അറുപതു വയസ്സിനുമേല്‍ പ്രായമുള്ളവരാണ് സര്‍ക്കാര്‍രേഖപ്രകാരം മുതിര്‍ന്ന പൗരന്മാര്‍ അഥവാ സീനിയര്‍ സിറ്റിസണ്‍സ്. അതനുസരിച്ച്, കേരളത്തിലെ ഇപ്പോഴത്തെ ജനസംഖ്യയില്‍ 16.5 ശതമാനം മുതിര്‍ന്ന പൗരന്മാരാണ്. ഭാവിയില്‍ ഇവരുടെ എണ്ണം വര്‍ധിക്കാനാണു സാധ്യത. ഉദ്ദേശം 42 ലക്ഷമാണ് കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ സംഖ്യ.
ആരോഗ്യവും പദവിയും അധികാരവും പ്രവര്‍ത്തനശേഷിയുമൊക്കെ ഉണ്ടായിരുന്ന കാലത്ത് സമൂഹവും ബന്ധുമിത്രാദികളുമൊക്കെ നല്‍കിയിരുന്ന പരിഗണനയും കരുതലും, 'മുതിര്‍ന്ന പൗരന്മാര്‍' എന്ന വിഭാഗത്തിലേക്കു മാറുന്നതോടെ നഷ്ടപ്പെട്ടുപോകുന്നത് ഏറെ മാനസികസംഘര്‍ഷത്തിനും അപകര്‍ഷതാബോധത്തിനും ഇടയാക്കുന്നു. അതുപോലെതന്നെ, കഴിഞ്ഞകാലത്തു സംഭവിച്ച തിരുത്താനാവാത്ത തെറ്റുകള്‍, മറക്കാന്‍ ശ്രമിച്ചാലും വേദനിപ്പിക്കുന്ന ഓര്‍മകള്‍ മുന്നറിയിപ്പില്ലാതെ കടന്നുവന്ന് മനസ്സിനെ മഥിക്കുന്നു.
''മറവിതന്‍ മാറിടത്തില്‍
മയങ്ങാന്‍ കിടന്നാലും
ഓര്‍മകള്‍ ഓടിയെത്തി
ഉണര്‍ത്തീടുന്നൂ..'' (മുറപ്പെണ്ണ്) എന്ന പി. ഭാസ്‌കരന്‍മാസ്റ്ററുടെ വരികള്‍ എത്രയോ അര്‍ഥവത്താണ്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, സന്ധിവേദന, മറവിരോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ വേറെ.
സാമ്പത്തികപ്രശ്‌നങ്ങളാണ് ഏറെ ഗുരുതരം. ജനസംഖ്യയിലെ നാലോ അഞ്ചോ ശതമാനത്തിനുമാത്രമാണ് (സര്‍ക്കാര്‍/പൊതുമേഖലാസ്ഥാപനങ്ങള്‍, ബാങ്കുകള്‍ മുതലായവയിലെ ജീവനക്കാര്‍) ഭേദപ്പെട്ട പെന്‍ഷന്‍ ലഭിക്കുന്നത്. ബാക്കിയുള്ളവരില്‍ 90 ശതമാനത്തിനും കൃത്യമായ വരുമാനസ്രോതസ്സുകളില്ല. കേരളസര്‍ക്കാര്‍ നല്‍കുന്ന സാമൂഹികക്ഷേമപെന്‍ഷന്‍, പ്രതിമാസം വെറും 1500 രൂപയാണ്. അതുപോലും കൃത്യമായി ലഭിക്കാറില്ല. മക്കളെ ആശ്രയിച്ചുകഴിയേണ്ടിവരുന്ന മുതിര്‍ന്ന പൗരന്മാരുടെ അവസ്ഥ പരിതാപകരം തന്നെ. പ്രായമായ മാതാപിതാക്കളെ 'നടതള്ളുന്ന' സംഭവങ്ങളും വിരളമല്ല.
'മുതിര്‍ന്ന പൗരന്മാര്‍ കാലഹരണപ്പെട്ടവരാണ്, അവര്‍ക്കിനി സമൂഹത്തിനുവേണ്ടി ഒന്നും നല്‍കാനാവില്ല, വീട്ടിലെ ഏതെങ്കിലും മൂലയില്‍ അവര്‍ ഒതുങ്ങിക്കഴിയട്ടെ' എന്ന ചിന്താഗതിയാണ് പുതിയ തലമുറയില്‍ നല്ലൊരു വിഭാഗത്തിനുമുള്ളത്. എന്നാല്‍, മുതിര്‍ന്ന പൗരന്മാരുടെ അനുഭവജ്ഞാനവും പരിചയസമ്പത്തും സമൂഹത്തിന് ഏറെ പ്രയോജനകരമായി ഉപയോഗിക്കാന്‍ കഴിയേണ്ടതാണ്. അമേരിക്കന്‍ പ്രസിഡന്റുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് പ്രായം 78 കഴിഞ്ഞു. 140 കോടി ഭാരതീയരുടെ സുരക്ഷ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഉപദേഷ്ടാവായ അജിത്കുമാര്‍ ഡോവല്‍ എന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ പ്രായം 79 ആണ്. നൂറിലധികം കമ്പനികളടങ്ങുന്ന 'ടാറ്റാസണ്‍സ്' വ്യവസായശൃംഖലയുടെ അമരക്കാരനായ രത്തന്‍ടാറ്റായുടെ പ്രായമാകട്ടെ, 86 വയസ്സാണ്. ഇതുപോലെ മറ്റു പലരും മുതിര്‍ന്ന പ്രായത്തിലും സമൂഹത്തില്‍ പ്രമുഖസ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്.
മക്കളെല്ലാം പഠിച്ചു വിദേശരാജ്യങ്ങളില്‍ ചേക്കേറിയതോടെ ജനിച്ചുവളര്‍ന്ന വീടും വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളും അനാഥരാകുന്ന സ്ഥിതി ഇപ്പോള്‍ കേരളത്തില്‍ ധാരാളമായി കണ്ടുവരുന്നു. മാതാപിതാക്കളില്‍ ഇതു സൃഷ്ടിക്കുന്ന ശൂന്യതാബോധം, ഒരുപക്ഷേ, മക്കള്‍ അറിയുന്നില്ലായിരിക്കാം. ഈ അവസ്ഥയെ സാമൂഹികശാസ്ത്രജ്ഞന്മാര്‍ വിളിക്കുന്നത് 'ഋാു്യേ ചലേെ ട്യിറൃീാല' എന്നാണ്.
പാശ്ചാത്യരാജ്യങ്ങളിലെപ്പോലെ, എല്ലാ മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണം സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ല. വിവിധ മത-സാമൂഹികനേതാക്കളുടെ സവിശേഷശ്രദ്ധ ഈ വിഷയത്തില്‍ ഇനിയെങ്കിലും ഉണ്ടാവേണ്ടതാണ്. ഉയര്‍ന്ന നിരക്കില്‍ ഫീസീടാക്കുന്ന സിബിഎസ്ഇ സ്‌കൂളുകള്‍ സ്ഥാപിച്ചു നടത്തുന്നതിനെക്കാള്‍ പ്രാധാന്യം, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനായി സീനിയര്‍ സിറ്റിസണ്‍സ് ഹോമുകള്‍ സ്ഥാപിച്ചുനടത്തുന്നതിനു നല്‍കേണ്ടിയിരിക്കുന്നു. തങ്ങള്‍ നിസ്സഹായരും നിരാലംബരും സമൂഹത്തിനു വേണ്ടാത്തവരും വിലയില്ലാത്തവരുമാണെന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കു തോന്നാന്‍ ഇടയാവരുത്.
ജീവിതം അര്‍ഥശൂന്യമാണെന്ന ചിന്ത അവരെ അലട്ടാതിരിക്കട്ടെ.
''കുഛ് പാകര്‍ ഖോനാ ഹൈ
കുഛ് ഖോകര്‍ പാനാ ഹൈ
ജീവന്‍ കാ മത്‌ലബ് തൊ
ആനാ ഔര്‍ ജാനാ ഹൈ.''
(ചിലതൊക്കെ നേടിയെടുക്കാനുണ്ട്, അതിനായി മറ്റുചിലതൊക്കെ നഷ്ടപ്പെടുത്തേണ്ടിവന്നേക്കാം, മുന്നറിയിപ്പില്ലാതെ ചിലരൊക്കെ ജീവിതത്തിലേക്കു കടന്നുവന്നേക്കാം, അതുപോലെതന്നെ ചിലരൊക്കെ യാത്രാമൊഴി ചൊല്ലി വിട്ടുപിരിഞ്ഞേക്കാം.) 'ഷോര്‍' എന്ന ഹിന്ദി ചിത്രത്തിനുവേണ്ടി (1972) സന്തോഷ് ആനന്ദ് എന്ന കവി രചിച്ച ഗാനത്തിലെ ഈരടികളാണിവ.
ഇങ്ങനെയൊക്കെയാണ് മനുഷ്യജീവിതമെന്നു കരുതി, മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വസിക്കാം.