•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നങ്കൂരമിട്ട് വിഴിഞ്ഞം തുറമുഖം

വാട്ടര്‍ സല്യൂട്ട് ഏറ്റുവാങ്ങി മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞം തീരമണഞ്ഞതോടെ ലോകനാവികഭൂപടത്തില്‍ കേരളം നിര്‍ണായകസ്ഥാനമുറപ്പിച്ചു. കൊളംബോയിലും സിങ്കപ്പൂരിലും പുറംകടലില്‍ ഊഴം കാത്തുകിടക്കുന്ന കൂറ്റന്‍ ചരക്കുകപ്പലുകള്‍ ഇനി നോട്ടമയയ്ക്കുന്നത് വിഴിഞ്ഞത്തോട്ടാവും എന്നതുറപ്പ്. 
വിഴിഞ്ഞം തുറമുഖം സവിശേഷതകള്‍
ഏറ്റവും പ്രധാനം 10 നോട്ടിക്കല്‍ മൈല്‍ അഥവാ 18.5 കിലോമീറ്റര്‍മാത്രം അകലത്തില്‍ അന്താരാഷ്ട്ര കപ്പല്‍ച്ചാലിനോട് ഏറെ അടുത്തു സ്ഥിതിചെയ്യുന്ന രാജ്യത്തെ ഏകതുറമുഖം ഇതാണ് എന്നതുതന്നെ. ഒരു  മദര്‍ഷിപ്പിനു നങ്കൂരമിടാനോ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് (മദര്‍ഷിപ്പില്‍നിന്ന് ഫീഡര്‍ വെസലിലേക്കോ തിരിച്ചോ കണ്ടെയ്‌നറുകള്‍ കയറ്റിയിറക്കുന്നത്) നടത്താനോ സൗകര്യമുള്ള ഒരു തുറമുഖം വിഴിഞ്ഞമല്ലാതെ മറ്റൊന്ന് ഇന്ത്യയിലില്ല എന്നതാണ് വിഴിഞ്ഞം തുറമുഖത്തിനു നിര്‍ണായകപ്രാധാന്യം ലഭിക്കുന്ന മറ്റൊരു കാര്യം.
കൂറ്റന്‍ മദര്‍ഷിപ്പുകള്‍ക്കു സുഗമമായി നങ്കൂരമിടാന്‍ 20 മീറ്റര്‍ സ്വാഭാവിക ആഴമുള്ള രാജ്യത്തെ ഏകതുറമുഖവും ഇതുതന്നെ. ലോകത്തിലെ ഏറ്റവും വലിയ മദര്‍ഷിപ്പായ എം.എസ്.ഇ. ഐറിനു നങ്കൂരമിടാന്‍ 16 മീറ്റര്‍ ആഴം മതി എന്നറിയണം.
ഭാരതത്തിലെ ആദ്യ സമ്പൂര്‍ണ സ്വയംനിയന്ത്രിത (എൗഹഹ്യ അൗീോമശേര) തുറമുഖം എന്ന ഖ്യാതിക്കൊപ്പം, ഏതു കാലാവസ്ഥയിലും സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തുറമുഖം (അഹഹ ണലമവേലൃ ജീൃ)േ എന്ന സവിശേഷതയും വിഴിഞ്ഞത്തിനുണ്ട്. അടിയൊഴുക്കു കുറവായതിനാല്‍ ബങ്കറിങ് അഥവാ കപ്പലുകളില്‍ ഇന്ധനം നിറയ്ക്കല്‍ ജോലിയും ഇവിടെ സുഗമമാണ്. (ചെറിയ ഇന്ധനക്കപ്പലുകള്‍ മദര്‍ഷിപ്പിനോടു ചേര്‍ത്തുബന്ധിച്ചാണ് ഇന്ധനം നിറയ്ക്കുന്നത്.) ഇന്ത്യയിലെ പല തുറമുഖങ്ങളിലും ഇതു സാധ്യമല്ല. നിര്‍മാണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍ പത്തു ബര്‍ത്തുകള്‍ ഇവിടെ ഉണ്ടാവും.
നാള്‍വഴികള്‍
ഒന്നാം നൂറ്റാണ്ടിലെ യാത്രാവിവരണഗ്രന്ഥങ്ങളില്‍മുതലിങ്ങോട്ട് പോര്‍ച്ചുഗീസ് - ഡച്ച് കാലഘട്ടംവരെ വിഴിഞ്ഞത്തെ ഒരു തുറമുഖനഗരമായി ഉപയോഗിച്ചിരുന്നതിന്റെ രേഖകളുണ്ട്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യര്‍ 1940 കളില്‍ വിഴിഞ്ഞത്ത് ഒരു തുറമുഖനിര്‍മാണസാധ്യതാപഠനം നടത്തിയെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. ഏറെക്കാലങ്ങള്‍ക്കിപ്പുറം 1990 ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കവേയാണ് വിഴിഞ്ഞം തുറമുഖം വിഭാവനം ചെയ്യുന്നതും ആദ്യഘട്ടചര്‍ച്ചകള്‍ നടക്കുന്നതും. ഇ.കെ. നായനാര്‍ - വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരുകള്‍ പദ്ധതി ഉപേക്ഷിക്കാതെ  മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കമ്മീഷന്‍ എന്ന അന്തര്‍ദേശീയ കണ്‍സള്‍ട്ടന്‍സി കമ്പനി വിഴിഞ്ഞം തുറമുഖത്തെ സംബന്ധിച്ച പ്രായോഗികപഠനം നടത്തുകയും, തുടര്‍ന്ന് ഏണസ്റ്റ് ആന്‍ഡ് യങ്ങ് കമ്പനി നടത്തിയ സാധ്യതാപഠനത്തില്‍ തുറമുഖം പതിനൊന്നാം പ്രവര്‍ത്തനവര്‍ഷം ലാഭത്തിലാകുമെന്നും കേരളത്തിന് 13947 കോടി രൂപ വിഹിതമായി ലഭിക്കുമെന്നും പറയുന്നു. പബ്ലിക് പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് (പി.പി.പി.) പദ്ധതിപ്രകാരം  2006 ല്‍ കരാര്‍ ഏറ്റെടുത്ത ചൈനീസ് കമ്പനിക്ക് കേന്ദ്രസര്‍ക്കാരിന്റെ ക്ലിയറന്‍സ് ലഭിച്ചില്ല. തുടര്‍ന്ന്, ലാന്‍കോ ഇന്‍ഫ്രാ ടെക് ലിമിറ്റഡ് സമര്‍പ്പിച്ച പദ്ധതിക്ക് 2008 ല്‍ കേരളസര്‍ക്കാര്‍ അംഗീകാരം നല്‍കിയെങ്കിലും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതോടെ 2009 ല്‍ അവര്‍ പിന്മാറി. തുടര്‍ന്ന്, 2015 ല്‍ അദാനി പോര്‍ട്‌സ് പദ്ധതി ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ 2015 ഡിസംബറില്‍ അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡുമായി തുറമുഖനിര്‍മാണക്കരാര്‍ ഒപ്പിടുകയും തറക്കല്ലിടുകയും ചെയ്തു. ആയിരം ദിവസംകൊണ്ടു പദ്ധതി പൂര്‍ത്തീകരിക്കണം എന്നായിരുന്നു കരാര്‍. കാലാവധിക്കു മൂന്നുമാസംവരെ ഇളവു നല്‍കാമെന്നും പിന്നീട് താമസിക്കുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപവച്ച് കമ്പനി പിഴയായി നല്‍കണമെന്നുമായിരുന്നു കരാറിലെ   വകുപ്പുകള്‍. ഇതനുസരിച്ച് 2019 ഡിസംബര്‍ മൂന്നിനു പദ്ധതി പൂര്‍ത്തീകരിക്കേണ്ടിയിരുന്നു.
2024 ല്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ആദ്യഘട്ടനിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിന്റെ ഭാഗമായി ആദ്യ മദര്‍ഷിപ്പ് ബര്‍ത്ത് ചെയ്തു.
തീരദേശസമരം
പദ്ധതി പൂര്‍ത്തിയാക്കാന്‍ 360 ഏക്കര്‍ ഭൂമിയാണു വേണ്ടിവരുന്നത്. അതില്‍ 130 ഏക്കര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഏറെപ്പേര്‍ ഭവനരഹിതരാവുന്നതുകൂടാതെ, തീരദേശമണ്ണൊലിപ്പിനും സാധ്യത വര്‍ധിക്കുകയാണ്. മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ടു  ജീവിക്കുന്നവര്‍ക്കു തൊഴില്‍നഷ്ടവും സംഭവിക്കുന്നു. കലാപസദൃശമായ അന്തരീക്ഷമാണു പദ്ധതിപ്രദേശത്തു സംജാതമായിരിക്കുന്നത്. സാമൂഹികാഘാതപഠനം നടത്തണമെന്നും വിദഗ്ധസമിതിയില്‍ സമരരംഗത്തുള്ളവരെ ഉള്‍പ്പെടുത്തണമെന്നും, ഭവനരഹിതരാവുന്നവര്‍ക്കു സുരക്ഷിതഭവനങ്ങള്‍ ഉറപ്പുവരുത്തണമെന്നും  തീരദേശമണ്ണൊലിപ്പു തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമടക്കമുള്ള ഏഴ് ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചിരിക്കുന്നത്. 
വികസനസാധ്യതകള്‍
ആസൂത്രണം കൃത്യമായി നിര്‍വഹിക്കപ്പെടുകയാണെങ്കില്‍ വന്‍ വികസനസാധ്യതകളാണ് വിഴിഞ്ഞം തുറമുഖം മുന്നോട്ടുവയ്ക്കുന്നത്. അമ്പതിനായിരത്തോളം തൊഴിലവസരങ്ങളാണ് പദ്ധതി സമ്മാനിക്കുന്നത്. ഒപ്പം, അതിരുകളില്ലാത്ത അനുബന്ധ വികസനസാധ്യതകളും. അന്താരാഷ്ട്ര കപ്പല്‍ച്ചാലിനോട് ഏറ്റവും അടുത്തുള്ള സ്വാഭാവിക ആഴക്കടല്‍ തുറമുഖം എന്ന നിലയില്‍ ഏറെ മദര്‍ഷിപ്പുകള്‍ ഇങ്ങോട്ട് ആകര്‍ഷിക്കപ്പെടുന്നതോടെ ചരക്കുനീക്കത്തിനു ചെലവുകുറയുമെന്നും വിപണിയില്‍ വിലക്കുറവ് ഉണ്ടായേക്കാമെന്നും വിലയിരുത്തപ്പെടുന്നു. ചരക്കുനീക്കത്തിലൂടെ ഉണ്ടാകുന്ന നികുതിവരുമാനവര്‍ധനയും ഒരു വലിയ നേട്ടമാണ്. യൂണിയന്‍, ചുവപ്പുനാടപ്രശ്‌നങ്ങള്‍ ഒഴിവാക്കിക്കൊടുത്താല്‍ വലിയ വ്യവസായമേഖലകള്‍ സൃഷ്ടിക്കപ്പെടും. വിവിധ കാരണങ്ങളാല്‍ ലോകരാജ്യങ്ങള്‍ക്കു ചൈനയുമായുള്ള വ്യാപാരബന്ധങ്ങളില്‍ ഉലച്ചില്‍ തട്ടിത്തുടങ്ങിയിരിക്കുന്ന ഈ വേളയില്‍ സ്വാഭാവികമായും അവരുടെ നോട്ടം ഇന്ത്യയിലേക്കാവും. വിഴിഞ്ഞം പോര്‍ട്ടിന്റെ സവിശേഷതകള്‍ മുതലെടുത്തു മാനുഫാക്ചറിങ് മേഖലയ്ക്കു വളരാനുള്ള സാധ്യതകള്‍ അനന്തമാണ്. വേലിയേറ്റം ഇല്ലാത്തതും അടിയൊഴുക്കു കുറവായതുംമൂലം കപ്പലുകള്‍ക്ക് ഇന്ധനവും ലൂബ് ഓയിലും എത്തിക്കുന്ന ബങ്കര്‍ ഇന്‍ഡസ്ട്രി വന്‍വളര്‍ച്ച നേടും.
ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള ചരക്കുമായി എത്തുന്ന മദര്‍ഷിപ്പുകള്‍ കൊളംബോ, സിങ്കപ്പൂര്‍ തുറമുഖങ്ങളിലാണ് എത്തിയിരുന്നത്. വിഴിഞ്ഞത്ത് മദര്‍ഷിപ്പുകള്‍ക്കു നങ്കൂരമിടാം എന്നതിനാല്‍ ട്രാന്‍സ്ഷിപ്‌മെന്റ് ഇനത്തില്‍ ചെലവാകുന്ന 2500 കോടിയോളം രൂപ മുഴുവനായോ ഭാഗികമായോ ലാഭിക്കാനും സാധിക്കും. കപ്പലുകളിലേക്കുള്ള ഭക്ഷ്യധാന്യസംഭരണം, ക്രൂ ചേഞ്ചിങ് മുതലായവ ഹോട്ടല്‍ - പലചരക്ക് - ഭക്ഷ്യധാന്യമേഖലകള്‍ക്കു വലിയ സാധ്യതകള്‍ തുറന്നിടുന്നു. എത്ര വലിയ കപ്പലുകള്‍ക്കും അടുക്കാമെന്നതും കോവളം, വര്‍ക്കല തുടങ്ങിയ അന്തര്‍ദേശീയപ്രസിദ്ധമായ ടൂറിസ്റ്റുകേന്ദ്രങ്ങള്‍ അടുത്തുകിടക്കുന്നതും ടൂറിസം രംഗത്തു വലിയ കുതിപ്പുണ്ടാക്കിയേക്കാം. 
വിവാദങ്ങള്‍
വഴിവിട്ട കരാര്‍ എന്ന് ആരോപിച്ച് എല്‍ഡിഎഫ് 2015 ല്‍ പദ്ധതിക്കെതിരേ പ്രക്ഷോഭം ആരംഭിച്ചിരുന്നു. 6000 കോടിയുടെ കടല്‍ക്കൊള്ള എന്നായിരുന്നു ആരോപണം. എന്നാല്‍, പ്രസ്തുത കരാറില്‍നിന്ന് ഒരു വരിപോലും മാറ്റാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നത് എന്നതാണ് വിരോധാഭാസം. അദാനി പോര്‍ട്ട് ലിമിറ്റഡ് സമര്‍പ്പിച്ച കണക്കില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിയോജിപ്പു പ്രകടിപ്പിച്ചിരുന്നു. സാധാരണഗതിയില്‍ ഇത്തരം വലിയ പദ്ധതികളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട നടത്തിപ്പുകരാര്‍ 30 വര്‍ഷത്തേക്കാണു നല്‍കുക എന്നിരിക്കേ, 10 വര്‍ഷംകൂടി അധികം നല്‍കി 40 വര്‍ഷത്തെ നടത്തിപ്പുകരാറാണ് രൂപപ്പെട്ടിരിക്കുന്നത്. വേണ്ടിവന്നാല്‍, വീണ്ടും ഒരു 20 വര്‍ഷത്തേക്കുകൂടി തുറമുഖം അദാനിക്കു കൈവശംവയ്ക്കാനുള്ള സാധ്യതകൂടി കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ, ഓഖി ചുഴലിക്കാറ്റ് തുടങ്ങി വിവിധ കാരണങ്ങളുടെ പേരില്‍ ഒരു രൂപപോലും പിഴയീടാക്കാതെ അഞ്ചുവര്‍ഷം നിര്‍മാണകാലാവധി നീട്ടിനല്‍കുകയും ചെയ്തു. 600 കോടിയിലധികം രൂപമുടക്കി കേരള സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ഉള്‍പ്പെടെയുള്ള പദ്ധതി ആസ്തികള്‍ പണയപ്പെടുത്താനും സ്വതന്ത്രവിനിയോഗത്തിനും അദാനികമ്പനിക്ക് പ്രസ്തുത കരാര്‍ അനുമതി നല്‍കുന്നു. അവരുടെ മറ്റു ബിസിനസുകള്‍ക്കും ഭൂമി വിനിയോഗിക്കാം. കൂടാതെ, 40 വര്‍ഷം കഴിയുമ്പോള്‍ കേരളം അദാനി ഗ്രൂപ്പിന് 19555 കോടി രൂപ ടെര്‍മിനേഷന്‍ ഫീസായി നല്‍കണം. അതുവരെ കേരളത്തിനു ലഭിക്കുന്നത് 13947 കോടി രൂപയായിരിക്കും. 5608 കോടി രൂപ അധികം കണ്ടെത്തേണ്ടി വരുന്ന അവസ്ഥയാണ് അന്ന് സംജാതമാവുക! സാമ്പത്തികമായി ഏകദേശം അര നൂറ്റാണ്ടോളം ഈ പദ്ധതി കേരള സര്‍ക്കാരിനു നഷ്ടമാണ് എന്നര്‍ഥം. ബ്രേക്ക് വാട്ടറിന്റെയും (പുലിമുട്ട്), പുതിയ ഫിഷിങ് ഹാര്‍ബറിന്റെയും നിര്‍മാണത്തിനുള്ള തുക 1210 കോടിയില്‍നിന്ന് 1463 കോടിയായി വര്‍ധിപ്പിച്ചു നല്‍കിയിട്ടുമുണ്ട്. ഇതും കേരളസര്‍ക്കാരാണു വഹിക്കുന്നത്.
അവകാശത്തര്‍ക്കങ്ങള്‍
വിവിധ മുന്നണികള്‍ മാറിമാറി ഭരിച്ച നാളുകള്‍ക്കിടയില്‍ ഘട്ടംഘട്ടമായി പൂര്‍ത്തീകരിച്ച ഒരു ബൃഹത്പദ്ധതിയുടെ പിതൃത്വാവകാശപ്പോര് മൂര്‍ച്ഛിച്ചിരിക്കുകയാണ്. കരാര്‍ ഒപ്പിട്ട ഉമ്മന്‍ചാണ്ടിക്കോ ആദ്യഘട്ടനിര്‍മാണം പൂര്‍ത്തിയാക്കിയ പിണറായി വിജയനോ അവകാശപ്പെട്ടതല്ല പദ്ധതിയുടെ പിതൃത്വം. ഒരു വീട് പണിയുന്നതുപോലെ ആറുമാസംകൊണ്ടു പൂര്‍ത്തിയാക്കാനാവുന്ന ഒരു പദ്ധതിയോ നടപടിക്രമങ്ങളോ അല്ല ഒരു തുറമുഖത്തിന്റേത്. പദ്ധതിയെക്കുറിച്ചുള്ള ആശയത്തിനു തുടക്കമിട്ട കെ. കരുണാകരന്‍മുതല്‍ പദ്ധതി ഉപേക്ഷിച്ചുകളയാതെ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ഓരോ മന്ത്രിസഭയ്ക്കും അവരുടെ നേതൃത്വത്തിനും ഇതില്‍ തുല്യപങ്കുണ്ട്. അവകാശവാദം ഉന്നയിക്കുന്നവര്‍ കരാറിലെ പിഴവുകളുടെ ഉത്തരവാദിത്വംകൂടി ഏറ്റെടുക്കാന്‍ തയ്യാറാകുമോ? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ 6000 കോടിയുടെ കടല്‍ക്കൊള്ള എന്നാരോപിച്ചു സമരപരമ്പര കാഴ്ചവച്ച എല്‍.ഡി.എഫ്., ആ കരാറില്‍ ഒരു വരിപോലും മാറ്റാതെ, അദാനിക്കു തുറമുഖം അടിയറവച്ചുകൊണ്ടു പൂര്‍ത്തിയാക്കിയ പിണറായി വിജയന്‍ നടത്തുന്നതും കടല്‍ക്കൊള്ളയാണെന്ന് അംഗീകരിക്കുമോ? ഉദ്ഘാടനച്ചടങ്ങില്‍നിന്നു പ്രതിപക്ഷനേതാവിനെ ഒഴിവാക്കിയ നടപടി അങ്ങേയറ്റം പരിഹാസ്യമായില്ലേ എന്നു ചിന്തിക്കണം! കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി തുടങ്ങിയവരെ ഉദ്ഘാടനവേളയില്‍ ഒരു വാക്കുകൊണ്ടുപോലും പരാമര്‍ശിക്കാഞ്ഞതും അതേസമയം, കരണ്‍ അദാനി അതേ വേദിയില്‍  ഈ പദ്ധതിക്കുവേണ്ടിയുള്ള ഉമ്മന്‍ചാണ്ടിയുടെ ത്യാഗങ്ങളെയും സഹനങ്ങളെയും അനുസ്മരിച്ചതും വേദിയിലിരുന്ന മുഖ്യമന്ത്രിക്കു ക്ഷീണമായി എന്നതില്‍ തര്‍ക്കമില്ല. അവകാശവാദങ്ങളല്ല, സംസ്ഥാനവികസനത്തിനായി സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കുകയെന്നതാണ് തങ്ങളുടെ കടമയെന്ന് ഭരണ - പ്രതിപക്ഷങ്ങള്‍ എന്നാണു മനസ്സിലാക്കുക?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)