•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഇതളുകള്‍ ശലഭങ്ങളോട് കിന്നരിച്ച നാളുകള്‍

  വള്ളിനിക്കറിട്ടു നടക്കുന്ന കാലത്താണ് ഓണത്തോട് എനിക്കു വല്ലാത്ത പ്രണയം തോന്നുന്നത്. കൊയ്ത്തും മെതിയും എള്ളും കറ്റയുമൊക്കെയുള്ള കാലം. അന്നേ കൂട്ടും സെറ്റുമൊന്നുമില്ല. പാട്ടാണ് എപ്പോഴും കൂട്ടുകാരന്‍. അച്ഛന്‍ ജോലിസ്ഥലത്തുനിന്നു കൊണ്ടുവന്ന പഴയ തോഷിബാ റേഡിയോ മുറിപ്പുറത്തെ അരമതിലില്‍ പൊട്ടിയും ചീറ്റിയും ചിതറിയും ചിലമ്പിച്ചുമൊക്കെ പാടുന്ന പാട്ടുകൡായിരുന്നു ജീവിതത്തിന്റെ വസന്തവും ശിശിരവും ഹേമന്തവുമൊക്കെ കടന്നുപോയിരുന്നത്.
    അത്തംമുതലേ അയലത്തുള്ള കുട്ടികളൊക്കെ പൂക്കളിറുക്കാന്‍  വീട്ടുതൊടിയിലെത്തും. ഓരോ ദിവസവും അവര്‍ പൂക്കളത്തിന്റെ നിറങ്ങളിലും വളയങ്ങളിലും ഓരോ എണ്ണം കൂട്ടും. വാഴപ്പിണ്ടി ചെറുതായി മുറിച്ച് കളത്തിനു നടുവില്‍ കുഴിച്ചിട്ട്, അതില്‍ നിറയെ ചോരത്തുടിപ്പന്‍ ചെമ്പരത്തിപ്പൂക്കള്‍ കുത്തിനിര്‍ത്തും. അപ്പോള്‍ അവരുടെ മുഖങ്ങള്‍ കാണേണ്ടതുതന്നെ. പൂവിനെപ്പോലെ ചുവന്നുതുടുത്തിരിക്കും. അന്നും ഇന്നും പൂക്കളമിടുന്നതിനോട് എനിക്കു താത്പര്യമില്ല. മറ്റൊന്നുംകൊണ്ടല്ല... പ്രകൃതി, ചെടികള്‍ക്കു നല്‍കിയ മനോഹരമായ അലങ്കാരങ്ങള്‍, മനുഷ്യന്‍ അവനുവേണ്ടി പറിച്ചെടുത്ത് ഒറ്റദിവസത്തെ വെയിലില്‍ ഉണക്കിക്കരിച്ചു തൂത്തുവാരി ദൂരെക്കളയുന്നു. സ്വാര്‍ഥനായ മനുഷ്യന്‍! മറിച്ച് അവ ചെടികളില്‍നിന്നാലോ, ഒരാഴ്ചയെങ്കിലും നിറവും മണവും തൂകി ചിരിച്ചുനില്‍ക്കും. ഒരാഴ്ച വണ്ടിനു തേനൂട്ടും. ഇതളുകള്‍ ശലഭങ്ങളോടു കിന്നരിക്കും. 
    നനഞ്ഞൊലിച്ചു കൊയ്തുകേറി കളം നിറച്ചുവയ്ക്കുന്ന കറ്റക്കെട്ടുകളാണ് കര്‍ക്കടകത്തിന്റെ സമ്പാദ്യം. ദുരിതകാലമെന്നു തോറ്റി, പൊട്ടിയെ പടിയടച്ച്, ശീവോതിയെ കൊട്ടിപ്പാടി അകത്തേറ്റുന്നു. കളിക്കാന്‍ കൂട്ടില്ലാത്ത, ഊഞ്ഞാല്‍പ്പാട്ടില്ലാത്ത, ഒറ്റപ്പെട്ട ബാല്യത്തില്‍ പാട്ടു കൂട്ടായ കഥയാണു പറഞ്ഞുവന്നത്. 
   'പൂവിളി... പൂവിളി... പൊന്നോണമായി
   നീ വരൂ... നീ വരൂ... പൊന്നോണത്തൂമ്പീ' 
    (വിഷുക്കണി-1977)
    എന്ന പാട്ടാണ് അക്കാലത്ത് ഓണം കൊണ്ടുവരുന്നത്. എന്റെ ഗ്രാമമായ മുതുകുളത്തുനിന്നു വിളിപ്പാടകലെയാണ് ഹരിപ്പാട്. കര്‍ഷകഗ്രാമമായ ഹരിപ്പാടു ജനിച്ചുവളര്‍ന്ന ശ്രീകുമാരന്‍തമ്പിയാണ് ഈ പാട്ടെഴുതിയത് എന്നൊക്കെ തിരിച്ചറിയാന്‍ പിന്നെയും കാലങ്ങളെടുത്തു. 
    എന്നും മലയാളസിനിമയില്‍ നിറഞ്ഞുനിന്ന ഒരു നായകനേയുള്ളൂ; അതു സാക്ഷാല്‍ പ്രേംനസീറാണ്. ഗാനരംഗത്ത് പ്രേംനസീറിന്റെ സാന്നിധ്യം മനോഹരമായ ഒരു അനുഭവമായിരുന്നു. പാട്ടിന്റെ വരികളിലൂടെ... ദാസിന്റെ മൊഴികളിലൂടെ നസീറിന്റെ ചുണ്ടുകള്‍ തത്തിക്കളിച്ചുപോകുന്നതു കാണാന്‍ എന്തു ചേലായിരുന്നു! കുട്ടനാട്ടിലെ കായല്‍പ്പരപ്പിലൂടെ ഒഴുകുന്ന ബോട്ടിനു മുന്നില്‍ മുഴുക്കയ്യന്‍ മഞ്ഞ ഷര്‍ട്ടുമിട്ട് 'ഓണപ്പൂവേ... പൂവേ... പൂവേ' (ഈ ഗാനം മറക്കുമോ - 1978 - ഒ.എന്‍.വി) എന്നു പാടിപ്പോകുന്ന നസീര്‍. 'നീ തേടും മനോഹരതീരം' എന്നു പാടുമ്പോള്‍ ഞാന്‍ കരുതിയത് എന്റെ ഗ്രാമത്തെയാകും അദ്ദേഹം തേടുന്നതെന്നാണ്. 
തിരുവോണസദ്യയുണ്ട് ഓണക്കോടിയുമിട്ട് അയല്‍പക്കത്തുള്ള കുട്ടികള്‍, അമ്മവീടുകളിലേക്കും ബന്ധുവീടുകളിലേക്കും പോകുമ്പോള്‍ വിശാലമായ  പറമ്പിന്റെ, നിഴല്‍വീണ ഓരങ്ങളില്‍ ഓണത്തുമ്പികളോടു പോഴത്തം പറഞ്ഞ് ഒറ്റപ്പെട്ടുനടക്കുകയായിരിക്കും ഞാന്‍. 'എവിടെയും പോകാനില്ലല്ലോ.'
    അന്നു നാട്ടില്‍ ചേട്ടന്മാരുടെ ഒരു ക്ലബ്ബുണ്ട് - പ്രതിഭ. നാട്ടിലുള്ള ബാപ്പുജി വായനശാലയിലെ അപ്പോഴത്തെ കുമാരന്മാരാണ് 'പ്രതിഭ'യുടെ ഭാരവാഹികള്‍. എല്ലാ വര്‍ഷവും അവിട്ടംനാളില്‍ 'പ്രതിഭ തീയറ്റേഴ്‌സ്' ഒരു നാടകം അവതരിപ്പിക്കും. രാത്രി എട്ടിന്, ഐശ്വര്യപ്രദായനി സ്‌കൂളില്‍ നടക്കുന്ന നാടകം കാണാന്‍ നാട്ടുകാര്‍ ചൂട്ടും കത്തിച്ചു വരും. ഇല്ലാത്തവന്റെ ജീവിതവും ജീവിതാനുഭവങ്ങളും മനുഷ്യാവസ്ഥകളുടെ പ്രഹേളികകളായി മാറിമറിയുന്ന വികാരതീവ്രമായ രംഗങ്ങള്‍ നാടകങ്ങളെ അവിസ്മരണീയമാക്കി. അപ്പോള്‍ ഞാന്‍ ഓര്‍ത്തത്,
    'ഓമനത്തിങ്കളിലോണം പിറക്കുമ്പോള്‍
    താമരക്കുമ്പിളില്‍ പനിനീര്
     ഓണം പിറന്നാലും ഉണ്ണി പിറന്നാലും
     ഓരോ കുമ്പിള്‍ കണ്ണീര്' (തുലാഭാരം-1968 -     വയലാര്‍) എന്ന ഗാനമാണ്.
    വയസ്സു വളരുകയും പാട്ടു തുടരുകയും ചെയ്തപ്പോള്‍ മനസ്സിന്റെ പോക്കറ്റുകളില്‍ കയറിയിരുന്നത് എത്രയെത്ര പാട്ടുകളാണ്! 
'ഒന്നാം പൊന്നോണപ്പൂപ്പട കൂട്ടാന്‍
പൂക്കണ്ണി കോരാന്‍ ഓടിവാ തുമ്പീ' 
(പാവങ്ങള്‍ പെണ്ണുങ്ങള്‍ - 1973 - വയലാര്‍)
'കാറ്റും പോയ് മഴക്കാറുംപോയ്
കര്‍ക്കിടകം പിറകേ പോയ്
ആവണിത്തുമ്പിയും അവള്‍ പെറ്റ മക്കളും വാ... വാ... വാ' 
(വാഴ്‌വേമായം - 1970 - വയലാര്‍)
'തിരുവോണപ്പുലരിതന്‍
തിരുമുല്‍ക്കാഴ്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങീ...' 
(തിരുവോണം - 1975 - ശ്രീകുമാരന്‍തമ്പി)
'പൂവേണം പൂപ്പടവേണം പൂവിളിവേണം' (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം -
1987 - ഒ.എന്‍.വി)
'പാതിരാക്കിളി വരൂ പാല്‍ക്കടല്‍ക്കിളീ
ഓണമായിതാ തിരുവോണമായിതാ...' 
(കിഴക്കന്‍ പത്രോസ് - 1992 - ഒ.എന്‍.വി)
'കേരളം... കേരളം... കേളികൊട്ടുയരുന്ന കേരളം' (മിനിമോള്‍ - 1977 - ശ്രീകുമാരന്‍തമ്പി)
ഇങ്ങനെ എത്രയോ ഓണപ്പാട്ടുകള്‍!
പക്ഷേ, ഇന്നും കേള്‍ക്കുമ്പോള്‍ എന്നെ വിഷാദിപ്പിക്കുന്ന രണ്ട് ഓണപ്പാട്ടുകള്‍കൂടിയുണ്ട്. ഓണവും ജീവിതവുമൊക്കെ എനിക്കു നല്‍കിയ സ്ഥായീഭാവങ്ങളെ അവ തോറ്റിയുണര്‍ത്തുന്നു. ഒന്ന്, ശ്രീകുമാരന്‍തമ്പിയുടെ 'ഉത്രാടപ്പൂനിലാവേ വാ'. അതില്‍, 
'തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിക്കുന്നു തെരുവിന്‍മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂവിടര്‍ത്തുവാന്‍
വയറിന്റെ ഗാനംകേട്ടേ മയങ്ങുന്ന വാമനന്മാര്‍'
എന്ന വരികള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ കണ്ണുനിറയും. 
പിന്നെ മറ്റൊരെണ്ണം ഗിരീഷ് പുത്തഞ്ചേരിയുടേതാണ്:
'ആരോ കമിഴ്ത്തിവച്ചോരോട്ടുരുളിപോലെ
ആകാശത്താവണിത്തിങ്കള്‍...'
  യഥാര്‍ഥ ഓണത്തിനു പ്രത്യേക രുചിയുണ്ടായിരുന്നു. സവിശേഷ മണമുണ്ടായിരുന്നു, നിറവും ഭാവവും വികാരവും വിഷാദവുമൊക്കെയുണ്ടായിരുന്നു, ഇന്ന് എന്നും ഓണമാണ്. എല്ലാവര്‍ക്കും ഓണമാണ്. എപ്പോഴും ഓണമാണ്. ഇല്ലായ്മയ്ക്കിടയില്‍ വന്ന ഓണങ്ങളാണ് ഹൃദയത്തിന്റെ നടുമുറ്റത്ത് ഓര്‍മയുടെ പൂക്കളമൊരുക്കിയത്, ജീവിതത്തിന്റെ വാടാമലരുകള്‍കൊണ്ട്...

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)