•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഈഗോതന്നെ ഒന്നാമത്തെ വില്ലന്‍

എന്തോ ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ടാണ് രാവിലെ ഞെട്ടിയുണര്‍ന്നത്. പൈപ്പ് വല്ലതും പൊട്ടിയതാണോ? അതാണല്ലോ ഇപ്പോള്‍ എല്ലാ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസം.
ചെന്നുനോക്കിയപ്പോഴാണ് അടുത്ത വീട്ടിലെ രാജന്‍ചേട്ടന്റെ മതില്‍ പൊളിഞ്ഞുകിടക്കുന്നു. രാജന്‍ചേട്ടന്‍ വിഷണ്ണനായി നില്‍ക്കുകയാണ്. ചേട്ടാ, എന്തുപറ്റി? മതില്‍ ഇന്നലെ കെട്ടിത്തീര്‍ന്നതല്ലേയുള്ളൂ. പിന്നെയെങ്ങനെയാ ഇടിഞ്ഞുവീണത്? ഒന്നും പറയണ്ട. രണ്ട് അന്യസംസ്ഥാനക്കാരെയാണ് ജോലിക്കു നിര്‍ത്തിയത്. കൂലി കുറച്ചുകൊടുത്താല്‍ മതിയല്ലോ എന്നു കരുതി. അവര്‍ കൂലിയും കണക്കു പറഞ്ഞു വാങ്ങിച്ചു. മതില്‍ ഇടിഞ്ഞുവീഴുകയും ചെയ്തു. ഇനിയിപ്പോ ഞാനെന്തു ചെയ്യും? രാജന്‍ ചേട്ടന്‍ കരച്ചിലിന്റെ വക്കിലാണ്.
ചേട്ടന്‍ വിഷമിക്കണ്ട. അവര്‍ ഇപ്പോള്‍ എവിടെക്കാണും? ആ വളവു തിരിഞ്ഞ് രണ്ടാമത്തെ വീട്ടില്‍ മതില്‍ കെട്ടാന്‍ പോകുമെന്നാ പറഞ്ഞത്. ചേട്ടന്റെ മറുപടി. ''ഏതായാലും നമുക്ക് അവിടെവരെ ഒന്നുപോയി നോക്കാം.'' ഞാന്‍ രാജന്‍ചേട്ടനെയും കൂട്ടി ആ വീട്ടിലേക്കു നടന്നു.
അവിടെ ചെന്നപ്പോള്‍ രണ്ടു ജോലിക്കാരും പണി തുടങ്ങിക്കഴിഞ്ഞിരുന്നു. വലിയ ഒരു കുഴി എടുത്തിട്ടുണ്ട്. എന്നിട്ട് തണ്ണിമത്തനില്‍ കുരു ഉള്ളതുപോലെ അവിടെയും ഇവിടെയും സിമന്റ് പൂശി കല്ലുകള്‍ ഇറക്കുന്നു. കോര്‍ത്തുകെട്ടാന്‍ ഒന്നുമില്ല. ഇപ്പോള്‍ ഈ വൈഭവത്തിന്റെ പ്രത്യാഘാതമായിട്ടാവണം മതില്‍ ഇടിഞ്ഞുവീണത്! അടിസ്ഥാനം ശരിയായില്ലെങ്കില്‍...
രാധാമണിച്ചേച്ചി പറഞ്ഞ കഥ ഇതിലും കഷ്ടമാണ്. ചുമരു കെട്ടാന്‍ രണ്ടുമൂന്നു തൊഴിലാളികളെ ഏര്‍പ്പാടാക്കി. ഒടുവില്‍ മേശ ചുമരിന്റെ കോണോടു ചേര്‍ത്ത് ഇടാന്‍ നോക്കിയപ്പോള്‍ ഒരു ഭാഗം ഉന്തിയിരിക്കുന്നു. മേശ ചുമരോടു ചേര്‍ന്നിരിക്കുന്നില്ല. ശരിയായ അളവെടുത്ത് ചെയ്യാത്തതിന്റെ കുഴപ്പം.
ശാന്തച്ചേച്ചിയുടെ വീട്ടില്‍ പുസ്തകങ്ങള്‍ വയ്ക്കുന്ന ഷെല്‍ഫുണ്ടാക്കാന്‍ രണ്ടു മൂന്നു പേര്‍ വന്നു. പണം ലാഭിക്കാമല്ലോ എന്നു കരുതി. പണിയായുധങ്ങളുമായി കസര്‍ത്തും തുടങ്ങി. ഒടുവില്‍ മാസങ്ങളെടുത്ത് പണി തീര്‍ന്നെങ്കിലും ആ കഷ്ടപ്പാടിന്റെ ഫലമെന്നോണം വളരെപ്പെട്ടെന്നുതന്നെ അത് ഒടിഞ്ഞുവീണു. അതു കാരണം വേറേ ഷെല്‍ഫ് വാങ്ങേണ്ടിവന്നു. ഫലമോ നഷ്ടം, വിലയോ കഷ്ടം.
അന്യസംസ്ഥാനത്തൊഴിലാളികളെല്ലാം മോശമാണെന്നല്ല. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്. പക്ഷേ, ഇതേ അന്യസംസ്ഥാനക്കാരെ നാംതന്നെ പാലം കെട്ടാനും റോഡ് നന്നാക്കാനും ഹോട്ടല്‍പ്പണി ചെയ്യാനും ആശ്രയിക്കുന്നു. ഇടതടവില്ലാതെ പണിയെടുത്ത് ഉണ്ടാക്കുന്ന സമ്പാദ്യം ഒരു ചില്ലി പൈസപോലും കുറവു വരുത്താതെ അവര്‍ നാട്ടിലേക്ക് അയയ്ക്കുന്നു. പിന്നെ ഓവര്‍ ടൈം വര്‍ക്കു ചെയ്തുള്ള വരുമാനംകൊണ്ട് സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നു. ഒരു നിമിഷംപോലും വിശ്രമിക്കാതെ മടി കൂടാതെ ജോലി ചെയ്യുന്ന അവര്‍ മലയാളികള്‍ക്ക് സഹായികള്‍തന്നെയാണ്. അവരുടെ ഗള്‍ഫ്‌നാടായി കേരളം മാറിയിരിക്കുന്നു.
ഇക്കൂട്ടത്തില്‍ ബംഗാളികളും ഒഡിയക്കാരും ബംഗ്ലാദേശികളും എല്ലാരുമുണ്ട്. അതുകാരണം കേരളത്തിലെ ചില സ്ഥലങ്ങള്‍പോലും 'ഋഃരഹൗശെ്‌ലഹ്യ ൃലലെൃ്‌ലറ ളീൃ ആലിഴമഹശ'െ എന്നായിരിക്കുന്നു. അവിടെ ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് അവര്‍ക്കുവേണ്ടിയാണ്. ലുക്കിലല്ല വര്‍ക്കിലാണ് കാര്യമെങ്കിലും കാഴ്ചയില്‍ നല്ല മലയാളി ലുക്ക് ഉള്ള 'ഹെ, ഹോ, ഹൈ, ഹം' എന്ന മുറിഹിന്ദി സംസാരിക്കുന്ന ഉടമയെ മലയാളികള്‍ പെട്ടെന്ന് മനസ്സിലാക്കും. വിശപ്പിന്റെ വിളി കാരണവും സ്വന്തം നാട്ടിലെ ഭക്ഷണം (കണ്ണു കാണാത്തതുകൊണ്ട്) വിളമ്പുന്നതുകൊണ്ടും അവര്‍ ഒരുപക്ഷേ തിരിച്ചറിയില്ലായിരിക്കും.
അവിടെ സിഡി വില്‍ക്കുന്ന കടയുണ്ട്. ശനിയാഴ്ചവരെ മലയാളം സിഡികള്‍ വില്ക്കുന്ന കടയില്‍ ഞായറാഴ്ച ആകുമ്പോള്‍ സിഡികള്‍ മാറിമറിയും. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കട്ടൗട്ടുകള്‍ മാറ്റി പകരം അമിതാഭ് ബച്ചന്റെയും ഷാറൂഖ്ഖാന്റെയും മറ്റും കട്ടൗട്ടുകള്‍ പ്രദര്‍ശിപ്പിക്കും. ഭരണം മാറുമ്പോള്‍ ചെമപ്പില്‍നിന്നു ഖദറിലേക്കും ഖദറില്‍നിന്നു ചെമപ്പിലേക്കും മാറുന്ന രാഷ്ട്രീയക്കാരെപ്പോലെയാണ് അവര്‍.
ഇതൊക്കെയാണ് കേരളത്തിലെ അന്യസംസ്ഥാനക്കാരുടെ വിശേഷണങ്ങള്‍. പക്ഷേ, ഇത്രയധികം തൊഴില്‍ നല്കുന്ന, അന്യസംസ്ഥാനക്കാരുടെ ഗള്‍ഫ് എന്നു വിളിക്കുന്ന കേരളത്തെപ്പറ്റി ഈയിടെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത വരികയുണ്ടായി.  'തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ കേരളത്തില്‍' എല്ലാവര്‍ക്കും തൊഴില്‍ നല്കുന്നവരായ മലയാളികള്‍ക്ക് ഇവിടെ തൊഴില്‍ ഇല്ല. 
നമ്മുടെ ഈഗോതന്നെ ഒന്നാമത്തെ വില്ലന്‍. ഇപ്പോള്‍ വിദ്യാഭ്യാസമേഖലയില്‍ ഡസന്‍ കണക്കിന് കോളജുകളാണ്. മകന്‍ എന്‍ജിനീയറിംഗ് കോളജില്‍ അഡ്മിഷന്‍ നേടിയാല്‍ തെങ്ങുകയറ്റക്കാരനായ പിതാവ് ആ തൊഴില്‍ ഉപേക്ഷിക്കുന്നു.
രണ്ടാമത്തെ പ്രശ്‌നം മടിയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ബാധിക്കുന്ന രോഗം. 10 മണിക്ക് പണി തുടങ്ങി. 11 മണിക്ക് കുടി (ചായകുടിയാണേ), കടി. 12 മണിക്ക് ഊണ്. മൂന്നു മണിവരെ ഊണുകഴിച്ചതിന്റെ വിശ്രമം. നാലുമണിക്ക് ചായ. അഞ്ചുമണിക്ക് പണിതീരും. അന്യസംസ്ഥാനത്തൊഴിലാളികള്‍ 10 ഉം 12 ഉം മണിക്കൂര്‍ ഇടതടവില്ലാതെ ജോലി ചെയ്യുമ്പോള്‍ മലയാളി ജോലി ചെയ്യുന്നത് വെറും അഞ്ചോ ആറോ മണിക്കൂര്‍. ഈ ചുരുങ്ങിയ സമയംകൊണ്ടുതന്നെ വളരെ ഭംഗിയായി അവരെക്കാള്‍ നന്നായി, ജോലി തീര്‍ക്കാന്‍ മലയാളിക്കു കഴിയുന്നു.
ഇതൊക്കെയാണെങ്കിലും വിദേശരാജ്യങ്ങളില്‍ മലയാളികള്‍ നല്ലവണ്ണം പണിയെടുക്കുന്നു എന്ന വസ്തുത മറച്ചുവയ്ക്കാനാവില്ല. പൊരിയുന്ന വെയിലായാലും മരംകോച്ചുന്ന തണുപ്പായാലും മലയാളികള്‍ വളരെ ആത്മാര്‍ത്ഥതയോടെ വിശ്രമമില്ലാതെ പണിയെടുക്കുന്നു. അവര്‍ക്കതിന് അംഗീകാരം ലഭിക്കുകയും ചെയ്യുന്നു.
മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളെയല്ല നാം മാറ്റേണ്ടത്; മറിച്ച്, നമ്മുടെ മനോഭാവത്തെയാണ്. മിഥ്യാഭിമാനം വെടിഞ്ഞ് മടികൂടാതെ എന്തു ജോലിയും ചെയ്യാന്‍ നാം തയ്യാറാകണം. തൊഴില്‍രഹിതര്‍ എന്നു പറയാന്‍ ഇടയാകരുത്. സാക്ഷരതാനിരക്കിലും മാനവവിഭവശേഷി ഇന്‍ഡക്‌സിലും ജനങ്ങളുടെ ജീവിതനിലവാരത്തിലും മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്‍പന്തിയിലാണ് നാം. ഭാവിയിലെങ്കിലും തൊഴിലില്ലായ്മനിരക്ക് ഏറ്റവും കൂടുതല്‍ എന്നതിനുപകരം തൊഴില്‍  ചെയ്യുന്നവരുടെ നിരക്ക് കൂടുതല്‍ ഉള്ള സംസ്ഥാനം എന്നറിയപ്പെടാന്‍ കേരളത്തിനു കഴിയട്ടെ എന്നു പ്രത്യാശിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)