിത്തരിച്ചു. ഗാനത്തിനിടയിലും ഗാനം തീര്‍ന്നപ്പോഴും വമ്പിച്ച ഹര്‍ഷാരവവും കൈയടികളുമാണ് മുഴങ്ങിയത്. മന്ത്രിയും ആവേശപൂര്‍വം കൈയടിച്ചു.
   ഒരിക്കല്‍ ഞാനദ്ദേഹത്തോട് ആരോഗ്യരഹസ്യം ആരാഞ്ഞപ്പോള്‍ കിട്ടിയ മറുപടി: ''ചിട്ടയായ ദിനചര്യകള്‍, ജീവിതവിശുദ്ധി, നന്മനിറഞ്ഞ മനസ്സ്, തികഞ്ഞ ഈശ്വരവിശ്വാസം.''
    ജീവിതരേഖ: കൊച്ചി വൈപ്പിന്‍കരയില്‍ തെക്കന്‍മാലിപ്പുറത്തു ചക്കാലയ്ക്കല്‍ മിഖായേലിന്റെയും അന്നയുടെയും മകനായി 1913 മാര്‍ച്ച് 29 ന് ജനിച്ചു. പരേതയായ ബേബിയാണ് ഭാര്യ. മക്കള്‍: മോഹന്‍ ജോസ് (ചലച്ചിത്രനടന്‍), സല്‍മ (ചലച്ചിത്ര പിന്നണിഗായിക), സാബു, ഷാദി, പരേതനായ ജീവന്‍ ജോസ്. മരുമക്കള്‍: ഫെലീഷ്യ, കെ.ജി. ജോര്‍ജ് (ചലച്ചിത്ര സംവിധായകന്‍), ഷൈനി സാബു, മണി.
    ഭാഗവതരുടെയും എന്റെയും വീട്ടുപേര് ചക്കാലയ്ക്കല്‍ എന്നാണെങ്കിലും ഞങ്ങള്‍ ബന്ധുക്കളല്ല. ഇതു വെറും യാദൃച്ഛികത. 
നാടകം, സിനിമ, കഥാ പ്രസംഗം, സംഗീതം, സംഗീതാധ്യാപനം തുടങ്ങിയ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര ചാര്‍ത്തിയും കലാരംഗത്തു മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത സിദ്ധികള്‍ അയാളപ്പെടുത്തിയുമാണ് പാപ്പുക്കുട്ടി ഭാഗവതര്‍ യാത്രയായത്. തന്റെ സംഗീതപാടവംകൊണ്ടും ആലാപനവൈശിഷ്ട്യംകൊണ്ടും ഒരു കാലഘട്ടത്തെ മുഴുവന്‍ കീടഴക്കിയ ഒരുഅസാമാന്യപ്രതിഭയായിരുന്നു. 107-ാം വയസ്സില്‍ അന്തരിച്ച അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കുമുന്നില്‍ 92 കാരനായ ഈ എളിയ അനുജന്റെ ശോകപുഷ്പാഞ്ജലി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)