•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അവിസ്മരണീയനായ അന്തോനിക്കത്തനാര്‍

അന്തോനിക്കത്തനാരുടെ റോമിലേക്കുള്ള കത്തുകള്‍
      1853 ലാണ് സ്വയംഭരണയത്‌നങ്ങളുടെ നേതൃത്വത്തിലേക്ക് അന്തോണിക്കത്തനാര്‍ കടന്നുവരുന്നത്. വൈദേശികഭരണം നീങ്ങാതെ മലങ്കരസഭയ്ക്കു നന്മയും അഭിവൃദ്ധിയും ഉണ്ടാവുകയില്ല എന്ന തിരിച്ചറിവ് സ്വയംഭരണപോരാട്ടത്തിന്റെ മുന്‍പന്തിയിലേക്കു വരാന്‍ അന്തോനിക്കത്തനാരെ നിര്‍ബന്ധിതനാക്കി. കുറവിലങ്ങാടുസമ്മേളനത്തില്‍ കുടക്കച്ചിറയുടെ രംഗപ്രവേശം മലബാറിലെ സുറിയാനിക്കാരുടെ സ്വയംഭരണപോരാട്ടചരിത്രത്തില്‍ നിര്‍ണായകമായ വഴിത്തിരിവായിത്തീര്‍ന്നു. 
      ഭാവിപരിപാടികള്‍ ആലോചിക്കുന്നതിനായി പള്ളികളുടെ ഒരു യോഗം കുറവിലങ്ങാട്ടു കൂടാന്‍ തീരുമാനമായി. പ്രസ്തുത യോഗത്തിലേക്കു വൈദികരെയും പള്ളിപ്രതിനിധികളെയും ക്ഷണിച്ചുകൊണ്ട് പനങ്കുഴ കുര്യേപ്പുകത്തനാര്‍ കത്തയച്ചു. ഇതിന്‍പ്രകാരം തെക്കന്‍പ്രദേശങ്ങളിലെ, അതായത്, മീനച്ചില്‍, ഏറ്റുമാനൂര്‍ താലൂക്കുകളിലെ പള്ളികളില്‍നിന്ന് പട്ടക്കാരും പ്രതിനിധികളും കുറവിലങ്ങാട്ടു വന്നെത്തി. പ്രതിനിധികളെ അയച്ച പള്ളികള്‍ മിക്കതും മുമ്പ് പദ്രുവാദോയ്ക്കു കീഴില്‍ ഉണ്ടായിരുന്നവയായിരുന്നു. യോഗത്തിന്റെ നേതൃത്വം പനങ്കുഴയച്ചനായിരുന്നു. ബാഗ്ദാദില്‍ കല്‍ദായപാത്രിയാര്‍ക്കീസിന്റെ അടുത്തേക്ക് ഒരു നിവേദകസംഘത്തെ അയയ്ക്കാന്‍ യോഗം തീരുമാനിച്ചു. അരുവിത്തുറപ്പള്ളി വികാരിയും പ്ലാശനാല്‍ ദയറയുടെ അധിപനുമായിരുന്ന കുടക്കച്ചിറ അന്തോനിക്കത്തനാര്‍ ഈ ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുത്തു. 
       കുറവിലങ്ങാട്ടുസമ്മേളനത്തിന്റെ നിശ്ചയപ്രകാരം തയ്യാറാക്കിയ പൊതുനിവേദനത്തില്‍ ഒപ്പുകള്‍ ശേഖരിക്കുന്നതിനും യാത്രയ്ക്കാവശ്യമായ പണം സമാഹരിക്കുന്നതിനുമായി അന്തോനിക്കത്തനാര്‍ പള്ളികള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. വടക്കന്‍ദിക്കില്‍ ഒല്ലൂര്‍, തൃശൂര്‍, പാലയൂര്‍ തുടങ്ങിയ പള്ളികള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കുറവിലങ്ങാട്ടുസമ്മേളനത്തിനുശേഷം മലബാറില്‍നിന്നു റോമിലേക്കു കത്തുകള്‍ അയച്ചു. 1854 മാര്‍ച്ച് 19 ന് കുറവിലങ്ങാടുപള്ളിയില്‍നിന്ന് യൗസേപ്പുകത്തനാരും മറ്റു പട്ടക്കാരും വിശ്വാസിസമൂഹവും ചേര്‍ന്ന് കല്‍ദായപാത്രിയാര്‍ക്കീസ് മുഖാന്തരം മാര്‍പാപ്പായ്ക്ക് അയച്ചിരിക്കുന്നതാണ് അവയില്‍ ആദ്യത്തേത്. പൂര്‍വകാലങ്ങളില്‍ മാര്‍പാപ്പമാര്‍ അയച്ചിരുന്ന കല്‍ദായമെത്രാന്മാര്‍ കല്‍ദായപള്ളികളെയും ലത്തീന്‍ മെത്രാന്മാര്‍ ലത്തീന്‍പള്ളികളെയും ഭരിച്ചുപോന്നുവെന്നും, വരാപ്പുഴയിലെ കര്‍മലീത്താമെത്രാപ്പോലീത്തായാണ് ഇപ്പോള്‍ ഇരുകൂട്ടരെയും ഭരിക്കുന്നതെന്നും അവര്‍ക്ക് കല്‍ദായഭാഷയോ (പൗരസ്ത്യസുറിയാനി) മലബാറിലെ ഭാഷയോ അറിയില്ലെന്നും നിവേദകര്‍ ചൂണ്ടിക്കാട്ടി. അജഗണങ്ങളെ നഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കുന്നതിന് ഒരു കല്‍ദായമെത്രാപ്പോലീത്തായെ അയച്ചുതരണമെന്നും കല്‍ദായപള്ളികളുടെ കാര്യത്തില്‍ ഇടപെടരുതെന്ന് കര്‍മലീത്താക്കാരോടു കല്പിക്കണമെന്നും അവര്‍ മാര്‍പാപ്പയോട് അപേക്ഷിച്ചു.
       1854 ജൂലൈ 2 ന് കുടക്കച്ചിറ അന്തോനിക്കത്തനാര്‍ മലബാറില്‍നിന്നു പ്രൊപ്പഗാന്തയുടെ തലവനയച്ച കത്താണ് രണ്ടാമത്തേത്. ബാഗ്ദാദുയാത്രയ്ക്കു മുമ്പ് എഴുതിയതായിരിക്കണം ഈ കത്ത്. 1853 ല്‍ നമ്മുടെ പട്ടക്കാര്‍ ചേര്‍ന്ന് മാര്‍പാപ്പായ്ക്കയച്ച നാല് അപേക്ഷകള്‍ക്കും മറുപടിയൊന്നും ലഭിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് കത്തു തുടങ്ങുന്നത്. തുടര്‍ന്ന്, മലബാറിലെ സുറിയാനിക്കാരുടെ പരിതാപകരമായ അവസ്ഥയെപ്പറ്റി അന്തോനിയച്ചന്‍ വിവരിക്കുന്നു. സുറിയാനിഭാഷയും ക്രമവും അറിയുന്ന മെത്രാന്മാര്‍ ഇല്ലാത്തതും അവ പരിശീലിപ്പിക്കാന്‍ പ്രാപ്തരായ മല്പാന്മാരുടെയും സ്ഥാപനങ്ങളുടെയും അഭാവവും ആരാധനക്രമ, ദൈവശാസ്ത്ര ഗ്രന്ഥങ്ങളുടെ കുറവും സുറിയാനിക്കാരെ അനാഥരാക്കിയിരിക്കുന്നു. ഈ സ്ഥിതിയില്‍നിന്നുള്ള മോചനത്തിനായി കല്‍ദായക്രമം അറിയുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന ഒരു മെത്രാനെയും ഒരു പട്ടക്കാരനെയും അയയ്ക്കണമെന്ന് അന്തോനിയച്ചന്‍ 'നിറകണ്ണുകളോടെ' അപേക്ഷിക്കുന്നു. പ്രൊപ്പഗാന്തയുടെ തലവന്‍ അനുവദിക്കുന്നപക്ഷം താന്‍തന്നെ നേരിട്ട് റോമില്‍ എത്തി എല്ലാക്കാര്യങ്ങളും സൂര്യപ്രകാശത്തെക്കാള്‍ വ്യക്തമാക്കിത്തരാം എന്ന് ഉറപ്പു നല്‍കിക്കൊണ്ടാണ് അന്തോനിയച്ചന്‍ കത്ത് അവസാനിപ്പിക്കുന്നത്. 
അന്തോനിക്കത്തനാരുടെ ഒന്നാം ബാഗ്ദാദുയാത്ര
     കുടക്കച്ചിറയുടെ ഒന്നാം ബാഗ്ദാദുയാത്രയെപ്പറ്റി ചരിത്രകാരനായ ബര്‍ണാര്‍ദച്ചന്‍ നല്‍കുന്ന വിവരണം ഇപ്രകാരമാണ്: ''അനന്തരം, അദ്ദേഹം കടനാട്ട് ഇല്ലിക്കല്‍ ദേവസ്യാ, പ്ലാശനാല്‍ കുമ്പിടിയാമ്മാക്കല്‍ തോമ്മാ എന്നീ വൈദികരോടും പ്ലാശനാല്‍ പഠിച്ചിരുന്ന ചില യുവാക്കളോടുംകൂടെ ആദ്യം മദ്രാസിലേക്കും അവിടെനിന്നു ബോംബെയിലേക്കും പോയി. യുവാക്കന്മാരില്‍ ചിലര്‍ വഴിമധ്യേ മരിച്ചു. ദേവസ്യാച്ചനും തോമ്മാച്ചനും മലയാളത്തിലേക്കു മടങ്ങിപ്പോന്നു. പ്ലാശനാല്‍ തന്റെ പേര്‍ക്കു കാര്യം നടത്താന്‍ ഏല്പിച്ചിരുന്ന മുണ്ടമറ്റത്തച്ചനു തോമ്മാച്ചന്‍വഴി എഴുത്തയച്ച് അദ്ദേഹം ആ വഴിക്കു ഭരണങ്ങാനത്തുനിന്ന് തൊണ്ടനാട്ട് അന്തോനിയച്ചനെ വിളിപ്പിച്ചു. തൊണ്ടനാടനും മുണ്ടമറ്റവും തോമ്മാച്ചനുംകൂടി ബോംബെയിലെത്തി. അവിടെനിന്നു മുണ്ടമറ്റം മലയാളത്തേക്കു മടങ്ങുകയും ശേഷം അച്ചന്മാരും ബാക്കി യുവാക്കന്മാരും ഒരുമിച്ച് അന്തോനിയച്ചന്‍ 1854 ല്‍ കപ്പല്‍കയറി ബാഗ്ദാദില്‍ എത്തുകയും ചെയ്തു.
       റോമിന്റെ അനുമതിയോടെ പാത്രിയാര്‍ക്കീസിന്റെ പക്കല്‍നിന്നു സുറിയാനിമെത്രാനെ ലഭിക്കുന്നതിനുള്ള പരിശ്രമങ്ങളില്‍ അവര്‍ വ്യാപൃതരായി. ഇക്കാര്യത്തിനായി നിവേദകര്‍ റോമിലേക്കു പോകാന്‍ പദ്ധതിയിട്ടിരുന്നതായി മാര്‍ ഔദോ പ്രൊപ്പഗാന്തയ്ക്കയച്ച കത്തില്‍നിന്നു വ്യക്തമാകുന്നു.
      തൊണ്ടനാട്ട് അന്തോനിയച്ചനെയും കുമ്പിടിയമ്മാക്കല്‍ തോമ്മാച്ചനെയും മൊസൂളില്‍ വിട്ട് അതേവര്‍ഷംതന്നെ കുടക്കച്ചിറ മലബാറിലേക്കു തിരികെപ്പോന്നു. മാര്‍ ളൂയിസ് പഴേപറമ്പില്‍ പറയുന്നതനുസരിച്ച് ഒക്‌ടോബറില്‍ (1855) ആയിരുന്നു അന്തോനിയച്ചന്റെ മടക്കയാത്ര. കുടക്കച്ചിറ അന്തോനിക്കത്തനാര്‍ മലബാറിലേക്കു മടങ്ങിയശേഷം, നിവേദകസംഘത്തിലെ മറ്റംഗങ്ങള്‍ മൊസൂളിനടുത്ത് അല്‍ഘോഷിലെ റമ്പാന്‍ ഹൊര്‍മിസിന്റെ ദയറയില്‍ താമസിച്ചുകൊണ്ട് സഭാസംബന്ധമായ വിഷയങ്ങളില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടു. നിവേദകസംഘത്തിന്റെ വരവിന്റെ പശ്ചാത്തലത്തില്‍, മലബാറിലെ സുറിയാനിക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പാത്രിയാര്‍ക്കീസ് മാര്‍ യൗസേപ്പ് ഔദോ ഒരു യോഗം വിളിച്ചുചേര്‍ത്തു. കല്‍ദായ പാത്രിയാര്‍ക്കീസിനു കീഴില്‍ ഒരു മലബാറുകാരന്‍ വൈദികനെയോ (യോഗ്യനായ ഒരുവന്‍ ഉണ്ടെങ്കില്‍) അല്ലെങ്കില്‍ ഒരു കല്‍ദായവൈദികനെയോ മലബാറിനുവേണ്ടി മെത്രാപ്പോലീത്തായായി വാഴിക്കാന്‍ അനുവദിക്കണമെന്ന് യോഗം ഏകകണ്ഠമായി റോമിനോട് അപേക്ഷിച്ചു. അത് സ്വീകാര്യമല്ലെങ്കില്‍ മലബാറിലെ നിജസ്ഥിതി  മനസ്സിലാക്കുന്നതിനായി റോമും ബാഗ്ദാദും ചേര്‍ന്ന് ഒരു സംഘത്തെ രൂപീകരിച്ച് സന്ദര്‍ശകരായി മലബാറിലേക്ക് അയയ്ക്കണമെന്നതായിരുന്നു മറ്റൊരു നിര്‍ദേശം. മൊസൂളില്‍ നടന്ന യോഗത്തിന്റെ നിര്‍ദേശങ്ങള്‍ അറിയിക്കുന്നതിനായി പാത്രിയാര്‍ക്കീസ്തന്നെ പ്രൊപ്പഗാന്തയുടെ തലവനും മാര്‍പാപ്പയ്ക്കും എഴുതുകയുണ്ടായി. മുമ്പെന്നപോലെ റോമില്‍നിന്ന് എന്തെങ്കിലും മറുപടി ലഭിച്ചതായി കാണുന്നില്ല.
1854 ലും 1856 ലും അയച്ച കത്തുകള്‍
     1854 ല്‍ ബാഗ്ദാദിനുപോയ അന്തോനിക്കത്തനാര്‍ 1856 ല്‍ തിരികെ മലബാറിലെത്തി. വികാരി അപ്പസ്‌തോലിക്ക ബര്‍ണാര്‍ഡിന്‍ കുടക്കച്ചിറയ്ക്കു നിയമനം നല്‍കിയില്ല. പകരം, മുടക്കുകയാണു ചെയ്തത്. എങ്കിലും അദ്ദേഹം പള്ളികള്‍ സന്ദര്‍ശിച്ച് ഒപ്പു ശേഖരിച്ചിരുന്നു. 1856 ഓഗസ്റ്റ് 5 ന് അന്തോനിയച്ചനെ മഹറോന്‍ ചൊല്ലി. 1856 ജൂണ്‍ 22 ന് 45 വൈദികര്‍ ഒപ്പിട്ടതും ഒമ്പതാം പീയൂസ് മാര്‍പാപ്പായെ അഭിസംബോധന ചെയ്യുന്നതുമായ ഒന്നാം നിവേദനം കല്‍ദായ പാത്രിയാര്‍ക്കീസ് മുഖാന്തരം മാര്‍പാപ്പായ്ക്കു സമര്‍പ്പിക്കപ്പെട്ടു. ഈ നിവേദനം പൗരസ്ത്യതിരുസംഘത്തിന്റെ രേഖാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. 
      1856 ഓഗസ്റ്റ് 14 ന് 31 വൈദികര്‍ ചേര്‍ന്ന് കല്‍ദായമെത്രാന്മാരെയും മല്പാന്മാരെയും ആവശ്യപ്പെട്ടുകൊണ്ട് മലബാറില്‍നിന്ന് കല്‍ദായപാത്രിയാര്‍ക്കീസിനയച്ചതും പൗരസ്ത്യതിരുസംഘത്തിന്റെ രേഖാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നതുമായ നിവേദനമാണ് ഇവയില്‍ രണ്ടാമത്തേത്. 
ഈ രണ്ടു നിവേദനങ്ങളും വൈകാതെതന്നെ പാത്രീയാര്‍ക്കീസിന്റെ പക്കലെത്തി. മൊസൂളില്‍ വിളിച്ചുചേര്‍ക്കപ്പെട്ട യോഗത്തിന്റെ നിര്‍ദേശങ്ങള്‍ മാര്‍പാപ്പയെ അറിയിക്കുന്നതിനായി മാര്‍ യൗസേപ്പ് ഔദോ പാത്രിയാര്‍ക്കീസ് 1856 നവംബര്‍ 17 ന് ഒമ്പതാം പീയൂസ് പാപ്പയ്ക്ക് അയച്ച കത്തിനോടൊപ്പം മേല്പറഞ്ഞ രണ്ടു നിവേദനങ്ങളും രണ്ടുവര്‍ഷംമുമ്പ് കുറവിലങ്ങാട്ടുനിന്ന് ഏഴു വൈദികര്‍ ചേര്‍ന്നയച്ച മറ്റൊരു കത്തുംകൂടി റോമിലേക്ക് അയച്ചു. തുടര്‍ന്ന്, ഈ വിവരങ്ങളെല്ലാം അറിയിച്ചുകൊണ്ട് 1856 ഡിസംബര് 21 ന് പാത്രിയാര്‍ക്കീസ് മലബാറിലേക്കു മറുപടി അയച്ചു. വൈകാതെ ഒരു കല്‍ദായമെത്രാനെ മലബാറിലേക്ക് അയയ്ക്കാനാവും എന്ന പ്രതീക്ഷ പാത്രിയാര്‍ക്കീസിന്റെ മറുപടിക്കത്തില്‍ ദൃശ്യമാണ്.
അന്തോനിക്കത്തനാരുടെ രണ്ടാം ബാഗ്ദാദുയാത്രയും മരണവും
      കുടക്കച്ചിറ അന്തോനിക്കത്തനാരുടെ രണ്ടാം ബാഗ്ദാദുയാത്ര ആരംഭിച്ചത് പ്ലാശനാല്‍ ദയറയില്‍നിന്നാണ്. അന്നു മാന്നാനത്തു താമസിക്കുകയായിരുന്ന വികാരി അപ്പസ്‌തോലിക്കയെ കാണാന്‍ പന്ത്രണ്ടു യുവാക്കളെയും കൂട്ടി അദ്ദേഹം പുറപ്പെട്ടു. കുടമാളൂര്‍ പള്ളിയിലെത്തി അവിടെ താമസിച്ചുകൊണ്ട് മെത്രാനെ കാണുന്നതിനായി ശ്രമിച്ചു. എന്നാല്‍, അനുവാദം കിട്ടിയില്ല. നേരിട്ടുചെന്നു കാണാന്‍ തീരുമാനിച്ച് അന്തോനിയച്ചന്‍ യുവാക്കളോടൊപ്പം മാന്നാനത്തു ചെന്നു. പക്ഷേ, തന്നെ കാണാന്‍ മോണ്‍. ബര്‍ണര്‍ദീനോസ് അനുവദിച്ചില്ല. പ്രിയോര്‍ ചാവറയച്ചനും മറ്റു സന്ന്യാസിമാരും കുടക്കച്ചിറയെ ചെന്നു കണ്ടു. അന്തോനിയച്ചന്റെ ചെറുവിരലില്‍ ഒരു കുരു പ്രത്യക്ഷപ്പെട്ടിരുന്നതിനാലും മഹറോന്‍ നിലനില്‍ക്കുന്നതിനാലും മെത്രാന്റെ അനുവാദം ഇല്ലാതിരുന്നതിനാലും യാത്ര ഉപേക്ഷിക്കണമെന്ന് പ്രിയോരച്ചന്‍ ആവശ്യപ്പെട്ടു. യാത്ര ഉപേക്ഷിക്കാന്‍ അന്തോനിക്കത്തനാര്‍ തയ്യാറായില്ല. 
      മലബാറില്‍ തിരികെയെത്തി പതിനഞ്ചു മാസത്തിനുശേഷം 1857 ഫെബ്രുവരിമാസത്തില്‍ അന്തോനിക്കത്തനാരും സംഘവും ആലപ്പുഴനിന്ന് ബാഗ്ദാദ് ലക്ഷ്യമാക്കി കപ്പല്‍ കയറി.
     ആലപ്പുഴനിന്നു യാത്രയാരംഭിച്ച് മസ്‌കറ്റില്‍ പതിനഞ്ചു ദിവസം തങ്ങി, തുടര്‍ന്ന് ബസറയില്‍വച്ചു പനി പിടിച്ചു, തുടര്‍ന്ന് ബാഗ്ദാദില്‍ എത്തി. അവിടെവച്ച് കുടക്കച്ചിറയും ഇല്ലിക്കല്‍ ദേവസ്യാച്ചനും ഏതാനും യുവാക്കളും മരിച്ചു. മരണം ആസന്നമായെന്നു ബോധ്യപ്പെട്ട അന്തോനിക്കത്തനാര്‍ ബാഗ്ദാദിലെ പ്രീഫെക്ട് അപ്പസ്‌തോലിക്കായോട് അപേക്ഷിച്ചതിന്‍പ്രകാരം അദ്ദേഹം അന്തോനിയച്ചന്റെമേലുണ്ടായിരുന്ന മഹറോന്‍ നീക്കി. പശ്ചാത്തപിച്ചു യഥായോഗ്യം കൂദാശകള്‍ കൈക്കൊണ്ടശേഷമാണ് അന്തോനിക്കത്തനാര്‍ മരണം പ്രാപിച്ചത്. ബാഗ്ദാദിലെ വ്യാകുലമാതാവിന്റെ നാമത്തിലുള്ള റോമന്‍ കത്തോലിക്കാ ദൈവാലയത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നതെന്നാണ് മാര്‍ ളൂയീസ് പഴേപറമ്പില്‍ തന്റെ ഗ്രന്ഥത്തില്‍ പറയുന്നത്. അന്തോനിക്കത്തനാരുടെ മരണം സംഭവിച്ചത് 1857  ജൂലൈ 22 നാണ്.

(അവസാനിച്ചു)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)