മുല്ലപ്പെരിയാര്‍ ഡാം കമ്മീഷന്‍ ചെയ്തിട്ട് ഈ ഒക്‌ടോബര്‍ പത്തിന് 125 വര്‍ഷം പൂര്‍ത്തിയായി
മുല്ലപ്പെരിയാര്‍ ഡാമിന് 125 വയസ്സ്. 1895 ഒക്‌ടോബര്‍ പത്തിന് കമ്മീഷന്‍ ചെയ്യപ്പെട്ട ഈ ഡാം ഏതു നിമിഷവും തകരാമെന്നു പറഞ്ഞത് ലോകം അറിയപ്പെടുന്ന ശാസ്ത്രജ്ഞന്മാരാണ്.
1964 ല്‍ കേന്ദ്രജലകമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡോ. കെ.സി. തോമസ് ഡാം അപകടനിലയിലാണെന്നു കണ്ടെത്തി റിപ്പോര്‍ട്ട് കൊടുത്തതിനുശേഷം ആവിര്‍ഭവിച്ച തര്‍ക്കങ്ങള്‍ ഇന്നും തീര്‍ന്നിട്ടില്ല. ഇനി നമുക്കു തര്‍ക്കിച്ചുനില്‍ക്കാന്‍ സമയമുണ്ടോ?
തമിഴ്‌നാടിന്റെ പൊതു പ്രശ്‌നങ്ങളില്‍ തമിഴ് രാഷ്ട്രീയനേതാക്കള്‍ ഒന്നിച്ചുനിന്നാണ് പരിഹാരമുണ്ടാക്കുന്നത്. കേരളത്തില്‍ നാടിന്റെ നന്മയ്ക്കുതകുന്ന ഒരു പ്രായോഗികസമീപനം നിര്‍ഭാഗ്യവശാല്‍ നാളിതുവരെ ഇല്ല. മുല്ലപ്പെരിയാറില്‍ മാത്രമല്ല, കേരളത്തിന്റെ കിഴക്കന്‍മലയോരങ്ങളില്‍നിന്നും ഉദ്ഭവിക്കുന്ന പല നദികളിലും തമിഴ്‌നാട് ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. കൈയേറ്റങ്ങള്‍ നടത്തിയും അണക്കെട്ടുകള്‍ കെട്ടിയും തുരങ്കങ്ങള്‍ തീര്‍ത്തും വെള്ളം കടത്തുന്നു.
പെരിയാര്‍ നദിയിലെ ഒന്നാമത്തെ അണക്കെട്ടാണ് മുല്ലപ്പെരിയാര്‍. സമുദ്രനിരപ്പില്‍നിന്ന് 2980 അടി (881 മീ.) ഉയരം. മുല്ലപ്പെരിയാര്‍ ഡാമിനു താഴെ നേര്‍രേഖയില്‍ ചെറുതോണിയും കുളമാവും ചേര്‍ന്ന ഇടുക്കിയും നേര്യമംഗലവും ലോവര്‍ പെരിയാറും ഭൂതത്താന്‍കെട്ടും സ്ഥിതിചെയ്യുന്നു.
2980 അടി ഉയരത്തില്‍നിന്ന് ഒരു വസ്തു താഴോട്ടു പതിച്ചാലുണ്ടാകാവുന്ന ദുരന്തം വിവരണാതീതമാണ്. ഒരു ടണ്‍ ഭാരമുള്ള ഒരു കല്ല് ഇപ്രകാരം വീണാല്‍ വീഴുന്ന സ്ഥലത്ത് 45 അടി ആഴത്തില്‍ കുഴിയുണ്ടാകും. വീഴുന്നതു വെള്ളമായതിനാല്‍ 45 ഡിഗ്രി ചെരിവുള്ള പ്രതലത്തിലും 20 ഡിഗ്രി ചെരിഞ്ഞ പ്രതലത്തിലും താഴേക്കു പ്രവഹിക്കുമ്പോള്‍ വേഗം 120 കിലോമീറ്റര്‍ ഉണ്ടാകും. എത്ര വലിയ തടസ്സങ്ങളും ഇടിച്ചുതെറിപ്പിച്ച് താഴേക്കു കുത്തിയൊലിക്കും.
മുല്ലപ്പെരിയാറിലെ ജലശേഷി 15 ദശലക്ഷം ഘനയടിയാണ്. ഇടുക്കിയിലേത് 70 ദശലക്ഷം. താഴെ ലോവര്‍ പെരിയാറില്‍ 10 ദശലക്ഷവും. വരുന്ന വെള്ളം അതേപടി ശക്തിനിലയത്തിലേക്കു കയറ്റിവിടാനുദ്ദേശിച്ചിരിക്കുന്നതിനാല്‍ അളവില്‍ക്കൂടുതല്‍ വന്നാല്‍ അണക്കെട്ട് തുറക്കുകയോ കവിഞ്ഞൊഴുകുകയോ ചെയ്യുന്നു. ഇതു ഭൂതത്താന്‍കെട്ടിലെത്തി അവിടെ സംഭരിക്കപ്പെട്ടിരിക്കുന്ന 10 ദശലക്ഷം ഘനയടിയും ചേര്‍ന്ന് താഴേക്കൊഴുകുമ്പോള്‍ നദിയുടെ വീതിയും ഒഴുക്കിന്റെ വേഗവുമനുസരിച്ച് നേര്യമംഗലം മുതല്‍ താഴേക്ക് 48 അടി ഉയരത്തിലൊഴുകാം വെള്ളം. ആലുവാപ്പുഴയിലെത്തുമ്പോള്‍ നിരന്നും പരന്നും വ്യാപിക്കുന്നതിനാല്‍ ഉയരം 22 അടിയാകും. ഇത് എവിടെയെല്ലാം നാശം വിതയ്ക്കുമെന്നത് വേഗത്തെ ആശ്രയിച്ചിരിക്കും. നദീതീരങ്ങളിലെ കഥ മാത്രമാണിത്. മറിച്ച്, 120 കി.മീ. വേഗത്തില്‍ മുല്ലപ്പെരിയാറില്‍നിന്നു കുതിച്ചുപായുന്ന വെള്ളം തീരദേശത്തെ ചെറുകുന്നുകളെ കടപുഴക്കിയൊഴുകിയാല്‍ പുതിയ വഴി രൂപപ്പെടുകയാവും ഫലം. വേഗം കൂടാന്‍ കാരണം ഉയരം തന്നെയാണ്.
ഇത്രയും മുല്ലപ്പെരിയാര്‍ ജലസംഭരണിയുടെ മാത്രം കാര്യമാണ്. ഇതു വന്നെത്തുന്നത് ഇടുക്കിയിലായതിനാല്‍ (നിറഞ്ഞിരിക്കുന്ന സമയത്താണെങ്കില്‍) ചെറുതോണിഡാമിന്റെ ഷട്ടറുകള്‍ ഒന്നിച്ചു തുറന്നുകൊടുക്കേണ്ട തായി വരും (സാവകാശം കിട്ടിയാല്‍). ഇല്ലെങ്കില്‍ ചെറുതോണി അണക്കെട്ടിലിടിച്ചു കവിഞ്ഞൊഴുകാം. ചെറുതോണി അണക്കെട്ടിനും എന്തെങ്കിലും സംഭവിച്ചാല്‍ 70 ദശലക്ഷം ഘനയടിയും മുല്ലപ്പെരിയാറിലെ 15 ദശലക്ഷം ഘനയടിയും താഴെയുള്ള മറ്റു ഡാമുകളിലെയും എല്ലാം ചേര്‍ന്ന് 125 ദശലക്ഷം ഘനയടി വെള്ളം ഉണ്ടാകും. ആലുവാപ്പുഴയില്‍നിന്ന് ഇരുകരകളിലേക്കും 30 അടി മുതല്‍ 45 അടി വരെ വെള്ളം ഉയരാം. ടിപ്പു സുല്‍ത്താന്‍ തിരിച്ചുപോയത് ഇതിന്റെ നൂറില്‍ ഒരു ഭാഗം വെള്ളം കണ്ടാണ് എന്നോര്‍ക്കണം. ഇതു നദിയുടെ ഇരുകരകളിലുമുള്ള സമസ്തജീവജാലങ്ങള്‍ക്കും പ്രകൃതിക്കും കനത്ത നഷ്ടം വരുത്തും.
ഡാം പൊട്ടിയാല്‍ പെരിയാറിലൂടെ മാത്രമേ നീരൊഴുക്കുണ്ടാകൂ എന്ന വാദം അര്‍ത്ഥശൂന്യമാണ്. മലകള്‍ ഇടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടാല്‍ പുതിയ നദികള്‍ രൂപപ്പെടുന്നതിനും പെരിയാറിന്റെ നാശത്തിനും സാധ്യതയേറെയാണ്. ഇടുക്കിഡാമില്‍ വെള്ളം എത്തുന്നതിനുമുമ്പുതന്നെ വണ്ടിപ്പെരിയാറിനടുത്തുള്ള അഴുത നദിയിലും വാഗമണ്ണിനടുത്തുള്ള മീനച്ചിലാറ്റിലും വെള്ളമുയരും. അങ്ങനെ വരുമ്പോള്‍ വടക്കു മീനച്ചിലാറ്റിലും തെക്കു പമ്പാനദിയിലും വെള്ളം നിറഞ്ഞിട്ട് കോട്ടയത്തിന്റെയും ആലപ്പുഴയുടെയും പത്തനംതിട്ടയുടെയും സര്‍വ്വനാശമായിരിക്കും ഫലം. പുതിയ നദികള്‍ രൂപപ്പെടാനും ലക്ഷക്കണക്കിന് മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും നാശത്തിനും അതു കാരണമാകും. ഇടുക്കി റിസര്‍വേയാറിലേക്ക് വെള്ളമെല്ലാം ഒഴുകിയെത്തുമെന്നു പ്രതീക്ഷിച്ചുകൊണ്ടുള്ള ഇപ്പോഴത്തെ ദുരന്തനിവാരണശ്രമങ്ങള്‍ പാളിപ്പോകും.