ഷൂട്ടിങ്ങില്‍ മൂന്നു മെഡല്‍ കിട്ടിയാല്‍ പാരിസില്‍ മെഡല്‍ നേട്ടത്തില്‍ രണ്ടക്കം കണ്ടെത്താം. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവും അഥവാ ഏഴു മെഡല്‍ എന്ന ടോക്കിയോയിലെ നേട്ടം മറികടക്കാം. ഒളിമ്പിക്‌സ്ചരിത്രത്തില്‍ ഇന്ത്യയ്ക്ക് പുതിയൊരു അധ്യായം തുറക്കാം. 117 കായികതാരങ്ങളും 140 സപ്പോര്‍ട്ട് സ്റ്റാഫുമായി പാരിസ് ഒളിമ്പിക്‌സിനെത്തിയ ഇന്ത്യയുടെ പ്രതീക്ഷ ഇങ്ങനെയൊക്കെയായിരുന്നു. പക്ഷേ, പാരിസ് ഒളിമ്പിക്‌സ് സമാപിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ഒരു വെള്ളിയും അഞ്ചുവെങ്കലവും മാത്രം. ആകെ ആറു മെഡല്‍; സ്വര്‍ണമില്ല.
ടോക്കിയോയില്‍ ജാവലിനില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്ര പാരിസില്‍ കൂടുതല്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചെങ്കിലും (89.45 മീറ്റര്‍) വെള്ളികൊണ്ടു തൃപ്തിപ്പെട്ടു. ഒരു ത്രോകൊണ്ട് ഫൈനലിലേക്കു യോഗ്യത നേടിയ നീരജിന്റെ ഫൈനലിലെ ആറു ത്രോകളില്‍ അഞ്ചും ഫൗള്‍. പരിക്കുമൂലം രാജ്യാന്തരമത്സരങ്ങള്‍ നിയന്ത്രിക്കേണ്ടിവന്നതാണ് നീരജിനു തിരിച്ചടിയായത്. ഒപ്പം, പാക്കിസ്ഥാന്റെ അര്‍ഷദ് നദീം കാഴ്ച വച്ച അസാമാന്യപ്രകടനവും (92.97 മീറ്റര്‍). മാത്രമല്ല, നദീമിന്റെ മറ്റൊരു ത്രോയും 90 മീറ്റര്‍ കടന്നിരുന്നു. (91.79 മീറ്റര്‍). നീരജിന് 90 മീറ്റര്‍ എന്ന കടമ്പ ഇനിയും അല്പം അകലെ. പക്ഷേ, പ്രായം ബാക്കിയുണ്ട്. 2028 ലെ ഒളിമ്പിക്‌സിനായി ചുവടുവയ്ക്കാം.
ഷൂട്ടിങ്ങില്‍ 2016 ലും 2020 ലും മെഡല്‍ ഇല്ലാതെ മടങ്ങിയ ഇന്ത്യ ഇക്കുറി ഏറെക്കുറെ പ്രതീക്ഷ കാത്തു. 21 ക്വോട്ട പ്ലേസുകള്‍ സ്വന്തമാക്കിയ ഇന്ത്യ 27 മെഡല്‍ ഇനങ്ങളില്‍ മത്സരിച്ചു. മൂന്നു വെങ്കലം കരസ്ഥമാക്കി. 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ വെങ്കലം നേടി മനു ഭാക്കര്‍ എന്ന ഇരുപത്തിരണ്ടുകാരിയാണ് ഇന്ത്യയുടെ മെഡല്‍നേട്ടത്തിനു തുടക്കമിട്ടത്. പിന്നീട് മനു സരബ്‌ജ്യോത്‌സിങ്ങുമൊത്ത് 10 മീറ്റര്‍ പിസ്റ്റല്‍ മിക്‌സ്ഡ് ടീം ഇനത്തിലും വെങ്കലം കരസ്ഥമാക്കി. സ്വതന്ത്രേന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണ് ഒരേ ഒളിമ്പിക്‌സില്‍ ഒരു താരം ഇരട്ടമെഡല്‍നേട്ടം കൈവരിക്കുന്നത്. മൂന്നാമതൊരു മെഡല്‍, 25 മീറ്റര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ തലനാരിഴയ്ക്കാണു വഴിമാറിയത്. ഷൂട്ടോഫില്‍ മനു നാലാമതായി.
അമ്പതു മീറ്റര്‍ റൈഫിള്‍ ത്രിപൊസിഷനില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുശാലയാണ് മൂന്നാം മെഡല്‍ ഇന്ത്യയ്ക്കായി കൈപ്പിടിയിലാക്കിയത്. പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യ ടോക്കിയോയിലെ വെങ്കലം നിലനിര്‍ത്തി സെമിയില്‍ ജര്‍മനിയോടു പൊരുതിത്തോല്‍ക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ ബ്രിട്ടനെതിരേ വിജയിച്ചതും ഗ്രൂപ്പ്ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ കീഴടക്കിയതും അര്‍ജന്റീനയെ സമനിലയില്‍ തളച്ചതും നേട്ടംതന്നെ. ബെല്‍ജിയത്തിനു മുന്നില്‍മാത്രമാണ് ഗ്രൂപ്പുപോരാട്ടത്തില്‍ കീഴടങ്ങിയത്.
മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിനും ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത്‌സിങ്ങിനും ഇതു നാലാം ഒളിമ്പിക്‌സ് ആയിരുന്നു. മുപ്പത്തേഴുകാരനായ ശ്രീജേഷ് ഒളിമ്പിക്‌സോടെ വിടവാങ്ങല്‍ പ്രഖ്യാപിച്ചിരുന്നു. ടോക്കിയോയുടെ തുടര്‍ച്ചയായി പാരീസിലും ഉജ്ജ്വലഫോമില്‍ കളിച്ച ശ്രീജേഷിന് മെഡലോടെ വിരമിക്കാന്‍ ടീം ഇടയാക്കി. ഡ്രാഗ്ഫ്‌ളിക്ക് വൈദഗ്ധ്യം പ്രകടമാക്കിയ നായകന്‍ ഹര്‍മന്‍ പ്രീത് 10 ഗോളാണ് പാരിസില്‍ നേടിയത്.
വിനേഷ് ഫോഗട്ടിന്റെ കണ്ണീര്‍ വീണ ഗോദയില്‍നിന്ന് പുരുഷന്മാരുടെ 57 കിലോ വിഭാഗത്തില്‍ അമന്‍ ശെരാവത് വെങ്കലം നേടി. ആറംഗ ഇന്ത്യന്‍ ഗുസ്തി ടീമിലെ ഏക പുരുഷതാരമായിരുന്നു അമന്‍. നന്നേ ചെറുപ്പത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ടവരാണ് വിനേഷ് ഫോഗട്ടും അമന്‍ ശെരാവതും. വിനേഷ് പിതൃസഹോദരന്‍ മഹാവീര്‍സിങ് ഫോഗട്ടിന്റെ കരുതലില്‍ വളര്‍ന്നെങ്കില്‍ അമന്‍ വളര്‍ന്നത് ഡല്‍ഹിയിലെ ഛത്രശാല്‍ അഖാഡയിലാണ്. ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍താരമാണ് ഇരുപത്തൊന്നുകാരനായ അമന്‍.
എണ്‍പതിലേറെ മത്സരങ്ങളില്‍ പരാജയമറിയാത്ത ജപ്പാന്‍ താരം യുയി സുസാകിയെ ആദ്യമത്സരത്തില്‍ അട്ടിമറിച്ച് മുന്നേറിയ വിനേഷ് ഫോഗട്ട് ഫൈനലില്‍ അമേരിക്കയുടെ സാറാ ആന്‍ ഹില്‍ഡര്‍ബ്രാന്റിനെ നേരിടാന്‍ ഒരുങ്ങുമ്പോഴാണ് 100 ഗ്രാം ഭാരക്കൂടുതല്‍ എന്ന പേരില്‍ അയോഗ്യയാക്കപ്പെട്ടത്. 50 കിലോ വിഭാഗത്തില്‍ മത്സരിച്ച വിനേഷിന്റെ അയോഗ്യത ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. വിനേഷിന്റെ കണ്ണീര്‍ ഇന്ത്യന്‍ജനതയുടെ ഹൃദയം പൊള്ളിച്ചു. ഗുസ്തിഫെഡറേഷനിലെ രാഷ്ട്രീയ അതികായന്മാരോട് തെരുവില്‍ ഗുസ്തിപിടിക്കേണ്ടി വന്ന വിനേഷിന് തിരിച്ചടികള്‍ തുടര്‍ക്കഥയായി. പക്ഷേ, സത്യവും നീതിയും എന്നെങ്കിലും ജയിക്കണ്ടേ?
നാലാം സ്ഥാനം പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ശാപമായിമാറി. മനു ഭാക്കറിനു (25 മീറ്റര്‍ പിസ്റ്റല്‍) പുറമേ ലക്ഷ്യസെന്‍ (ബാഡ്മിന്റണ്‍), മഹേശ്വരി - അനന്ത്ജിത് സഖ്യം (ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം), അങ്കിത ഭഗതും ധീരജ് ബോമ്മദേവരയും (ആര്‍ച്ചറി മിക്‌സ്ഡ് ടീം), അര്‍ജുന്‍ ബബുതയും (ഷൂട്ടിങ് 10 മീറ്റര്‍ ഫയര്‍ റൈഫിള്‍), മീരാബായ് ചാനുവും (ഭാരോദ്വഹനം 49 കിലോ വിഭാഗം) നാലാം സ്ഥാനംകൊണ്ടു തൃപ്തിപ്പെട്ടു.
ലക്ഷ്യസെന്‍ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ സെമിയിലും വെങ്കലമെഡല്‍ പോരാട്ടത്തിലും പരിചയസമ്പന്നരും കരുത്തരുമായ എതിരാളികള്‍ക്കെതിരേ വ്യക്തമായ ലീഡ് നേടിയശേഷമാണ് മത്സരം കൈവിട്ടത്. ഇരുപത്തിരണ്ടുകാരനെ പരിഭ്രാന്തനാക്കാന്‍ എതിരാളികള്‍ക്കു കഴിഞ്ഞു. അവരാകട്ടെ പതറാതെ തിരിച്ചുവന്നു. ബാഡ്മിന്റനില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന പുരുഷ ഡബിള്‍സ് സഖ്യം (ചിരാഗ് ഷെട്ടി - റാങ്കി റെഡ്ഡി) പ്രീക്വാര്‍ട്ടറില്‍ കീഴടങ്ങി. റിയോയിലും ടോക്കിയോയിലും മെഡല്‍ നേടിയ പി.വി. സിന്ധുവും പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. പ്രകാശ് പദുക്കോണും പുല്ലേല ഗോപീചന്ദും യു.വിമല്‍കുമാറും ഒരു ടീമായി പിന്നില്‍ നിന്നപ്പോള്‍ ബാഡ്മിന്റനില്‍ കുതിപ്പ് കണക്കുകൂട്ടിയിരുന്നു. പദുക്കോണ്‍ പറഞ്ഞതുപോലെ താരങ്ങളുടെ മനോബലം പോരായിരുന്നു. ജയിക്കണമെന്ന് വാശി കളിക്കാരില്‍ കണ്ടില്ല.
ഭാരോദ്വഹനത്തില്‍ ടോക്കിയോയിലെ വെള്ളിമെഡല്‍ ജേത്രി മീരാബായ് ചാനു പാരിസിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു. ഇടയ്ക്ക് പരുക്ക് അലട്ടിയിരുന്നു; പക്ഷേ, കണക്കുകൂട്ടലിലെ പിഴവല്ലേ, ഇക്കുറി മെഡല്‍ നഷ്ടമാക്കിയത്? സ്‌നാച്ചില്‍ 88 കിലോ ഉയര്‍ത്തിയ വീരാഭായ് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 111 കിലോയില്‍നിന്ന് നേരേ 114 കിലോ ഉയര്‍ത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടു. 112 കിലോയില്‍ വെങ്കലം ഉറപ്പിക്കാമായിരുന്നു.
ആര്‍ച്ചറിയില്‍ പുരുഷ ടീം മെഡല്‍ പ്രതീക്ഷയായിരുന്നു. സമീപകാലത്ത് അവര്‍ കൊറിയയെ അട്ടിമറിച്ചതുമാണ്. പക്ഷേ, ഒളിമ്പിക്‌സ് തുടങ്ങും മുമ്പുവരെ ടീമിനൊപ്പം പാരിസില്‍ ഉണ്ടായിരുന്ന, അവരെ ഇത്രത്തോളം എത്തിച്ച കൊറിയര്‍ കോച്ച് ബെയ്ക്ക് വൂങ് കിക്കിനും അതുപോലെ സൈക്കോളജിസ്റ്റ് ഗായത്രി മധേക്കര്‍ക്കും അക്രഡിറ്റേഷന്‍ കിട്ടിയില്ല. അവര്‍ക്ക് ഇന്ത്യയിലേക്കു മടങ്ങേണ്ടിവന്നു. ഇവരെ തഴഞ്ഞ് ഭാരവാഹികള്‍ വേണ്ടപ്പെട്ട ആരെയോ തിരുകിക്കയറ്റിയെന്നു സംശയിക്കണം. ജസ്പാല്‍ റാണ കോച്ചായി മടങ്ങിവന്നപ്പോള്‍ മനു ഭാക്കര്‍ കൈവരിച്ച നേട്ടം എല്ലാ കായികസംഘടനകള്‍ക്കും പാഠമാകേണ്ടതാണ്. ഹോക്കി ടീമിന് പുതിയ വിദേശകോച്ച് ക്രെയ്ഗ് ഫള്‍ട്ടനൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലെ അഡ്വഞ്ച്വറിസ്റ്റ് - മൈക്ക് ഹോങ്ങിന്റെ സംഭാവനയും വലുതാണ് എന്നും ഓര്‍ക്കണം.
ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ 29 അംഗടീമിനെയാണ് ഇന്ത്യ ഇറക്കിയത്. വനിതാ ഷോട്ട്പുട്ട് താരത്തിന് എന്‍ട്രി കിട്ടിയിരുന്നെങ്കില്‍ അത് 30 ആയേനെ. പാരീസിനു പോയ ഇന്ത്യന്‍ ടീമില്‍ ഏറ്റവും അധികം പേര്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളായിരുന്നു. ആകെ നേട്ടം നീരജിന്റെ വെള്ളി. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാബ്‌ലെ ഫൈനലില്‍ കടന്നു. പുരുഷന്മാരുടെ 4 ണ്മ 400 മീറ്റര്‍ റിലേയില്‍ ഹീറ്റില്‍ നാലാം സ്ഥാനവും ആകെ പത്താംസ്ഥാനവും. വനിതാ റിലേ ടീമിന്റെ പ്രകടനം ദയനീയമായിരുന്നു.
പാരിസ് ഒളിമ്പിക്‌സ് മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 470 കോടി രൂപയാണ്. ഒട്ടുമിക്ക താരങ്ങള്‍ക്കും വിദേശത്ത് പരിശീലനവും മത്സരവും സാധ്യമാക്കി. പക്ഷേ, ആസൂത്രണത്തില്‍ എവിടെയൊക്കെയോ പിഴച്ചു. സപ്പോര്‍ട്ട് സ്റ്റാഫില്‍ അനിവാര്യമായിരുന്ന ചിലര്‍ തഴയപ്പെട്ടു. ആവശ്യമില്ലാത്ത ചിലരെങ്കിലും കയറിപ്പറ്റി. ഈ ചരിത്രം തുടര്‍ക്കഥയാകുന്നു. ഇനി കേരളത്തിന്റെ കാര്യം! ഇന്ത്യ മത്സരിച്ച 16 ഇനങ്ങളില്‍ മൂന്നില്‍ മാത്രം കേരളത്തിന്റെ സാന്നിധ്യം. വനിതാപ്രാതിനിധ്യം ഇല്ലായിരുന്നു. അതില്‍ ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയിക്കും ഹോക്കി താരം പി.ആര്‍. ശ്രീജേഷിനും പിന്‍ഗാമികള്‍ ഉണ്ടായില്ലെങ്കില്‍ മലയാളിസാന്നിധ്യം ഇനിയും കുറയും.