അശാന്തിയുടെ തീക്കാറ്റൊടുങ്ങാത്ത പശ്ചിമേഷ്യയുടെ മണ്ണില്‍ ചോരച്ചാലുകള്‍ ഉടനെ നിലയ്ക്കില്ല എന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. പത്താംവട്ട സമാധാനചര്‍ച്ചകള്‍ക്കായി ഈജിപ്ത്തലസ്ഥാനമായ കെയ്‌റോയില്‍ പറന്നെത്തിയ യു. എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ നിരാശയോടെ മടങ്ങി. ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്ന് അറിയിച്ചെങ്കിലും ലബനനില്‍ പുതിയ യുദ്ധമുഖം തുറക്കാന്‍ ഇസ്രയേല്‍ നിര്‍ബന്ധിതമായതോടെ സമാധാനചര്‍ച്ചകള്‍ നിലവില്‍ അപ്രസക്തമാവുകയാണ്.
2023 ഒക്ടോബര്‍ 7 ന് ഇസ്ലാമിക് ഭീകരസംഘടനയായ ഹമാസ് ഇസ്രയേലില്‍ നടത്തിയ അതിക്രൂരമായ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെടുകയും അനേകം പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് ഹമാസ്ഭീകരതയെ ഉന്മൂലനം ചെയ്യുകയെന്ന പ്രഖ്യാപിതലക്ഷ്യവുമായി ഇസ്രയേല്‍ ആരംഭിച്ച പോരാട്ടത്തില്‍ ഇതുവരെ പൊലിഞ്ഞത് നാല്പതിനായിരത്തിലേറെ ജീവനുകള്‍! പരിക്കേറ്റവര്‍ ഒരു ലക്ഷത്തോളം. ആക്രമണങ്ങളാല്‍ ഭവനങ്ങള്‍ അവശേഷിക്കാത്ത ഹമാസ് നിയന്ത്രണ പലസ്തീനില്‍ അതുകൊണ്ടുതന്നെ ഭവനരഹിതരുടെ കണക്കെടുക്കാനുമാവില്ല. ഇത് ഔദ്യോഗികകണക്കാണെന്നിരിക്കേ, ആരോഗ്യസംഘടനയായ ലാന്‍സെറ്റ് പറയുന്നത് പ്രത്യക്ഷവും പരോക്ഷവുമായ കാരണങ്ങളാല്‍ മരണസംഖ്യ ഒരു ലക്ഷത്തി എണ്‍പത്തിയാറായിരം കടന്നിരിക്കാമെന്നാണ്. അതായത്, ഒക്ടോബര്‍ ഏഴിനു മുമ്പുണ്ടായിരുന്ന പലസ്തീന്‍ ജനസംഖ്യയുടെ 23 ശതമാനം!
വേരറ്റ് ഹമാസ്
ഹമാസിന്റെ പൂര്‍ണനാശമെന്ന ലക്ഷ്യത്തോടെ ഇസ്രയേല്‍ ആരംഭിച്ച പോരാട്ടം ഏതാണ്ട് പൂര്‍ണമായ അവസ്ഥയാണ്. ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടതോടെ ഏകോപനവും സാമ്പത്തികസ്രോതസ്സുകളും നഷ്ടപ്പെട്ട ഹമാസ് ഒക്ടോബര്‍ ഏഴിലെ നികൃഷ്ട ആക്രമണത്തിന്റെ സൂത്രധാരന്‍ യാഹ്യ സിന്‍വറിനെ പുതിയ തലവനായി പ്രഖ്യാപിച്ചെങ്കിലും അയാള്‍ എവിടെയെന്ന് ഹമാസ് നേതാക്കള്‍ക്കുപോലും അറിയില്ല. ഇസ്രയേലിനെ വെട്ടിച്ച് പുറത്തുകടക്കാന്‍ സാധിക്കാതെ കുടുങ്ങിപ്പോയ സിന്‍വര്‍ പലസ്തീനില്‍ എവിടെയോ ഒളിച്ചിരിപ്പുണ്ടെങ്കിലും ആശയവിനിമയം നടത്താനാവാത്തവിധം കുടുങ്ങിക്കിടക്കുകയാണ്. നേതാവുണ്ടെങ്കിലും സംഘടനയ്ക്ക് ഒരു ഗുണവുമില്ല എന്ന അവസ്ഥ.
ഈജിപ്ഷ്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് താവളങ്ങളായും ആയുധപ്പുരകളായും നിര്‍മിച്ച നൂറ്റമ്പതിലേറെ തുരങ്കങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തത് ഹമാസിന്റെ നട്ടെല്ലൊടിച്ചു. അവര്‍ക്ക് ആയുധങ്ങള്‍ എത്തിക്കൊണ്ടിരുന്ന, ഗാസാമുനമ്പിനും ഈജിപ്തിനും ഇടയിലെ ഫിലാദെല്‍ഫി ഇടനാഴി സമ്പൂര്‍ണ ഇസ്രയേല്‍നിയന്ത്രണത്തിലായതോടെ ഹമാസ് ആയുധമില്ലാത്ത അവസ്ഥയിലുമായി. അതോടെ വെടിനിര്‍ത്തല്‍ചര്‍ച്ചകള്‍ക്കായി ഈജിപ്തിനെയും ഖത്തറിനെയും നിര്‍ബന്ധിച്ചുതുടങ്ങിയ ഹമാസ് പക്ഷേ, ബന്ദിമോചനം എന്ന അജണ്ടവച്ചുള്ള ചര്‍ച്ച പാടില്ലെന്നും ഗാസയില്‍നിന്ന് ഇസ്രയേല്‍ സമ്പൂര്‍ണപിന്മാറ്റം നടത്തണമെന്നും നിബന്ധന വച്ചു. തങ്ങള്‍ ബന്ദികളാക്കിയവരെക്കുറിച്ചു യാതൊരു വിവരവുമില്ലാത്ത അവസ്ഥയിലാണ് ഹമാസ്‌നേതൃത്വം എന്നതുതന്നെയാണ് ഇതിനു പ്രധാന കാരണം. അവരുടെ ഒപ്പമിരുന്നുള്ള ചര്‍ച്ചയ്ക്കുപോലും ഇസ്രയേല്‍ തയ്യാറായില്ല. ഓരോ ഹമാസ്താവളത്തില്‍നിന്നും അഭയാര്‍ഥിക്യാമ്പുകളില്‍നിന്നും ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയതോടെ ബന്ദികളാരും ജീവിച്ചിരിപ്പില്ല എന്നു തീര്‍ച്ചയായിക്കഴിഞ്ഞ ഇസ്രയേല്‍ ആക്രമണവും കടുപ്പിച്ചു.
ലബനനില്‍ പുതിയ പോര്‍മുഖം
ഹമാസിനൊപ്പം ലബനനില്‍ ഷിയാ ഇസ്ലാമികഭീകരസംഘടനയായ ഹിസ്ബുള്ളയെക്കൂടി നേരിട്ടുകൊണ്ടിരിക്കുകയായിരുന്ന ഇസ്രയേല്‍, ഹമാസിന്റെ നാശം ഏകദേശം പൂര്‍ണമായതോടെ ലബനനില്‍ അതിശക്തമായ പോര്‍മുഖം തുറക്കാന്‍ നിര്‍ബന്ധിതമായിക്കഴിഞ്ഞു. തങ്ങളുടെ പതിനൊന്നു കുട്ടികളെ കളിസ്ഥലത്തുവച്ചു കൊലപ്പെടുത്തിയ ഹിസ്ബുള്ള സൈനികകമാന്‍ഡര്‍ ഫുവാദ് ഷുക്കൂറിനെ ഇക്കഴിഞ്ഞ ജൂലൈ 30 ന് വടക്കന്‍ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ കൊലപ്പെടുത്തിയതിന്റെ പ്രതികാരം എന്നാരോപിച്ച് ഓഗസ്റ്റ് 25 ന് പുലര്‍ച്ചെ ലബനില്‍നിന്ന് വടക്കന്‍ ഇസ്രയേലിലെ പതിനൊന്നു സൈനികക്യാമ്പുകള്‍ ലക്ഷ്യമാക്കി ഹിസ്ബുള്ള വലിയ റോക്കറ്റ് ആക്രമണം നടത്തുകയുണ്ടായി. നൂറു ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് നാല്പതിടങ്ങളിലായി ഹിസ്ബുള്ളയുടെ ആയിരം മിസൈല്‍ വിക്ഷേപണകേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടാണ് ഇസ്രയേല്‍ ഇതിനു മറുപടി നല്‍കിയത്. ഹിസ്ബുള്ളയുടെ റോക്കറ്റ്- മിസൈല്‍ വിഭാഗം തലവന്‍ സയ്യിദ് മുഹമ്മദ് ദിയാബിനെ വധിക്കുകയും ചെയ്തു. അടിയന്തരമായി സുരക്ഷാക്യാബിനറ്റ് വിളിച്ചുകൂട്ടിയ നെതന്യാഹു ഇസ്രയേലില്‍ നാല്പത്തെട്ടു മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ലബനന്‍ അതിര്‍ത്തിപ്രദേശത്തുനിന്ന് ഇസ്രയേല്‍ ജനതയെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്ന പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഹമാസിനെ ഇല്ലാതാക്കാനുള്ള യുദ്ധാരംഭത്തിനു മുമ്പേ ഇതേ നടപടികളാണ് ഇസ്രയേല്‍ കൈക്കൊണ്ടതെന്നിരിക്കേ, വലിയൊരു യുദ്ധമാവും സംഭവിക്കാന്‍ പോകുന്നതെന്നു തീര്‍ച്ചയായി. ഒരാഴ്ചമുമ്പേ ഇസ്രയേല്‍ ആക്രമണം ഭയന്ന് ഹിസ്ബുള്ള ബെയ്‌റൂട്ടിലെ അവരുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞുപോയിരുന്നു. ഹിസ്ബുള്ളയുടെ സമ്പൂര്‍ണനാശംതന്നെയാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നതെന്ന് ഉറപ്പ്.
പിന്‍വാങ്ങി ഇറാന്‍
ഇറാന്‍ മുന്‍പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും മറ്റു ചില സുപ്രധാന ഇറാന്‍ഭരണകര്‍ത്താക്കളും ദുരൂഹസാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെടുകയും മസൂദ് പെസസ്‌കിയാന്‍ പുതിയ ഇറാന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുകയും ചെയ്തു. അദ്ദേഹത്തിന്റ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള ഖമേനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇസ്രയേലിനെ നേരിട്ടാക്രമിച്ചാല്‍ ഒരുപക്ഷേ, ഇറാന്റെ സര്‍വനാശമാകും ഫലമെന്ന് സഖ്യരാഷ്ട്രങ്ങളായ റഷ്യ അടക്കമുള്ളവര്‍ നല്‍കിയ മുന്നറിയിപ്പ് അവരെ പിന്നോട്ടു വലിച്ചു. അമേരിക്കന്‍ നാവികസേന യു.എസ്.എസ്. എബ്രഹാം ലിങ്കണ്‍ അടക്കമുള്ള യുദ്ധക്കപ്പലുകള്‍ പശ്ചിമേഷ്യന്‍സമുദ്രത്തില്‍ ഇസ്രയേലിനെ പിന്തുണയ്ക്കാന്‍ വിന്യസിച്ചുകഴിഞ്ഞു. നാറ്റോസൗഹൃദരാഷ്ട്രമായ ഇസ്രയേലിനെ ആക്രമിച്ചാല്‍ നാറ്റോരാഷ്ട്രങ്ങളും ഇറാനെതിരേ യുദ്ധത്തിനിറങ്ങേണ്ടിവരും. 1789 കിലോമീറ്ററാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ദൂരമെന്നിരിക്കേ, മറ്റ് അറബ് രാഷ്ട്രങ്ങളുമായൊന്നും നല്ല ബന്ധത്തിലല്ലാത്ത ഇറാന് ഒരു ആകാശയുദ്ധം അത്ര എളുപ്പമല്ല.
ഇറാനും ഇസ്രയേലും തമ്മില്‍ മതപരമായല്ലാതെ ഭൂമിശാസ്ത്രപരമായോ വ്യാവസായികമായോ സൈനികമായോ യാതൊരു തര്‍ക്കവും നിലവിലില്ല എന്നുള്ള സ്ഥിതിക്ക് ഹനിയയുടെ കൊലപാതകത്തിനുപിന്നില്‍ ഇസ്രായേലാണെന്നു ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ ഇറാനു കഴിഞ്ഞിട്ടില്ല. ഇസ്രയേല്‍ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലതാനും. സുന്നിഭീകരസംഘടനയുടെ നേതാവിന്റെ കൊലപാതകത്തിനു പകരം ചോദിക്കാനായി തങ്ങളുടെ രാജ്യത്തിന്റെ സമ്പത്തും സൈനികരുടെ ജീവനും ബലികൊടുക്കേണ്ടതുണ്ടോ എന്നുള്ള ചോദ്യവും ആഭ്യന്തര അസ്വാരസ്യം നിലനില്‍ക്കുന്ന ഇറാനില്‍ പൊതുസമൂഹം ചോദിക്കുന്നുമുണ്ട്.
ഇറാന്‍ - ഹിസ്ബുള്ള - ഹമാസ് - ഹൂതി അച്ചുതണ്ട്
ഇറാന്റെ കൈകളായി പ്രവര്‍ത്തിക്കുന്നവയാണ് ഈ ഭീകരസംഘടനകള്‍ എന്നതു പരസ്യമാണ്. അറബ്‌ലോകത്ത് സമ്പൂര്‍ണ ഷിയാ മുസ്ലിം ആധിപത്യം ലക്ഷ്യംവച്ച് നീങ്ങുന്ന ഇറാന്റെ ഇടംവലംകൈകളാണ് ഷിയാഭീകരസംഘടനകളായ ലെബനിലെ ഹിസ്ബുള്ളയും യമനിലെ ഹൂതികളും. ഒരു ജൂതരാഷ്ട്രം എന്ന നിലയില്‍ ഇസ്രയേലിനെ തകര്‍ക്കുക എന്ന ലക്ഷ്യംമാത്രമാണ്, തങ്ങളുടെ ബദ്ധവൈരികളായ സുന്നികളുടെ ഭീകരസംഘടനയാണെങ്കിലും ഹമാസിനെ പിന്തുണയ്ക്കുന്നതിലൂടെ ഇറാനുള്ളത്. ജൂലൈ 25 ന് ഇസ്രയേലിനെതിരേ നടത്തിയ റോക്കറ്റ് ആക്രമണത്തിനു കാരണമായി ഫുവാദ് ഷുക്കൂറിന്റെ കൊലപാതകം ഹിസ്ബുള്ള ചൂണ്ടിക്കാണിക്കുന്നെങ്കിലും ഇസ്രയേലുമായി നേര്‍ക്കുനേരേ യുദ്ധം ഭയക്കുന്ന ഇറാന്റെ ഒളിയുദ്ധമാണിതെന്നു ലോകത്തിനറിയാം. പശ്ചിമേഷ്യയില്‍ ഒരേസമയം രണ്ടിടത്തു ഭീകരതയ്‌ക്കെതിരേ പോര്‍മുഖം തുറക്കേണ്ടിവന്നിരിക്കുകയാണ് ഇസ്രയേലിന്.
പശ്ചിമേഷന്‍ ഭൂപടം മാറുമോ?
യുദ്ധം ഈ നിലയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് ഇസ്രയേലും അമേരിക്കയും നീങ്ങാനാണു സാധ്യത. അതില്‍ പ്രധാനം അമേരിക്ക അടുത്തിടെ പല തവണ ചൂണ്ടിക്കാട്ടിയ വിശാല ഇസ്രയേല്‍ എന്ന ആശയമാണ്. പലസ്തീന്‍ ഇപ്പോള്‍ത്തന്നെ 90 ശതമാനം ഇസ്രയേലിന്റെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. അടുത്തഘട്ടം എന്ന നിലയില്‍ അവിടെ ഇസ്രയേല്‍ മിലിട്ടറി ക്യാമ്പുകളും ജൂത സെറ്റില്‍മെന്റുകളും സ്ഥാപിച്ചുതുടങ്ങും. ലബനനില്‍നിന്നുള്ള ആക്രമണങ്ങള്‍ തുടരുന്ന പക്ഷം ഹിസ്ബുള്ളയെ തുടച്ചുനീക്കി ലബനനിലേക്ക് ഒരു ആധിപത്യത്തിന് ഇസ്രയേല്‍ ശ്രമിച്ചുകൂടായ്കയില്ല. ആഭ്യന്തരയുദ്ധത്തില്‍ നട്ടംതിരിയുന്നെങ്കിലും സിറിയ ഇസ്രയേലിനെ ശത്രുരാജ്യമായി കണക്കാക്കുകയും ഇടയ്ക്കിടെ ആക്രമണം നടത്തുകയും ചെയ്യാറുണ്ട്. അവിടെയും ഒരു കടന്നുകയറ്റത്തിന് അമേരിക്കയുടെയും നാറ്റോ രാഷ്ട്രങ്ങളുടെയും സഹായത്താല്‍ ഇസ്രയേല്‍ ഒരുങ്ങിക്കൂടായ്കയില്ല.
ജൂതരാഷ്ട്രസ്ഥാപനം യഥാര്‍ഥ്യമായതിനെത്തുടര്‍ന്ന് കാനാന്‍ദേശം എന്ന വിശാല ഇസ്രയേല്‍ അവരുടെ സ്വപ്നവുമാണ്. വൈരം മറന്ന് സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈജിപ്റ്റും ജോര്‍ദാനും ഇസ്രയേലുമായി നല്ല ബന്ധം പുലര്‍ത്തിപ്പോരുന്നുണ്ട്. ഇസ്രയേലിന്റെ ശത്രുരാഷ്ട്രങ്ങള്‍ക്കു ശക്തമായ പിന്തുണ നല്‍കിയിരുന്ന റഷ്യയാവട്ടെ, യുക്രെയ്‌നില്‍ പുലിവാല്‍ പിടിച്ച അവസ്ഥയിലാണ്. പരാജയം മണത്തുതുടങ്ങിയ അവര്‍ യുക്രെയ്‌നില്‍നിന്നു മാനംപോവാതെ തലയൂരാനുള്ള തന്ത്രങ്ങള്‍ ആരായുകയാണ്. പശ്ചിമേഷ്യയില്‍ ഇസ്രയേലിനെ പരമാധികാരശക്തിയായി വാഴിക്കുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അതോടെ പശ്ചിമേഷ്യയില്‍ തങ്ങളുടെ സ്വാധീനം ഗണ്യമായി വര്‍ധിപ്പിക്കാമെന്നും ഭാവിയില്‍ സൂയസ് കനാലിന്റെ നിയന്ത്രണം വരുതിയിലാക്കാമെന്നും അമേരിക്ക കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ ഇറാന്‍ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കുന്നത് ആഗ്രഹിക്കുകയും കാത്തിരിക്കുകയുമാണ് യു.എസും ഇസ്രയേലും.