•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ചാരമായി ഹിസ്ബുല്ല പശ്ചിമേഷ്യയുടെ തലവര മാറുന്നു

   ന്യൂയോര്‍ക്കിലെ യു.എന്‍. ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ തികഞ്ഞ മേധാവിത്വത്തിന്റെ ശരീരഭാഷയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അദ്ദേഹത്തിന്റെ ചെവിയില്‍ സെക്യൂരിറ്റി ചീഫ് ഒരു നിമിഷം എന്തോ രഹസ്യം മൊഴിഞ്ഞു. യു.എസിലെ പരിപാടികള്‍ റദ്ദാക്കി അടിയന്തരമായി ടെല്‍ അവീവിലേക്കു വിമാനം കയറിയപ്പോള്‍ ലോകം പ്രതീക്ഷിച്ചത് ഒരു അസാധാരണവാര്‍ത്ത. തല്‍സമയം ബെയ്റൂട്ടില്‍ കൃത്യതയുടെ കഴുകന്‍കണ്ണുകളുമായി ഇരമ്പിയെത്തിയ ഇസ്രായേല്‍ ഫൈറ്റര്‍ ജെറ്റ് തൊടുത്ത 2000 പൗണ്ട് ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് തെക്കന്‍ ബെയ്‌റൂട്ടിലെ ഹിസ്ബുല്ല കാര്യാലയത്തിന്റെ നെഞ്ചകം തുരന്നു തകര്‍ത്തപ്പോള്‍ ലോകം അവിശ്വസനീയതയോടെ കണ്ണുചിമ്മി. സെപ്റ്റംബര്‍ 28 ഉച്ചയ്ക്ക് 1.27 ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് 'എക്‌സി'ല്‍ കുറിച്ചു: 'ലോകത്തെ ഭീകരതയിലാഴ്ത്താന്‍ ഹസന്‍ നസ്‌റുല്ല ഇനിയില്ല.'

    അതേ, ലോകത്ത് ഏറ്റവും സ്വാധീനശക്തിയുള്ള മതഭീകരനേതാവ്, ലെബനന്‍ ഭീകരസംഘടനയായ ഹിസ്ബുല്ലയെ 32 വര്‍ഷം ഇസ്രായേലിനെ ഭയന്ന് ഒളിവിലിരുന്നു നയിച്ച അവരുടെ തലവന്‍ ഇസ്രായേല്‍ വ്യോമസേനയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒപ്പം, മകള്‍ സൈനബ് നസ്‌റുല്ലയും സതേണ്‍ ഫ്രണ്ട് കമാന്‍ഡര്‍ അലി കര്‍ക്കി അടക്കമുള്ള അവരുടെ ഉന്നതനേതാക്കളും. ലോകഭീകരതയ്ക്കു വളമിട്ടുവളര്‍ത്തുന്ന ഇറാനു ഞെട്ടലായി ഇറാന്‍ സൈനിക ഉപമേധാവിയായ അബ്ബാസ് നില്‍ഫറോഷന്‍ അടക്കം നാല് ഇറാനിയന്‍ സൈനിക കമാന്‍ഡര്‍മാരും ഈ ആക്രമണത്തില്‍ ഭീകരര്‍ക്കൊപ്പം കൊല്ലപ്പെട്ടു. പ്രസ്ഥാനത്തെ നയിക്കാന്‍ നാഥനില്ലാത്ത അവസ്ഥയിലായി ഹിസ്ബുല്ലയും ഹമാസും.
ഹിസ്ബുല്ലയ്ക്കു പിഴച്ചത് എവിടെ?
    ഒക്ടോബര്‍ ഏഴിലെ കിരാതനരവേട്ടയ്ക്കു മറുപടിയായി ഹമാസിന്റെ അന്ത്യം ലക്ഷ്യംവച്ച് ഇസ്രായേല്‍ പോരാട്ടം ആരംഭിച്ചതുമുതല്‍ ലബനനില്‍നിന്ന് ഹിസ്ബുല്ല റോക്കറ്റ് ആക്രമണം തുടങ്ങിയിരുന്നു. ഹമാസിനെ നാമാവശേഷമാക്കുന്നതില്‍മാത്രം ശ്രദ്ധ ചെലുത്തിയ ഐ.ഡി.എഫ്. ഹിസ്ബുല്ലയെ പ്രതിരോധിക്കുകമാത്രമാണു ചെയ്തിരുന്നത്. മിക്കവാറും എല്ലാ ഹമാസ് നേതാക്കളെയും  വധിച്ചു സംഘടനയെ തകര്‍ത്ത് തങ്ങളുടെ ലക്ഷ്യം കണ്ടപ്പോള്‍, പശ്ചിമേഷ്യയില്‍ വലിയ സ്വാധീനമുള്ള തങ്ങളുടെ നേര്‍ക്ക് ഇസ്രയേല്‍ കടുത്ത ആക്രമണം നടത്തുമെന്ന് ഹിസ്ബുല്ല പ്രതീക്ഷിച്ചില്ല; അവരുടെ തലപ്പത്തിരുന്നു കളി നിയന്ത്രിക്കുന്ന ഇറാനും. എന്നാല്‍, എല്ലാ സംയമനങ്ങളും വെടിഞ്ഞുകൊണ്ടുള്ള ഇസ്രയേലിന്റെ പ്രഹരം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇറാനല്ലാതെ മറ്റു രാജ്യങ്ങളൊന്നും താങ്കള്‍ക്കൊപ്പമില്ലെന്നത് അവര്‍ ചിന്തിച്ചില്ല. ഒപ്പം, ഇറാന്‍ നല്‍കുന്ന ആയുധങ്ങള്‍ക്കു കാലപ്പഴക്കംകൊണ്ടും കൃത്യതയില്ലായ്മകൊണ്ടും സാങ്കേതികവിദ്യയില്‍ ഭീമന്മാരായ ഇസ്രയേലിനെ നുള്ളിനോവിക്കാന്‍പോലും പറ്റുന്നതല്ല എന്നും. 
    ഏറെ തന്ത്രപരമായ യുദ്ധമായിരുന്നു ഹിസ്ബുല്ലയ്ക്കെതിരേ ഇസ്രയേല്‍ ആസൂത്രണം ചെയ്തത്. അയ്യായിരത്തോളം പേജര്‍ - വാക്കിടോക്കി സ്‌ഫോടനങ്ങളിലൂടെ മൊസാദ് നടത്തിയ ഓപ്പറേഷന്‍ അടിത്തട്ടിലുള്ള ചെറുഗ്രൂപ്പ് നേതാക്കളെ തകര്‍ത്തതോടെ ഏകോപനവും ആശയവിനിമയശൃംഖലയും താറുമാറായി. ഒപ്പംതന്നെ, ഹിസ്ബുല്ലയുടെ തലപ്പത്തേക്കു വരാന്‍ സാധ്യതയുള്ള രണ്ടാംനിര നേതാക്കളില്‍ ഭൂരിപക്ഷത്തെയും വധിച്ചു. ഹിസ്ബുല്ലയുടെ സീനിയര്‍ ഫീല്‍ഡ് കമാന്‍ഡര്‍ താലീബ് അബ്ദുള്ള, സീനിയര്‍ കമാന്‍ഡര്‍ മുഹമ്മദ് നാസര്‍, നാസറുല്ലയുടെ പിന്‍ഗാമി എന്നു കരുതിയിരുന്ന സീനിയര്‍ കമാന്‍ഡര്‍ ഫുവാദ് ഷുക്കൂര്‍, സ്‌പെഷ്യല്‍ ഫോഴ്‌സ് മേധാവി അഹമ്മദ് വാഹ്ബി, ഓപ്പറേഷന്‍ കമാന്‍ഡര്‍ ഇബ്രാഹിം അക്വില്‍, റോക്കറ്റ് വിഭാഗം കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസി, സതേന്‍ ഫ്രണ്ട് കമാന്‍ഡര്‍ അലി കിര്‍ക്കി, പ്രിവന്റീവ് സെക്യൂരിറ്റി യൂണിറ്റ് കമാന്‍ഡര്‍ ഖലീല്‍ യാസീന്‍ തുടങ്ങിയവര്‍ ഇല്ലാതായതോടെ നയിക്കാന്‍ കപ്പിത്താനില്ലാത്ത കപ്പലായിമാറി ഹിസ്ബുല്ല.
 രണ്ടാം നിരയില്‍ അവശേഷിക്കുന്ന രണ്ടോ മൂന്നോ പേരില്‍ ഒരാളായ ഹാഷിം സഫിയേദ് ഹിസ്ബുല്ല തലവനായി നിയമിക്കപ്പെട്ടിട്ടുണ്ട്. ഹിസ്ബുല്ല -  ഹമാസ് തലവന്‍ എന്നുപറഞ്ഞാല്‍ മരണം അടുത്തു എന്നുതന്നെയാണ് അര്‍ഥം. ഹമാസ് നേതാവ് യാഹ്യാ സിന്‍വാര്‍ എവിടെയാണെന്ന് അവര്‍ക്കുപോലും അറിയില്ല.
തൊലി ഉരിക്കപ്പെട്ട് ഇറാന്‍
     ആയുധങ്ങളും പണവും നല്‍കി ഒരു ഷിയാ മുസ്ലിംലോകം സ്വപ്നംകണ്ട് ഇറാന്‍ പാലൂട്ടിവളര്‍ത്തുന്ന ചെന്നായ്ക്കൂട്ടങ്ങളാണ് ഹിസ്ബുല്ല, ഹൂതി തുടങ്ങിയ ഭീകരസംഘടനകള്‍. തങ്ങളുടെ പ്രഖ്യാപിതശത്രുവായ ഇസ്രയേലിനെതിരേ സുന്നിഭീകരസംഘടനയായ ഹമാസിനെ അവര്‍ ഉപയോഗിച്ചു എന്നുമാത്രം. (ഭീകരത ഒരു ബിസിനസ് ആകുമ്പോള്‍ അതില്‍ വിട്ടുവീഴ്ചയും ആവാമല്ലോ) പേജര്‍ ആക്രമണത്തില്‍ ഇറാന്‍ അംബാസിഡര്‍ മൊജ്താബ് അമാനിക്കു പരിക്കേറ്റതും സൈന്യത്തിന്റെ ഉപമേധാവി അബ്ബാസ് നില്‍ഫറോഷന്‍ അടക്കം നാലുസൈനിക കമാന്‍ഡര്‍മാര്‍ നസ്‌റുല്ലയ്‌ക്കൊപ്പം കൊല്ലപ്പെട്ടതും പശ്ചിമേഷ്യന്‍ ഭീകരപ്രവര്‍ത്തനങ്ങളിലെ ഇറാന്റെ പങ്ക് ലോകത്തിനു മുമ്പില്‍ അനാവൃതമാക്കി. മുന്‍പ്രസിഡന്റ് ഇബ്രാഹിം റൈസ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇസ്രയേലിന്റെ കരങ്ങളുണ്ടെന്ന് ആരോപിക്കുന്ന ഇറാന്‍,  പെസസ്‌കിയാന്റെ സ്ഥാനാരോഹണത്തിനെത്തിയ അവരുടെ വിശിഷ്ടാതിഥിയും ഹമാസ്ഭീകരപ്രസ്ഥാനത്തിന്റെ തലവനുമായ ഇസ്മയില്‍ ഹനിയയെ ടെഹ്‌റാനില്‍ ഇറാനിയന്‍പട്ടാളക്കാരുടെ സഹകരണത്തോടെ മൊസാദ് കൊലപ്പെടുത്തിയിട്ടും അനങ്ങിയിട്ടില്ല. ലെബനോനിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ ഹൈജാക്ക് ചെയ്ത ഇസ്രയേല്‍ ഇക്കഴിഞ്ഞ ദിവസം ബെയ്‌റൂട്ട് വിമാനത്താവളത്തില്‍ ഭീകരര്‍ക്കുള്ള ആയുധങ്ങളുമായി എത്തിയ ഇറാനിയന്‍ ബോയിങ് 747 വിമാനം ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കാതെ തിരിച്ചുവിട്ടതും ഇറാനു നാണക്കേടായി. തിരിച്ചടിക്കും എന്നൊക്കെപ്പറഞ്ഞ അവരുടെ മത-രാഷ്ട്ര-പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനി പ്രാണരക്ഷാര്‍ഥം ഒളിവില്‍ പോവുകയാണു ചെയ്തിരിക്കുന്നത്.
തിരിച്ചടിക്കുമോ ഇറാന്‍?
     വാളെടുത്തവന്‍ വാളാലേ എന്നു പറഞ്ഞതുപോലെ ഇറാന്‍ വിലകൊടുത്തു വാങ്ങിയ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ആക്രമിക്കാന്‍ ഉത്തരവിട്ടശേഷം യു.എന്‍. അസംബ്ലിയില്‍ ശത്രുരാജ്യങ്ങള്‍ക്കുമുമ്പാകെ തന്റെ നിലപാടു വ്യക്തമാക്കിയ നെതന്യാഹു  ഇറാനെയും ഭീകരസംഘടനകളെയും സഹായിക്കുന്നവര്‍ക്കു വ്യക്തമായ താക്കീതാണു നല്‍കിയത്. ഇറാനെ 'ലോകത്തിന്റെ ശാപം' എന്നു വിശേഷിപ്പിച്ച അദ്ദേഹം തങ്ങളുടെ കൈയെത്താത്ത ഒരു സ്ഥലവും ഇറാനിലെന്നല്ല, പശ്ചിമേഷ്യയില്‍ ഒരിടത്തുമില്ലെന്ന് ടെഹ്‌റാന്‍ ഓര്‍ത്തുവയ്ക്കണമെന്ന് ശക്തമായ മുന്നറിയിപ്പു നല്‍കി. പ്രസംഗം കഴിഞ്ഞ് അദ്ദേഹം പുറത്തിറങ്ങിയപ്പോഴേക്കും ഇസ്രായേല്‍സേന നസ്‌റുല്ലയെ വധിച്ചു കഴിഞ്ഞിരുന്നു. ഇത്രത്തോളം കൃത്യതയോടെയും സാങ്കേതികമികവോടെയും പ്രവര്‍ത്തിക്കുന്ന ഇസ്രയേലിനുമുമ്പില്‍ ഉപരോധത്താല്‍ വലയുന്ന, വര്‍ഷങ്ങള്‍ പഴക്കമുള്ള സാങ്കേതികവിദ്യ ചുമക്കുന്ന ഇറാന്‍ വെറും ശിശുവാണ്. രാജ്യത്തെ രക്ഷിക്കേണ്ട ഉന്നത സൈനികകമാന്‍ഡര്‍മാര്‍ ജീവരക്ഷാര്‍ഥം ഒളിവില്‍ പോയ ലോകത്തെ ഏകരാജ്യം ഇറാനാവും. ലോകത്തെ വന്‍ശക്തികളും സൗദി അറേബ്യ അടക്കമുള്ള പല അറബുരാജ്യങ്ങളും ഇസ്രയേലിനെ പിന്തുണയ്ക്കുമ്പോള്‍  ഉപരോധത്താല്‍ വലയുന്ന ഇറാന് സ്വയം വികസിപ്പിച്ച ചില ആയുധങ്ങളല്ലാതെ മികച്ചതൊന്നുമില്ല. പേജര്‍യുഗത്തില്‍ ജീവിക്കുന്ന, ആധുനികവാര്‍ത്താവിനിമയസൗകര്യങ്ങള്‍ ഉപയോഗിക്കാനാവാത്ത സൈന്യത്തിന്റെ ആയുധങ്ങളും കൃത്യതയില്ലാത്തവയാണ്. തിരിച്ചടിക്കാന്‍പോയിട്ട് ചെറുവിരല്‍ അനക്കാന്‍പോലുമാവാത്ത ഇരുണ്ടരാജ്യത്തെ പ്രധാനമന്ത്രി, 'ഞങ്ങളെ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കാന്‍ ഇസ്രയേല്‍ ഏറെക്കാലമായി ശ്രമിക്കുന്നു. പക്ഷേ, ഞങ്ങള്‍ ആ കെണിയില്‍ കുടുങ്ങിയിട്ടില്ല' എന്നാണ് ഗാര്‍ഡിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇറാനുമായി ഒരു നേര്‍യുദ്ധം ഇസ്രയേലും അമേരിക്കയും ആഗ്രഹിക്കുന്നുണ്ട് എന്നതു ശരിതന്നെ. ലോക ഇസ്ലാമികഭീകരതയെ പാലൂട്ടി വളര്‍ത്തുന്ന ഇറാന്റെ ഉന്മൂലനംതന്നെയാണ് ലക്ഷ്യം. ചില ഭീകരസംഘടനകളല്ലാതെ തങ്ങളെ പിന്തുണയ്ക്കുന്ന ഏക വലിയ രാജ്യമായ റഷ്യ, യുക്രെയ്ന്‍ യുദ്ധത്തില്‍പ്പെട്ടുകിടക്കുന്നത് ഇറാനു തിരിച്ചടിയുമായി. ഹമാസിനെയും ഹിസ്ബുല്ലയെയും ഇസ്രയേല്‍ തകര്‍ത്തതോടെ ചിറകൊടിഞ്ഞ പക്ഷിയായി മാറിയ ഇറാന്‍ ഒരു യുദ്ധത്തിനിറങ്ങാന്‍ ഏറെ ആലോചിക്കണം. ഹിസ്ബുല്ല തലവന്‍ നസ്റുല്ലയുടെ മരണം ഇറാനിലും തുര്‍ക്കിയിലും സിറിയയിലും ജനങ്ങള്‍ തെരുവിലിറങ്ങി ആഹ്ലാദിച്ചാഘോഷിച്ചത് സ്വന്തം ജനങ്ങള്‍ തങ്ങള്‍ക്കെതിരാണ് എന്ന ചിന്തയും അവരില്‍ ഉണ്ടാക്കിയിട്ടുണ്ട്.
രണ്ടും കല്പിച്ച് ഇസ്രയേല്‍
     22145 ചതുരശ്ര കിലോമീറ്റര്‍മാത്രം വിസ്തൃതിയുള്ള, ഒരു കോടിക്ക് അടുത്തുമാത്രം ജനസംഖ്യയുള്ള ഇസ്രയേല്‍ എന്ന കൊച്ചുരാജ്യം (കേരളത്തിന്റെ വിസ്തൃതി 38863 ചതുരശ്ര കിലോമീറ്റര്‍, ജനസംഖ്യ മൂന്നരക്കോടിക്കുമേല്‍) ചങ്കുറപ്പിന്റെയും സാങ്കേതികവിദ്യയുടെയും ബലത്തില്‍ ലോകത്തിന്റെ തലവര മാറ്റിവരയ്ക്കുന്ന കാഴ്ചയുടെ കാലമാണിത്. മറ്റേതു സമൂഹത്തിനും കുടിയേറിപ്പാര്‍ക്കാന്‍ അവരവരുടേതായ രാജ്യങ്ങള്‍ ലോകത്തുള്ളപ്പോള്‍ ജൂതന് ഇസ്രയേല്‍മാത്രമേയുള്ളൂ എന്നതുകൊണ്ടുതന്നെ അവര്‍ക്കിതു നിലനില്പിന്റെ പോരാട്ടമാണ്. യുദ്ധങ്ങളുടെ ചരിത്രം മാത്രമുള്ള ജൂതന് ഇതു പുത്തരിയല്ല. ഹിസ്ബുല്ലയ്ക്ക് തിരിച്ചടി നല്‍കിയ ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഹൂതികളാവുമെന്ന നിഗമനം ശരിവച്ചുകൊണ്ട് സിറിയയിലെ ഹൂതി കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണമാണ് ഇസ്രയേല്‍ തുടങ്ങിവച്ചിരിക്കുന്നത്. 37 ഭീകരര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സിറിയയില്‍ നിന്നെത്തിക്കുന്ന ആയുധഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മാരകായുധങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്റ് ലെബനനിലെ ബെക്കായില്‍ ഇസ്രയേല്‍സേന തകര്‍ത്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിറിയയിലേക്ക് ആക്രമണം കനപ്പിച്ചത്. ഹൂതി ആക്രമണത്താല്‍ പൊറുതിമുട്ടുന്ന സൗദി അറേബ്യയുടെ പിന്തുണയും ഇവിടെ ഇസ്രയേലിനുണ്ട്. തെക്കന്‍ ലബനനില്‍ ഹിസ്ബുല്ലയെ നിലംപരിശാക്കിയ ഇസ്രയേല്‍ വ്യോമസേന,  സെപ്റ്റംബര്‍ 30 ന് യമനിലെ ഹൂതികളുടെ ശക്തികേന്ദ്രങ്ങളായ ഹുദൈദ, റാസ് ഐസ തുറമുഖങ്ങളില്‍ കനത്ത വ്യോമാക്രമണം നടത്തി. ഹൂതികള്‍ക്ക് ആയുധമെത്തുന്ന തുറമുഖങ്ങള്‍ തകര്‍ക്കപ്പെടുകയും നാലു ഭീകരര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തില്‍ യു.എസ്. സെന്‍ട്രല്‍ കമാന്‍ഡന്റും പങ്കെടുത്തു. ലബനനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേലിലെ ബെന്‍ ഗൂറിയന്‍ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികള്‍ റോക്കറ്റ് അയച്ചതിന്റെ തിരിച്ചടിയാണിതെന്ന് ഐ.ഡി.എഫ്. വക്താവ് വ്യക്തമാക്കി. കൂടാതെ, ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ലിബറേഷന്‍ പലസ്തീന്റെ മൂന്നു നേതാക്കള്‍ കൊല്ലപ്പെട്ടതായും അവര്‍ അറിയിച്ചു. 
    ഇസ്രയേല്‍രാഷ്ട്രത്തിന്റെ പരമാധികാരത്തിനു ഭീഷണിയാകുന്ന ശത്രുക്കള്‍ ലോകത്ത് എവിടെയാണെങ്കിലും തങ്ങള്‍ ബാക്കിവയ്ക്കില്ലെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ നടപ്പാവുകയാണ്. ഇസ്ലാമികഭീകരതയുടെ വേരറുക്കുന്നതോടെ ലബനനില്‍ അടിമകളെപ്പോലെ കഴിയുന്ന ക്രൈസ്തവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുമെന്നു പ്രതീക്ഷിക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)