കൂട്ടുകാരില്ലാത്ത, പഠിക്കാന്‍ അശേഷം താത്പര്യം കാണിക്കാത്ത സ്‌കൂളിലിരുന്ന് ഉറക്കം തൂങ്ങുന്ന, എപ്പോഴും ഗേമിങ് എന്ന ചിന്തമാത്രമുള്ള, അതിനായി അനേകമണിക്കൂറുകള്‍ ചെലവഴിക്കുന്ന പത്താംക്ലാസുകാരന്‍ ആശിഷിനെ അവന്റെ അപ്പനും അമ്മയും അമ്മാവനുംകൂടി ഉന്തിയും തള്ളിയുമാണ് എന്റെ അടുക്കല്‍ എത്തിച്ചത്. ഒരു ''ഗേമര്‍'' ആയാലുള്ള മെച്ചങ്ങളെക്കുറിച്ചാണ് അവന്‍ സംസാരിച്ചത്! അവന്റെ സംസാരരീതിയില്‍നിന്ന് അതിനോടുള്ള ''അഭിനിവേശം'' തിരിച്ചറിയാന്‍ കഴിഞ്ഞു. തുടര്‍ന്നു മനസ്സിലായ മറ്റൊരു കാര്യം ഗേമിങ്ങില്‍നിന്നകന്നിരിക്കുമ്പോള്‍ അവന്‍അനുഭവിക്കുന്ന അമിത ഉത്കണ്ഠയാണ്. ഗേമിങ് ഒരു ദിവസംതന്നെ പലവട്ടം വേണമെന്ന അവസ്ഥ.
ആശിഷ് ഒബ്‌സസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ (OCD)എന്ന മാനസികരോഗാവസ്ഥയിലൂടെ കടന്നുപോകുകയാണ്. സ്വയം തന്റെ ചിന്തകളെയും പ്രവൃത്തികളെയും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഒ.സി.ഡി. എന്നാല്‍, കൂടുതലായി ഈ പതിനഞ്ചുവയസ്സുകാരനെ മനസ്സിലാക്കിയപ്പോള്‍ പ്രശ്‌നം ഇന്റര്‍നെറ്റ് ഗേമിങ് ഡിസോര്‍ഡര്‍ (IGD - ref:ICD11) ആണെന്നു തിരിച്ചറിഞ്ഞു. ഇന്റര്‍നെറ്റ് ഗേമുകളും മറ്റും കമ്പ്യൂട്ടര്‍ ഗേമുകളും കളിക്കാതിരിക്കാന്‍ പറ്റാത്ത അവസ്ഥയാണിത്. നേരത്തേ, ഒസിഡിയുടെ കാര്യത്തില്‍ സൂചിപ്പിച്ചതുപോലെതന്നെ ഐജിഡിയില്‍ വ്യക്തിക്കു ചിന്തകളെയും പ്രവൃത്തികളെയും നിയന്ത്രിക്കാന്‍ കഴിയില്ല. ആശിഷിനു ശരിയായ കൗണ്‍സലിങ്ങും സൈക്യാട്രി മരുന്നുകളും ഫലം നല്‍കി.
ഇന്റര്‍നെറ്റ് ഗേമിങ് ഡിസോര്‍ഡറിന്റെ കാരണങ്ങള്‍
ഐജിഡിയിലേക്കു വ്യക്തികള്‍ കൂപ്പുകുത്തുന്നത് വ്യത്യസ്തകാരണങ്ങളാലാണ്. മാനസികപ്രശ്‌നങ്ങള്‍ (ഡിപ്രഷന്‍), യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്ന പ്രവണത, ഇന്റര്‍നെറ്റ് ഗേമില്‍നിന്ന് ഉയര്‍ന്ന സന്തോഷം ലഭിക്കുന്നതായി തോന്നുക, ഒറ്റപ്പെടല്‍ അനുഭവിക്കുക, കൂട്ടുകാരുടെ സമ്മര്‍ദം, ചില ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയവയൊക്കെ ഐജിഡിയിലേക്കു വ്യക്തികളെ നയിക്കാം. ഇവ കൂടാതെ സഹോദരങ്ങളുടെയും മാതാപിതാക്കളുടെയും ദുര്‍മാതൃക, കുട്ടികളുടെ ശല്യം ഉണ്ടാവാതിരിക്കാന്‍ മൊബൈല്‍ നല്‍കുന്ന പ്രവണത, ഗേമര്‍ എന്ന പ്രൊഫഷനിലേക്കെത്താന്‍ ഗെയിം കളിക്കുന്നതു നല്ലതാണെന്ന തെറ്റായ ചിന്ത, ആശയവിനിമയം നടത്താന്‍ കൂട്ടുകാര്‍/ വീട്ടുകാര്‍ ഇല്ലാതെ ഒറ്റപ്പെടുന്ന അവസ്ഥ, ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ പകപോക്കുന്ന മനോഭാവം, ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ള മോട്ടിവേഷന്റെ അഭാവം, തെറ്റായ ചില ആശയങ്ങളോടുള്ള അഭിനിവേശം, മറ്റുള്ളവരുടെ അംഗീകാരം നേടിയെടുക്കാനുള്ള ത്വര തുടങ്ങിയവയൊക്കെ ഐജിഡിയിലേക്കു വ്യക്തികളെ തള്ളിയിടാം.
അപകടകാരികളായ ഗേമുകളും പതിയിരിക്കുന്ന മാരകദുരന്തങ്ങളും
ഇന്റര്‍നെറ്റില്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അടിമപ്പെടുത്തുന്ന, ഇല്ലാതാക്കുന്ന ഗേമുകള്‍ ഉണ്ട് (Roblox, choking game, Cayla dolls, Blue Whale, Salt and ice challenge, The letter X, Cloud pets, Firefairy etc). ഇവയൊക്കെ ചില വെല്ലുവിളികള്‍ കളിക്കാര്‍ക്കു നല്‍കുന്നു. വ്യക്തികള്‍ ആ വെല്ലുവിളികള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ മാരകമായ അപകടങ്ങളും മരണം വരെയും സംഭവിക്കാം. മാതാപിതാക്കളുടെയും കൂട്ടുകാരുടെയും ജീവിതപങ്കാളികളുടെയുമൊക്കെ ശ്രദ്ധ ഗെയിം കളിക്കുന്നവരില്‍ എത്തണം. കാരണം, അവര്‍ കളിക്കുന്ന ഗെയിം എത്ര അപകടകരമാണെന്ന് അവര്‍ക്കുപോലും അറിയില്ല!
ഇന്റര്‍നെറ്റ് ഗേമിങ് ഡിസോര്‍ഡറില്‍നിന്ന് എങ്ങനെ രക്ഷനേടാം?
ഐജിഡി ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഡിപ്രഷന്‍, സ്ലീപ് ഡിസോര്‍ഡേഴ്‌സ്, ഈറ്റിങ് ഡിസോര്‍ഡേഴ്‌സ്, ഉത്കണ്ഠ എന്നിങ്ങനെ അനവധി പ്രശ്‌നങ്ങളിലേക്ക് ഐജിഡി വ്യക്തിയെ നയിക്കും. ഇത് ശാരീരികാരോഗ്യത്തെ ബാധിക്കും.
ഐജിഡി ഉള്ളവര്‍ ശാരീരിക വ്യായാമത്തിനു സമയം കണ്ടെത്തുക വിരളമാണ്. ശരിയായ ശാരീരികവ്യായാമത്തിന്റെ അപര്യാപ്തത സങ്കീര്‍ണമായ മാനസിക-ശാരീരികപ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നു. മുമ്പു സൂചിപ്പിച്ചതുപോലെ ആശിഷില്‍ സി.ബി.റ്റിയും ഹിപ്‌നോതെറാപ്പിയും നന്നായി ഫലിച്ചു. ശരിയായ കൗണ്‍സലിങ്ങും ആവശ്യമെങ്കില്‍ മരുന്നും ഇത്തരക്കാരില്‍ വലിയ മാറ്റം സൃഷ്ടിക്കും. ഇത് ഒരുതരം അടിമത്തംകൂടി ആയതിനാല്‍ ഇതില്‍നിന്നു പുറത്തു കടക്കാന്‍, ശ്രമിക്കുന്ന വ്യക്തിക്ക് 'പിന്‍വലിയല്‍ ലക്ഷണങ്ങള്‍' ഉണ്ടാവാം. ആശിഷ് തന്റെ പ്രശ്‌നത്തില്‍നിന്നു പുറത്തുകടക്കുന്ന വേളയില്‍ പിന്‍വലിയല്‍ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. താഴെക്കൊടുക്കുന്ന പ്രസ്താവനകള്‍ പരിശോധിച്ചുകൊണ്ട് ഇന്റര്‍നെറ്റ് ഗേമിങ് ഡിസോര്‍ഡര്‍ ഉണ്ടോയെന്ന് അറിയാം.
1. ഞാന്‍ എപ്പോഴും ഗേമിങ്ങിനെക്കുറിച്ചു ചിന്തിക്കുകയും കൂട്ടുകാരുമായി ചര്‍ച്ച ചെയ്യുകയും ചെയ്യാറുണ്ട്.
ശരി/ തെറ്റ്
2. എല്ലാ ദിവസവും ഞാന്‍ ഗെയിം കളിക്കാറുണ്ട്.
ശരി/ തെറ്റ്
3. ഗെയിം കളിക്കാതിരിക്കാന്‍ എനിക്കു കഴിയാറില്ല.
ശരി/ തെറ്റ്
4. ഗെയിം കളിക്കാന്‍ കഴിഞ്ഞില്ലായെങ്കില്‍ ഉത്കണ്ഠ, അരിശം, നിരാശ എന്നീ വികാരങ്ങള്‍ ഉണ്ടാകാറുണ്ട്.
ശരി/ തെറ്റ്
5. ഗേമിങ്ങിനെ എതിര്‍ക്കുന്നവരെ എനിക്കു വെറുപ്പാണ്.
ശരി/ തെറ്റ്
6. ഗേമിങ്ങിനു ചെലവിടുന്ന അധികസമയം ക്രിയാത്മകമായി ഉപയോഗിക്കണമെന്നു തോന്നാറുണ്ടെങ്കിലും സാധിക്കാറില്ല.
ശരി/ തെറ്റ്
7. ഗേമിങ്ങിന്റെ സമയത്തു പറയുന്ന 'ചുമതലകള്‍' (മേസെ) എത്ര കഠിനമെങ്കിലും അപകടകരമെങ്കിലും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.
ശരി/ തെറ്റ്
8. എന്റെ പഠനം, ജോലി, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ബന്ധം എന്നിവ പരിതാപകരമായ അവസ്ഥയിലാണ്.
ശരി/ തെറ്റ്
9. ഡിപ്രഷന്റെ വ്യത്യസ്തങ്ങളായ ലക്ഷണങ്ങളില്‍ ചിലവ (ആത്മഹത്യാപ്രവണത, കരച്ചില്‍, ഉറക്കക്കുറവ്/ കൂടുതല്‍, ഭക്ഷണം കുറച്ച്/ കൂടുതല്‍ കഴിക്കുക, അമിത അരിശം, വെറുപ്പ്, അമിതക്ഷീണം മുതലായവ) എനിക്കുണ്ട്.
ശരി/ തെറ്റ്
10. ഗേമിങ്ങിലൂടെ പണനഷ്ടം ഉണ്ടാകാറുണ്ട്.
ശരി/ തെറ്റ്
മേല്‍സൂചിപ്പിച്ച പ്രസ്താവനകളില്‍ ഏതെങ്കിലും ഒരെണ്ണത്തിനുതന്നെ ശരിയുത്തരം ലഭിച്ചാല്‍ അത് നിസ്സാരമായി തള്ളിക്കളയരുത്. കാരണം, ഈ പത്തു പ്രസ്താവനകളും അടിമത്തത്തിന്റെ അടയാളങ്ങളാണ്. ഒരിക്കല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ എത്തിപ്പെട്ടാല്‍ ഒരു മാനസികരോഗവിദഗ്ധനെ നിര്‍ബന്ധമായും കാണണം. അതല്ലെങ്കില്‍ വ്യക്തിയുടെ ജീവന്‍വരെ നഷ്ടമാകാം.
ലേഖനം
കമ്പ്യൂട്ടര്‍കളികളില്‍ ജീവിതം ഹോമിക്കുന്നവര്‍
