സാഹിത്യനിരൂപിക, എഴുത്തുകാരി, പ്രഭാഷിക, അധ്യാപിക എന്നീ നിലകളില്‍ മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമായ ലീലാവതി ടീച്ചര്‍ 97-ാം വയസ്സിലേക്ക്.
മലയാള സാഹിത്യനിരൂപണത്തില്‍ ഇന്നോളം ശക്തമായി മുഴങ്ങിക്കേട്ട ഒരു സ്ത്രീസ്വരം ഡോ. എം. ലീലാവതിയുടേതാണ്. പാരമ്പര്യത്തില്‍നിന്ന് ഊര്‍ജം സംഭരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂര്‍ണതയിലെത്തുകയും ചെയ്യുന്ന സവിശേഷമായ നിരൂപണശൈലിയെ പരിപോഷിപ്പിക്കുകയായിരുന്നു ലീലാവതിടീച്ചര്‍ ചെയ്തത്.
ഭാവനാജീവിതമെന്നു വിശേഷിപ്പിച്ചുപോരുന്ന കവിതയില്‍ യുക്തിനിഷ്ഠമായ ഭൗതികവീക്ഷണവും ശാസ്ത്രതത്ത്വങ്ങളും അന്വേഷിച്ചുകൊണ്ടാണ് എം. ലീലാവതി മലയാളനിരൂപണരംഗത്തു പ്രത്യക്ഷപ്പെട്ടത്. സി.ജി. യുങ്ങിന്റെ സമൂഹമനഃശാസ്ത്രമാണ് ലീലാവതിയുടെ മനഃശാസ്ത്രപഠനങ്ങള്‍ക്ക് അടിസ്ഥാനം. വ്യക്തിക്കെന്നപോലെ സമൂഹത്തിനും ബോധമനസ്സും അബോധമനസ്സും ഉണ്ടെന്നും സമൂഹബോധമനസ്സിന്റെ ഉള്ളടക്കം ആദിരൂപങ്ങളാണെന്നും അവയെ പൊതിഞ്ഞുനില്‍ക്കുന്ന കഥകളാണ് മിത്ത് എന്നുമാണ് ഈ കണ്ടെത്തല്‍.
പൗരാണികമായ പ്രമേയങ്ങളുടെ പുനര്‍വായനകളില്‍ ആ കൃതികളുടെ സ്ത്രീപക്ഷവായനകള്‍ക്കും വീക്ഷണങ്ങള്‍ക്കും ഡോ. എം. ലീലാവതി പ്രാധാന്യം നല്കിയിരുന്നു. കഥാപാത്രങ്ങളുടെ സാമൂഹികപശ്ചാത്തലം, സാംസ്‌കാരികസന്ദര്‍ഭങ്ങള്‍, വ്യക്തി എന്ന നിലയിലുള്ള ആന്തരികസംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ നിരൂപണത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന ശൈലിയും അവരുടെ പ്രത്യേകതയാണ്. ഇത് ഒരേസമയം ലാവണ്യശാസ്ത്രപരവും സൈദ്ധാന്തികവുമായ സവിശേഷതകളെ ഇണക്കിച്ചേര്‍ക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നുണ്ട്.
അധ്യാപനമേഖലയിലെ അനുകരണീയമായ ശൈലിക്കുടമയായ ലീലാവതി, കാവ്യനിരൂപണമേഖലയിലെ പുനര്‍വായനകളിലൂടെ കൃതികളുടെ കാലാതീതമായ ആന്തരികലോകത്തെ വീണ്ടെടുക്കുകയായിരുന്നു. പക്വവും പ്രസന്നവുമായ ഈ നിരൂപണരീതിയില്‍ മാതൃത്വത്തിന്റെ വാത്സല്യവും സ്ത്രീത്വത്തിന്റെ ഉള്‍ക്കരുത്തും ഒരുപോലെ സമന്വയിക്കപ്പെട്ടിരിക്കുന്നു.
സാഹിത്യഗവേഷണപഠനങ്ങളിലും മനഃശാസ്ത്രപഠനങ്ങളിലും സാമൂഹികശാസ്ത്ര വിശകലനങ്ങളിലും സ്ത്രീപക്ഷചിന്തകള്‍ ഇണക്കിച്ചേര്‍ത്തുകൊണ്ട് പുതുഭാവുകത്വത്തോടു സംവദിക്കുന്ന രീതി എം. ലീലാവതിയുടെ പ്രത്യേകതകളിലൊന്നാണ്. 1950 കളില്‍ത്തന്നെ എഴുത്തുകാരി എന്ന നിലയില്‍ ശ്രദ്ധേയയായ എം. ലീലാവതി, മലയാളകവിതയിലെ പ്രാചീനവും ആധുനികവുമായ കാവ്യലോകത്തെ സാംസ്‌കാരികലോകത്തിനു പരിചയപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച നിരൂപികയാണ്.
1927 സെപ്തംബര്‍ 16 ന് ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയില്‍ ജനിച്ചു. കഴുങ്കമ്പിള്ളി കുഞ്ഞുണ്ണി നമ്പിടിയുടെയും മുണ്ടനാട്ട് നങ്ങയ്യമാണ്ടലിന്റെയും മകളാണ്. കുന്നംകുളം ഹൈസ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളജ്, മദ്രാസ് സര്‍വകലാശാല, കേരള സര്‍വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1949 മുതല്‍ സെന്റ് മേരീസ് കോളജ് തൃശൂര്‍, സ്റ്റെല്ല മാരീസ് കോളജ് ചെന്നൈ, പാലക്കാട് ഗവ. വിക്ടോറിയ കോളജ്, മഹാരാജാസ് കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ് മുതലായ വിവിധ കലാലയങ്ങളില്‍ അധ്യാപികയായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍നിന്ന് 1983 ല്‍ വിരമിച്ചു. കുറച്ചുകാലം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.
സോവിയറ്റ്‌ലാന്റ് നെഹ്‌റു അവാര്‍ഡ് (1976), ഓടക്കുഴല്‍ അവാര്‍ഡ് (1978), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1980), കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (1987), വയലാര്‍ രാമവര്‍മ അവാര്‍ഡ്(2007), സി.ജെ. തോമസ് സ്മാരക അവാര്‍ഡ്(1989), നാലാപ്പാടന്‍ അവാര്‍ഡ് (1994), എന്‍.വി. കൃഷ്ണവാര്യര്‍ അവാര്‍ഡ്(1994), ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്(1999), പത്മപ്രഭാപുരസ്‌കാരം (2001), പത്മശ്രീപുരസ്‌കാരം (2008), വി.കെ. നാരായണ ഭട്ടതിരിപ്പാട് മെമ്മോറിയല്‍ അവാര്‍ഡ് (2010), സമസ്ത കേരള സാഹിത്യപരിഷത് അവാര്‍ഡ് (2010), എഴുത്തച്ഛന്‍ പുരസ്‌കാരം (2010), മാതൃഭൂമി സാഹിത്യപുരസ്‌കാരം (2012), ശൂരനാട് കുഞ്ഞന്‍പിള്ള പുരസ്‌കാരം (2015), വിവര്‍ത്തനത്തിനുള്ള 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികളാണ് ലീലാവതി ടീച്ചറിനെ തേടിയെത്തിയത്.
ആദിപ്രരൂപങ്ങള്‍ സാഹിത്യത്തില്‍ - ഒരു പഠനം, അപ്പുവിന്റെ അന്വേഷണം, വര്‍ണരാജി, അമൃതമശ്‌നുതേ, കവിതാരതി, നവതരംഗം, വിശ്വോത്തരമായ വിപ്ലവേതിഹാസം, മഹാകവി വള്ളത്തോള്‍, ശൃംഗാരചിത്രണം - സി.വിയുടെ നോവലുകളില്‍, ചെറുകാടിന്റെ സ്ത്രീകഥാപാത്രങ്ങള്‍, ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍, അണയാത്ത ദീപം, മൗലാനാ അബ്ദുള്‍ കലാം ആസാദ്, മഹാകവി ജി. ശങ്കരക്കുറുപ്പ് (ഇംഗ്ലീഷ് കൃതി), ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ (ഇംഗ്ലീഷ് കൃതി), കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും, നവരംഗം, വിശ്വോത്തരമായ വിപ്ലവേതിഹാസം, ജിയുടെ കാവ്യജീവിതം, മലയാള കവിതാസാഹിത്യ ചരിത്രം, കവിതാധ്വനി, സത്യം ശിവം സുന്ദരം, ശൃംഗാരാവിഷ്‌കരണം സി വി കൃതികളില്‍, ഉണ്ണിക്കുട്ടന്റെ ലോകം, നമ്മുടെ പൈതൃകം, ബാലാമണിയമ്മയുടെ കവിതാലോകങ്ങള്‍, ഭാരതസ്ത്രീ, അക്കിത്തത്തിന്റെ കവിത തുടങ്ങിയവയാണ് പ്രധാനകൃതികള്‍.