•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഗുരുബോധത്തിന്റെ രണ്ടാംപിറവി

''മകരം മരങ്ങളിലോര്‍മകള്‍ പൊഴിച്ചാലും
പകരം സ്വപ്നത്തിന്‍ പച്ചകള്‍ പൊടിച്ചാലും
നിന്റെ ചൂരലിന്‍ നീലപ്പാടുകള്‍
തിണര്‍ത്തതാണെന്റെ കൈപ്പ ടയിന്നും
നിന്റെ കോപത്തിന്‍
ലോഹലായനിയെരിയുന്നു ണ്ടെന്‍
തൊണ്ടയിലിന്നും.''
    ബാല്യം ഇരുളിലായിപ്പോയ ഒരുവന്റെ മനോവ്യാപാരങ്ങളാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അമാവാസി എന്ന കവിതയുടെ ഉള്ളടക്കം. അച്ഛന്റെ ക്രൂരമായ ശിക്ഷകള്‍കൊണ്ടും വിലക്കുകള്‍കൊണ്ടും തീനരകമായി മാറിയ ബാല്യത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഒരിക്കലും അവനെ വിട്ടൊഴിയുന്നില്ല. അച്ഛന്റെ മരണാനന്തരകര്‍മങ്ങള്‍ ചെയ്യുന്ന നിമിഷങ്ങളില്‍പോലും നിസ്സംഗമെന്നോ നിര്‍വികാരമെന്നോ വിശേഷിപ്പിക്കാവുന്ന മാനസികാവസ്ഥയിലാണ് അയാള്‍.
  നന്നായി വരാനെ'ന്ന പേരില്‍ എത്രയോ കുഞ്ഞുങ്ങളെയാണ് മനുഷ്യത്വരഹിതവും നിരാര്‍ദ്രവുമായ അനുഭവങ്ങളിലേക്കു നാം വലിച്ചെറിയുന്നത്! അതുണ്ടാക്കുന്ന മുറിവുകള്‍ അവസാനശ്വാസംവരെ ഒരുവന്റെ ജീവിതവഴികളില്‍ അരക്ഷിതത്വത്തിന്റെയും വെറുപ്പിന്റെയും കനലുകള്‍ വിതറുന്നുണ്ട്. ഒരിടത്തും ഉറയ്ക്കാതെ അലഞ്ഞും കരഞ്ഞുമൊടുങ്ങിയ പല ജീവിതങ്ങളുടെയും പിന്നില്‍ നാം കാണാത്ത എത്രയോ 'ചട്ടവ്രണങ്ങള്‍' ഉണ്ടാവും.
   ഒരു സിനിമയെക്കുറിച്ചാണു പറഞ്ഞുവരുന്നത്. അധ്യാപനത്തെയും മാതൃത്വത്തെയും പിതൃത്വത്തെയും ശിശുകേന്ദ്രീകൃതവിദ്യാഭ്യാസത്തെയുംകുറിച്ച് ഇത്രയും സൂക്ഷ്മവും ധ്വനിസാന്ദ്രവുമായി നമ്മോടു സംസാരിച്ച മറ്റൊരു സിനിമയുണ്ടാവില്ല. 'വിദ്യ പകര്‍ന്നുകൊടുക്കുന്ന അധ്യാപകന്റെയുള്ളില്‍ ഒരു മനുഷ്യനുണ്ടാവണം എന്ന സംഭാഷണത്തിന്റെ ഒരറ്റത്തു വീടിനെയും മറ്റേയറ്റത്തു വിദ്യാലയത്തെയും ബന്ധിപ്പിച്ചുനിര്‍ത്തി ഭദ്രന്‍ നിര്‍വഹിച്ച സുന്ദരമായ ചലച്ചിത്രാഖ്യാനമായിരുന്നു 'സ്ഫടികം.' കഴിഞ്ഞ 29 വര്‍ഷമായി നമ്മുടെ വിദ്യാഭ്യാസ-സാംസ്‌കാരികപരിസരങ്ങളില്‍ ഈ സിനിമയുണ്ട്. പറയാതെ വയ്യ, ഇതുപോലെ തെറ്റായി വായിക്കപ്പെടുകയും വന്യമായി ആഘോഷിക്കപ്പെടുകയും ചെയ്ത മറ്റൊരു സൃഷ്ടി മലയാളസിനിമയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
   അമ്മ എപ്രകാരമാണോ കുഞ്ഞിനെ ഉദരത്തില്‍ സംവഹിച്ചും സംരക്ഷിച്ചും ലോകത്തിനു സമ്മാനിക്കുന്നത്, അതുപോലെതന്നെയാണ് ഒരു ആചാര്യന്‍ വിദ്യാരംഭത്തിനായി തന്റെ മുന്നിലെത്തുന്ന കുഞ്ഞിനെ രൂപാന്തരപ്പെടുത്തി ലോകത്തിനു കൈമാറേണ്ടത് എന്നാണ് ഉപനയനത്തെ സംബന്ധിച്ച ഭാരതീയദര്‍ശനം. അതുകൊണ്ടാണ് ഉപനയനകാലം പൂര്‍ത്തിയാക്കി പുറത്തുവരുന്ന കുഞ്ഞിനെ 'വീണ്ടും ജനിച്ചവന്‍' എന്ന അര്‍ഥത്തില്‍ 'ദ്വിജന്‍' എന്നു വിശേഷിപ്പിച്ചിരുന്നത്. 'സ്ഫടികം' ഒരു രണ്ടാം പിറവിയുടെ കഥയായിരുന്നു. പിതൃത്വം എന്നാല്‍ അധികാരംമാത്രമാണെന്നു ധരിച്ചുപോയ അപ്പന്‍, വിഷയത്താല്‍ വിഴുങ്ങപ്പെട്ടുപോയ അധ്യാപകന്‍, അനീതി നിറഞ്ഞ ബാല്യത്തിന്റെ ഉണങ്ങാത്ത മുറിവുകളും അണയാത്ത കനലുകളും പില്ക്കാലജീവിതത്തിന്റെ മൂലധനമായി ചുമക്കേണ്ടിവന്ന ചെറുപ്പക്കാരന്‍, ഇവരുടെ അറിവിന്റെയും തിരിച്ചറിവിന്റെയും പ്രായശ്ചിത്തത്തിന്റെയും നിഴലും വെളിച്ചവുമാണ് ഈ സിനിമ പ്രതിഫലിപ്പിച്ചത്.
    'സ്ഫടികം' ആരംഭിക്കുന്നതും അവസാനിക്കുന്നതും ഓട്ടത്തിലാണ്. കൊല ചെയ്യപ്പെടുന്ന കുഞ്ഞാടും കൊലക്കത്തിയും ചോരയുടെ മണമറിഞ്ഞു ക്ഷമയോടെ കാത്തിരിക്കുന്ന കഴുകനും ഉള്‍പ്പെട്ട ബിംബപശ്ചാത്തലത്തിലാണ് തോമയുടെ ഓട്ടം ആരംഭിക്കുന്നത്. എപ്പോഴോ തുടങ്ങിവച്ച യുദ്ധത്തിന്റെ തുടര്‍ച്ചയാണ് ആ ഓട്ടം. പ്രതികാരത്തിന്റെ കണക്കുനോട്ടവും കടംവീട്ടലുമാണ് ആ ഓട്ടത്തിന്റെ ഇന്ധനം. സഹിഷ്ണുതയുടെയോ സന്മാര്‍ഗത്തിന്റെയോ വിത്തുവീണാല്‍ മുളയ്ക്കാത്ത കരിമ്പാറയായി അയാളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയ മനുഷ്യര്‍ക്കും ഇടങ്ങള്‍ക്കും വ്യവസ്ഥിതികള്‍ക്കുമാണ് തോമയുടെ പാച്ചിലില്‍ ദാക്ഷിണ്യമില്ലാതെ മുറിവ് ഏറ്റുവാങ്ങേണ്ടിവരുന്നത്.
    അധ്യാപനത്തെയും രക്ഷാകര്‍ത്തൃത്വത്തെയും സംബന്ധിച്ച് നാം കേട്ടിട്ടുള്ള മഹത്തായ എല്ലാ ദര്‍ശനങ്ങളുടെയും ചുടലപ്പറമ്പായിരുന്നു ചാക്കോമാഷിന്റെ വീടും ക്ലാസുമുറിയും. ചാക്കോമാഷിന്റെ കരലാളനകളേറ്റു ചിരിച്ചും ഉല്ലസിച്ചും സ്വാതന്ത്ര്യബോധത്തോടെ കൈകാലുകളിളക്കി മുന്നോട്ടുകുതിക്കാന്‍ വെമ്പിയും നില്ക്കുന്ന ഒരു കുഞ്ഞിന്റെ ചിത്രം 'സ്ഫടിക'ത്തില്‍ ഒരുനിമിഷം മിന്നിമറയുന്നുണ്ട്. അവന്‍ തന്റെ സ്വപ്നങ്ങളുടെ തുടര്‍ച്ചയായി മാറുന്ന ഒരു കാലത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെയാവും ചാക്കോമാഷ് ഏറ്റവുമധികം താലോലിച്ചിട്ടുണ്ടാവുക. മകനിലൂടെ തന്റെ യശസ്സ് ഉയരണമെന്നും വളരണമെന്നുമുള്ള ശാഠ്യമാണ് ചാക്കോമാഷിന്റെ ദുരാത്മകജീവിതത്തിന്റെ ആധാരം. മകന്റെ ഭ്രമണപഥം തന്റെ സ്വപ്നങ്ങളുടെ കേന്ദ്രബിന്ദുവില്‍നിന്ന് ഒരുപാടു ദൂരെയാണ് എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലത അയാള്‍ക്ക് അന്യമാണ്. വെള്ളികെട്ടിയ ചൂരലും ലാടംപതിപ്പിച്ച ഷൂസും ഉന്നംതെറ്റാത്ത ചോക്കേറും ഉപ്പുകല്ലിനുമുകളിലെ മുട്ടുകുത്തിക്കലും ഒന്നുമല്ലാതാക്കി തകര്‍ത്തുകളയുന്ന ക്രൂരമായ താരതമ്യങ്ങളും 'ബോധനോപാധികളാക്കി' അയാള്‍ നടത്തുന്ന അധ്യാപനപ്രക്രിയയില്‍നിന്നാണ് ആടുതോമായുടെ പിറവി. തോമ നടത്തിയ ഹിംസാത്മകയാത്രകളുടെയെല്ലാം തലതൊട്ടപ്പന്‍ ചാക്കോമാഷാണ്. ഭൂഗോളത്തിന്റെ സ്പന്ദനമറിഞ്ഞവന്‍ സ്വന്തം കുഞ്ഞിന്റെ ഹൃദയത്തോടു കാതുചേര്‍ക്കാന്‍ മറന്നുപോയി. ചാക്കോമാഷ് കണക്കുപഠിപ്പിച്ചാല്‍ കഴുതയും കണക്കു പഠിക്കും എന്ന പ്രശംസ തനിക്കു ലഭിച്ച ദേശീയപുരസ്‌കാരത്തോടൊപ്പം അയാള്‍ ചേര്‍ത്തുപിടിക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് നിങ്ങളുടെ സ്‌നേഹം കൊടുക്കാം, ചിന്തകള്‍ അടിച്ചേല്പിക്കരുത് എന്നു പറഞ്ഞ ഖലീല്‍ ജിബ്രാനും ദൈവം സൂക്ഷിക്കാനേല്പിച്ച നിധികളാണ് കുഞ്ഞുങ്ങള്‍ എന്നു പറഞ്ഞ ചാവറയച്ചനും ചാക്കോമാഷിന് അപ്രാപ്യമായ ധ്രുവങ്ങളായിരുന്നു. അപ്പുറത്തെ 'വെറും' പൊലീസുകാരന്റെ മകന്‍ കണക്കിന് നൂറില്‍ നൂറു മേടിച്ചു വളരുമ്പോള്‍ 'കൊല്ലന്‍ തോമ'യായി മാറുന്ന തന്റെ മകനെയോര്‍ത്ത് എത്രയോ രാത്രികളില്‍ അയാള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടാവും. ഉത്തരപ്പേപ്പറിലെ മാര്‍ക്കിന്റെ തൂക്കംമാത്രമായിരിക്കണം വിദ്യാര്‍ഥിയുടെ പ്രതിഭയുടെ മാനദണ്ഡം എന്ന അപകടകരമായ ഗുരുബോധത്തിന്റെ 'ഓട്ടക്കാലണ'വട്ടത്തില്‍ നിന്നു പുറത്തുകടക്കാനാവാത്തതായിരുന്നു ചാക്കോമാഷിന്റെ ദുരന്തം.
    മകന്റെ ശരീരത്തിലും മനസ്സിലും താന്‍ ഏല്പിച്ച പ്രഹരങ്ങള്‍ അവനില്‍ ഒരു തീയായി ആളിത്തുടങ്ങിയെന്നറിയാന്‍ ചാക്കോമാഷിനു വേണ്ടിവന്നത് ഒരു പുരുഷായുസ്സാണ്. 'ഊതരുതേ, ഊതിയാല്‍ തീപ്പൊരി പറക്കും' എന്ന് ആടുതോമ നല്കുന്ന താക്കീതിന് എത്രയോ ആഴത്തിലുള്ള ധ്വനിതലമാണുള്ളത്! 'ഊതിക്കാച്ചിയ പൊന്നിനെ കരിക്കട്ടയാക്കി കളഞ്ഞില്ലേ' എന്ന നെഞ്ചുപൊട്ടിയുള്ള അമ്മയുടെ ചോദ്യവും 'ഉലയൂതിയവന്റെ മനസ്സ് ഉരുകിയ പൊന്നറിഞ്ഞില്ലല്ലോ' എന്ന ആത്മവ്യഥയോടെയുള്ള അപ്പന്റെ മറുപടിയും ഇതോടൊപ്പം ചേര്‍ത്തുവയ്ക്കണം. അധ്യാപനവും രക്ഷാകര്‍ത്തൃത്വവും എത്ര കരുതലോടെയും ദീര്‍ഘദര്‍ശനത്തോടെയും നിര്‍വഹിക്കപ്പെടേണ്ട ദൗത്യങ്ങളാണെന്ന് 'സ്ഫടികം' ഓര്‍മിപ്പിക്കുന്നു. അറിവാകുന്ന അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുക്കപ്പെട്ട് ശോഭിക്കേണ്ടവന്‍ തീതന്നെയായി മാറുന്നതിന്റെയും ഉലയൂതിയവന്റെ ജീവിതത്തിലേക്ക് അത് ആളിപ്പടര്‍ന്നതിന്റെയും ദുരന്തകഥകൂടിയാണ് 'സ്ഫടികം.'
   'കല്ലുകള്‍ കല്ലുകളായിത്തന്നെ മണ്ണിലുറങ്ങുന്നു; കരളില്‍ കൊട്ടാരമുള്ളവര്‍ അവയെ കണ്ടെത്തി കൈയിലെടുക്കുംവരെ' എന്നൊരു ചൊല്ലുണ്ട്. അതേറ്റവും ഇണങ്ങുന്നത് അധ്യാപകര്‍ക്കാണ്. വെളുപ്പ് എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്നതുപോലെ മുന്നിലെത്തുന്ന വിദ്യാര്‍ഥികളുടെ വ്യത്യസ്ത അഭിരുചികളെ തിരിച്ചറിയാനും പ്രതിഫലിപ്പിക്കാനും അധ്യാപകനു സാധിക്കണം. വെളുപ്പിന്റെ ധര്‍മമറിയാതെ അതണിഞ്ഞ  ഗുരുവായിരുന്നു ചാക്കോമാഷ്. താന്‍ തകര്‍ത്തുകളഞ്ഞ മകന്റെ സ്വപ്നങ്ങളുടെ അവശേഷിപ്പുകളുറങ്ങുന്ന മച്ചിന്‍പുറത്തു കയറുമ്പോള്‍മാത്രമാണ് അവനോടു താന്‍ ചെയ്ത അനീതിയുടെ ആഴം അയാള്‍ക്കു ബോധ്യമാകുന്നത്. കാലം ഒരുക്കിവച്ച പാഠശാലയിലേക്കു കയറാന്‍ അയാള്‍ ഒരുപാടു വൈകിപ്പോയി. അതുകൊണ്ടാണ് രാഷ്ട്രപതിയില്‍നിന്ന് അധ്യാപകപുരസ്‌കാരം സ്വീകരിക്കുന്ന ചാക്കോമാഷിന്റെ ചില്ലിട്ട ചിത്രം എറിഞ്ഞുടയ്ക്കപ്പെടാന്‍ സംവിധായകന്‍ അനുവദിക്കുന്നത്. അയാളുടെ വീട്ടുമുറ്റത്തു പതിക്കുന്ന നീട്ടിത്തുപ്പുകള്‍ ഓരോന്നും ദിശ തെറ്റിപ്പോയ അധ്യാപനത്തിന്റെ നേര്‍ക്കുള്ള പ്രതിഷേധക്കുറിപ്പുകളായിരുന്നു. പ്രായശ്ചിത്തത്തിന്റെ കണ്ണീരുവീണ പുത്തന്‍ വെളുത്തകുപ്പായം അപ്പനെ അവസാനമായി അണിയിക്കാന്‍ പാഞ്ഞെത്തുന്നിടന്നാണ് തോമായുടെ ഓട്ടം അവസാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അനുഭവങ്ങളുടെ അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുക്കപ്പെട്ട ഗുരുബോധത്തിന്റെ രണ്ടാം പിറവിയായിരുന്നു 'സ്ഫടിക'ത്തിലൂടെ പ്രകാശിപ്പിക്കപ്പെട്ടത്.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)