•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പൈതൃകമായി ലഭിച്ച നിധി

    ഒരുപാടു ദുഃഖവും ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു എന്റെ ബാല്യവും കൗമാരവും. തെല്ലും സാമ്പത്തികശേഷിയില്ലാത്ത കുടംബം. അപ്പന് ഒരു കൊച്ചുജോലി. വാടകപ്പുരയില്‍ താമസം. സമ്പത്തില്‍ ദരിദ്രനായിരുന്നെങ്കിലും ദൈവഭക്തിയിലും സല്‍ഗുണങ്ങളിലും സമ്പന്നനായിരുന്നു എന്റെ പിതാവ്. അമ്പത്താറു വയസ്സായപ്പോഴേക്കും അപ്പന്‍ മരിച്ചു. എനിക്കന്ന് മുപ്പതു വയസ്സ്. തൃശൂരിലെ ഒരു പ്രസിദ്ധ ചിട്ടി(കുറി)ക്കമ്പനിയിലെ ഉദ്യോഗവും നാടകരചനയുമായിരുന്നു മൂത്ത മകനായ എന്റെ വരുമാനമാര്‍ഗം.
    മാതാപിതാക്കള്‍ തെളിച്ച വഴിയിലൂടെ മക്കളായ ഞങ്ങള്‍  സഞ്ചരിച്ചു. അവരുടെ ജീവിതം ഞങ്ങള്‍ക്കു വിലപ്പെട്ട മാതൃകയായി. പിന്നീട് ഞാന്‍ വിവാഹിതനായി. ഞാനും സഹധര്‍മിണി ലിസിയും എന്റെ മക്കള്‍ക്കു മാതൃകയായി. എനിക്ക് മൂന്നുമക്കള്‍. മൂത്തതു ഷേളി; താഴെ രണ്ട് ആള്‍മക്കള്‍.
ഞാനും ലിസിയും ഞങ്ങളുടെ പരിധിയിലും പരിമിതിയിലും നിന്നുകൊണ്ട് അവരെ വളര്‍ത്തി, സ്‌നേഹിച്ചു, നയിച്ചു, നിയന്ത്രിച്ചു, മാതൃകയായി ജീവിച്ചു. ജന്മദിനങ്ങളില്‍ അവര്‍ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചു. ഇതിനകം നാടകരംഗത്തു ഞാനേറെ പ്രസിദ്ധമായി. 
    മക്കള്‍ കുറച്ചു മുതിര്‍ന്നപ്പോള്‍ ഒരു ദിവസം ഞാനവരോടു പറഞ്ഞു: ''നിങ്ങള്‍ പാഠപുസ്തകങ്ങളും കഥകളും മഹാന്മാരുടെ ജീവചരിത്രങ്ങളുമൊക്കെ വായിച്ചോളൂ. നല്ലത്. എന്നാല്‍, ഞാനും അമ്മയും നിങ്ങളുടെ മുമ്പില്‍ ഒരു ജീവിതം കാഴ്ചവച്ചിട്ടുണ്ട്. ആ ജീവിതം നിങ്ങള്‍ക്കുള്ള പ്രധാനപാഠപുസ്തകമാണ്.''
അവര്‍ മൂന്നുപേരും കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിരുദമെടുത്തശേഷം യഥാകാലം വിവാഹിതരായി. ഷേളിയും ഭര്‍ത്താവ് ജോസിയും താമസിക്കുന്നതു കോഴിക്കോടാണ്. അവര്‍ക്ക് മൂന്നു മക്കള്‍. എന്റെ മാതാപിതാക്കളില്‍നിന്നു ലഭിച്ച ആത്മീയമൂല്യങ്ങളും വിശ്വാസചൈതന്യവും പിന്തുടര്‍ന്നുകൊണ്ടു ഞാനും ലിസിയും മക്കളും മുന്നോട്ടുനീങ്ങുന്നു. പൈതൃകമായി ലഭിച്ച നിധിപോലെ ഈ ഊര്‍ജവും വെളിച്ചവും എന്റെ എല്ലാ മക്കളും കാത്തുസൂക്ഷിക്കുന്നു.
ഇത്രയും എഴുതിയത് ഒരു അനുഭവം കുറിക്കാനാണ്. ഷേളിയുടെയും ജോസിയുടെയും മൂത്തമകള്‍ - എന്റെ കൊച്ചുമകള്‍ - സുനിത എസ്.എസ്.എല്‍.സിയ്ക്കു പഠിക്കുന്ന കാലം. ഫസ്റ്റ് ക്ലാസ് കിട്ടുമെന്ന് അവള്‍ക്കുറപ്പുണ്ട്. എന്നാലും പരീക്ഷക്കാലമടുത്തതോടെ അവള്‍ക്ക് ആശങ്ക, വെപ്രാളം, ടെന്‍ഷന്‍! ഉദ്ദേശിച്ച മാര്‍ക്ക് കിട്ടാതെപോകുമോ?
   പരീക്ഷയുടെ ദിവസമായി. ഒന്നാം ദിവസം പരീക്ഷയ്ക്കു പോകുന്ന സമയം. അവള്‍ യേശുവിന്റെ ചിത്രത്തിനുമുമ്പില്‍നിന്നു പരീക്ഷയ്‌ക്കൊരുക്കമായി പ്രാര്‍ഥന സ്വയം ചൊല്ലി. ജോസിയും അരികിലുണ്ട്. തുടര്‍ന്ന് അവള്‍ അമ്മയെ (ഷേളിയെ) വിളിച്ചു. ''അമ്മച്ചീ, ഞാന്‍ പരീക്ഷയ്ക്കു പോവ്വാ. വാ, പ്രാര്‍ഥിക്കാം.''
അതുകേട്ട ഷേളിയുടെ മകുപടി: ''മോളേ, നിനക്കുവേണ്ടി മാസങ്ങളായിട്ടു ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്ക്വാ. ധൈര്യായിട്ടു പോ!''
ആ മറുപടി സുനിതയ്ക്ക് തെല്ലും തൃപ്തിയായില്ല. അക്ഷമയോടെ അവള്‍ വിളിച്ചു: ''വാ അമ്മച്ചീ!''
''വാ, അമ്മച്ചീ'' എന്ന വിളി ഒരു മുഴക്കംപോലെ കേട്ടതോടെ അടുക്കളയിലെ പണി നിര്‍ത്തിവച്ച് ഷേളി ഓടിയെത്തി. ''വാ, അമ്മച്ചി!'' എന്ന ശക്തമായ വിളിയാണ് അതിനു പ്രചോദനം. മൂന്നുപേരും തിരുഹൃദയചിത്രത്തില്‍ നോക്കി കൈകള്‍കൂപ്പി. പിന്നെ പ്രാര്‍ഥന നയിച്ചത് ഷേളിയാണ്.
''യേശുവേ! ഞങ്ങളുടെ മോള് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ പോകുന്നു. അനുഗ്രഹിക്കണേ! ഇന്നേദിവസം അഞ്ചുലക്ഷത്തോളം കുട്ടികള്‍ പരീക്ഷയെഴുന്നുണ്ട്. അവരെയും അനുഗ്രഹിക്കണേ!(സ്വരമിടറി ഹൃദയസ്പര്‍ശിയായി) യേശുവേ! ഈ മോള് അവളുടെ അമ്മയായ എന്നെ വിളിച്ച് അരികെ നിര്‍ത്തി പ്രാര്‍ഥിക്കുന്നു. ഇന്നേദിവസം പരീക്ഷയെഴുതുന്ന കുട്ടികളില്‍ ഇതുപോലെ സ്വന്തം അമ്മയെ വിളിച്ച് അരികെ നിര്‍ത്തി പ്രാര്‍ഥിക്കാന്‍ ഭാഗ്യമില്ലാത്ത, അമ്മമാരില്ലാത്ത ഒരുപാടു കുട്ടികള്‍ ഉണ്ടാവും. യേശുവേ! അവരെക്കൂടി അനുഗ്രഹിക്കണമേ!''
ഉള്ളില്‍ തട്ടിയുള്ള ഈ പ്രാര്‍ഥന കഴിഞ്ഞതോടെ ഷേളി കരയുന്നു. ജോസിയുടെയും കൊച്ചുമോളുടെയും കണ്ണുകള്‍ നിറയുന്നു. നിറമിഴികള്‍ തുടച്ചിട്ടാണ് സുനിതമോള്‍ അന്നു പരീക്ഷയ്ക്കു പോയത്. അങ്ങനെ പരീക്ഷകള്‍ എല്ലാം കഴിഞ്ഞു. മേയ് മാസത്തില്‍ റിസള്‍ട്ടു വന്നു. 360 പ്രതീക്ഷിച്ച സുനിതമോള്‍ക്ക് ലഭിച്ച മാര്‍ക്ക് 517.
   തിരതല്ലുന്ന ആഹ്ലാദത്തോടെ സുനിതമോള്‍ കോഴിക്കോട്ടുനിന്ന് എന്നെ ഫോണില്‍ വിളിച്ചു.
''അപ്പാപ്പാ, എന്റെ റിസള്‍ട്ടു വന്നു. എനിക്ക് 517 മാര്‍ക്ക്.
''വെരിഗുഡ്. മൈ ഹാര്‍ട്ടി കണ്‍ഗ്രാചുലേഷന്‍സ്!''
തുടര്‍ന്നു ഞാന്‍ പറഞ്ഞു: ''360 മാര്‍ക്ക്  മോളു പഠിച്ചതിനുള്ളത്. ബാക്കിയുള്ള മാര്‍ക്ക് മുഴുവന്‍ മോളുടെ അമ്മ മറ്റുള്ള കുട്ടികള്‍ക്കുവേണ്ടി പങ്കുവച്ച് പ്രാര്‍ഥിച്ചില്ലേ, അതിനു ദൈവം തന്ന സമ്മാനമാണ്.'' 
  പിന്നീട് അവര്‍ കുടുംബസമേതം തൃശൂര്‍ക്കു വന്നപ്പോള്‍ ഷേളിയോടു ചോദിച്ചു: ''മോളേ, നിനക്ക് എങ്ങനെയാണ് ആ സമയത്ത് അങ്ങനെ പ്രാര്‍ഥിക്കാന്‍ തോന്നിയത്?''
''എനിക്കറിയില്ല അപ്പച്ചാ.  'വാ, അമ്മച്ചീ' എന്ന സുനിതയുടെ ഉറച്ചസ്വരത്തിലുള്ള വിളി കേട്ടപ്പോള്‍, പെട്ടെന്ന് മിന്നലുപോലെ എന്റെ മനസ്സില്‍ തോന്നിച്ചു. സുനിതയ്ക്കു അമ്മയുള്ളതുകൊണ്ടല്ലേ അങ്ങനെ വിളിക്കാന്‍ പറ്റിയത്.''
മനസ്സില്‍ കുളിരുപാകിയ വിശദീകരണം കേട്ടു വിസ്മയഭാവത്തോടെ ഞാന്‍ ഷേളിയെ അകമഴിഞ്ഞ് അഭിനന്ദിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)