•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വിധിയെ തോല്പിച്ച് രാജ്യത്തിന്റെ അഭിമാനമായി

പാരീസില്‍ നടന്ന ഗ്രീഷ്മകാല ഒളിമ്പിക്‌സില്‍ ഇന്ത്യ നേടിയത് ഒരു വെള്ളിയും അഞ്ചു വെങ്കലവും. ഇതേ നഗരത്തില്‍ നടന്ന പാരാലിംപിക്‌സില്‍ ഇന്ത്യ കരസ്ഥമാക്കിയത് ഏഴു സ്വര്‍ണം; ഒന്‍പത് വെള്ളി, 13 വെങ്കലം, ആകെ 29 മെഡല്‍.  മെഡല്‍പട്ടികയില്‍ ഇന്ത്യ പതിനെട്ടാമത്. ഗ്രീഷ്മകാല ഒളിമ്പിക്‌സില്‍ ഇന്ത്യ മെഡല്‍ പട്ടികയില്‍ എഴുപത്തിയൊന്നാമതായിരുന്നു. മത്സരിച്ചത് 117 അത്‌ലറ്റുകളും. പാരാലിംപിക്‌സില്‍ 84 താരങ്ങള്‍ മത്സരിച്ചു. ഒളിമ്പിക്‌സും പാരാലിംപിക്‌സും തമ്മില്‍ താരതമ്യപ്പെടുത്തുന്നതു ശരിയല്ല എന്നു വാദിക്കാം. പക്ഷേ, പാരാലിംപിക്‌സില്‍ പാരീസില്‍ ഇന്ത്യ കൈവരിച്ചതു ചരിത്രനേട്ടമാണ്. 
  ഇതിനുമുമ്പ് പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആകെ ലഭിച്ചത് 31 മെഡല്‍ (ഒന്‍പത് സ്വര്‍ണം, 12 വെള്ളി, 10 വെങ്കലം) ആണ്. അതില്‍ത്തന്നെ, അഞ്ചു സ്വര്‍ണം ഉള്‍പ്പെടെ 19 മെഡല്‍ ടോക്കിയോയിലാണു കൈവന്നത്. കഴിഞ്ഞ രണ്ടു പതിപ്പുകളിലായി ഈ രംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണു നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ അകമഴിഞ്ഞു സഹായിച്ചു. വൈകല്യമുള്ള എത്രയോ ലക്ഷങ്ങള്‍ക്കു പുത്തന്‍പ്രതീക്ഷ നല്‍കുന്നതായി പാരീസിലെ ഇന്ത്യയുടെ പ്രകടനം.
ജയ്പുരില്‍നിന്നുള്ള ഇരുപത്തിമൂന്നുകാരി അവനി ലെഖാറയ്ക്ക് 11-ാം വയസ്സില്‍ ഒരു അപകടം സംഭവിച്ചു. 2012 ല്‍ ഉണ്ടായ ആ റോഡപകടത്തിനുശേഷം അവനിയുടെ ജീവിതം വീല്‍ചെയറിലായി. തിരിച്ചുവരവിന്റെ പാതയില്‍ അവനി അമ്പെയ്ത്തുപരിശീലിച്ചു. വീല്‍ചെയറില്‍ ഇരുന്ന് അസ്ത്രങ്ങള്‍ പായിച്ച പെണ്‍കുട്ടി 2015 ല്‍ അഭിനവ് ബിന്ദ്രയുടെ പ്രോത്സാഹനത്തില്‍ ഷൂട്ടിങ്ങിലേക്കു മാറി. ഒപ്പം അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള നിയമപഠനത്തിന് രാജസ്ഥാന്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. മൂന്നു വര്‍ഷംമുമ്പ് ടോക്കിയോ പാരാലിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ അവനി പാരീസില്‍ സുവര്‍ണനേട്ടം ആവര്‍ത്തിച്ചു. രണ്ടിടത്തും പരിശീലകയായി ഒളിമ്പ്യന്‍ സുമ ഷിരൂര്‍.
   സുമിത് അന്റില്‍ എന്ന ഇരുപത്താറുകാരന്‍ ഹരിയാനയിലെ സോണിപ്പട്ട് സ്വദേശിയാണ്. പ്രതീക്ഷ ഉയര്‍ത്തിയ ഗുസ്തിതാരമായിരുന്നു സുമിത്. ഒരു ദിവസം കോച്ചിങ് ക്ലാസ് കഴിഞ്ഞു മടങ്ങുമ്പോള്‍ ഉണ്ടായ അപകടത്തില്‍ ഇടതുകാല്‍ നഷ്ടപ്പെട്ടു. വിധിക്കു കീഴടങ്ങാന്‍ സുമിത് തയ്യാറായില്ല. ഏറെ വേദന സഹിച്ച് കൃത്രിമക്കാലുമായി പൊരുത്തപ്പെട്ടു. പിന്നെ ജാവലിന്‍ത്രോ പരിശീലിച്ചു.ടോക്കിയോയിലെ ആവര്‍ത്തനമായി പാരീസിലും സ്വര്‍ണമെഡല്‍. നാലുതവണ പാരാ സ്‌പോര്‍ട്‌സ് ജാവലിനിന്‍ ലോകറെക്കോര്‍ഡ് തിരുത്തി. 
   ഹരിയാനയിലെ ചര്‍ഖിഭാദ്രി സ്വദേശിയായ മുപ്പതുകാരന്‍ നിതേഷ്‌കുമാര്‍ നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനായിരൂന്നു. 2009 ല്‍ വിശാഖില്‍ ഉണ്ടായ അപകടത്തില്‍ ഇരുകാലുകള്‍ക്കും വൈകല്യം സംഭവിച്ചു. പാരാ ബാഡ്മിന്റണ്‍ പരിശീലനം ഉണര്‍വായി. മാന്‍ഡി ഐ.ഐ.ടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദമെടുത്തു. 2022 ലെ ഏഷ്യന്‍ പാരാഗെയിംസില്‍ സ്വര്‍ണം നേടിയ നിതേഷ് ലോക ഒന്നാംനമ്പര്‍ എന്ന ലേബലുമായാണ് പാരീസ് പാരാലിംപിക്‌സില്‍ മത്സരിച്ചത്. പാരാ ബാഡ്മിന്റന്‍ സ്വര്‍ണം നേടി മികവ് ഉറപ്പിച്ചു.
   ഹര്‍വിന്ദര്‍സിങ് ഹരിയാന കൈതാല്‍ സ്വദേശിയാണ്. കര്‍ഷകകുടുംബത്തില്‍നിന്നുള്ള മുപ്പത്തിമൂന്നുകാരന്‍, ഒന്നരവയസ്സില്‍ ഡെങ്കിപ്പനി പിടിപെട്ടു. അന്നെടുത്ത കുത്തിവയ്പ് ആ കൊച്ചുകുട്ടിയുടെ ജീവിതരേഖ മാറ്റിയെഴുതി. കുത്തിവയ്പിന്റെ അനന്തരഫലമായി ഹര്‍വിന്ദറിന്റെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. 2012 ലെ ലണ്ടന്‍ പാരാലിംപിക്‌സ് ദര്‍ശിച്ചത് പുത്തന്‍പ്രതീക്ഷ നല്‍കി. അമ്പെയ്ത്തില്‍ തനിക്കും ഒരു പരീക്ഷണം ആകാമെന്നു ബോധ്യമായി. റിക്കര്‍വ് വിഭാഗത്തില്‍ ടോക്കിയോയില്‍ വെങ്കലം. പാരീസില്‍ ഇക്കുറി സ്വര്‍ണമെഡല്‍. ഡോക്ടറേറ്റിനുള്ള ഗവേഷണത്തിലുമാണ് ഹര്‍വിന്ദര്‍.
ധരംബീര്‍ ഹരിയാന സോണിപ്പട്ട് സ്വദേശിയാണ്. തന്റെ ഗ്രാമത്തിലെ ഒരു തടാകത്തില്‍ നീന്തുന്നതിനിടെ തടാകത്തിന്റെ ആഴമറിയാതെ ഡൈവ് ചെയ്തു. ചെന്നുപതിച്ചത് തടാകത്തിന്റെ അടിയിലെ പാറയിലും. ഫലം ശരീരം അരയ്ക്കു താഴേക്കു തളര്‍ന്നുപോയി. അവിടെനിന്നാണ് ക്ലബ്, ഡിസ്‌കസ് ഇനങ്ങളില്‍ ശ്രദ്ധിച്ച് വിധിയെ തോല്പിക്കാന്‍ തീരുമാനിച്ചത്. വീല്‍ചെയറിലോ മറ്റോ ഇരുന്നുകൊണ്ടാണ് ത്രോ. ക്ലബ് പാരാ അത്‌ലറ്റുകള്‍ക്കായി പ്രത്യേകമുള്ള ഇനമാണ്. തടികൊണ്ടു നിര്‍മിച്ച ഉപകരണമാണ് എറിയുന്നത്. പാരീസ് പാരാലിംപിക്‌സില്‍ ധരംബീര്‍ സ്വര്‍ണം കരസ്ഥമാക്കി.
യു.പിയിലെ നോയിഡയില്‍നിന്നുള്ള ഇരുപത്തൊന്നുകാരന്‍ പ്രവീണ്‍കുമാര്‍ കുറിയകാലുമായാണ് ജനിച്ചത്. ഒരു കാലിനാണു വൈകല്യം. പക്ഷേ, ലോകത്തില്‍ ചെറിയവനായി ജീവിക്കാന്‍ പ്രവീണ്‍ തയ്യാറായില്ല. അയല്‍ക്കാരുമൊത്ത് വോളിബോള്‍ കളിച്ചാണ് പ്രവീണ്‍ കളിക്കളത്തില്‍ ഇറങ്ങിയത്. ഹൈജംപിലാണ് പ്രവീണ്‍ സ്വര്‍ണം നേടിയത്. ടോക്കിയോടില്‍ വെള്ളി നേടിയിരുന്നു. 
   നവ്ദീപ്‌സിങ് ഹരിയാനയിലെ പാനിപ്പട്ട് സ്വദേശിയാണ്. ഇരുപത്തിനാലുകാരന്‍. ഉയരം കുറഞ്ഞ ശരീരപ്രകൃതി. പിതാവ് ദേശീയശ്രദ്ധ നേടിയ ഗുസ്തിതാരമായിരുന്നു. നീരജ് ചോപ്രയുടെ നാട്ടുകാരന്‍. ജാവലിനില്‍ത്തന്നെ സ്വര്‍ണം നേടിയെങ്കില്‍ കാരണക്കാരന്‍ നീരജ്തന്നെ. 
''നീരജ്ഭായ് ജൂനിയര്‍ ലോകറെക്കോര്‍ഡ് തിരുത്തിയപ്പോള്‍ എനിക്കു തോന്നി, ഇദ്ദേഹവും എന്റെ പട്ടണത്തില്‍നിന്നുള്ള ആളാണല്ലോ. എങ്കില്‍ എനിക്കും ഇതു    സാധിക്കും.'' താന്‍ ജാവലിന്‍ താരമായ കഥ നവ്ദീപ് വിശദീകരിച്ചു.
    പാരിസ് പാരാലിംപിക്‌സില്‍ സ്വര്‍ണം നേടിയ ഏഴുപേരുടെ കഥയാണു പറഞ്ഞത്. വെള്ളിനേടിയ ഒന്‍പതുപേരും വെങ്കലം നേടിയ 13 പേരും വ്യത്യസ്തരല്ല. എന്തിനധികം, പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്കായി മത്സരിച്ച 84 അത്‌ലറ്റുകളുടെയും ജീവിതകഥ വ്യത്യസ്തമല്ല. മെഡല്‍ കിട്ടിയവരും കിട്ടാത്തവരും ഒരുപോലെതന്നെ. ഓരോരുത്തരും രാജ്യത്തിന് അഭിമാനം. തിരിച്ചടികളില്‍ പതറാതെ, ഉള്‍വലിയാതെ ലോകത്തിനു മുന്നില്‍ കഴിവു തെളിയിച്ചവര്‍. എത്രയോ പേര്‍ക്ക്അവര്‍ പ്രചോദനം നല്‍കി. എത്രയോ പേരില്‍ പ്രതീക്ഷ ഉയര്‍ത്തി. ഇവരുടെയൊക്കെ മുന്നില്‍ നമ്മളല്ലേ ചെറുതാകുന്നത്?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)