•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ചിതലരിക്കാത്ത ചിലതുകള്‍ക്കുവേണ്ടി

''മലയാളത്തില്‍ പനിവന്നാല്‍


എന്തിനാണ് ഇംഗ്ലീഷ് മരുന്ന്?''
ആടലോടകവും തഴുതാമയും കല്‍ക്കണ്ടവും ഇരട്ടിമധുരവും നാല്പാമരവുമൊക്കെ മറന്നുതുടങ്ങിയ മലയാളികളോട് ബിജോയ് ചന്ദ്രന്‍ എന്ന കവിയാണു ചോദ്യമുന്നയിക്കുന്നത്. പനിത്തളര്‍ച്ചയിലാണ്ടുപോയ പകലിന്റെ കയ്പ് ചവച്ചിറക്കി ഉപ്പുതരിയലിഞ്ഞുചേര്‍ന്ന ചൂടുകഞ്ഞി കുടിച്ചുവിയര്‍ത്ത് ശരീരത്തെ ജ്വരമുക്തമാക്കിയ കാലമല്ല ഇത്. എച്ച്‌വണ്‍ എന്‍ വണ്‍, ഡെങ്കി തുടങ്ങിയ പേരുകളില്‍ ലോകം ഇംഗ്ലീഷില്‍ പനിച്ചുവിറയ്ക്കുന്ന കാലമാണിത് എന്ന ഉത്തരത്തോടെയാണ് ''മലയാളത്തിന്റെ മരുന്നുകട'' എന്ന കവിത അദ്ദേഹം അവസാനിപ്പിക്കുന്നത്.
ജീവിതസൗകര്യങ്ങളുടെയും ആഗ്രഹങ്ങളുടെയും വാമനത്വത്തില്‍നിന്ന് കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ മലയാളി വളര്‍ന്നിരിക്കുന്നു. പുതുലോകസാധ്യതകളുടെ ഭൂപടങ്ങളത്രയും നിമിഷനേരംകൊണ്ടളന്നു കീഴടക്കുന്ന വിശ്വജേതാക്കളായിത്തന്നെയാണ് നമ്മുടെ പുതിയ തലമുറ വളരുന്നത്; സംശയമില്ല. അതുകൊണ്ടുതന്നെ, മഹാമാരികള്‍ വിതയ്ക്കുന്ന ഭയാശങ്കകള്‍ക്കൊപ്പംമാത്രമല്ല, ആത്മീയതയുടെയും ഉപഭോഗപരതയുടെയും പരിസ്ഥിതിയുടെയും മേഖലകളില്‍ സംഭവിച്ച വിനാശകരമായ ജ്വരബാധകള്‍ക്കൊപ്പംകൂടിയാണ് കേരളം ഇപ്പോള്‍ വിറച്ചുതളരുന്നത്. എന്നോ മറന്നുപോയ കഷായക്കൂട്ടിന്റെ കയ്പുപോലെ പഴയ ചിലതിനെയെല്ലാം നമുക്കു വീണ്ടെടുത്തേ മതിയാകൂ.
ഒരു ജപമാലയില്‍ മുറുകെപ്പിടിച്ച് അല്പസമയം ശാന്തമായിരുന്നാല്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലേക്കൊന്നും നമ്മുടെ പൂര്‍വികര്‍ വീണുപോയിരുന്നില്ല. അവരുടെ ലോകം ചെറുതായിരുന്നുവെന്നും അവര്‍ക്കു വലിയ സ്വപ്നങ്ങള്‍ ഇല്ലായിരുന്നുവെന്നും ഉള്ളതു തപ്പിപ്പെറുക്കിമാത്രം കടന്നുപോയവരെന്നും നമുക്കു വിധിക്കാം. ഇടവകപ്പള്ളിക്കും കൃഷിയിടങ്ങള്‍ക്കും ബന്ധുഗൃഹങ്ങള്‍ക്കുമപ്പുറം മറ്റൊരു ലോകം ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവര്‍. എങ്കിലും അകവും പുറവും ഒരുപോലെ  ദൃഢമായിരുന്ന മനുഷ്യരായിരുന്നു അവര്‍. സ്വന്തം ജീവിതവും കുടുംബവും അവരുടെ കൈകളില്‍ ഭദ്രമായിരുന്നു. നമ്മുടേതോ? അസൂയ തോന്നത്തക്കവിധത്തില്‍ പുറംമോടികളാര്‍ന്നതും എന്നാല്‍, അകം ദുര്‍ബലവുമായ ഒരു സംസ്‌കാരവും തലമുറയും രൂപംകൊള്ളാന്‍ നമ്മുടെ ചില മറവികള്‍ കാരണമാകുന്നുണ്ട്. അഭീഷ്ടലബ്ധിയുടെ ഉപകാരസ്തുതികളില്‍മാത്രമല്ല, സഫലമാകാത്ത പ്രാര്‍ഥനകളും സാക്ഷാത്കരിക്കപ്പെടാത്ത സ്വപ്നങ്ങളും താങ്ങാവുന്നതിനപ്പുറമുള്ള ഒറ്റപ്പെടലുകളും അപമാനവും കൂട്ടിമുട്ടുന്ന ജീവിതത്തിന്റെ മുക്കൂട്ടപ്പെരുവഴിയിലും ചേര്‍ത്തുപിടിക്കാനൊരു ദൈവമുണ്ടെന്ന ജീവോന്മുഖമായ ബോധ്യം പഴയകാലത്തിന്റെ കഷായക്കയ്പ്പുപോലെ നമുക്ക് അന്യമാവുകയല്ലേ?
പീടികക്കാരന്‍ പിശുക്കി മുറിച്ചെടുക്കുന്ന കടലാസുതുണ്ടില്‍ എഴുതിക്കൂട്ടിയാല്‍ തീരാവുന്ന ജീവിതാവശ്യങ്ങളേ ഒരിക്കല്‍ നമുക്കുണ്ടായിരുന്നുള്ളൂ. എങ്കിലും, ജീവിതം തൃപ്തമായിരുന്നു. ഉറക്കം സമാധാനപൂര്‍ണമായിരുന്നു. വാങ്ങുന്നവനും വില്ക്കുന്നവനും തമ്മിലുള്ള  പരസ്പരധാരണയുടെയും സൗഹൃദത്തിന്റെയും ഇടങ്ങള്‍കൂടിയായിരുന്നു അത്തരം പീടികമുറികള്‍. നാമിന്നതിനെ ഉപഭോഗപരതയുടെ കെണിനിലങ്ങളിലേക്കു പറിച്ചുനടാന്‍ വെമ്പുന്നു. അല്പകാലത്തെ ഇലത്തഴപ്പുകള്‍ നോക്കി ഉള്ളം കുളിര്‍ക്കുന്നു. അവശ്യം എന്നു തോന്നിപ്പിച്ച ഒരുപാട് അനാവശ്യങ്ങളുടെ കരിവെയിലേറ്റ് ഒടുവില്‍ ജീവിതം വാടുകയോ വീണുപോവുകയോ ചെയ്യുന്നു.
മുന്നൂറു രൂപ വീട്ടുവാടക കൊടുക്കാന്‍പോലുമില്ലാത്ത ദരിദ്രനും നിസ്സഹായനുമായ ഒരു കുടുംബനാഥന്‍ നഗരത്തിലെ മുന്തിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ചെന്ന് വമ്പന്‍ വീടു പണിയാനുള്ള ചര്‍ച്ചകള്‍ നടത്തുന്നതും, പേരുകേട്ട വ്യാപാരശാലയില്‍ചെന്ന് ഇരുപതിനായിരത്തിന്റെ  സാരി എടുത്തുവയ്ക്കാന്‍ ആവശ്യപ്പെടുന്നതും, ബേക്കറിയില്‍ചെന്ന് കുട്ടികള്‍ക്കും ഭാര്യയ്ക്കും ഇഷ്ടമുള്ള മധുരപലഹാരങ്ങള്‍ വലിയ തുകയ്ക്ക് ഓര്‍ഡര്‍ ചെയ്യുന്നതും, പുതിയൊരു മാരുതിക്കാര്‍ വേണമെന്ന് വാഹനബ്രോക്കര്‍കൂടിയായ സുഹൃത്തിനോടാവശ്യപ്പെടുന്നതും, വിമാനത്താവളത്തില്‍ കയറിപ്പറ്റി അവിടെയുള്ള കാഴ്ചകള്‍ കൊതിയോടെ നോക്കിയിരിക്കുന്നതുമെല്ലാം 'മായാമയന്‍' എന്ന കഥയില്‍ എന്‍. പ്രഭാകരന്‍ ചിത്രീകരിക്കുന്നുണ്ട്. ഉണ്ണിക്കൃഷ്ണന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. താന്‍ ഇതിനൊക്കെ അര്‍ഹനാണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ചെന്നെത്തുന്ന ഇടങ്ങളിലെല്ലാം അയാള്‍ ബോധപൂര്‍വം തന്റെ സംസാരത്തില്‍ ഇംഗ്ലീഷ്പദങ്ങള്‍ തിരുകിക്കയറ്റുന്നു. ഒടുവില്‍ നഗരത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലിനുമുന്നില്‍ ടാക്‌സിക്കാശു കൊടുക്കാതെ കടന്നുകളയാന്‍ ശ്രമിക്കുന്ന ഉണ്ണിക്കൃഷ്ണനെ ഡ്രൈവറും മറ്റുള്ളവരും ചേര്‍ന്നു ടെലിഫോണ്‍ പോസ്റ്റില്‍ പിടിച്ചുകെട്ടിയിടുന്നു. അയാള്‍ അവര്‍ക്കുനേരേ വാതുറന്നപ്പോള്‍ അതില്‍ ഈരേഴുപതിന്നാലു ലോകങ്ങളും പ്രതിഫലിച്ചുവെന്ന വിവരണത്തോടെയാണ് കഥ അവസാനിക്കുന്നത്.
ജനനവും മരണവും വീടും വാഹനവും വേഷവും വിരുന്നും യാത്രയും വിനോദവുമെല്ലാം അവയുടെ യഥാര്‍ഥ ഔചിത്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുമപ്പുറം മറ്റേതൊക്കെയോ വ്യഗ്രതകളുടെ ആവിഷ്‌കാരോപാധികള്‍ മാത്രമായി മാറുന്നു.
ചാണകത്തിന്റെയും ചന്ദനത്തിന്റെയും വെവ്വേറെ ചിതകളില്‍ എരിയുന്ന മൃതദേഹങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ട് അച്ഛന്‍ മകനോടു ചോദിച്ചു; ''ഏതാണ് ഭഗവാനു പ്രിയം?
ചന്ദനമോ?
ചാണകമോ?''
ഒരു നിമിഷനേരത്തെ ആലോചനയ്ക്കുശേഷം കുട്ടി ഉത്തരം പറഞ്ഞു: ''ഭഗവാന്റെ നെറ്റിയില്‍ ചന്ദനം ഉണ്ട്. എങ്കിലും ഭഗവാനു കൂടുതലിഷ്ടം പൈക്കളോടായിരിക്കും.'' ഒ.വി. വിജയന്റെ 'ഗുരുസാഗര'ത്തിലേതാണ് ഈ സന്ദര്‍ഭം. നല്ലതുപോലെ ജീവിക്കാന്‍മാത്രമല്ല, നല്ലതുപോലെ മരിക്കാന്‍കൂടി പണം വേണോ എന്ന ചോദ്യത്തിന്റെ തുടര്‍ച്ചയിലാണ് നോവലിസ്റ്റ് ഈ രംഗം ചിത്രീകരിക്കുന്നത്.
ആധുനികജീവിതം അതിന്റെ എല്ലാ ആര്‍ഭാടങ്ങളോടുംകൂടി ചുറ്റും അരങ്ങുതകര്‍ക്കുമ്പോള്‍ അതിനു പിടികൊടുക്കാതെ ശാന്തമായി ജീവിക്കുന്ന ഒരു വൃദ്ധകര്‍ഷകന്റെ കഥയാണ് 'ഓള്‍ഡ് പാര്‍ട്ണര്‍' എന്ന ഡോക്യുമെന്ററി സിനിമയുടെ പ്രമേയം. ലീ ചുങ് റിയുള്‍ എന്ന  കൊറിയന്‍സംവിധായകന്റെ ആദ്യസിനിമയാണിത്. നിലം ഉഴുതുമറിക്കാനും വണ്ടി വലിക്കാനുമായി അയാള്‍ അനേകവര്‍ഷങ്ങള്‍ ഉപയോഗിച്ച ഒരു പശുവാണ് മറ്റൊരു പ്രധാനകഥാപാത്രം. കേള്‍വിക്കുറവും കാലിലെ മുറിവും മുടന്തുമുള്‍പ്പെടെയുള്ള വാര്‍ധക്യസഹജമായ പ്രശ്‌നങ്ങള്‍ അയാളെ അലട്ടുന്നുണ്ട്. ഏതാണ്ട് ഇതേ അവസ്ഥയില്‍ത്തന്നെയാണു പശുവും. വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കേട്ട് അയാള്‍ ആ സാധുമൃഗത്തെ ഉപേക്ഷിക്കാതെ തന്നാലാവുംവിധം അതിനെ പരിചരിക്കുകയും ട്രാക്ടറുകളും കീടനാശിനികളും രാസവളങ്ങളുമുപയോഗിച്ച് മറ്റുള്ളവര്‍ കൃഷിചെയ്ത് ആര്‍ത്തിയോടെ പണമുണ്ടാക്കുന്നതുകണ്ട് ഭ്രമിക്കാതെ തന്റെ നിലത്ത് പരമ്പരാഗതരീതിയില്‍ കൃഷി നടത്തുകയും ചെയ്യുന്നു. രോഗത്തെയും ശാരീരികപീഡകളെയും മറന്ന് ആ പശുവും അതിനെക്കൊണ്ടാവുംവിധം അയാള്‍ക്കുവേണ്ടി അധ്വാനിക്കുന്നു. ആധുനിക മോട്ടോര്‍വാഹനങ്ങള്‍ നിറഞ്ഞ നഗരത്തിലൂടെ പശു വലിക്കുന്ന ചെറുവണ്ടിയിലിരുന്ന് യാത്ര ചെയ്യുന്ന വൃദ്ധനും ആഡംബരവാഹനങ്ങള്‍ നിറഞ്ഞുകിടക്കുന്ന പാര്‍ക്കിങ് സ്ഥലത്ത് ആത്മവിശ്വാസമൊട്ടും കുറയാതെതന്നെ വൃദ്ധന്‍ തന്റെ 'വാഹനം' സുരക്ഷിതമായി പാര്‍ക്കു ചെയ്യുന്നതും സിനിമയിലെ സുന്ദരമായ ദൃശ്യങ്ങളാണ്. ചോയി വോണ്‍ ക്വയൂണ്‍ എന്ന കര്‍ഷകന്റെ യഥാര്‍ഥജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഈ ചിത്രം. രണ്ടു വര്‍ഷത്തോളം ഈ കുടുംബത്തിനൊപ്പം താമസിച്ചശേഷമാണ് സംവിധായകന്‍ ഇതു പൂര്‍ത്തിയാക്കിയത്. നാം എപ്പോഴൊക്കെയോ കൈവിട്ടുകളഞ്ഞ പഴയ ചിലതിനെ ചേര്‍ത്തുപിടിച്ചുകൊണ്ടും ആയുധങ്ങളാക്കിക്കൊണ്ടും പുതുകാലത്തിന്റെ ഹിംസാത്മകപ്രവണതകളോടു നടത്തുന്ന പോരാട്ടത്തിന്റെ പ്രതീകംകൂടിയാണ് 'ഓള്‍ഡ് പാര്‍ട്ണര്‍.'
അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട്പിതാവ് ഒരു മൃതസംസ്‌കാരശുശ്രൂഷയില്‍ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗം ഓര്‍ത്തുപോകുന്നു: ''നമ്മുടെ ആത്മീയത ഇന്നെവിടെ എത്തിനില്ക്കുന്നു എന്നറിയണമെങ്കില്‍ നമ്മുടെ വല്യമ്മച്ചിമാരില്‍നിന്ന് നാം എത്രമാത്രം ദൂരെയാണെന്ന് ആത്മശോധന നടത്തിയാല്‍ മതിയാകും.'' ആത്മീയതയില്‍ മാത്രമല്ല, ആധുനികജീവിതത്തിന്റെ എല്ലാ ഇടങ്ങളിലും ഇത്തരത്തിലുള്ള പഴയ ചിലതിനെ കൂട്ടുപിടിച്ചേ നമുക്കു മുന്നേറാനാകൂ എന്നതു വിസ്മരിക്കാതിരിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)