പൂഞ്ഞാര്‍ കോവിലകത്തെ പി.ആര്‍. ഗോദവര്‍മ്മരാജായെ അറിയുന്നവരൊക്കെ വിളിച്ചത് ''കേണല്‍ തമ്പുരാന്‍'' എന്നാണ്. തിരുവിതാംകൂര്‍ പട്ടാളത്തിലാണ് അദ്ദേഹം ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവിയില്‍ അവരോധിതനായത്. ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ്, പദവി മാത്രമല്ല തന്റെ ഏകസഹോദരിയായിരുന്ന കാര്‍ത്തികത്തിരുനാള്‍ ലക്ഷ്മീഭായി തമ്പുരാട്ടിയെ പൂഞ്ഞാറ്റില്‍തമ്പുരാന് വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. തിരുവനന്തപുരത്ത് ഒരാഴ്ചത്തെ രാജകീയാഘോഷമായിരുന്നു ഗോദവര്‍മ്മയുടെയും കാര്‍ത്തികത്തിരുനാളിന്റെയും വിവാഹം. മരുമക്കത്തായ നിയമപ്രകാരം അവരുടെ (രാജാവിന്റെ സഹോദരിയുടെ) മക്കള്‍ക്കാണല്ലോ തിരുവിതാംകൂറില്‍ കീഴ്‌വഴക്കപ്രകാരം രാജകീയപിന്തുടര്‍ച്ചാവകാശവും വന്നുചേരുക.
പൂഞ്ഞാര്‍ കോവിലകത്ത് അംബാലികത്തമ്പുരാട്ടിയുടെയും പുതുശേരി ഇല്ലത്ത് നാരായണന്‍നമ്പൂതിരിയുടെയും മകനായി 1908 ലാണ് ഗോദവര്‍മ്മ ജനിച്ചത്. ജനനത്തീയതി സംബന്ധിച്ച് സെപ്റ്റംബര്‍ 17 എന്നും ഒക്‌ടോബര്‍ 13 എന്നും വാദമുണ്ട്. രണ്ടാമത്തേതാണ് പൊതുവെ സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ജന്മനാളുമായി ബന്ധപ്പെട്ടാവാം ജനനത്തീയതി സംബന്ധിച്ച ചിന്താക്കുഴപ്പത്തിന് ഒരുപക്ഷേ, വഴിവച്ചത്. കോട്ടയം എം.ഡി. സെമിനാരി ഹൈസ്‌കൂളിലും സി.എം.എസ്. കോളജിലും പഠിച്ച ശേഷമാണ് മദ്രാസ് മെഡിക്കല്‍ കോളജില്‍ ചേര്‍ന്നത്. പക്ഷേ, പഠനം പകുതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നത് കാര്‍ത്തികത്തിരുനാളുമായുള്ള വിവാഹനിശ്ചയശേഷമാണ്.
ദിലീപമഹാരാജാവിനെക്കുറിച്ച് കാളിദാസമഹാകവി പറഞ്ഞ വിശേഷണങ്ങളെല്ലാം തന്നെ ഗോദവര്‍മ്മരാജായ്ക്കും ചേരുന്നതായിരുന്നുവെന്നു തോന്നുന്നു. ആകാരത്തിനൊത്ത ഉയരം, ഉയരത്തിനൊത്ത ബുദ്ധി, ബുദ്ധിക്കൊത്ത സാമര്‍ത്ഥ്യം, സാമര്‍ത്ഥ്യത്തിനൊത്ത സൗന്ദര്യം എല്ലാം കേണല്‍ തമ്പുരാനും സ്വന്തമായിരുന്നുവെന്നു സാരം!
കേരളത്തെ സംബന്ധിച്ച് ഗോദവര്‍മ്മരാജായുടെ ഏറ്റവും വലിയ സംഭാവന കായികരംഗത്തായിരുന്നു. എല്ലാത്തരം സ്‌പോര്‍ട്‌സിലും ആധികാരികമായ അറിവു മാത്രമല്ല, കളിപരിചയവും തമ്പുരാനു സ്വന്തമായിരുന്നു. ടെന്നീസിലായിരുന്നു കമ്പം. ഗോള്‍ഫിലും ക്രിക്കറ്റിലും തത്പരനായിരുന്നു. ട്രിവാന്‍ഡ്രം സ്‌പോര്‍ട്‌സ് ക്ലബിന്റെ സ്ഥാപകനായിരുന്നു ഗോദവര്‍മ്മരാജാ. കേരളസ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആദ്യത്തെ പ്രസിഡന്റായിരുന്ന ഗോദവര്‍മ്മ മരിക്കുംവരെ ആ പദവിയിലിരുന്നയാളാണ്. തിരുവനന്തപുരം ഫ്‌ളൈയിംഗ് ക്ലബിന്റെ സ്ഥാപകപ്രസിഡന്റും ഗോദവര്‍മ്മ രാജാ ആയിരുന്നു. ക്രിക്കറ്റ് ബോര്‍ഡിന്റെ ദേശീയ വൈസ്പ്രസിഡന്റായിരുന്നു ജി.വി. രാജാ.
തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റിയുടെ ആരംഭകാലത്തു യൂണിവേഴ്‌സിറ്റി കായികപരിശീലനവകുപ്പിന്റെ മേല്‍നോട്ടത്തിനു രൂപീകരിച്ച കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രസിഡന്റായി നിശ്ചയിച്ചതും ഗോദവര്‍മ്മയെത്തന്നെയായിരുന്നു. എന്നാല്‍, ദിവാന്‍ സര്‍. സി.പി. യുമായി (വൈസ് ചാന്‍സലറും സി.പി.തന്നെയായിരുന്നു.) ഉണ്ടായ ഭിന്നതയെത്തുടര്‍ന്ന് ജി.വി. രാജാ പദവി ഒഴിയുകയാണുണ്ടായത്. വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ ആഭിമുഖ്യം വളര്‍ത്താനുദ്ദേശിച്ചു രാജാ തുടങ്ങിയ സ്റ്റുഡന്റ് ലേബര്‍ കോറിന്റെ കാര്യത്തിലും സി.പി. ഇടപെട്ടതോടെ ദിവാനുമായുള്ള ഭിന്നത മറനീക്കുകയും ചെയ്തു.
ചൈനയിലും റഷ്യയിലും ഇന്ത്യയുടെ അംബാസിഡറായിരുന്ന കെ.പി.എസ്. മേനോന്‍ (സീനിയര്‍) - ഗോദവര്‍മ്മയുടെ ആത്മസ്‌നേഹിതരിലൊരാളായിരുന്നു. ഒരിക്കല്‍ കെ.പി.എസിനോട് ജി.വി. രാജാ പറഞ്ഞുവത്രേ, ''മാന്യനെപ്പോലെ പെരുമാറുവാന്‍ താങ്കള്‍ ഇനിയും പഠിക്കുന്നില്ലെങ്കില്‍ എന്റെ കാര്യങ്ങളില്‍നിന്നു മാറിനില്ക്കുന്നതാണുചിതം എന്നു വര്‍ഷങ്ങള്‍ക്കുമുമ്പേ ഞാന്‍ സി.പി. യോടു പറഞ്ഞിട്ടുള്ളതാണ്.'' ''ഹി ഹാസ് യെറ്റ് റ്റു ലേണ്‍ ദി വിസ്ഡം ഓഫ് ദാറ്റ് സജക്ഷന്‍''എന്നുകൂടി ഗോദവര്‍മ്മ കൂട്ടിച്ചേര്‍ത്തത്രേ.
സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുമുമ്പു സര്‍ സി.പി. സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന ആശയം മുന്നോട്ടുവച്ചപ്പോഴും തിരുവിതാംകൂറിനെക്കൂടി കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലേക്കു ചേര്‍ക്കണമെന്ന് നെഹ്‌റുവിനോടു പറയണമെന്ന് ഗോദവര്‍മ്മരാജാ കെ.പി.എസ്. മേനോനോടാവശ്യപ്പെട്ടിരുന്നതായി പില്ക്കാലത്തു വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മഹാരാജാവിന്റെകൂടി മനസ്സറിയാതെ ഗോദവര്‍മ്മരാജാ അങ്ങനെ ഇടപെട്ടിരിക്കാനുമിടയില്ല. സര്‍ സി.പി. യുമായി ജി.വി. രാജാ മാനസികമായി അകല്‍ച്ച പാലിച്ചിരുന്നുവെന്നത് തിരുവനന്തപുരത്തു പലര്‍ക്കും അറിയാമായിരുന്ന ഒരു ''അരമനരഹസ്യ''വുമായിരുന്നു.
ഇതെല്ലാം രാജായെപ്പറ്റിയുള്ള ഉപകഥകളാണ്. ആരോടും തനിക്കു പറയുവാനുള്ളതു നേരേ പറയുന്ന രീതിയായിരുന്നു തമ്പുരാന്റേത്. അഭിപ്രായങ്ങളിലും നിലപാടുകളിലും ഉറച്ചുനില്ക്കുന്നതായിരുന്നു സ്വഭാവം.
കായികമേഖല മാത്രമായിരുന്നില്ല ജി.വി. രാജായുടെ കര്‍മ്മമണ്ഡലം. തിരുവിതാംകൂറില്‍ വ്യോമയാനഗതാഗതം കൊണ്ടുവരുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചവരിലൊരാള്‍ ഗോദവര്‍മ്മയായിരുന്നു. തിരുവന്തപുരം ഫ്‌ളൈയിംഗ് ക്ലബിന്റെ ജീവാത്മാവും പരമാത്മാവും ഗോദവര്‍മ്മരാജാ ആയിരുന്നു. വിമാനം പറത്തുന്നതില്‍ അക്കാലത്തെ അറിയപ്പെട്ട വിദഗ്ധരിലൊരാളായിരുന്നു തമ്പുരാന്‍. കേരളത്തിന്റെ ടൂറിസ്റ്റ് വ്യവസായ സാധ്യതകളെ ഉള്‍ക്കാഴ്ചയോടെ കണ്ടെത്തുന്നതിലും രാജാ മുന്‍പന്തിയിലായിരുന്നു. കോവളത്തെ ലോകടൂറിസ്റ്റു ഭൂപടത്തിലെത്തിച്ചതിന്റെ ക്രെഡിറ്റും ജി.വി. രാജായ്ക്കുള്ളതാണ്.
സ്‌പോര്‍ട്‌സ് തമ്പുരാന്റെ ആത്മാവിന്റെ ഭാഗമായിരുന്നു. തിരുവനന്തപുരത്തെ ജി.വി. രാജാസ്‌കൂളും ജി.വി. രാജാ സ്‌പോര്‍ട്‌സ് പവലിയനും ജി.വി. രാജാ സ്റ്റേഡിയവുമൊക്കെ സാക്ഷ്യപ്പെടുത്തുന്നതും മറ്റൊന്നല്ല.
ഗോദവര്‍മ്മയും കാര്‍ത്തികത്തിരുനാളും മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന രാജദമ്പതികളായാണ് അറിയപ്പെട്ടത്. അവരുടെ ആദ്യജാതനും കിരീടാവകാശിയുമായിരുന്ന അവിട്ടംതിരുനാള്‍ രാമവര്‍മ്മ ബാല്യത്തില്‍ നാടുനീങ്ങിയതു മാതാപിതാക്കള്‍ക്കു മാത്രമല്ല, മാതുലനായിരുന്ന ശ്രീചിത്തിരത്തിരുനാളിനും വലിയ ആഘാതമായി. രാജകുമാരന്റെ ഓര്‍മ്മയ്ക്കാണ് അവിട്ടംതിരുനാള്‍ ആശുപത്രി സ്ഥാപിച്ചത്. രണ്ടാണ്‍മക്കളും രണ്ടു പെണ്‍മക്കളുമായിരുന്നു. അവിട്ടംതിരുനാളിനു പുറമേ പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതീ ഭായിയും അശ്വതിത്തിരുനാള്‍ ഗൗരി ലക്ഷ്മീഭായിയും പിന്നെ ഇപ്പോള്‍ രാജപദവിയിലുള്ള മൂലം തിരുനാള്‍ രാമവര്‍മ്മയും. ശ്രീചിത്തിരയുടെ സഹോദരന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ നാടുനീങ്ങിയശേഷമാണ് ബാംഗ്ലൂരില്‍ ഒട്ടേറെ വ്യവസായസംരംഭങ്ങളുമായി കഴിഞ്ഞിരുന്ന മൂലം തിരുനാള്‍ രാമവര്‍മ്മരാജാ രാജകുടുംബത്തിന്റെ തലവനായി കവടിയാറിലേക്കു തിരിച്ചെത്തിയത്.
പൂയം തിരുനാളും അനുജത്തി അശ്വതി തിരുനാളും ഇംഗ്ലീഷിലും മലയാളത്തിലും ഒന്നാന്തരം പ്രഭാഷകരാണ്. അശ്വതിത്തിരുനാള്‍ അറിയപ്പെടുന്ന എഴുത്തുകാരിയും. തിരുവിതാംകൂറിലെ ക്ഷേത്രങ്ങളെക്കുറിച്ചുള്ള അവരുടെ പുസ്തകം വായനലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച വിശ്രുതഗ്രന്ഥമാണ്; ഗവേഷണാത്മകവും. ഇപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെയും അമ്മാവനായിരുന്ന ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിനെയുംകുറിച്ചുള്ള ബൃഹദ് ഗ്രന്ഥത്തിന്റെ രചനയിലാണ് അശ്വതിത്തിരുനാള്‍.
അടുത്തകാലത്ത് അശ്വതിതിരുനാള്‍ വാര്‍ത്തകളില്‍ ഇടംനേടിയത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ ട്രസ്റ്റി ചുമതല സംബന്ധിച്ചു സര്‍ക്കാരുമായി ഉണ്ടായ വര്‍ഷങ്ങളോളം നീണ്ട കേസില്‍ രാജകുടുംബത്തിനുവേണ്ടി വാദി എന്ന നിലയില്‍ സുപ്രീംകോടതിയില്‍ കേസ് നടത്തി രാജകുടുംബത്തിനുംകൂടി അവകാശപ്പട്ടതാണ് ക്ഷേത്രനടത്തിപ്പുചുമതല എന്ന് വിധി സമ്പാദിച്ചതിലൂടെയാണ്. ഗോദവര്‍മ്മരാജായുടെ നിശ്ചയദാര്‍ഢ്യം മക്കള്‍ക്കും കിട്ടിയിട്ടുണ്ടെന്നു സാരം.
കേണല്‍ തമ്പുരാന്റെ വിയോഗവും വിധിയോഗമെന്നതുപോലെ ആകാശത്തുവച്ചായിരുന്നു. മറ്റു രണ്ടു സുഹൃത്തുക്കളുമൊത്ത് ജയപ്പൂരില്‍നിന്ന് സിംലയിലെ കുളു താഴ്‌വരയിലേക്ക് അവധി ആഘോഷിക്കുന്നതിനു പോകുമ്പോഴാണ് വിമാനം മലനിരകളില്‍ തട്ടിയുണ്ടായ അപകടത്തില്‍ കേണല്‍ ജി.വി. രാജാ കാലത്തെ കടന്നുപോയത്. ജനകീയമായ ''രാജകീയ''മായിരുന്നു ഗോദവര്‍മ്മ തമ്പുരാന്റെ മുഖമുദ്ര. സഹോദരന്‍ പി. കേരളവര്‍മ്മരാജായും ''ആലക്കോടു തമ്പുരാന്‍'' എന്നറിയപ്പെട്ട കേരളത്തിലെ ഏറ്റവും വലിയ ഭൂവുടമകളില്‍ ഒന്നാംനിരയില്‍ നിന്ന ജന്മിയായിരുന്നു. മലബാറിലേക്കു കുടിയേറിയ മീനച്ചില്‍ പ്രദേശത്തുകാരായ തന്റെ ''പ്രജകള്‍ക്കു'' വളരെ നാമമാത്രമായ വിലയ്ക്കു കൃഷിഭൂമി നല്‍കിയാണ് ''ആലക്കോടു തമ്പുരാനും'' ചരിത്രത്തിലേക്കു നടന്നുകയറിയത്. ഒരിക്കലദ്ദേഹം രണ്ടു മുന്നണികള്‍ക്കുമെതിരേ തിരുവനന്തപുരത്തുനിന്ന് പാര്‍ലമെന്റിലേക്കു മത്സരിച്ച് ഒരു ലക്ഷത്തിലേറെ വോട്ടുനേടിയും ചരിത്രം സൃഷ്ടിച്ചു.
ലോകസ്‌പോര്‍ട്‌സ് ഭൂപടത്തില്‍ കേരളത്തിന്റെ പതാക പാറിക്കുന്നതിനു കാരണഭൂതനായ ഗോദവര്‍മ്മരാജായെന്ന കേണല്‍ തമ്പുരാന്റെ 112-ാമതു ജന്മദിനമാണ് ഒക്‌ടോബര്‍ 13.
മീനച്ചില്‍ താലൂക്കിന്റെ അഭിമാനചരിത്രത്തിലെ വിളക്കുമരമായ പൂഞ്ഞാര്‍ ഗോദവര്‍മ്മരാജായുടെ ധന്യമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം. ജി.വി. രാജായുടെ ധര്‍മ്മപത്‌നിയും ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കവടിയാറിലെ ''അമ്മറാണി'' യുമായിരുന്ന കാര്‍ത്തികത്തിരുനാള്‍ ഗൗരിലക്ഷ്മീഭായിക്കും സ്മരണാഞ്ജലി.
ലേഖനം
ആകാശത്തിലും ഭൂമിയിലും 'തമ്പുരാന്‍'
