•  26 Dec 2024
  •  ദീപം 57
  •  നാളം 42
ലേഖനം

ഒടുങ്ങാത്ത സ്‌ട്രെസും ഹൃദ്രോഗവും

ണ്ട് ഹൃദ്രോഗബാധിതരില്‍ ഭൂരിഭാഗവും മധ്യവയസ്സു പിന്നിട്ടവരും വാര്‍ധക്യത്തിലെത്തിയവരുമായിരുന്നു.  പരിഷ്‌കൃതലോകത്ത് 30-35 വയസ്സാകുമ്പോഴേക്കും യുവത്വത്തിന്റെ ജീവനപഹരിക്കാന്‍ ഹൃദ്രോഗം പടിവാതില്‍ക്കലെത്തിക്കഴിഞ്ഞു. മുതിര്‍ന്നവരില്‍ കാണുന്ന പല ആപത്ഘടകങ്ങളും ഇപ്പോള്‍ ചെറുപ്പക്കാരിലും കണ്ടുവരുന്നു എന്നത് ഭീഷണമായ ഒന്നുതന്നെ. അമിതവണ്ണം, പുകവലി, വര്‍ധിച്ച കൊളസ്‌ട്രോള്‍, അമിതരക്തസമ്മര്‍ദം തുടങ്ങിയവയ്ക്കുമുമ്പില്‍ ഇന്നു സ്ഥാനംപിടിച്ചിരിക്കുന്നത് സ്‌ട്രെസാണ്; ഒടുങ്ങാത്ത സ്‌ട്രെസ്. കഴിഞ്ഞ ജൂലൈ 21 നാണ് എറണാകുളം സ്വദേശിനി 26 വയസ്സുമാത്രമുള്ള  ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ പുനെയില്‍ താമസസ്ഥലത്തു കുഴഞ്ഞുവീണു മരിച്ചത്. പുനെയിലെ ഇവൈ ഇന്ത്യാകമ്പനിയിലെ ജോലിക്കാരിയായ അന്ന ശരാശരി 18 മണിക്കൂറാണു ജോലി ചെയ്തത്. ഉറക്കമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണക്രമവും ഒടുങ്ങാത്ത സ്‌ട്രെസും മൂലം പലപ്പോഴും നെഞ്ചുവേദനയുണ്ടായി ആശുപത്രിയില്‍പോയി ഇസിജിയും മറ്റും എടുത്തിരുന്നു. ഇസിജിയില്‍ വലിയ വ്യതിയാനങ്ങള്‍ കണ്ടതുമില്ല. 26 വയസ്സുമാത്രമുള്ള അന്ന സെബാസ്റ്റ്യന്റെ ആകസ്മികമരണം അന്ന് ഒരു ചര്‍ച്ചയ്‌ക്കോപഠനത്തിനോ വിധേയമാക്കാതെ തേഞ്ഞുമാഞ്ഞുപോയി. ഇപ്പോള്‍ അമ്മയുടെ വെളിപ്പെടുത്തല്‍ വൈറലാകുകയാണ്. ഒടുങ്ങാത്ത സ്‌ട്രെസും ജോലിഭാരവും ഉറക്കക്കുറവുംമൂലം ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു. സ്‌ട്രെസ് അതിരുകടക്കുമ്പോള്‍ ഹൃദ്രോഗഭീഷണിയുണ്ടാകാന്‍ വയസ്സ് ഒരു പരിധിയല്ലെന്നു പുതിയ പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു.
     ആധുനികലോകത്തിന്റെ ശാപമായിമാറുകയാണ് അന്തമില്ലാത്ത സ്‌ട്രെസ്. പ്രവര്‍ത്തനശൈലിയെ ത്വരിതപ്പെടുത്താന്‍ സ്‌ട്രെസ് ഒരു പരിധിവരെ ആവശ്യമാണെങ്കിലും അതിരുകടന്ന മനോസംഘര്‍ഷം മനസ്സിനെയും ശരീരത്തെയും ഒരുപോലെ രോഗാതുരമാക്കുകയാണ്. ഇന്നത്തെ ലോകത്ത് ഒരുപിടി
കാര്യങ്ങള്‍  സമയബന്ധിതമായി ചെയ്തുതീര്‍ക്കേണ്ടതായിട്ടുണ്ട്. കംപ്യൂട്ടര്‍വത്കരണത്തിലൂടെ ജീവിതചര്യകള്‍ക്കു വളരെയധികം വേഗം കൈവരിച്ചുകഴിഞ്ഞു. ജീവിതക്കുതിപ്പിന് ആക്കംകൂട്ടാന്‍ സാങ്കേതികമികവുള്ള യന്ത്രസംവിധാനങ്ങളും ഏറെ.
    എന്നാല്‍, അതിനൊരു മറുവശമുണ്ട്. ഈ യാന്ത്രികവേഗത്തിനൊപ്പമെത്താന്‍ മനുഷ്യന്‍ ഏറെ കഷ്ടപ്പെടണം. ആ പരാക്രമത്തില്‍ പലരും കാലിടറിവീഴുകതന്നെ ചെയ്യുന്നു. ഇക്കൂട്ടര്‍ക്ക് അനിയന്ത്രിതമായ സ്‌ട്രെസ് താങ്ങാനുള്ള കരുത്തില്ലെന്നതുതന്നെ കാരണം. ആധുനികലോകത്തിന്റെ വ്യഗ്രമായ അനുഷ്ഠാനങ്ങളെ അഭിമുഖീകരിക്കാന്‍ നിര്‍ബന്ധിതനാകുന്ന മനുഷ്യന്‍ രണ്ടുവിധത്തിലാണ് അതിനോടു പ്രതികരിക്കുന്നത്. ആദ്യം ശക്തിയെല്ലാം സംഭരിച്ചു സംഘര്‍ഷത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നു, അതിനു പറ്റിയില്ലെങ്കില്‍ തോല്‍വി സമ്മതിച്ച് മനസ്സും ശരീരവും തളര്‍ന്നു തറപറ്റുന്നു. ആ പതനം ഒരുവേള അവനെ മരണത്തിലേക്കും നയിച്ചേക്കാം. ഇന്നത്തെ യന്ത്രാധിഷ്ഠിതമായ ജീവിതശൈലികളില്‍ ചെറുപ്പക്കാരായ പ്രൊഫഷണലുകള്‍ക്കുണ്ടാകുന്ന പെട്ടെന്നുള്ള ഹാര്‍ട്ടറ്റാക്കിന്റെ കാരണവും ഇതുതന്നെ.
    പെട്ടെന്ന് അനിയന്ത്രിതമായ സ്‌ട്രെസ് ഉണ്ടാകുമ്പോള്‍ എന്താണു സംഭവിക്കുന്നത്? ശരീരം അപകടകാരിയായ സ്‌ട്രെസിനെ നേരിടാന്‍ സജ്ജമാകും. മസ്തിഷ്‌കത്തിലെ ഹൈപ്പോത്തലാമസ്, പിറ്റുവിറ്ററി - അഡ്രിനല്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. ഉത്തേജനഫലമായി സ്‌ട്രെസ് ഹോര്‍മോണുകളായ അഡ്രിനാലും കോര്‍ട്ടിസോളും ശരീരത്തില്‍ കുമിഞ്ഞുകൂടുന്നു. ഈ ഹോര്‍മോണുകള്‍ സംഘര്‍ഷാവസ്ഥയോടു പ്രതികരിക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുന്നു. തന്മൂലം പ്രഷറും നെഞ്ചിടിപ്പും കൂടുന്നു; ഊര്‍ജവിനിയോഗത്തിനായി ശരീരത്തിലെ ഗ്ലൂക്കോസ് നിര്‍മാണം ദ്രുതഗതിയിലാക്കുന്നു. അത്യാവശ്യമില്ലാത്ത ഇമ്മ്യൂണ്‍-ദഹനപ്രക്രിയകള്‍ക്കു  താത്കാലികമായി സ്തംഭനമുണ്ടാകുന്നു. എന്നാല്‍, സ്‌തോഭവും സ്‌ട്രെസും തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ അതിനെ തരണംചെയ്യാന്‍ രക്തത്തില്‍ കുമിഞ്ഞുകൂടുന്ന സ്‌ട്രെസ്‌ഹോര്‍മോണുകള്‍ ശരീരത്തെ നാനാവിധത്തിലുള്ള രോഗാവസ്ഥകളിലേക്കു വലിച്ചിഴയ്ക്കുകതന്നെ ചെയ്യുന്നു. ഹൃദയത്തിനും രക്തധമനികള്‍ക്കുമാണ് പരിക്കുകള്‍ കൂടുതലായുണ്ടാകുന്നത്. പ്രഷറും നെഞ്ചിടിപ്പും വര്‍ധിക്കുന്നതോടൊപ്പം  ഹൃദയധമനികളുടെ ഉള്‍വ്യാസവും ചുരുങ്ങുന്നു. ധമനീവീക്കം കലശലാകുന്നു. ധമനികളിലെ കൊഴുപ്പുനിക്ഷേപം പൊട്ടുന്നു. അവിടെ രക്തക്കട്ടയുണ്ടായി ഹാര്‍ട്ടറ്റാക്കിലേക്കു നയിക്കുന്നു.
ഹാര്‍ട്ടറ്റാക്കുണ്ടാകുന്ന പല ചെറുപ്പക്കാര്‍ക്കും ഇസിജിയില്‍ വ്യതിയാനങ്ങള്‍ കാണാറില്ല, 40-50 ശതമാനത്തോളം പേര്‍ക്ക് കൊളസ്‌ട്രോള്‍ വര്‍ധിച്ചിട്ടില്ല, ഏറെ വ്യായാമം ചെയ്യുന്ന 'അരോഗദൃഢഗാത്രര്‍' - പക്ഷേ, പല അവസ്ഥകളിലും ഹൃദയാരോഗ്യം തകരുന്നതായി കാണുന്നു.
    നിങ്ങളുടെ പ്രാണനെ താങ്ങിനിര്‍ത്തുന്ന ഹൃദയത്തെ രോഗാതുരതകളില്‍നിന്നു പരിരക്ഷിക്കാനുള്ള ക്രിയാത്മകനിര്‍ദേശങ്ങളുമായാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ സെപ്റ്റംബര്‍ 29 ന് ലോകഹൃദയദിനം ആചരിക്കുന്നത്. രോഗം മൂര്‍ച്ഛിച്ചിട്ടുള്ള ചെറിയൊരു ശതമാനം ആളുകള്‍ക്കു ചികിത്സ നല്‍കുന്ന സമ്പ്രദായമാണ് ഇന്നു പ്രബലമായിക്കൊണ്ടിരിക്കുന്നത്. ഇന്ന് നൂറ്റെണ്‍പതോളം കാത്ത്‌ലാബുകളാണ് കേരളത്തിലുള്ളത്. ഈ സംഖ്യ വര്‍ഷംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഹാര്‍ട്ടറ്റാക്കുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവര്‍ക്കുള്ള അടിയന്തര ആന്‍ജിയോപ്ലാസ്റ്റിയും മറ്റുമാണ് കാത്ത്‌ലാബുകളില്‍ നടക്കുന്നത്. അത് അനിവാര്യവുമാണ്. എന്നാല്‍, ചികിത്സാകേന്ദ്രങ്ങള്‍ കൂടുന്നതുകൊണ്ട് സമൂഹത്തിലെ രോഗവ്യാപനം കുറയുന്നില്ലെന്നോര്‍ക്കണം. അതു നടക്കണമെങ്കില്‍ പ്രതിരോധത്തിനു മുന്‍തൂക്കം കൊടുക്കുന്ന ഒരു ആരോഗ്യസംസ്‌കാരം നാം വളര്‍ത്തിയെടുക്കണം. അതു സാധ്യവുമാണ്.
    സാധാരണമായി മുതിര്‍ന്നവരില്‍ കാണുന്ന പൊതുവായ ആപത്ഘടകങ്ങള്‍ ചെറുപ്പക്കാരില്‍ കാണാറുണ്ടെങ്കിലും പ്രത്യേകമായി അവരെ ഹൃദയാഘാതത്തിലേക്കു തള്ളിവിടുന്ന പല നൂതനഘടകങ്ങളുമുണ്ട്. 40 വയസ്സില്‍ താഴെ ഹാര്‍ട്ടറ്റാക്ക് വന്നവരുടെ കണക്കു പരിശോധിച്ചാല്‍ 25 ശതമാനത്തിലധികം പേരും 20-30 വയസ്സിനിടയിലുള്ളവരാണ്. പ്രമേഹം, അമിതരക്തസമ്മര്‍ദം, വര്‍ധിച്ച കൊളസ്‌ട്രോള്‍ തുടങ്ങിയ ആപത്ഘടകങ്ങളെക്കാള്‍ ഉപരിയായി ചെറുപ്പക്കാരില്‍ പല ശീലങ്ങളും വിനയാകുന്നു. പുകവലി, ലഹരിവസ്തുക്കളുടെ (ആംഫെറ്റാമൈനുകള്‍, കൊക്കെയിന്‍, മെത്താംഫെറ്റാമൈന്‍) ഉപയോഗം, മദ്യപാനം, പാരമ്പര്യപ്രവണത, കുടുംബാംഗങ്ങളില്‍ കാണുന്ന വര്‍ധിച്ച കൊഴുപ്പുഘടകങ്ങള്‍, വ്യായാമക്കുറവ്, ഒടുങ്ങാത്ത സ്‌ട്രെസ്, അനാരോഗ്യകരമായ ഭക്ഷണച്ചിട്ടകള്‍ തുടങ്ങിയവ യുവാക്കളിലെ ഹൃദ്രോഗത്തിനുള്ള വഴിമരുന്നാകുന്നു.
     ഇന്നു പരമ്പരാഗതമായ പല വൈദ്യസിദ്ധാന്തങ്ങളും മാറിമറിയുന്നു. ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുന്ന ഏതാണ്ട് 40-50 ശതമാനംപേരിലും നേരത്തേ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നില്ല. അതുപോലെ, കൊളസ്‌ട്രോളും 50 ശതമാനം പേരിലും സാധാരണനിലയില്‍. സാധാരണ നാം പറയാറുള്ള 'ഫിസിക്കല്‍ ഫിറ്റ്‌നസ്' എന്ന പ്രതിഭാസവും ഹൃദയാരോഗ്യവുമായി പറയത്തക്ക ബന്ധമില്ലെന്നു തെളിയുന്നു. ജിമ്മില്‍ ദീര്‍ഘനേരം വ്യായാമമുറകള്‍ ചെയ്യുന്ന സെലിബ്രിറ്റികളുടെ ആകസ്മികമായ ഹൃദയസ്തംഭനം ഇതിനുദാഹരണം. ഹൃദ്രോഗത്തിലേക്കു നയിക്കുന്ന നൂതനട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്റെ അനിവാര്യത ഇവിടെ പ്രസക്തമാകുന്നു. ആന്‍ജിയോഗ്രാഫിയില്‍ പറയത്തക്ക  ബ്ലോക്കുകള്‍ ഉപരിതലഹൃദയധമനികളില്‍ കാണാതെ ഹൃദ്രോഗമില്ലെന്നു വിധിക്കപ്പെട്ടവര്‍ താമസിയാതെ ഹാര്‍ട്ടറ്റാക്കുമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്ന വാര്‍ത്തകളുമുണ്ട്.
    ഇപ്പോള്‍ ഹൃദ്രോഗസാധ്യത ഒരുവനിലുണ്ടോയെന്നു മുന്‍കൂട്ടി തിരിച്ചറിയാന്‍ സവിശേഷബയോസൂചകങ്ങളുടെ പ്രസക്തി വര്‍ധിച്ചുവരികയാണ്. കൊറോണറികളിലെ ഇനിയും പ്രകടമാകാത്ത ജരിതാവസ്ഥയുടെ പ്രാധാന്യം കണ്ടുപിടിക്കാന്‍ ഗവേഷണനിരീക്ഷണങ്ങള്‍ നടക്കുന്നു. ആപത്ഘടകമുള്ളവര്‍ക്കും ജനിതകപ്രവണതകള്‍ ഉള്ളവര്‍ക്കും ഹൃദ്രോഗസാധ്യതയുണ്ടോ അല്ലെങ്കില്‍ അടുത്തകാലത്ത് ഹാര്‍ട്ടറ്റാക്കുണ്ടാകാനുള്ള സാധ്യതയുണ്ടോയെന്നറിയാന്‍ സി.റ്റി. ആന്‍ജിയോഗ്രാഫിയുടെ പ്രസക്തിയും വര്‍ധിക്കുന്നു.
    ലോകഹൃദയദിനത്തില്‍മാത്രമല്ല, എല്ലാ ദിനചര്യകളിലും  ഹൃദയാരോഗ്യം സുരക്ഷിതമാക്കുന്ന ജീവിതഭക്ഷണച്ചിട്ടകള്‍ സ്വായത്തമാക്കണം. ഹൃദയദിനം അതിനുള്ള ഒരു ഓര്‍മപ്പെടുത്തലാണെന്നു കരുതാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)