•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സന്തുഷ്ടജീവിതത്തിനു ബോംബിടുന്നവര്‍!

    എന്റെ ഒരു സുഹൃത്ത്  ഒരിക്കല്‍ ഒരു ബന്ധുവിന്റെ വീട്ടില്‍ ഒരു നായക്കുട്ടിയെ വാങ്ങാന്‍  പോയി. അവിടെ കണ്ട നാലു തക്കിടിമുണ്ടന്‍  നായക്കുട്ടികളില്‍ അയാള്‍ക്കിഷ്ടമായതു കാലിനു വൈകല്യമുള്ള ഒരെണ്ണത്തിനെ ആയിരുന്നു. കാലങ്ങള്‍ കടന്നുപോയി. പിന്നീട് പലപ്പോഴും സുഹൃത്തിന്റെ നായയെ കണ്ടു. നല്ല സ്‌നേഹമുള്ള ഒരു മിടുക്കന്‍പട്ടിക്കുട്ടിയായി  ഇപ്പോള്‍ വളര്‍ന്നിരിക്കുന്നു. കാലിന് അല്പം ചട്ടുണ്ട് എന്നുമാത്രം. നമുക്കു ചുറ്റിലും ധാരാളമായി കാണുന്ന പോരായ്മകളെയും അപൂര്‍ണതകളെയും നാം എളുപ്പത്തില്‍ സ്വീകരിക്കാറുണ്ടോ? 

    അപൂര്‍ണതയാണ് നമുക്കു ചുറ്റും. ഈ മനോഹരമായ ലോകത്തിലെ കാഴ്ചകളോരോന്നും പരിശോധിക്കൂ. കാട്ടരുവിയുടെ കരയില്‍നിന്നാല്‍ അവിടെ പല വര്‍ണങ്ങളിലും ആകൃതിയിലുമുള്ള കല്ലുകള്‍ കാണാം. സമീപത്തുള്ള പുല്‍മേട്ടിലും എത്ര വൈവിധ്യമാര്‍ന്ന ചെടികളാണ്! ഇതെല്ലാം കൃത്യതയുടെ ഒരു തോതിലായിരുന്നെങ്കില്‍ ഈ ലോകം എത്ര വിരസമായേനേ! അവയൊന്നും കണ്ണുകള്‍ക്കിത്രയധികം ഇമ്പം പകര്‍ന്നുതരുമായിരുന്നില്ല. വിവിധങ്ങളായ ആകൃതികളും വര്‍ണഭേദങ്ങളുമാണ് കാഴ്ചയുടെ വലിയൊരു സദ്യ നമുക്ക് ഒരുക്കിത്തരുന്നത്.
    പരമ്പരാഗത ജാപ്പനീസ് സൗന്ദര്യാവബോധപഠനങ്ങളില്‍ 'വാബി - സാബി' എന്നത് ഒരു ലോകദര്‍ശനമാണ്. അസ്ഥിരതയും ക്ഷണികതയും  അപൂര്‍ണതകളും പരിമിതികളും തുറവോടെ സ്വീകരിക്കുന്ന ഒരു മനോഭാവമാണത്. ലോകത്തുള്ളതെല്ലാം തീരെ നിലനില്പില്ലാത്തതും അപൂര്‍ണവുമാണെന്ന് അവര്‍ മനസ്സിലാക്കുന്നു.
നിങ്ങള്‍ സന്തുഷ്ടരും ആത്മനിര്‍വൃതിയുള്ളവരുമായിരിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ ഒരു കാര്യത്തിനു വേഗം തയ്യാറായിക്കൊള്ളൂ. പ്രതീക്ഷകളെ യാഥാര്‍ഥ്യബോധത്തോടെ വെട്ടിച്ചുരുക്കുക. അസമാനവും എത്തിപ്പിടിക്കാനാകാത്തതും സദാ ഉത്തമാംശംമാത്രം തേടുന്നതുമായ സ്റ്റാന്‍ഡേര്‍ഡ് ഒന്നു മിതപ്പെടുത്തുക. ഓരോന്നും നേടിയെടുക്കാവുന്ന തരത്തില്‍ ഉള്ളതായിരിക്കട്ടെ. വലിയ തികവുകളില്ലാത്തപ്പോഴും ആ പോരായ്മകള്‍ക്കും കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കുംമുമ്പില്‍ കണ്ണടച്ച്, സന്തോഷത്തോടെ അതെല്ലാം ഉള്‍ക്കൊള്ളാനുള്ള മനസ്സു സൃഷ്ടിക്കുക. നാം മനസ്സിലാക്കണം, പൂര്‍ണത എന്നു പറയുന്നത് ഒരു മരീചികയാണ്. അടുത്തെത്തുമ്പോഴേക്കും ഓടിമറയുന്ന മായക്കാഴ്ചയാണത്.
    ഒരു കമ്പ്യൂട്ടര്‍പ്ലാനിന്റെ ചിട്ടയില്‍ ഈ ലോകത്ത് ഒന്നും നടക്കാന്‍ പോകുന്നില്ല. പല പരാജയങ്ങളുമുണ്ടാകും. നാം ലക്ഷ്യമിട്ടിരിക്കുന്നതില്‍ പലതും മുഴുവനായി നേടാനായി എന്നു വരില്ല. ഇവിടെ മനമുരുകിയിട്ട് എന്തു ഫലം? ഈ ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നതുതന്നെ അപ്രകാരമാണ് - അപൂര്‍ണതകള്‍ നിറഞ്ഞ ലോകം. ജീവിതം ആസ്വദിക്കണമെങ്കില്‍ ചുറ്റിലും കാണുന്ന അപര്യാപ്തതകളും പോരായ്മകളും നാം അവഗണിക്കണം. എന്റെ സുഹൃത്ത് മുടന്തന്‍പട്ടിയെ സ്വീകരിച്ചതുപോലെ നാം ഉള്‍ക്കൊള്ളാന്‍ പഠിക്കണം. അതിന്റെ പോരായ്മകളോടെ സ്വീകരിക്കാനും തൃപ്തിപ്പെടാനും നമുക്കു കഴിയണം. നാം മനസ്സില്‍ വരച്ചിട്ടിരുന്ന പരിപക്വതയുടെ ചിത്രങ്ങള്‍ എന്തുമാകട്ടെ, ഇന്നു ലഭിക്കാവുന്നതു സ്വീകരിക്കുന്നു; സന്തുഷ്ടരാകുന്നു.
    ലോകാരംഭംമുതല്‍ ഇവിടെ പരിപക്വതമാത്രം, പൂര്‍ണതമാത്രം തേടിയിരുന്ന ധാരാളംപേര്‍ ജീവിച്ചു മരിച്ചിട്ടുണ്ട്. അവര്‍ അവരുടെ ജീവിതം നരകതുല്യമാക്കി. അവര്‍ സത്യത്തില്‍ സന്തുഷ്ടജീവിതത്തിനു ബോംബിടുന്നവരാണ്. അവര്‍ എപ്പോഴും ഖേദവും അമര്‍ഷവും അസംതൃപ്തിയും നിരാശയും അനുഭവിക്കുന്നവരായിരിക്കും. അവര്‍ നിരന്തരം തേടിയത് എല്ലാം തികഞ്ഞ, നൂറില്‍ നൂറ് എന്നു വിശേഷിപ്പിക്കാവുന്ന കാര്യങ്ങളാണ്. അതവസാനം പരിണമിച്ചതോ, വലിയ വിഡ്ഢിത്തമായിട്ടും. മനഃശാസ്ത്രജ്ഞമാര്‍ ഈ മനോഭാവത്തെ 'മാക്‌സിമൈസേഷന്‍ മൈന്‍ഡ്‌സെറ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ഏതായാലും കാര്യം വിനാശകരമാണ്. കുടുംബങ്ങളില്‍ എല്ലാവരും നൂറുശതമാനം തൃപ്തികരമായി പെരുമാറിക്കൊള്ളണമെന്നില്ല. ആരും എല്ലാം തികഞ്ഞവരല്ല എന്നു നമുക്കറിയാം. അപ്പോള്‍ പിന്നെ സല്‍ഗുണസമ്പന്നരെപ്പോലെ അനുയോജ്യമായിത്തന്നെ എല്ലായ്‌പ്പോഴും എല്ലാവരും പെരുമാറണം എന്ന നിര്‍ബന്ധം ശരിയാണോ? കുടുംബാന്തരീക്ഷം അലങ്കോലപ്പെടുത്തുന്നത് ഇങ്ങനെയുള്ള പ്രതീക്ഷകള്‍  കൊണ്ടുനടക്കുന്നതുകൊണ്ടാണ്. പല  സാമൂഹികശാസ്ത്രജ്ഞന്‍മാരും മനഃശാസ്ത്രപണ്ഡിതരും നമ്മെ ഓര്‍മിപ്പിക്കുന്നു; എല്ലാവരും  പക്വതയോടെമാത്രം പെരുമാറും എന്ന പ്രതീക്ഷ അസ്ഥാനത്താണെന്ന്. ജീവിതത്തിലുടനീളം പ്രായോഗികമായ ഒരു സമീപനം വേണം. കുറ്റങ്ങളും കുറവുകളും കാണും. യാഥാര്‍ഥ്യബോധത്തോടെ പരസ്പരം സ്വീകരിക്കുന്ന ഒരു മനോഭാവം ഉണ്ടാവണം.
    നമ്മുടെ ജീവിതത്തില്‍ ഏറെ പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടാകാം. ക്രിയാത്മകമായ ഒരു സമീപനമാണ് നമുക്കിവിടെ വേണ്ടത്. നാം ചെയ്തുതീര്‍ക്കുന്ന കാര്യങ്ങളിലെ  ഗുണശ്രേഷ്ഠതയെക്കുറിച്ച് അമിതമായി വ്യാകുലരാകാതെ അതു കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം. അതിലൊന്നും തെറ്റില്ല. പക്ഷേ, പൂര്‍ണതയ്ക്കുവേണ്ടിയുള്ള അമിതാവേശവും പരക്കംപാച്ചിലും വ്യഗ്രതയും ഉപേക്ഷിക്കണം. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)