•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നാട്ടിലെ കുടുംബങ്ങള്‍ വേരറ്റുപോകരുത്

മാതൃഭാഷ അറിയാത്തവരും അതിനെ പുച്ഛിക്കുന്നവരുമായ മലയാളികളുടെ എണ്ണം പെരുകുകയാണ്. അക്ഷരം - വാക്ക് - വാക്യം - ആശയം എന്ന രീതിയില്‍ (സൂക്ഷ്മത്തില്‍നിന്നു സ്ഥൂലത്തിലേക്ക്) മുമ്പു പഠിച്ചിരുന്നതില്‍നിന്നു വ്യത്യസ്തമായി ആശയം-വാക്യം-വാക്ക്-അക്ഷരം (സ്ഥൂലത്തില്‍നിന്നു സൂക്ഷ്മത്തിലേക്ക്) എന്ന പഠനരീതിയിലേക്ക് ഇന്ന് എത്തിയതുവഴി മക്കള്‍ക്കൊന്നും എഴുതാനും വായിക്കാനുമറിയില്ല. കുട്ടികള്‍ ഇന്നു തപ്പിത്തടഞ്ഞു വായിക്കുന്നതും തെറ്റായി വായിക്കുന്നതുമൊക്കെ സാധാരണമായിരിക്കുന്നു. മലയാളക്കരയും മലയാളിയും നമുക്കിടയില്‍ വേരറ്റു പോകുന്ന കാഴ്ചയാണെങ്ങും. അടയുന്ന ഭവനങ്ങളും വിറ്റുപോകുന്ന വീടുകളും ഏറിവരുന്നു; 'വില്പനയ്ക്ക്' എന്ന ബോര്‍ഡുകളുടെ എണ്ണം കൂടിവരുന്നു. വൃദ്ധരുടെയിടമായി മലയാളനാടു മാറുന്നു. വലിയ വീടും ജീവിതസാഹചര്യങ്ങളുമുണ്ടെങ്കിലും മനസ്സുതുറന്നു സംസാരിക്കാന്‍പോലും ആളില്ലാത്ത അവസ്ഥ. വൃദ്ധരെ നോക്കുന്നതാകട്ടെ, ഇതരഭാഷക്കാരും. അതുകൊണ്ടുതന്നെ 'കമ്മ്യൂണിക്കേഷന്‍ ഗ്യാപ്' മരണംവരെ കൂട്ടായുണ്ട്. വിങ്ങുന്നതും തേങ്ങുന്നതും ഒതുങ്ങുന്നതുമായ പ്രായക്കാരുടെ ഇടമായിരിക്കുന്നു കേരളം! 
വിദ്യാഭ്യാസം
നമ്മുടെ മുഖ്യധാരാവിദ്യാഭ്യാസത്തിനു മാറ്റം വന്നിരിക്കുന്നു. ഉള്ളവരെയും ഇല്ലാത്തവരെയും പ്രഥമദൃഷ്ട്യാ തിരിച്ചറിയുന്ന തരത്തിലേക്ക് വിദ്യാഭ്യാസത്തിന്റെ നടത്തിപ്പു മാറിയതും, നമ്മുടെ അഭിമാനത്തിന്റെ പ്രശ്‌നമായി മക്കളുടെ വിദ്യാഭ്യാസത്തെ രൂപപ്പെടുത്തിയതും സമൂഹത്തിന്റെ താളം തെറ്റിച്ചു. സ്റ്റേറ്റ് സിലബസും സര്‍ക്കാര്‍  - എയ്ഡഡ് സ്‌കൂളുകളും പാര്‍ശ്വവത്കരിക്കപ്പെട്ടു. നല്ല വിദ്യാഭ്യാസം നല്ല പണം മുടക്കി നേടുന്നതാണെന്നു നാം തെറ്റിദ്ധരിച്ചു. നിലനില്പുനോക്കാതെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലും മക്കളെ സി.ബി.എസ്.ഇ.യിലും ഐ.സി.എസ്.ഇ. യിലുമൊക്കെ അയച്ച് പഠനം 'സ്റ്റാന്‍ഡേര്‍ഡ്' ആക്കിയപ്പോള്‍ ഒരു കാര്യം നാം മറന്നു. ഇത്രയധികം പണം മുടക്കി മാതൃഭാഷപോലും പഠിപ്പിക്കാതെ മക്കളെ എപ്ലസില്‍ത്തന്നെ വിജയിപ്പിച്ചെടുത്തിട്ട് ഭാവിയെന്തായി? 
തൊഴിലധിഷ്ഠിതവും ഉന്നതവുമെന്നൊക്കെ പറയുന്ന പഠനത്തിന് നാളെയിലേക്ക് ഒരു ജീവിതവിജയം ഒരുക്കാനും നാട്ടില്‍ ഒരു ഭാവി കരുപ്പിടിപ്പിക്കാനും അനുയോജ്യമായ സാഹചര്യമില്ലെന്നത് ഇന്നും നാം വിസ്മരിക്കുകയാണ്. പ്ലേസ്‌കൂള്‍ മുതല്‍ ആരംഭിക്കുന്ന 'വില'യേറിയ വിദ്യാഭ്യാസം പ്ലസ്ടു കഴിയുമ്പോഴേക്കും രക്ഷിതാക്കളുടെ വീടും പറമ്പുംവരെ പണയത്തിലാക്കും, പലരും കടത്തിന്റെ കൂട്ടിലുമാകും. പണം മുടക്കിയെങ്കിലും തൊഴില്‍ലഭ്യതയില്ലാത്തതുമൂലം രക്ഷിതാക്കള്‍ വീണ്ടും ഉള്ളതെല്ലാം വിറ്റുപെറുക്കി വിദേശപഠനതൊഴില്‍സാധ്യതകളിലേക്കു ചുവടുമാറ്റുന്നു. ഇതൊരു സ്ഥിരം പ്രതിഭാസമാവുകയും മക്കളൊന്നും നാട്ടിലില്ലെന്ന സ്ഥിതിയിലെത്തുകയും ചെയ്തു. മലയാളക്കര മലയാളികളില്ലാത്ത നാടാകുന്നു. ക്രൈസ്തവകുടുംബങ്ങളെയാണ് ഈ സ്ഥിതിവിശേഷം ഏറെ ബാധിച്ചിരിക്കുന്നത്! ഇതരഭാഷക്കാരെക്കൊണ്ടു തൊഴിലിടങ്ങള്‍ സമ്പന്നമാകുമ്പോഴും സാംസ്‌കാരികവും വൈജ്ഞാനികവുമായ ചരിത്രയിടങ്ങള്‍ ഇല്ലാതാകുന്നുവെന്നതു നാമറിയണം. നാടിന്റെ പൈതൃകവും പരമ്പരാഗതകുടുംബജീവിതപശ്ചാത്തലവും മാറി വെറും ആള്‍ക്കൂട്ടമോ പാര്‍പ്പിടസമുച്ചയങ്ങളോ ഒക്കെയായി നമ്മുടെ നാടു മാറുന്നു. വരുംതലമുറയില്‍ ആരുണ്ടിവിടെയെന്നത് ഒരു വലിയ ചോദ്യമാണ്. ഉള്ളതെല്ലാം വിറ്റുപെറുക്കി മക്കളെ പഠിപ്പിക്കുന്നു. വീണ്ടും അവശേഷിക്കുന്നവകൂടി വിറ്റ് അവരെ വിദേശത്തയയ്ക്കുന്നു. ഒരു നാടിന്റെയും സംസ്‌കാരത്തിന്റെയും തകര്‍ച്ചയാണു സംഭവിക്കുന്നത്!
നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗം പ്രശസ്തവും ഏറെ ലോകശ്രദ്ധ ലഭിച്ചിരുന്നതുമാണ്. പക്ഷേ, ഇന്നു നമ്മുടെ സര്‍വകലാശാലകളിലും കോളജുകളിലുമൊക്കെ പഠിക്കാന്‍ കുട്ടികള്‍ ഇല്ലാതാകുന്ന സ്ഥിതിവിശേഷമാണു സംജാതമായിരിക്കുന്നത്. ഇവിടെ ചെലവിടേണ്ട പണവും ബുദ്ധിയുമാണ് വിദേശത്തു മുതല്‍ക്കൂട്ടാകുന്നത്. 'പറക്കാം, പഠിക്കാം, തൊഴില്‍ നേടാം' എന്നൊക്കെയുള്ള ആകര്‍ഷണീയമുദ്രാവാക്യങ്ങളുമായി യുവതയെ കയറ്റിയയയ്ക്കാന്‍ തിരക്കുകൂട്ടുന്ന കച്ചവടക്കണ്ണുള്ള സ്ഥാപനങ്ങള്‍ മാറിച്ചിന്തിക്കണം; നമ്മുടെ നാടു വളരാനും നാളെയുടെ മക്കള്‍ ഇവിടെ അഭിമാനത്തോടെ ജീവിക്കാനുമുതകുന്ന തരത്തിലുള്ള 'സ്റ്റാര്‍ട്ടപ്പുകള്‍' രൂപപ്പെടുത്താന്‍ ഇത്തരം സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം.
കൃഷിയും തൊഴിലും
നമ്മുടെ നാട് ലോകസഞ്ചാരികള്‍ക്കുമുമ്പില്‍ തനിമയും പൊലിമയും പെരുമയും ഉള്ളതാണ്. ഇത്ര മനോഹരമായ ഒരു നാട് ലോകത്തൊരിടത്തും കാണില്ലെന്ന് എല്ലാവരും സമ്മതിക്കുമ്പോഴും നാടിനെക്കുറിച്ചു നമുക്കത്ര മതിപ്പില്ല. കൃഷികൊണ്ടുമാത്രം ജീവിച്ചിരുന്ന കേരളീയര്‍ക്ക് ഇന്നു കൃഷിയും കൃഷിക്കാരനും അവഗണനയുടെ പുറമ്പോക്കുമാത്രം. സംസ്‌കാരവും സമൃദ്ധിയും സമൂഹത്തിനായി കൊണ്ടെത്തിക്കുന്ന കര്‍ഷകര്‍ നാടിന്റെ മുഖ്യധാരയിലെ സഞ്ചാരികളാകേണ്ടിടത്ത് ഒന്നിനും കൊള്ളാത്തവര്‍ എന്നു മുദ്രകുത്തപ്പെടുന്നു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്നു കര്‍ഷകര്‍ക്കു സംരക്ഷണമൊരുക്കാന്‍ അധികാരികള്‍ മനസ്സു കാണിക്കുന്നില്ല. ഇത്തരത്തിലുള്ള അവഗണനയുടെ മേഖലയിലേക്ക് ആധുനികതലമുറ കടന്നുവരാത്തതില്‍ അതിശയിക്കാനുണ്ടോ?
ലോകത്തെ അദ്ഭുതപ്പെടുത്തുന്ന രുചിവൈവിധ്യങ്ങളൊരുക്കുന്ന വിഭവസമൃദ്ധിയുടെ വിളകള്‍ക്കൊണ്ടു നിറയുന്ന കേരളത്തിന്റെ പരിസ്ഥിതിയും കാലാവസ്ഥയും ഭൂപ്രകൃതിയും നമ്മെ മാത്രം അദ്ഭുതപ്പെടുത്താറില്ലത്രേ? എങ്ങനെയും വിദേശത്തെത്തിയാല്‍ 'മലയാളിക്കട' തേടിനടന്നു രുചി ആസ്വദിക്കാന്‍ പാടുപെടുന്ന മലയാളിക്ക് മുറ്റത്തെമുല്ല മണമില്ലാത്തതാകുന്നു. നമുക്കാണെങ്കില്‍ ഇവിടുത്തെ വിളകള്‍കൊണ്ട് മൂല്യവര്‍ധിതോത്പന്നങ്ങളുണ്ടാക്കി വിപണനം ചെയ്യാനും 'വിദേശനാണ്യം സമ്പാദിക്കാനും' തൊഴില്‍സാധ്യതകളെ കുത്തനെ ഉയര്‍ത്തുന്ന കാര്‍ഷികവിളകളുടെ ഗവേഷണങ്ങളും അതിനു സമാനമായ സ്റ്റാര്‍ട്ടപ്പുകളും തുടങ്ങാനും തെല്ലും ഇച്ഛാശക്തിയില്ല. നാടിന്റെ വളര്‍ച്ചയിലേക്കു കര്‍ഷകരെയും കാര്‍ഷികമേഖലയെയും കൊണ്ടെത്തിക്കണം. പഠനകാലത്തുതന്നെ മക്കള്‍ നാടിന്റെ മൂല്യവും സംസ്‌കൃതിയും തിരിച്ചറിയണം. 
നാം വിദേശത്തെത്തിയാല്‍ ഒറ്റമുറിവീട്ടില്‍ സുഖമായും സംതൃപ്തമായും അഭിമാനത്തോടെയും ജീവിക്കും. നാട്ടിലാണെങ്കില്‍ ഒരുപാടു മുറിയും ഒട്ടനവധി സൗകര്യങ്ങളുമുണ്ടെങ്കിലും തൃപ്തിയില്ല. അഭിമാനം സമ്മതിക്കുന്നുമില്ല. ഇത്തരത്തിലുള്ള ഒരു ജീവിതസങ്കല്പമാണ് നമുക്കുള്ളത്. ഉള്ളതുകൊണ്ട് ഓണംപോലെ ജീവിക്കാന്‍ പഠിപ്പിക്കുന്ന 'സിലബസും കരിക്കുലവും' ഉണ്ടാകണം.  ഏതു രാജ്യത്തായാലും മലയാളം പഠിക്കുന്നതുകൊണ്ടു മലയാളിക്കു കോട്ടമില്ല. മാതൃഭാഷാപരിജ്ഞാനം ഇതരഭാഷാപാണ്ഡിത്യത്തിന് ആണിക്കല്ലാവുകയേയുള്ളൂ. നമ്മള്‍ മാറിച്ചിന്തിക്കണം; നാട്ടിലെ കുടുംബങ്ങള്‍ വേരറ്റുപോകരുത്; മുതിര്‍ന്നവര്‍ ഒറ്റപ്പെടരുത്; ഏകാന്തത എണ്ണമറ്റ രോഗങ്ങളുടെ ഉറവിടമാണെന്ന് യുവതലമുറ തിരിച്ചറിയുന്നതും നല്ലതുതന്നെ. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)