അമിതവേഗത്തില്‍ ബൈക്കോടിച്ച് അപകടത്തില്‍പ്പെട്ടു മരിച്ച പത്തൊമ്പതുകാരന്റെ അമ്മയും അപ്പനും എന്നെ കാണാന്‍ വന്നു. അമ്മയുടെ ദുഃഖം രണ്ടായിരുന്നു. ഒന്ന്: മരിച്ച സ്വന്തം കുഞ്ഞിനെയോര്‍ത്ത്. രണ്ട്: മകനോട് ഒടുങ്ങാത്ത കലിയുള്ള പിതാവിനെ അഥവാ അവരുടെ ഭര്‍ത്താവിനെയോര്‍ത്ത്.
''ഞാനല്ല അവന് ആ ബൈക്കു മേടിച്ചുകൊടുത്തത്. ഞാന്‍ കൊടുക്കില്ല എന്നു പറഞ്ഞപ്പോള്‍ എന്റെ ജ്യേഷ്ഠനെ സോപ്പിട്ട് അവന്‍ വാങ്ങിയതാ. എനിക്ക് ആണായിട്ടും പെണ്ണായിട്ടും ഒരുത്തനേ ഉണ്ടായിരുന്നുള്ളൂ. അവന്റെ അമ്മയ്ക്കും എന്റെ വാക്കു കേള്‍ക്കാന്‍ താത്പര്യമില്ലായിരുന്നു. അനുസരണയില്ലാത്ത ഒരു മകനായിപ്പോയല്ലോ അവന്‍.'' ക്രോധത്തോടെ ആ പിതാവ് വിങ്ങിപ്പൊട്ടി കൗണ്‍സലിങ് റൂമില്‍നിന്ന് ഇറങ്ങിപ്പോയി. നെഞ്ചുരുകിക്കരയുന്ന ആ അമ്മയോടു ഞാന്‍ ചോദിച്ചു: ''ആരു പറഞ്ഞു നിങ്ങളുടെ ഭര്‍ത്താവിന് മോനോട് ഒടുങ്ങാത്ത കലിയാണ് എന്ന്? ആ മനുഷ്യനു കലിയല്ല; മറിച്ച്, തന്റെ വാക്കു കേള്‍ക്കാത്ത മകന്‍ ചെയ്ത പ്രവൃത്തിയെക്കുറിച്ചും അതിന്റെ ഫലമായി അവനെ നഷ്ടപ്പെട്ടതിനെക്കുറിച്ചുമുള്ള പറഞ്ഞറിയിക്കാന്‍ പറ്റാത്ത ദുഃഖമാണ്.''
ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ നഷ്ടമാകുന്ന മാതാപിതാക്കളുടെ ദുഃഖം ഒരു കൗണ്‍സലര്‍ എന്ന നിലയില്‍ ഞാന്‍ ഒത്തിരി കണ്ടിട്ടുണ്ട്. അവരുടെ ഉള്ളു തണുപ്പിക്കുക അത്ര എളുപ്പമല്ല. എത്ര സംസാരിച്ചാലും നല്ല വാക്കുകള്‍ പറഞ്ഞാലും ചില ദുഃഖങ്ങള്‍ മാറില്ല. മകന്റെ വേര്‍പാടുമായി ബന്ധപ്പെട്ട് അവരുടെ ഉള്ളിലുണ്ടായിരുന്ന പഞ്ചേന്ദ്രിയാനുഭവങ്ങളെ തെറാപ്പികളിലൂടെ എടുത്തുകളയുകയോ, അവയുടെ പ്രഭാവം കുറയ്ക്കുകയോ ചെയ്യുന്ന പ്രക്രിയയാണ് (Submodalities Desensitization) ഞാനവരില്‍ ചെയ്തത്. ഒന്നരമണിക്കൂര്‍ സെഷന്‍ കഴിഞ്ഞ് അവര്‍ ഇറങ്ങുമ്പോള്‍ മകനെ സ്‌നേഹിച്ചിരുന്ന അപ്പന്‍ ഇങ്ങനെ പറഞ്ഞു: ''അവനൊരു മാലാഖയായി ഞങ്ങള്‍ക്കുവേണ്ടി സ്വര്‍ഗത്തിലിരുന്നു പ്രാര്‍ഥിക്കും.''
മക്കള്‍ എന്തുകൊണ്ട് മാതാപിതാക്കളെ ധിക്കരിക്കുന്നു?
ഗര്‍ഭാവസ്ഥമുതല്‍ അനുസരണത്തിന്റെ പാഠങ്ങള്‍ കുട്ടി പഠിക്കുന്നു. ഗര്‍ഭാവസ്ഥയിലുള്ള ഒരു കുട്ടി അമ്മയുടെ വികാരവിചാരങ്ങള്‍ മനസ്സിലാക്കുന്നു. അതിനനുസരിച്ചു പ്രതികരിക്കുന്നു. അമ്മയ്ക്കു തന്റെ മാതാപിതാക്കളെ അനുസരിക്കുന്ന ശീലമുണ്ടെങ്കില്‍ അതു കുട്ടിയിലേക്കു കൈമാറ്റം ചെയ്യപ്പെടും. ഭര്‍ത്താവിനെ അനുസരിക്കുന്ന ഭാര്യയും ഭാര്യയെ അനുസരിക്കുന്ന ഭര്‍ത്താവും അപ്പനും അമ്മയും എന്ന നിലയില്‍ കുട്ടിക്ക് എന്നും മാതൃകയായിരിക്കും. അനുസരണശീലമില്ലാത്ത കുട്ടികളുടെ, യുവാക്കളുടെ വീടുകളില്‍ പരസ്പരം അനുസരിക്കാത്ത മാതാപിതാക്കളെ സാധാരണരീതിയില്‍ കാണാന്‍ കഴിയും. ഇത്തരം വീടുകളിലെ മാതാപിതാക്കള്‍ പരസ്പരം അനുസരിക്കാത്തത് അഹന്ത, പരസ്പരബഹുമാനമില്ലായ്മ, അനുസരിച്ചാല്‍ താന്‍ ചെറുതായിപ്പോകുമെന്ന ധാരണ, അനുസരിച്ചു ശീലമില്ലായ്മ, താന്‍ ചിന്തിക്കുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതുംമാത്രമാണ് ശരിയെന്ന വിശ്വാസമുള്ള പങ്കാളി, അനുസരിക്കേണ്ടതും അല്ലാത്തതുമായ കാര്യങ്ങളെ വിവേചിച്ചറിയാനുള്ള സാമാന്യബോധത്തിന്റെ കുറവ്, ചില മാനസികരോഗങ്ങള്‍ തുടങ്ങിയവയൊക്കെ അനുസരണക്കേടിലേക്കു നയിക്കാം. ഇതൊക്കെ കുട്ടികള്‍ നിരീക്ഷിക്കുന്നുണ്ടെന്നു മാതാപിതാക്കള്‍ അറിയണം. മാതാപിതാക്കള്‍ എന്തു പറഞ്ഞാലും ചെയ്താലും മക്കള്‍ അതേപോലെ കോപ്പി ചെയ്യും.
നാം സര്‍വസാധാരണമായി കേള്‍ക്കുന്ന കാര്യമാണ് അരുതുകള്‍ ഒഴിവാക്കണം എന്നത്. കുട്ടികളായാലും മുതിര്‍ന്നവരായാലും 'ചെയ്യരുത്' എന്നു പറയുന്ന കാര്യം ചെയ്യാനാണു പ്രേരണ. ഒരു വ്യക്തിയോട് ഗ്ലാസ് താഴെ ഇടരുത് എന്നു പറയുമ്പോള്‍ അയാള്‍ മനസ്സില്‍ കാണുന്ന ചിത്രം ഗ്ലാസ് താഴെ വീണു പൊട്ടുന്നതായിരിക്കും. ഈ ചിന്ത ഗ്ലാസ് താഴെ വീഴാന്‍ കാരണമാകും. മനസ്സില്‍ സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശരീരം ശ്രമിക്കും. എന്നാല്‍, ഗ്ലാസ് മുറുകെപ്പിടിക്കണം എന്നു പറഞ്ഞാല്‍ വ്യക്തി കാണുന്ന ചിത്രം ഗ്ലാസ് മുറുകെ പ്പിടിച്ചിരിക്കുന്നതായിരിക്കും. ഇത് ആദ്യത്തേതിന്റെ നേരേ വിപരീതമായ നല്ല ഫലമുണ്ടാക്കും. ചുരുക്കത്തില്‍, നാം മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ അവര്‍ എന്താണോ ചെയ്യേണ്ടത് അതു നാം പറയണം. ഇതിലേക്കായി ചില ഉദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
- ഇന്ന് അവിടെ പോകേണ്ടാ
- മറ്റൊരു ദിവസം അവിടെ പോകാം.
- ബൈക്ക് മേടിക്കണ്ടാ
- ബൈക്ക് മേടിക്കുന്നതിനെക്കുറിച്ചു പിന്നീട് ചിന്തിക്കാം.
- റ്റി.വി. കാണേണ്ടാ
- ഇപ്പോള്‍ ഇരുന്നു പഠിക്ക്
- സിനിമയ്ക്കു പോകേണ്ട
- മറ്റൊരു ദിവസം നമുക്ക് സിനിമയ്ക്കു പോകാം.
- നീ പഠിക്കാത്തതുകൊണ്ടാണ് പരീക്ഷയ്ക്കു തോറ്റുപോകു
ന്നത്.
- നീ നന്നായി പഠിച്ചാല്‍ പരീക്ഷയ്ക്കു നല്ല മാര്‍ക്ക് കിട്ടും.
- നിങ്ങള്‍ ഒന്നിനും കൊള്ളാത്തവനാണ്.
- ഒത്തിരി കഴിവുകളുള്ള വ്യക്തിയാണ് നിങ്ങള്‍.
അനുസരണശീലം അളക്കാം
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ വായിച്ച് നമുക്കേവര്‍ക്കും അനുസരണശീലം അളക്കാം.
1. എന്റെ പ്രിയപ്പെട്ടവര്‍ ഏതെങ്കിലും ഒരു കാര്യം പറയുമ്പോള്‍ ഞാനതിനെ വിമര്‍ശനബുദ്ധ്യാ വിലയിരുത്താറില്ല.
ശരി/ തെറ്റ്
2. എനിക്കടുപ്പമുള്ളവര്‍ ഒരു കാര്യം ചെയ്യേണ്ടായെന്നു പറയുമ്പോള്‍ എനിക്കതു ചെയ്യാതിരിക്കാനാണ് കൂടുതല്‍ ഇഷ്ടം.
ശരി/ തെറ്റ്
3. മറ്റുള്ളവരെ അനുസരിക്കുന്നതും അവരുടെ ആശയങ്ങള്‍ സ്വീകരിക്കുന്നതും എന്റെ കഴിവായാണ് ഞാന്‍ കാണാറുള്ളത്.
ശരി/ തെറ്റ്
4. മറ്റുള്ളവര്‍ ആത്മാര്‍ഥതയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ആയതിനെ നീരസത്തോടെ എതിര്‍ക്കുന്ന സ്വഭാവം എനിക്കില്ല.
ശരി/ തെറ്റ്
5. മുതിര്‍ന്നവര്‍ പറയുന്നതു നല്ല കാര്യങ്ങളാണെങ്കില്‍ അത് അനുസരിക്കണമെന്ന് മക്കളോട്/ കുട്ടികളോട് പറയാറുണ്ട്.
ശരി/ തെറ്റ്
6. ഞാന്‍ എല്ലായ്‌പ്പോഴും ശരിയാണ് എന്ന് ഒരിക്കലും ചിന്തിക്കാറില്ല.
ശരി/ തെറ്റ്
7. തെറ്റുപറ്റി എന്ന തോന്നല്‍ ഉണ്ടായാല്‍ അതു തിരുത്താനും മാപ്പുചോദിക്കാനും എനിക്കു കഴിയാറുണ്ട്.
ശരി/ തെറ്റ്
8. മറ്റുള്ളവരുടെ വിമര്‍ശനങ്ങള്‍ ക്രിയാത്മകമാണെങ്കില്‍ അതു ഞാന്‍ ശ്രദ്ധയോടെ ശാന്തമായി കേള്‍ക്കുകയും കൂടുതല്‍ വ്യക്തതയ്ക്കായി ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യാറുണ്ട്.
ശരി/ തെറ്റ്
9. വിധേയപ്പെടുക, ബഹുമാനിക്കുക, അധികപ്രസംഗം നടത്താതിരിക്കുക, അഹന്ത ഒഴിവാക്കുക, എല്ലാം അറിയാമെന്ന ഭാവം തുടച്ചുമാറ്റുക എന്നീ മൂല്യങ്ങള്‍ അവശ്യസമയങ്ങളില്‍ ഞാന്‍ പ്രാവര്‍ത്തികമാക്കാറുണ്ട്.
ശരി/ തെറ്റ്
മേല്‍സൂചിപ്പിച്ച പത്തു പ്രസ്താവനകളും നമ്മുടെ ജീവിതത്തില്‍ മൂല്യങ്ങളായി തെളിഞ്ഞുനില്‍ക്കേണ്ടവതന്നെയാണ്. മദ്യപനായ ഭര്‍ത്താവിന്റെ അടുത്തു ഭാര്യയുംക്ഷിപ്രകോപിയായ ഭാര്യയുടെ അടുത്തു ഭര്‍ത്താവും ക്രൂരരായ മാതാപിതാക്കളുടെ അടുത്തു മക്കളും ഇത്തരം മൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കി വിജയിച്ച അനേകം സംഭവങ്ങള്‍ എന്റെ കൗണ്‍സലിങ് ജീവിതത്തിലുണ്ട്. എന്നാല്‍, ഈ മൂല്യങ്ങള്‍ ഒരിക്കലും മറ്റൊരാളെ മുതലാക്കുന്നതിനുവേണ്ടി ആരുടെയും തലയില്‍ അടിച്ചേല്പിക്കാന്‍ പാടില്ല. അനുസരണം ഒരു കലയാണ്.