•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ദരിദ്രപക്ഷത്തെ ക്രിസ്തുമുഖം

മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സ് ശതാബ്ദിനിറവില്‍

മെഡിക്കല്‍ മിഷന്‍ സന്ന്യാസിനീസമൂഹം ശതാബ്ദിയുടെ നിറവിലാണ്. അശരണര്‍ക്കും ആലംബഹീനര്‍ക്കും താങ്ങും തണലുമായി ലോകത്തിന്റെ വിവിധയിടങ്ങളില്‍ സധൈര്യം കടന്നുചെന്ന ഈ സന്ന്യാസിനീസമൂഹം സമൂഹത്തിനു കാഴ്ചവച്ച സേവനങ്ങളും സൗഖ്യദായകശുശ്രൂഷകളും സംഭാവനകളും ഏറെ ശ്രദ്ധേയമാണ്. നിര്‍ധനരായവര്‍ക്കു ഭവനം, സൗജന്യഹീലിംഗ് ക്യാമ്പ്, ആരോഗ്യബോധവത്കരണപരിപാടികള്‍ എന്നിവ ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. 
  1925 സെപ്റ്റംബര്‍ 30 ന് ഓസ്ട്രിയന്‍ സ്വദേശി ഡോ. അന്ന ഡെങ്കലാണ് അമേരിക്കയിലെ വാഷിങ്ടണില്‍ മെഡിക്കല്‍മിഷന്‍ സന്ന്യാസിനീസമൂഹത്തിനു രൂപം നല്‍കിയത്. എന്നാല്‍, ഒരു ഘട്ടത്തില്‍ വൈദ്യരംഗത്ത് ശസ്ത്രക്രിയ, പ്രസവശുശ്രൂഷ എന്നിവ ചെയ്യാന്‍ സന്ന്യാസിനികളെ സഭാനിയമം അനുവദിച്ചിരുന്നില്ല. ഇതിനൊരിളവുവരുത്താന്‍ മദര്‍ നിരവധി തവണ റോമിലേക്കു നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും അവിടെയുണ്ടായിരുന്ന വൈദികശ്രേഷ്ഠരുടെ സഹായം തേടുകയും ചെയ്തു. അതിന്റെ ഫലമായി 1936 ല്‍ 11-ാം പീയൂസ് മാര്‍പാപ്പാ ഈ നിയമത്തില്‍ ആവശ്യമായ ഇളവുവരുത്തുകയും വൈദ്യശാസ്ത്രരംഗം സന്ന്യാസിനികള്‍ക്കു തുറന്നുകൊടുക്കുകയും ചെയ്തു.
   മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സിന്റെ കേരളത്തിലെ ആദ്യഭവനം ഫാ. സെബാസ്റ്റ്യന്‍ പിണക്കാട്ടിന്റെ ശ്രമഫലമായി 1944-ല്‍ പാലായിലെ പരുമലക്കുന്നില്‍ സ്ഥാപിതമായി. 1948-ല്‍ ഭരണങ്ങാനത്തെ മേരിഗിരിയില്‍ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി (IHM) ഹോസ്പിറ്റലിന് ആരംഭം കുറിച്ചു. ചങ്ങനാശ്ശേരി അതിരൂപതയിലെ ആദ്യത്തെയും സീറോമലബാര്‍സഭയിലെ മൂന്നാമത്തെയും ആശുപത്രിയാണിത്. പിന്നീട് പ്രവര്‍ത്തനമാരംഭിച്ച ആശുപത്രികളാണ് ചെത്തിപ്പുഴ സെന്റ് തോമസ്, മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ്, തുരുത്തിപ്പുറം ആര്‍ച്ചുബിഷപ് അട്ടിപ്പേറ്റി ജൂബിലി മെമ്മോറിയല്‍ എന്നിവ. അതോടൊപ്പം, വടക്കേയിന്ത്യയില്‍ പാട്‌ന, റാഞ്ചി, മുംബൈ, കൊഡെര്‍മാ എന്നിവിടങ്ങളില്‍ ഹോളിഫാമിലി എന്ന പേരില്‍ ആശുപത്രികള്‍ സ്ഥാപിതമായി. അവയുടെ പ്രവര്‍ത്തനം വിജയകരമായി തുടരുന്നു. 
ആരോഗ്യരംഗത്തു സ്തുത്യര്‍ഹമായ സേവനം ചെയ്തുകൊണ്ടിരിക്കേയാണ് 1965-ല്‍ സമാപിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അതിന്റെ പ്രമാണരേഖകളും സാമൂഹികപ്രബോധനങ്ങളും പുറത്തുവിടുന്നത്. സാമൂഹികപ്രബോധനങ്ങളില്‍ പ്രത്യേക ഊന്നല്‍ നല്‍കിയൊരാശയമായിരുന്നു 'ദരിദ്രരുടെ പക്ഷം ചേരുന്ന സഭ.' ഇതിന്റെ വെളിച്ചത്തില്‍, സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ ജീവിക്കുന്നവരുടെയും ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍, ചേരിനിവാസികള്‍ എന്നിവരുടെയും ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു ഞങ്ങള്‍ മുന്‍ഗണന നല്‍കി.
    മാത്രമല്ല, രോഗം ചികിത്സിച്ചുഭേദമാക്കുന്നതിനൊപ്പം, രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനുമുള്ള കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യാനും പ്രാവര്‍ത്തികമാക്കാനും സിസ്റ്റേഴ്‌സ് തയ്യാറായി. ഈയൊരു ഉള്‍ക്കാഴ്ചയും ശൈലിമാറ്റവും കോണ്‍ഗ്രിഗേഷനില്‍ത്തന്നെ ഒരു പൊളിച്ചെഴുത്തിനു കാരണമായി. ഞങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്നതും മേല്‍നോട്ടത്തില്‍ നടത്തിയിരുന്നതുമായ ആശുപത്രികള്‍ രൂപതയ്ക്കും മറ്റു സന്ന്യാസസഭകള്‍ക്കും നല്കിക്കൊണ്ട് ഞങ്ങള്‍ നേരിട്ടുള്ള രോഗീശുശ്രൂഷയില്‍നിന്നു പിന്മാറി. സന്ന്യാസഭവനങ്ങള്‍, സഭാവസ്ത്രങ്ങള്‍ ഇവയിലെല്ലാം കൂടുതല്‍ ലാളിത്യം വരുത്തി. കൂടുതല്‍ സിസ്റ്റേഴ്‌സ് വടക്കേയിന്ത്യയുടെ പല ഭാഗങ്ങളിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇറങ്ങിത്തിരിച്ച് പുതിയ പ്രവര്‍ത്തനമേഖലകള്‍ കണ്ടെത്തി. 
    ആശുപത്രിസേവനംമാത്രം പരിചയമുള്ള അഥവാ പരിശീലിച്ച കേരളത്തില്‍നിന്നുള്ള ഡോക്ടര്‍മാരും നേഴ്‌സുമാരും തങ്ങള്‍ക്കു പരിചിതമല്ലാത്ത ഭാഷയും സംസ്‌കാരവും നിറഞ്ഞ വടക്കേയിന്ത്യന്‍ ഗ്രാമങ്ങളിലേക്കു കടന്നുചെല്ലുക ഒരു വെല്ലുവിളിയായിരുന്നു. വടക്കേയിന്ത്യയില്‍ ഛത്തീസ്ഗഡ് സംസ്ഥാനമായിരുന്നു ആദ്യപ്രവര്‍ത്തനരംഗം. 1979 ല്‍ ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ രൂപതയ്ക്കു വിട്ടുകൊടുത്തുകൊണ്ട് ധൈര്യപൂര്‍വം ഇറങ്ങിത്തിരിച്ച സിസ്റ്റേഴ്‌സിന്റെ മനോധൈര്യവും ദൈവാശ്രയത്വവും സേവനോത്സുകതയും നിസ്തുലമാണ്. പല പ്രദേശങ്ങള്‍ കണ്ടതിനുശേഷം തിരഞ്ഞെടുത്തതോ, ടൗണില്‍നിന്നു വളരെയകലെ  ഒരു ക്രൈസ്തവകുടുംബംപോലുമില്ലാത്ത 'സെലൂദ്' എന്ന  കുഗ്രാമം! 
     ഭിലായ് സ്റ്റീല്‍ പ്ലാന്റ് അധികം അകലെയല്ലാതിരുന്നതിനാല്‍ അവിടെ ജോലി ചെയ്തിരുന്ന കുറെ മലയാളികള്‍ ടൗണിനടുത്തുണ്ടായിരുന്നു. ക്രിസ്ത്യാനികളെ ഒട്ടും പരിചയമില്ലാത്ത ഗ്രാമവാസികള്‍, ഹിന്ദിയോ, ഛത്തീസ്ഗഡി ഭാഷയോ തെല്ലും വശമില്ലാത്ത അന്യനാട്ടുകാരെ തങ്ങളുടെ ഗ്രാമത്തില്‍ പ്രവേശിപ്പിക്കാനോ അവരോടൊത്തിടപെടാനോ താത്പര്യം കാണിച്ചില്ല. അന്നത്തെ പഞ്ചായത്തുപ്രസിഡന്റിന്റെ ഉദാരമനസ്‌കതകൊണ്ട് ഒരു പഴയ മണ്‍വീടു തരപ്പെടുത്തി സിസ്റ്റേഴ്‌സ് അവിടെ താമസമാക്കി. ഞങ്ങളുടെ ആദ്യത്തെ സംഘത്തില്‍ ഒരു ഡോക്ടറും ഒരു ഫാര്‍മസിസ്റ്റുമാണ് ഉണ്ടായിരുന്നത്. ഡോക്ടറുടെ സേവനം ലഭിക്കാന്‍ തുടങ്ങിയതോടെ അയല്‍ഗ്രാമങ്ങളില്‍നിന്നുള്ളവരും ഈ മണ്‍വീട്ടിലേക്കു വന്നുതുടങ്ങി. അകലെയുള്ളവര്‍ തങ്ങളുടെ രോഗികളെ സൈക്കിളില്‍ വഹിച്ചുകൊണ്ടുവന്നിരുന്നത്  അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. ഈ ദുരവസ്ഥ പ്രധാന വഴിവക്കില്‍ ഒരു ക്ലിനിക്ക് തുറക്കാന്‍ ഞങ്ങള്‍ക്കു പ്രേരണയായി. ഓരോ ദിവസവും നൂറുകണക്കിനു രോഗികള്‍ പല ഗ്രാമങ്ങളില്‍നിന്നായി ചികിത്സതേടി എത്തിയിരുന്നു. ഇതുവഴിയായി ഗ്രാമവാസികള്‍ക്ക് സിസ്റ്റേഴ്‌സിലുള്ള വിശ്വാസം പതിന്മടങ്ങായി. ഈ വിശ്വാസ്യത അനുബന്ധപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു.  കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍, കുട്ടികളുടെ സാംസ്‌കാരികഗ്രൂപ്പ്, യുവജനസംഘടന, സ്ത്രീകളുടെ സ്വയംസഹായസംഘം, വാട്ടര്‍ഷെഡ് പ്രോഗ്രാം തുടങ്ങിയവ ഉദാഹരണമാണ്. 
പ്രവര്‍ത്തനശൈലി
    രാവിലെമുതല്‍ ഉച്ചവരെ ക്ലിനിക്കില്‍ ഞങ്ങള്‍ക്കു തിരക്കിട്ട ജോലിയായിരുന്നു. ഉച്ചകഴിഞ്ഞാല്‍ എല്ലാവരുംതന്നെ ഗ്രാമത്തിലേക്കു പോകും. ഗ്രാമീണരുടെ ഭാഷ പറയാനോ മനസ്സിലാക്കാനോ ബുദ്ധിമുട്ടുന്ന സമയം. ആളുകളുമായി നല്ലൊരു ബന്ധം സ്ഥാപിച്ചാലേ അവരുടെ ഭാഷയും സംസ്‌കാരവും വശമാക്കാനാവൂ. അതിനാല്‍, അവരില്‍ ഒരാളായി നിന്നുകൊണ്ടു പ്രവര്‍ത്തിക്കാന്‍ ഞങ്ങളില്‍ രണ്ടുപേര്‍ ഗ്രാമത്തില്‍ ഒരു ചെറിയ മുറിയെടുത്തു. മൂന്നുനാലുമാസത്തെ ജീവിതംകൊണ്ട് അവരുടെ ഹൃദയം നേടാന്‍ സാധിച്ചു. അങ്ങനെ അവര്‍ ഞങ്ങളുടെയും ഞങ്ങള്‍ അവരുടെയും സ്വന്തമായി. പിന്നെ കാര്യങ്ങള്‍ വളരെവേഗം മുമ്പോട്ടുപോകാന്‍ തുടങ്ങി. 
ബാലവിവാഹം നിലനിന്നിരുന്ന കാലഘട്ടമായിരുന്നതുകൊണ്ട് ചെറുപ്പത്തില്‍ത്തന്നെ വിവാഹിതരായവരായിരുന്നു പല അമ്മമാരും. ഒട്ടുമിക്ക അമ്മമാരും സ്‌കൂളില്‍ പോയിട്ടില്ലാത്തവര്‍. ഗ്രാമത്തില്‍ പ്രൈമറിസ്‌കൂള്‍ ഉണ്ടായിരുന്നതുകൊണ്ട് കുട്ടികള്‍ നാലാംക്ലാസ്സ് വരെ സ്‌കൂളില്‍ പോകും. പിന്നെ കൃഷിപ്പണിയില്‍ പ്രവേശിക്കും. ഈ അമ്മമാരിലും കുട്ടികളിലും ഒരു സമഗ്രവികാസം എങ്ങനെ സാധ്യമാക്കുമെന്ന അന്വേഷണത്തിന്റെ ഫലമായി ആദ്യം ഞങ്ങള്‍ അമ്മമാരുടെയും കുട്ടികളുടെയും ഗ്രൂപ്പുകളുണ്ടാക്കി. സാംസ്‌കാരികപരിപാടികളിലൂടെയും ബോധവത്കരണക്ലാസുകളിലൂടെയും വിദ്യാഭ്യാസത്തിന്റെയും മൂല്യാധിഷ്ഠിതജീവിതത്തിന്റെയും പ്രാധാന്യം കുട്ടികള്‍ക്കു പകര്‍ന്നുനല്കി. 
   പല ഉദാഹരണങ്ങളിലൂടെയും കളികളിലൂടെയും സ്ത്രീശക്തീകരണത്തെപ്പറ്റി ബോധവത്കരണം നടത്തിയപ്പോള്‍ സ്ത്രീസമൂഹം ഒന്നിച്ചുവരാനും ചര്‍ച്ചകള്‍ നടത്താനുമൊക്കെ തുടങ്ങി. പക്ഷേ, അവരുടെ ഇടയിലെ ഒരു വലിയ പ്രശ്‌നം ജാതിവ്യത്യാസമായിരുന്നു. തീണ്ടലും തൊടീലും സജീവം. ഉയര്‍ന്നവരും താഴ്ന്നവരും ജീവിക്കുന്ന സ്ഥലങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചിരുന്നു.  സ്ത്രീകളുടെ സ്വയംസഹായസംഘംവഴി വലിയ മാറ്റം അവരിലുണ്ടാക്കാന്‍ സാധിച്ചു. സ്ത്രീകള്‍ ഒന്നിച്ചു പണം സ്വരൂപിച്ചു ബാങ്കില്‍ നിക്ഷേപമാരംഭിച്ചു. വരുമാനവര്‍ധനവിനായി പണം കടമെടുത്ത് സമൂഹമായി കൃഷിയും സോപ്പുനിര്‍മാണവും തുടങ്ങി. വിനോദയാത്ര, വനിതാദിനാഘോഷം എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ ജാതിമതഭേദമെന്യേ ചെയ്യാന്‍തുടങ്ങിയപ്പോള്‍ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങിത്തുടങ്ങി. കുട്ടികളെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ മിഡില്‍ സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലേക്കയയ്ക്കാന്‍ തുടങ്ങി. എല്ലാ കുട്ടികളും സൈക്കിളില്‍ മറ്റു ഗ്രാമങ്ങളിലേക്കു പഠനത്തിനായി പോകുന്ന കാഴ്ച മനോഹരമായിരുന്നു. ഞങ്ങളും സൈക്കിള്‍തന്നെയാണ് യാത്രയ്ക്കുപയോഗിച്ചിരുന്നത്. 
    ഒരു ഗ്രാമത്തില്‍ പ്രവര്‍ത്തനം പുരോഗമിച്ചപ്പോള്‍ അയല്‍ഗ്രാമക്കാരും ഞങ്ങളെ അവിടേക്കു വിളിക്കാന്‍ തുടങ്ങി. അവിടെയും ഇതേ മാതൃകതന്നെ സ്വീകരിച്ചു. പല ഗ്രാമങ്ങളിലും സ്വയംസഹായകസംഘങ്ങള്‍ രൂപപ്പെട്ടു. അപ്പോഴേക്കും രൂപതയില്‍നിന്നു സാമൂഹികക്ഷേമവകുപ്പിന്റെ സഹായത്തോടെ സ്ത്രീകള്‍ക്കു പരിശീലനപരിപാടികള്‍, കുട്ടികള്‍ക്ക് അംഗനവാടികള്‍ എന്നിവ ആരംഭിച്ചു. അതോടെ പ്രവര്‍ത്തനം വളരെവേഗം ഭംഗിയായി മുമ്പോട്ടു പോകാന്‍തുടങ്ങി. സ്ത്രീകളുടെ ക്ലസ്റ്റര്‍, ഫെഡറേഷന്‍ വരെയും അവിടെനിന്നു ബാങ്കിങ് സിസ്റ്റത്തിലേക്കും വളര്‍ന്നു. ഇത് അവരുടെ ജീവിതത്തിലെ ഒരു വലിയ നേട്ടംതന്നെ ആയിരുന്നു. പിന്നീട് ബീഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പ്രത്യേകിച്ച്, മധ്യപ്രദേശിലെ ഖാണ്ഡ്വാ, റോഷിണി ഗ്രാമങ്ങളിലെ ആദിവാസികളുടെ ഇടയിലും ദളിതരുടെ സമൂഹത്തിലും ഇതേ പ്രവര്‍ത്തനം ചെയ്യാന്‍ സാധിച്ചത് ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നു. തുടര്‍ന്ന് ഇടവക, രൂപതാതലങ്ങളിലും സേവനങ്ങള്‍ വ്യാപിപ്പിച്ചു.
ആദ്യകാലത്ത് ക്രിസ്ത്യാനികളാരും ഇല്ലാത്തയിടങ്ങളില്‍ ആരും ഞങ്ങളെ അംഗീകരിക്കില്ല, മനസ്സിലാക്കില്ല എന്നൊക്കെ ചിന്തിച്ചിരുന്നെങ്കിലും പിന്നീട് അതെല്ലാം അപ്രത്യക്ഷമാവുകയായിരുന്നു. ക്രിസ്മസ് അവര്‍ക്കു വലിയ ആഘോഷമായി മാറി. 'വലിയ ദിവസം' എന്നാണ് അവര്‍ ക്രിസ്മസിനു പേരിട്ടത്. ക്രിസ്തുവിനെയും ക്രിസ്ത്യാനിയെയും അവര്‍ മനസ്സിലാക്കിയത് ഞങ്ങളുമായുള്ള അവരുടെ ഇടപെടലിലൂടെയും പ്രവര്‍ത്തനത്തിലൂടെയും പെരുമാറ്റത്തിലൂടെയും ആയിരുന്നു. മതപരിവര്‍ത്തനം ഞങ്ങളുടെ ഒരു ലക്ഷ്യമേ ആയിരുന്നില്ല. പക്ഷേ, ഒരു നല്ല പങ്ക് ആളുകള്‍ മാമ്മോദീസാ സ്വീകരിക്കാത്ത ക്രിസ്ത്യാനികളായി മാറിയെന്നതാണു വാസ്തവം. പിന്നിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ ശതാബ്ദിയുടെ വിജയക്കൊടുമുടിയില്‍ എത്തിയല്ലോ എന്ന സംതൃപ്തി സധൈര്യം മുന്നോട്ടുപോകാന്‍ ഞങ്ങളെ ശക്തരാക്കുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)