•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സ്‌നേഹത്തിന് അതിര്‍വരമ്പുകളില്ല

  1910 ഓഗസ്റ്റ് 26 ന് അന്നത്തെ യുഗോസ്ലാവിയാ (ഇന്ന് ഉത്തരമാസി ഡോണിയ) സ്‌കോപിജെ എന്ന പട്ടണത്തില്‍ അല്‍ബേനിയന്‍ വംശജരായ മാതാപിതാക്കളില്‍നിന്ന് മദര്‍ തെരേസ ഭൂജാതയായി. പിറ്റേന്ന് ഓഗസ്റ്റ് 27 ന് ആഗ്നസ് എന്ന പേരു നല്കിക്കൊണ്ട്  കുഞ്ഞിനെ മാമ്മോദീസാ മുക്കി. പല പുസ്തകങ്ങളിലും മാമ്മോദീസാത്തീയതിയാണ് ജനനത്തീയതിയായി നല്കുന്നത്. ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന നവീന്‍ ചൗള മദര്‍ തെരേസയെപ്പറ്റി രചിച്ച ഗ്രന്ഥത്തിലാണ് ഈ വിശദാംശം നല്കിയിരിക്കുന്നത്. (മദര്‍ തെരേസ - നവീന്‍ ചൗള ഡി.സി. ബുക്‌സ് പേജ് 21). 1975 ല്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ സെക്രട്ടറിയായിരുന്ന കാലംമുതല്‍ നവീന്‍ ചൗളയ്ക്ക് മദര്‍ തെരേസയെ അറിയാം. മദറിന്റെ ദൗത്യം എന്തെന്നു വിശദമാക്കുന്ന ഒരു ഗ്രന്ഥമാണ് അദ്ദേഹം രചിച്ചത്. ഈ കൃതിയെ അവലംബിച്ച് മദറിനെപ്പറ്റി ചുരുക്കമായി പ്രതിപാദിക്കട്ടെ. 
ബാല്യകാലം, ദൈവവിളി
  ആഗ്നസിന് മൂത്ത ഒരു സഹോദരിയും സഹോദരനുമുണ്ടായിരുന്നു. അവള്‍ക്ക് എട്ടുവയസ്സുള്ളപ്പോള്‍ പിതാവ് അന്തരിച്ചു. അമ്മ വസ്ത്രാലങ്കാരപ്പണികള്‍ നടത്തുന്ന ഒരു തൊഴില്‍ശാലയ്ക്കു നേതൃത്വം നല്കിക്കൊണ്ട് കുടുംബം പോറ്റാനുള്ള വക സമ്പാദിച്ചിരുന്നു. സ്‌നേഹം നിറഞ്ഞ ഒരന്തരീക്ഷത്തില്‍, അല്ലലില്ലാതെ ആഗ്നസ് വളര്‍ന്നുവന്നു.
   സ്‌കൂളിലും ഇടവകയിലും ആഗ്നസ് സജീവസാന്നിധ്യമായിരുന്നു. മാതാവിന്റെ സൊഡാലിറ്റിയില്‍ അംഗമായിരുന്ന ആഗ്നസിന്, ബംഗാളില്‍ 1925 മുതല്‍ മിഷന്‍വേലയില്‍ വ്യാപൃതനായിരുന്ന ഒരു യുഗോസ്ലാവിയന്‍ ഈശോസഭാവൈദികന്റെ കത്തുകള്‍ വായിച്ചുകേള്‍ക്കാന്‍ അവസരമുണ്ടായി. പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ഇന്ത്യയില്‍ ഒരു മിഷനറിയാകാനുള്ള ആഗ്രഹം ആഗ്നസില്‍ ജനിച്ചു. 18-ാം വയസ്സില്‍ അതൊരു ഉറച്ച തീരുമാനമായി. അമ്മയുടെ അനുവാദത്തോടെ ബംഗാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐറിഷ് മഠത്തില്‍ ചേരാനുള്ള അപേക്ഷ അയച്ചു. 1928 ല്‍ വീടിനോടും നാടിനോടും യാത്രപറഞ്ഞ് ഇന്ത്യയ്ക്കു പുറപ്പെട്ടു.
ലൊരേത്തോ സന്ന്യാസിനി
   1931 മേയ് 24 ന് വ്രതവാഗ്ദാനം ചെയ്ത ആഗ്നസ് അന്നുമുതല്‍ സിസ്റ്റര്‍ തെരേസയായി. ലിസ്യുവിലെ വിശുദ്ധ തെരേസിനെയാണ് മധ്യസ്ഥയായി സ്വീകരിച്ചത്. Therese  എന്ന പേര് മറ്റൊരു സിസ്റ്റര്‍ നേരത്തേ സ്വീകരിച്ചിരുന്നതിനാല്‍ Teresa എന്ന സ്പാനിഷ് സ്‌പെലിംഗാണ് ആഗ്നസ് സ്വീകരിച്ചത്. അതുകൊണ്ട് ആവിലായിലെ അമ്മത്രേസ്യായല്ല തന്റെ സ്വര്‍ഗീയമധ്യസ്ഥ എന്ന് മദര്‍ തേരേസയ്ക്കു പലപ്പോഴും വ്യക്തമാക്കേണ്ടിവന്നിട്ടുണ്ട്. 1948 വരെ കല്‍ക്കട്ടായിലുള്ള ലൊരേത്തോ സ്‌കൂളില്‍ സിസ്റ്റര്‍ തെരേസാ അധ്യാപികയും പ്രധാനാധ്യാപികയുമൊക്കെ ആയിരുന്നിട്ടുണ്ട്. മഠത്തിലെ ജീവിതം സി. തെരേസയ്ക്കു വളരെ സംതൃപ്തി നല്കിയിരുന്നു. ബംഗാളിഭാഷ നന്നായി അറിയാമായിരുന്നതുകൊണ്ട് ബംഗാളിതെരേസ എന്ന വിളിപ്പേരും ഉണ്ടായി. 
പാവങ്ങളില്‍ പാവങ്ങള്‍ക്കായി
   രണ്ടാം ലോകമഹായുദ്ധകാലത്ത് (1939-42) ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യാരാജ്യത്തെ ജപ്പാന്‍ സൈന്യം പ്രതിരോധത്തിലാക്കി. ബംഗാളിനു സമീപരാജ്യമായിരുന്ന ബര്‍മ (മ്യാന്‍മര്‍)ജപ്പാന്‍കാര്‍ കീഴടക്കി. ബര്‍മയില്‍നിന്നുള്ള അരിവരവ് നിലച്ചു. ബംഗാളില്‍ വലിയ ക്ഷാമമുണ്ടായി. നാലുലക്ഷം പേരെങ്കിലും പട്ടിണികിടന്നു മരിച്ചു കാണുമെന്ന് നവീന്‍ ചൗള എഴുതുന്നുണ്ട് (പേജ് 46). ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായിത്തീര്‍ന്ന പൂര്‍വബംഗാളില്‍നിന്ന് ഇന്ത്യയുടെ ഭാഗമായ പശ്ചിമബംഗാളിലേക്ക് അഭയാര്‍ഥിപ്രവാഹമായിരുന്നു. പത്തുലക്ഷം അഭയാര്‍ഥികളെങ്കിലും പശ്ചിമബംഗാളിലെത്തി. ഇതിനുപുറമേ വര്‍ഗീയലഹളയും കൂട്ടക്കൊലയും അരങ്ങേറി. കല്‍ക്കട്ടായിലെ സ്ഥിതിഗതികള്‍ സ്‌കൂളിലെ കുട്ടികളില്‍നിന്നും മറ്റും സിസ്റ്റര്‍ തെരേസാ മനസ്സിലാക്കി.
ഈ ദരിദ്രരുടെ ഇടയിലാണ് താന്‍ പ്രവര്‍ത്തിക്കേണ്ടതെന്ന ഉള്‍വിളി ദൈവത്തിന്റെ ആജ്ഞയായിട്ടാണ് സി. തെരേസ കണ്ടത്. 'വിളിക്കുള്ളിലെ വിളി' എന്നാണ് സിസ്റ്റര്‍ തെരേസ അതിനെ വിശേഷിപ്പിച്ചത്. 
   കല്‍ക്കട്ട രൂപതയുടെ മെത്രാനില്‍നിന്നും വത്തിക്കാനില്‍നിന്നും ലൊരേത്തോ മഠാധികാരികളില്‍നിന്നും അനുവാദം കിട്ടാന്‍ രണ്ടു വര്‍ഷമെടുത്തു. പിന്നീട് പാറ്റ്‌നയില്‍ മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സിന്റെ പക്കല്‍നിന്ന് അത്യാവശ്യമായ രോഗീപരിചണപരിശീലനം നേടി.
പാറ്റ്‌നയില്‍നിന്ന് കല്‍ക്കട്ടയില്‍ തിരിച്ചെത്തിയ സിസ്റ്റര്‍ തെരേസാ തന്റെ കര്‍മഭൂമിയിലേക്കിറങ്ങി. നീലക്കരയുള്ള വെള്ളസാരിയാണ് സി. തെരേസ സ്വീകരിച്ച യൂണിഫോം. അതിനു സാമ്യം കല്‍ക്കട്ടയിലെ വീഥികള്‍ വൃത്തിയാക്കുന്ന തൂപ്പുകാരുടെ യൂണിഫോമിനോടായിരുന്നു.
  ദരിദ്രരില്‍ ദരിദ്രയായി, ദൈവവിശ്വാസംമാത്രം കൈമുതലായിക്കരുതിസിസ്റ്റര്‍ തെരേസ ചേരികളിലെ പ്രവര്‍ത്തനം ആരംഭിച്ചു. ചേരിവാസികളാണ് അവരെ മദര്‍ എന്നു വിളിച്ചുതുടങ്ങിയത്. താമസിയാതെതന്നെ സഹായികളും സഹപ്രവര്‍ത്തകരും സ്വമേധയാ വന്നെത്തി. അതില്‍ ലൊരേത്തോമഠത്തില്‍നിന്നുള്ള സിസ്റ്റേഴ്‌സും സ്‌കൂളില്‍ മദര്‍ പഠിപ്പിച്ച കുട്ടികളും എല്ലാം ഉണ്ടായിരുന്നു. പിന്നെ എല്ലാം അദ്ഭുതകരമായ വേഗത്തിലായിരുന്നു. ആസന്നമരണരെ കിടത്തി പരിചരിക്കാന്‍ കാളീക്ഷേത്രത്തിന്റെ ഒഴിഞ്ഞുകിടന്ന ഒരു ശാല മുനിസിപ്പാലിറ്റി അമ്മയ്ക്കു നല്കി. മരിക്കുന്നതിനുമുമ്പ് അവരെ സ്‌നേഹിക്കുന്ന അമ്മയുടെ മുഖം കണ്ടിട്ടു മരിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. 
   മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്ന്യാസസഭയും ആരംഭിച്ചു. ബ്രദേഴ്‌സിന്റെ ഒരു ശാഖയും അതിനുണ്ടായി. ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം ഇപ്രകാരം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിദേശരാജ്യങ്ങളിലേക്കും മദറിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു. 
തങ്ങളുടെ പരിചരണം ഏറ്റുവാങ്ങുന്ന ഓരോ വ്യക്തിയിലും ഈശോയെ കാണാന്‍ മദറിനും സഹപ്രവര്‍ത്തകര്‍ക്കും സാധിച്ചു. നവീന്‍ ചൗളയുടെ വാക്കുകള്‍ ഉദ്ധരിക്കട്ടെ: ''കല്‍ക്കത്തയിലെ തെരുവില്‍നിന്നെടുത്തുകൊണ്ടുവന്ന, മുഖത്തിന്റെ പകുതിയും എലികളും ഉറുമ്പും തിന്നുതീര്‍ത്ത അനാഥസ്ത്രീയില്‍ പരിത്യക്തനായ ക്രിസ്തുവിന്റെ രൂപമാണ് അവര്‍ ദര്‍ശിച്ചത്.'' ''കുഷ്ഠരോഗിയുടെ ദുര്‍ഗന്ധം വമിക്കുന്ന വ്രണം തേച്ചുകഴുകുന്ന മദറിനെ നോക്കി എത്ര പണം തരാമെന്നു പറഞ്ഞാലും തങ്ങളതിനു തയ്യാറാവില്ല എന്നു പറയുന്നവരോട് 'ഞങ്ങളും തയ്യാറാവുകയില്ല' എന്നാണ് മദറിന്റെ മറുപടി. പക്ഷേ, ദൈവത്തോടുള്ള സ്‌നേഹത്താല്‍ പ്രേരിതരായി ഞങ്ങളിതു ചെയ്യുന്നു'' (മദര്‍ തെരേസ നവീന്‍ ചൗള, പേജ് 19&20).
   1990 ല്‍ നൂറിലധികം രാജ്യങ്ങളിലായി 456 കേന്ദ്രങ്ങളിലാണു മിഷനറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തിച്ചിരുന്നത്. അതുപിന്നെയും വര്‍ധിച്ചുകൊണ്ടേയിരുന്നു. 4500 ലധികം സിസ്റ്റേഴ്‌സാണ് അമ്മയുടെ അതേ ചൈതന്യത്തോടെ ലോകമെമ്പാടും സേവനം ചെയ്തത്.
ഭാഷ അറിയാത്തത് ഒരു പ്രശ്‌നമല്ലേ എന്ന ചോദ്യത്തിന്, ഒരാസന്നമരണനെ നോക്കി പുഞ്ചിരിക്കാന്‍ ഒരു ഭാഷയും വേണ്ടല്ലോ എന്നാണ് മദര്‍ പറഞ്ഞിരുന്നത്.
പുരസ്‌കാരങ്ങള്‍
   1962 മുതല്‍ മദര്‍ തെരേസയ്ക്ക് അവാര്‍ഡുകള്‍ ലഭിച്ചുതുടങ്ങി. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ശുപാര്‍ശപ്രകാരം ഇന്ത്യന്‍ പ്രസിഡന്റ് പത്മഭൂഷണ്‍ നല്കി ആദരിച്ചു. 1950 ല്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച മദറിന് ഇന്ത്യന്‍ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് നല്‍കി. ഇന്ത്യന്‍ റെയില്‍വേയില്‍ സൗജന്യയാത്ര അനുവദിച്ചു. 1980 ല്‍ ഭാരതത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം സമ്മാനിച്ചു. ഇതിനും പുറമേ ജവര്‍ഹലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള അന്തര്‍ദേശീയ പുരസ്‌കാരവും മദറിനു നല്കി. 1997 ല്‍ മദര്‍ മരിച്ചപ്പോള്‍ ഐ.കെ. ഗുജ്‌റാള്‍ മന്ത്രിസഭയും പശ്ചിമബംഗാള്‍ ഗവണ്മെന്റും ചേര്‍ന്ന് സര്‍വവിധ ബഹുമതികളോടുംകൂടി മദറിന്റെ മൃതസംസ്‌കാരം നടത്തി.
   വി. പോള്‍ ആറാമന്‍ പാപ്പായും ജോണ്‍പോള്‍ രണ്ടാമനും മദര്‍ തെരേസായ്ക്ക് എല്ലാവിധ പ്രോത്സാഹനവും നല്കിയിരുന്നു. ലോകത്തില്‍ ലഭിക്കാവുന്ന എല്ലാ പുരസ്‌കാരങ്ങളും മദറിനെതേടിയെത്തി. അതെല്ലാം പാവങ്ങള്‍ക്കായി അവരുടെ പേരില്‍ ഏറ്റുവാങ്ങി.
1979 ല്‍ സമാധാനത്തിനുള്ള നൊബേല്‍സമ്മാനം മദറിനു നല്കിയപ്പോള്‍ അതുവഴി നൊബേല്‍ സമ്മാനത്തിന്റെ യശസ്സാണ് ഉയര്‍ന്നതെന്ന് നിരീക്ഷകര്‍ പ്രസ്താവിച്ചു. നൊബേല്‍സമ്മാനം ഏറ്റുവാങ്ങിക്കൊണ്ട് 1979 ഡിസംബര്‍ 10-ാം തീയതി ചെയ്ത പ്രസംഗത്തില്‍ മദര്‍ തെരേസ തന്റെ ക്രൈസ്തവിശ്വാസവും ബോധ്യങ്ങളും ഏറ്റുപറഞ്ഞു: ''ഇന്ന് സമാധാനത്തിന്റെ ഏറ്റവും വലിയ ധ്വംസകന്‍ ജനിക്കാന്‍ അനുവദിക്കപ്പെടാത്ത നിരപരാധികളായ കുഞ്ഞുങ്ങളുടെ നിലവിളിയാണ്. ഒരമ്മയ്ക്ക് അവളുടെ ഗര്‍ഭപാത്രത്തിലുള്ള സ്വന്തം കുഞ്ഞിനെ കൊല്ലാമെങ്കില്‍ മനുഷ്യര്‍ തമ്മില്‍ ത്തമ്മില്‍ കൊല്ലുന്നതിലെന്താണ് അതിശയം? ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയ രാജ്യങ്ങളാണ് ലോകത്തിലേക്കുംവച്ച് ഏറ്റവും ദരിദ്രരാജ്യങ്ങള്‍. അവര്‍ ജനിക്കാത്ത കുഞ്ഞിനെ പേടിക്കുന്നു.'' മദര്‍ തെരേസയെ 2003 ഒക്‌ടോബര്‍ 19 ന് ജോണ്‍പോള്‍ രണ്ടാമന്‍പാപ്പാ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2016 സെപ്റ്റംബര്‍ 4 ന് ഫ്രാന്‍സിസ് മാര്‍പാപ്പാ വിശുദ്ധയായും പ്രഖ്യാപിച്ചു. 

(അവസാനിച്ചു)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)