സ്വയം നിയന്ത്രിക്കാനുള്ള കഴിവ് നിര്‍മിതബുദ്ധി നേടിയെടുത്തിട്ടുണ്ട്. അല്ലെങ്കില്‍, നമ്മള്‍ അതിന് ആ കഴിവ് കല്പിച്ചുനല്‍കിയിട്ടുണ്ട്. സ്വയം ഇരട്ടിക്കാനും തല്‍സ്വരൂപം കൂടുതലെണ്ണം നിര്‍മിച്ചെടുക്കാനും അവയ്ക്കു കഴിവുകളുണ്ടെന്നത് അറിയുക. സ്വയം തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ് അവയെ നിയന്ത്രിക്കുന്നത്. അതിനെ വെല്ലുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടേക്കാമെന്ന ആശങ്കയ്ക്കാണ് വഴിവയ്ക്കുന്നത്. സോഫ്റ്റ് വെയറിനെ നിയന്ത്രിക്കുകയെന്നത് ഒരു പഴയ പ്രശ്‌നമാണ്, കുരുക്കഴിക്കാന്‍ നമുക്കു സാധ്യമല്ലെന്നു തെളിയിക്കപ്പെട്ടതാണ്. കമ്പ്യൂട്ടര്‍ '' പുഴുക്കള്‍ '' പെറ്റുപെരുകാന്‍ പ്രാപ്തമായവരാണ്. കാണാമറയത്താണവര്‍, കണ്ടുപിടിക്കാന്‍ പറ്റില്ല അവരെ. 'ഹാക്കിങ്ങി'ല്‍ കുപ്രസിദ്ധി നേടിയവരാണീ പുഴുക്കള്‍. സമൂഹത്തെ കൗശലംകൊണ്ടു സ്വാധീനിക്കാനും കഴിവുണ്ട്. നിനച്ചിരിയാതെ അവയെ നിയന്ത്രിക്കേണ്ട വെല്ലുവിളികളും വന്നുഭവിക്കും.
അനധികൃതവും അനാവശ്യവുമായ ഉദ്ദേശലക്ഷ്യങ്ങള്‍ സാധിച്ചെടുക്കാന്‍ നിര്‍മിതബുദ്ധി നമ്മുടെ വിശ്വാസം നേടിയെടുത്തേക്കാം. അതിനുള്ള ചാതുര്യവും വിഭവങ്ങളും സമാഹരിച്ചേക്കാം. പ്രധാനതീരുമാനങ്ങളെടുക്കുന്നവരെ സ്വാധീനിക്കുകയും ചെയ്‌തേക്കാം. മനുഷ്യരുടെ ഇടപെടല്‍ ഒഴിവാക്കാന്‍ നിര്‍മിതബുദ്ധിയുടെ അല്‍ഗോരിതങ്ങള്‍ ആഗോള സേര്‍വര്‍ നെറ്റ്‌വര്‍ക്കുകളില്‍ പകര്‍പ്പെടുത്തു സൂക്ഷിച്ചേക്കാം. തുറന്ന യുദ്ധത്തിനു തയ്യാറായേക്കും ഈ കൃത്രിമബുദ്ധി. ജൈവായുധങ്ങള്‍വരെ ഉപയോഗിക്കാന്‍ തുനിഞ്ഞേക്കാം. മിലിറ്ററിയുടെ തന്ത്രങ്ങള്‍ - പലപ്പോഴും ഓട്ടോമാറ്റിക് ആയിട്ടുള്ളവ - നിര്‍മിതബുദ്ധി അതിന്റെ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ് മറ്റൊരു സാധ്യത. വരുംവരായ്കയെപ്പറ്റി കൂസലില്ലാത്തതിനാല്‍ തന്ത്രങ്ങള്‍ നിര്‍ബാധം ഉപയോഗത്തില്‍ വരുത്തിയേക്കാം. പ്രായോഗികക്ഷമതയുടെ പേരില്‍ കമ്പനികളും ഗവണ്മെന്റുകളും മിലിറ്ററിയും നിര്‍മിതബുദ്ധിയെ എല്ലാക്കാര്യങ്ങളും ഏല്പിച്ചേക്കാം. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു കാര്യം, അധികം മുന്നറിയിപ്പൊന്നും തരാതെ ഒരിക്കലും തിരിച്ചെടുക്കാനാവാതെ, സ്വയം പ്രവര്‍ത്തിക്കുന്ന നിര്‍മിതബുദ്ധി എന്നന്നേക്കുമായി നമ്മുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന സത്യമാണ്. മനുഷ്യരുടെ ഇടപെടല്‍ സമൂലം ഒഴിവാക്കാന്‍ സാമര്‍ഥ്യം നേടിയ ശക്തിയോടാണ് നമ്മള്‍ എതിരിടാന്‍ ശ്രമിക്കുന്നതെന്നതു ഭീതിദമാണ്. തോതുകള്‍ക്കപ്പുറമുള്ള സൈബര്‍ കുറ്റങ്ങള്‍, സമൂഹത്തെ വളച്ചൊടിക്കല്‍, മറ്റു കുറ്റകരമായ ഇടപെടലുകള്‍ ഒക്കെ ക്രമാതീതമായി അതിവേഗം വര്‍ധമാനമായേക്കാം. വിലക്കുകളില്ലാതെ മുന്നേറുന്ന എഐ മനുഷ്യജീവനുതന്നെ അപകടകരമായേക്കാം. ജീവജാലങ്ങളെയും ഇതു ബാധിച്ചേക്കാം, മനുഷ്യത്വം പാര്‍ശ്വവത്കരിക്കപ്പെടാം, മനുഷ്യകുലത്തിന്റെ അന്തിമനാളുകള്‍ അണഞ്ഞേക്കാം.
എന്തുചെയ്‌വൂ നാമിപ്പോള്‍...
ഈ അപകടസാധ്യതകള്‍ ചാതുര്യത്തോടെ കൈകാര്യം ചെയ്യാനുള്ള വഴിയിലല്ല നാമിപ്പോള്‍. മാനവരാശിയാകട്ടെ നിര്‍മിതബുദ്ധിയെ കൂടുതല്‍ ശക്തിയാര്‍ജിച്ചതാക്കാന്‍ വിഭവങ്ങള്‍ വന്‍തോതില്‍ കോരിച്ചൊരിയുകയാണ്, സുരക്ഷയെക്കുറിച്ചോ വിനാശസാധ്യതകളെക്കുറിച്ചോ അധികം വേവലാതിപ്പെടാതെ. നിര്‍മിതബുദ്ധിയെക്കുറിച്ച് എഴുതപ്പെടുന്ന ലേഖനങ്ങളില്‍ ഒരു ശതമാനം മുതല്‍ മൂന്നു ശതമാനംവരെയേ സുരക്ഷാസംബന്ധിയായിട്ടുള്ളത് ഇതുവരെയുള്ളൂ. എഐ ഒരു അനുഗ്രഹമായി കരുതണമെങ്കില്‍ നമ്മള്‍ മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു, അതിന്റെ ശക്തിയെ പിന്തുണച്ചാല്‍മാത്രം മതിയാകില്ല. ഇതിനുവേണ്ടിയുള്ള പശ്ചാത്തലം ഒരുക്കുന്നതില്‍ നമ്മള്‍ അതിദൂരം പിന്നിലാണ്. അപകടത്തിന്റെ, വിനാശത്തിന്റെ തോത് അതിവേഗം ഉയരുകയാണ്. നമ്മള്‍ മുന്‍കൂറായി പ്രവര്‍ത്തിച്ചേ പറ്റൂ. ഒട്ടും തയ്യാറാകാതെയുള്ള നടപടികള്‍ക്കു വന്‍വിലയാണ് കൊടുക്കേണ്ടിവരിക. പാകമാകാത്ത, സൂക്ഷ്‌മോദ്ദേശ്യം പേറാത്ത ചെയ്തികള്‍ അവസാനനിമിഷം ചെയ്യേണ്ടിവരികയെന്നത് ആത്മഹത്യാപരമാണ്.
സാങ്കേതികമായി പലതരത്തിലുള്ള തുറന്ന വെല്ലുവിളികള്‍ ഇപ്പോള്‍ നിലവിലുണ്ട്, സുരക്ഷാസംബന്ധിയായി. ധാര്‍മികപരമായി അതിസ്വാതന്ത്ര്യം നേടിയെടുത്ത നിര്‍മിതബുദ്ധിയെ ധാര്‍മികപരമായും നേരിടേണ്ടിയിരിക്കുന്നു. എഐയുടെ കഴിവുകള്‍ ശീഘ്രതരം വര്‍ധിപ്പിക്കാന്‍ പാടുപെടുന്നതുപോലെയല്ലിത്; ഈ വെല്ലുവിളികള്‍ നേരിടേണ്ടത് കൂടുതല്‍ കമ്പ്യൂട്ടിങ് ശക്തി ഉപയോഗിച്ച് വലിയ മാതൃകകളെ (ഹമൃഴല ാീറലഹ)െ പരിശീലിപ്പിച്ചല്ല. താനേ നന്നായിക്കൊള്ളും എന്നുകരുതാന്‍ പറ്റുന്ന ശക്തികളല്ല നിര്‍മിതബുദ്ധി പേറുന്നത്. ആത്മാര്‍പ്പണത്തോടെയുള്ള ഗവേഷണങ്ങളും സാങ്കേതികനടപടികളും ഇപ്പോള്‍ത്തന്നെ നടപ്പാക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഈ ശക്തിമാനെ നേരിടാന്‍ ആസൂത്രണങ്ങളില്‍ ഒരു കുതിച്ചുചാട്ടംതന്നെ വേണ്ടിവരികയാണ്, സാങ്കേതികവൈദഗ്ധ്യവും പ്രവര്‍ത്തനങ്ങളുംമാത്രം ഈ വെല്ലുവിളികളെ നേരിട്ടു ഫലപ്രാപ്തിയിലെത്തിക്കുമെന്ന് ഉറപ്പുമില്ല. താരതമ്യമായി വളരെ ചെറിയ സംരംഭങ്ങളേ ഇതുവരെ നടപ്പില്‍ വരുത്തിയിട്ടുള്ളൂ, ഗവേഷണങ്ങളും അനുബന്ധവികസനങ്ങളും മുന്നേറേണ്ടിയിരിക്കുന്നു; അപകടസാധ്യതകളെക്കുറിച്ച് വന്‍തിരിച്ചറിവ് സമൂഹത്തിനുമാത്രമല്ല, നിയന്ത്രണാധികാരമുള്ള ഗവണ്മെന്റുകള്‍ക്കും കൈവരേണ്ടതാണ്.
ആദ്യപടിയായുള്ള ഗവേഷണ /വികസന (ഞലലെമൃരവ മിറ ഉല്‌ലഹീുാലി)േ പ്രവര്‍ത്തനങ്ങള്‍ സുരക്ഷാസംബന്ധിയായിട്ടുള്ളതാകണമെന്നതില്‍ രണ്ടു പക്ഷമില്ല. ഈ പുരോഗമനമില്ലാതെ ഡെവലപ്പര്‍മാര്‍ അപായകരമായ സിസ്റ്റം നിര്‍മിച്ചെടുക്കുന്ന അപകടത്തിലേക്കു വഴുതിവീണേക്കാം. അല്ലെങ്കില്‍ കൂടുതല്‍ വിപത്തിനു തയ്യാറാകുന്ന രീതിയിലുള്ള മത്സരങ്ങളില്‍ പിന്നിലാക്കപ്പെടാം. സുരക്ഷ പ്രദാനം ചെയ്യാന്‍ സാധ്യത ഉളവാകുന്നില്ലെങ്കില്‍ ഭരണകൂടത്തിന്റെ ഉത്കടമായ ഇടപെടലുകള്‍ അത്യാവശ്യമാണെന്നനിലപാട് വന്നുചേരേണ്ടതാണ്.
ജോലികളെല്ലാം യന്ത്രവത്കരിക്കണമോ, മാനസികസംതൃപ്തി തരുന്നവയാണെങ്കിലും? മാനുഷികമല്ലാത്ത മനസ്സു സൃഷ്ടിച്ചെടുക്കണമോ, നമ്മളെ ബുദ്ധിശക്തിയില്‍ തോല്‍പ്പിക്കുന്നവ, നമ്മളെ മാര്‍ജിനില്‍ പെടുത്തി ആധിപത്യം നേടുന്നവ? നമ്മുടെ സംസ്‌കൃതിയെ അപകടത്തിലാക്കുന്ന ഈ ശക്തിയെ നിലയ്ക്കുനിറുത്തുന്നത് എങ്ങനെയാണ്? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയേ തീരൂ.
ഫ്യൂച്ചര്‍ ഓഫ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് (മാക്‌സ് റ്റെഗ്മാര്‍ക്കിന്റെ നേതൃത്വത്തില്‍ 2014 ല്‍ തുടങ്ങിയതാണ് ഈ ആഗോളസംരംഭം) ഏറ്റവും മുന്നേറിയ നിര്‍മിതബുദ്ധിയെ നിര്‍മിച്ചെടുക്കാനുള്ള ഉദ്യമങ്ങള്‍ക്ക് ആറുമാസത്തെ സാവകാശം വേണമെന്ന് ഈയിടെ ആവശ്യപ്പെട്ടിരിക്കയാണ്. ഇലോണ്‍ മസ്‌കും ഭാവിയെക്കുറിച്ച് ആശങ്കയുള്ള മറ്റു സാങ്കേതികപ്രവര്‍ത്തകരും ഈ സ്ഥാപനം തയ്യാറാക്കിയ എഴുത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. മനുഷ്യനെ കീഴടക്കുന്ന യന്ത്രങ്ങള്‍, റോബോട്ടുകള്‍ ഇവയൊക്കെ കഥകളിലും നോവലുകളിലും ഹോളിവുഡ് സിനിമകളിലും ഒതുങ്ങിനിന്നിരുന്നത് ഇപ്പോള്‍ യഥാര്‍ഥരൂപം കൈവരിച്ച് നമ്മുടെ ഇടയിലേക്ക് ഇതാ വന്നുചേരുകയാണ്.