•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഒപ്പമുള്ളവര്‍ നമ്മുടെ കാവല്‍ക്കാരോ?

മൂഹത്തിന്റെ കെട്ടുറപ്പും ബലവും ഉറപ്പിക്കുന്നത് നമ്മുടെ സൗഹൃദത്തിലാണ്. അതായത്, കൂട്ടാണ് ഒന്നിപ്പിന്റെ സൂത്രവാക്യം. പണ്ടൊക്കെ ഹൃദയത്തില്‍നിന്നായിരുന്നു ''മെസേജ്'' വന്നുകൊണ്ടിരുന്നത്; അത് അപരന്റെ ഹൃദയം ഉള്‍ക്കൊള്ളുകയും ചെയ്തിരുന്നു. ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതില്‍ ശ്രദ്ധിച്ചിരുന്ന പഴയകാലം! ഇന്ന് ആര്‍ക്കും ആരെയും പരിചയപ്പെടാന്‍പോലും താത്പര്യമില്ല. ഒന്നിച്ചായിരിക്കുമ്പോഴും ഒറ്റപ്പെടലിന്റെ ജീവിതം നയിക്കുന്നവര്‍.
ഈയിടെ മാധ്യമങ്ങളില്‍വന്ന ഒരു വാര്‍ത്ത നമ്മെയെല്ലാം ചിന്തിപ്പിക്കേണ്ടതാണ്: പുതിയ മൊബൈല്‍ഫോണ്‍ വാങ്ങിയതിന്റെ പേരില്‍ കൂട്ടുകാര്‍ 'ട്രീറ്റ്' ചോദിച്ചത്രേ! സാധിക്കില്ലെന്നു പറഞ്ഞതും കൂട്ടുകാര്‍ക്കിടയില്‍ കശപിശയായി; പുതിയ ഫോണിന്റെ ഉടമയെ 'കൂട്ടുകാര്‍'  കുത്തിക്കൊന്നു. ജീവിതത്തില്‍ എല്ലാം വിലപ്പെട്ടതാകുമ്പോഴും  ആധുനികമനുഷ്യര്‍ക്കു ജീവന്‍മാത്രം വിലപ്പെട്ടതല്ലെന്ന വൈരുധ്യം തുടര്‍ക്കഥയാകുന്നു. ഈ വാര്‍ത്ത ഒറ്റപ്പെട്ടതല്ല; നിസ്സാരകാര്യങ്ങളെച്ചൊല്ലി തര്‍ക്കങ്ങളും ജീവഹാനിയും വന്നുഭവിക്കുന്ന തരത്തില്‍ നമ്മുടെ മനുഷ്യത്വം മരവിച്ചുപോയിരിക്കുന്നു. വിവേകിയായ സ്‌നേഹിതന്‍ ഈശ്വരന്റെ പ്രതിനിധിയാണെന്നു പറയാറുണ്ട്. നമുക്കൊപ്പമുള്ളവര്‍ നമ്മുടെ 'കാവല്‍ക്കാര്‍' ആകണം.
ഇതിനൊപ്പമുള്ള വാര്‍ത്തകളാണ് ജീവിതപിരിമുറുക്കംമൂലമുള്ള ആത്മഹത്യകള്‍. മനസ്സിനെ ശാന്തമാക്കാനും ശുഭാപ്തിവിശ്വാസത്തില്‍ ജീവിതത്തെ ബലപ്പെടുത്തി തൊഴിലിനും ശമ്പളത്തിനും പ്രൊമോഷനുമപ്പുറം ജീവന്റെ വിലയെ ബോധ്യപ്പെടുത്തിത്തരാനും നമുക്കിന്നു സുഹൃത്തുക്കള്‍ ഇല്ലെന്നായിരിക്കുന്നു. അടുത്തിരിക്കുന്നവന്റെ ആത്മസംഘര്‍ഷം കാണാനാകാത്തവിധം നമ്മുടെ ആത്മാവിന്റെ പ്രകാശം കെട്ടുപോയിരിക്കുന്നു. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത സാഹചര്യത്തിലേക്കു സമൂഹം ചെന്നെത്തുകയാണ്. ദൈവത്തിലുള്ള വിശ്വാസത്തിന്റെ ഉറപ്പില്ലായ്മതന്നെയാണ് ചുറ്റുമുള്ളവരോടുള്ള വിശ്വാസമില്ലായ്മയുടെയും അടിസ്ഥാനം.
വിട്ടുകൊടുക്കലും 
വീണ്ടെടുപ്പും
നല്ല സൗഹൃദത്തിന് ഒരു വിട്ടുകൊടുക്കലാവശ്യമാണ്; ഒപ്പം, ഒരു വീണ്ടെടുക്കലും. വ്യക്തികളെ തുറവോടെ ശ്രവിക്കാനും തന്മയീഭാവത്തോടെ ഒരു നിമിഷമെങ്കിലും അവരാകാനും കഴിയണം. അവരിലേക്ക് ഒരു ഹൃദയപ്പകര്‍ച്ച സാധ്യമാകുമ്പോഴാണ് അവര്‍ക്കു നമ്മെക്കുറിച്ച് ഒരു ബോധ്യമുണ്ടാകുക. 'ട്രീറ്റ് വേണ'മെന്നു പറയുന്ന സുഹൃത്തുക്കള്‍ അവരെക്കുറിച്ചുമാത്രമാണു ചിന്തിക്കുന്നത്. അന്ധമായ സ്വാര്‍ഥത ഇന്നത്തെ സമൂഹത്തിന്റെ പൊതുസ്വഭാവമായിക്കഴിഞ്ഞു. ഇന്നു സുഹൃദ്‌വലയം എന്നൊന്നില്ല. വാട്‌സാപ്പും ഫെയ്‌സ്ബുക്കും മെസേജും ലൈക്കും ഷെയറും ഒക്കെയുണ്ടെങ്കിലും എല്ലാം ഹൃദയമില്ലാത്ത യന്ത്രം കണക്കേ പ്രവര്‍ത്തിക്കുന്നുവെന്നുമാത്രം! 'കൊള്ളാം... നന്നായിരിക്കുന്നു' എന്നു മുഖാമുഖം അഭിനന്ദനവചസ്സു പറയുന്നതിലെ ആഴമുണ്ടോ ഒരു 'തംസപ്പ്' ചിഹ്നത്തിന്? 'ഇമോജി'കള്‍ക്കു ഹൃദയഭാഷയുടെ 'രാഗ'മുണ്ടോ? അതിനു മനസ്സിനെ സ്പര്‍ശിക്കാനാകുന്നുണ്ടോ?
ജീവന്റെയും ജീവിതത്തിന്റെയും 'കുറിപ്പുകള്‍' ജീവിച്ചിരിക്കുമ്പോള്‍ പരസ്പരം  വായിച്ചെടുക്കാന്‍ നാം ശ്രമിക്കാത്തതുകൊണ്ടാകണം, പേജുകള്‍ നീണ്ട ആത്മഹത്യാകുറിപ്പുകള്‍ നാമിന്നു കാണേണ്ടിവരുന്നത്! ആരെയും ശ്രവിക്കാന്‍ ശ്രമിക്കാത്തതിനാല്‍ നാം തിരക്കിന്റെ ഓട്ടത്തിലാണ്; അതുകൊണ്ടുതന്നെ ഇന്ന് സൗഹൃദങ്ങള്‍ തീരെയില്ലെന്നായിരിക്കുന്നു. പണ്ടൊക്കെ പലവിധത്തിലുള്ള പ്രശ്‌നപരിഹാരങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും സര്‍വസമ്മതരായ മാതൃകാപുരുഷന്മാരുണ്ടായിരുന്നു. ഇന്ന് ആര്‍ക്കും ആരുടെ കാര്യത്തിലും ശ്രദ്ധിക്കാന്‍ സമയമില്ല. വാട്‌സാപ്പില്‍ മെസേജ് അയയ്ക്കുന്നതിലും ലൈക്കുകള്‍ രേഖപ്പെടുത്തുന്നതിലുംമാത്രമാണ് എല്ലാവര്‍ക്കും വ്യഗ്രത. ആരുടെയും സുഖദുഃഖങ്ങളെക്കുറിച്ച് അറിയണമെന്നില്ല. ദുഃഖങ്ങള്‍ പരസ്പരം പങ്കുവയ്ക്കാനും സന്തോഷങ്ങള്‍ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാനും നമുക്കു താത്പര്യമില്ലെന്നായിരിക്കുന്നു. 'എന്തിന് മറ്റുള്ളവരുടെ കാര്യമന്വേഷിക്കുന്നു'വെന്നുള്ള ഒരു നിസ്സംഗത നമ്മെ ഗ്രസിച്ചിരിക്കുന്നു. ചേര്‍ന്നിരിക്കുന്നതിനെക്കാള്‍ അകന്നിരിക്കാന്‍ പാടുപെടുന്ന ആധുനികസമൂഹം വഴക്കടിക്കുന്നതില്‍ അദ്ഭുതമുണ്ടോ? കൂട്ടുകാരെ നിന്നെപ്പോലെതന്നെ തിരിച്ചറിയാനാകാത്ത പഠനമേഖലകള്‍!
മറ്റുള്ളവരുള്ളതുകൊണ്ടാണ് നാമുള്ളതെന്ന വലിയ തിരിച്ചറിവ് നമ്മെയെല്ലാം അഹിംസാസിദ്ധാന്തത്തില്‍ ഉറപ്പിക്കും! വിജയപരാജയങ്ങള്‍ക്കിടയിലും നാമാരും ജീവിതത്തില്‍ തോല്ക്കരുത്; ആരെയും തോല്പിക്കുന്നതല്ല 'വിജയം' എന്നതും നാം പഠിക്കണം; പാഠ്യവിഷയങ്ങളുടെ മാര്‍ക്കും ഗ്രേഡും പോയിന്റുമൊന്നും ജീവനു ഭീഷണിയാകരുത്; സൗഹൃദത്തിനു ക്ഷതവുമാകരുത്.
പഠനമുറികള്‍
വീടും വിദ്യാലയവും ലോകത്തിലേക്കു പറന്നുയരാനുള്ള ഇടമാകണം. ഒപ്പമുള്ളവരോടു കൂട്ടുകൂടാനും പാഠ്യപദ്ധതിയില്‍ 'സിലബസ്' ഉണ്ടാകണം. സത്യനിഷ്ഠയിലും സാന്മാര്‍ഗികാടിത്തറയിലും ധാര്‍മികബോധത്തിലും വിനയത്തിലും എളിമയിലുമൊക്കെ പരിശീലനം നേടാന്‍ മക്കളെ ശീലിപ്പിക്കണം. ജീവിതം പഠിപ്പിക്കുന്നതാകണം പഠനങ്ങള്‍; പ്രതിസന്ധികളെ നേരിടാനും മറ്റുള്ളവരെ ഒപ്പം നിര്‍ത്തി പ്രോത്സാഹിപ്പിക്കാനും മക്കളെ പഠിപ്പിക്കണം. സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള കഴിവ് നാളെയുടെ തലമുറയില്‍ വളര്‍ത്തണം. വെറും ഇമോജികളായി മക്കള്‍ വളരുമ്പോള്‍ സെല്‍ഫോണില്‍ ജീവിതം തീര്‍ക്കുന്നതിലേക്കും ഒറ്റപ്പെടുന്നതിലേക്കും മനുഷ്യത്വം ഇല്ലാതാകുന്നതിലേക്കും മാറിയേക്കാം. പരസ്പരം വാളോങ്ങി നില്‍ക്കുന്ന മക്കള്‍ നാളെയുടെ ദുരന്തമാണ്!
'സത്യവും അഹിംസയും എന്റെ രണ്ടു ശ്വാസകോശങ്ങള്‍പോലെയാണെ'ന്നു പറഞ്ഞ് ജീവിതം സന്ദേശമാക്കിയ മഹാത്മജിയുടെ നാട് മനുഷ്യത്വം മറക്കാമോ? ശിശുവിനെ മാന്യനാക്കാനല്ല മനുഷ്യനാക്കാനാണ് വിദ്യാഭ്യാസം നല്‍കേണ്ടത്. പരസ്പരം മനസ്സിലാക്കി സൗഹൃദം സ്ഥാപിക്കാന്‍ വിദ്യാര്‍ഥികളെ ഉപദേശിക്കണം. അക്ഷരവും വിജ്ഞാനവുമെന്നതിനെക്കാള്‍ പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനുമാണ് മക്കളെ പഠിപ്പിക്കേണ്ടത്. സ്വഭാവശുദ്ധി കൂടാതെയുള്ള അറിവ് അപകടകരമാണ്.
ആരാകണം?
ആരാകണമെന്ന ചോദ്യത്തിനുള്ള ഉത്തരം 'ഞാനാകണം' എന്നതിലേക്കെത്തിക്കണം. ഞാനാരാണെന്നു സ്വയം തിരിച്ചറിയാന്‍ കുട്ടികളെ പഠിപ്പിക്കണം. ഇന്നത്തെ പഠനങ്ങളെല്ലാം 'പണം മുടക്കി പണം നേടാനുള്ള' ശ്രമങ്ങളാണ്; സുഖലോലുപതയും നൈമിഷികവികാരങ്ങളും ഇന്നത്തെ തലമുറയെ ഗ്രസിച്ചിരിക്കുന്നു. ഒപ്പമാകാനോ ഒരു പടികൂടി മുന്നിലെത്താനോ അല്ല മത്സരം. എനിക്കു ഞാനാകാനുള്ള ശ്രമമാണ് മത്സരം! തുല്യതയ്ക്കും തുല്യതയ്ക്കു മുകളിലുമുള്ള വാദങ്ങള്‍ക്കും പ്രസക്തിയില്ല; കാരണം, നാമാരും ദൈവതിരുമുമ്പില്‍ തുല്യരല്ല; ദൈവമക്കളെന്ന തുല്യതയെ മാറോടു ചേര്‍ക്കുമ്പോഴും ഓരോരുത്തരെയും ദൈവമേല്പിച്ചിരിക്കുന്ന ദൗത്യം വ്യത്യസ്തമാണെന്നറിയണം. എന്നെ ആരാകാനാണ് ദൈവം അയച്ചിരിക്കുന്നതെന്ന തിരിച്ചറിവിലൂടെയാണ് ആരോഗ്യകരമായ വ്യക്തിത്വം പൂര്‍ണത പ്രാപിക്കുന്നത്.
വ്യക്തിയായിരിക്കുമ്പോഴും നാമൊക്കെ സമൂഹത്തിലാണെന്ന വിചാരം സൗഹൃദത്തെ പോഷിപ്പിക്കും. നല്ല സൗഹൃദങ്ങള്‍ നല്ല സമൂഹത്തിനും നല്ല വ്യക്തിത്വത്തിനും അനിവാര്യമാണ്. കൂട്ടുകാരന്റെ 'സ്ഥിതി' തിരിച്ചറിയണം; അവന്റെ 'ട്രീറ്റി'നെക്കാള്‍ അവന്റെ മനസ്സു വായിക്കാന്‍ പറ്റുന്നതിലേക്കു സൗഹൃദങ്ങള്‍ ബലപ്പെടണം. അപരനെ അംഗീകരിക്കാനാകാത്തതുതന്നെ മനോവൈകല്യമല്ലേ? ഉന്നതപരിജ്ഞാനവും തൊഴിലുമൊക്കെ സ്വന്തമാക്കിയാലും നമ്മിലെ നന്മയാണ് 'സ്ഥാനീയഗുണ'ത്തിലേക്കു നമ്മെയെത്തിക്കുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)