•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മനുഷ്യായുസ്സിനു മാനസികാരോഗ്യം

രാജ്യത്തിന്റെ സുസ്ഥിതിയും ക്ഷേമവും ജനങ്ങളുടെ സമാധാനപൂര്‍ണ്ണമായ ജീവിതവും ഉറപ്പാക്കുന്നതില്‍, മാനസികാരോഗ്യം പ്രധാന പങ്കുവഹിക്കുന്നു. മാനസികാരോഗ്യം എന്നത് മനുഷ്യാവകാശമാണ്. സാര്‍വത്രിക ആരോഗ്യപരിരക്ഷയുടെ അടിത്തറയാണ് ഗുണനിലവാരമുള്ളതും എളുപ്പം ലഭ്യമാക്കാവുന്നതുമായ മാനസികാരോഗ്യപരിരക്ഷ. നിലവിലെ ഗുരുതരമായ സാഹചര്യത്തില്‍ ഇത് അതീവപ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്.
ഓരോ പ്രായത്തിലുള്ളവരും, ഓരോ വിധത്തിലുള്ള മാനസിക-ശാരീരിക വിഷമതകളില്‍പ്പെട്ടിരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, കൂലിപ്പണിക്കാര്‍, പ്രൈവറ്റ് മേഖലകളില്‍ ജോലിചെയ്യുന്നവര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവരെല്ലാം ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നു. 60 വയസ്സ് കഴിഞ്ഞവരില്‍ കൊറോണ വൈറസ് രോഗബാധ വന്നതില്‍പ്പിന്നെയുണ്ടായ മാനസികപ്രശ്‌നങ്ങള്‍ ഏറിയിട്ടുണ്ട്. പ്രത്യേക ശ്രദ്ധയും മാനസികപിന്തുണയും ചികിത്സയും അടിയന്തരമായി ഇവരില്‍ നടപ്പിലാക്കേണ്ടതുണ്ട്. ഓരോ നാലുപേരിലും ഏതെങ്കിലും കാരണത്താല്‍ മാനസികവിഭ്രാന്തിയുണ്ടാകും.
ലോകാരോഗ്യസംഘടനയുടെ 2001 ലെ കണക്കുപ്രകാരം മാനസികവൈകല്യത്തിലകപ്പെട്ടവര്‍ 450 ദശലക്ഷമാണ്. ഇന്നത് ഇരട്ടിയായിരിക്കുന്നു. ആഗോളതലത്തില്‍ വിവിധ രോഗങ്ങളുടെ കാരണങ്ങളില്‍ 13 % മാനസികപ്രശ്‌നമാണ് എന്ന് 2018 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മദ്യ-മയക്കുമരുന്നുപയോഗംമൂലം മാനസിക - ന്യൂറോളജിക്കല്‍ വൈകല്യങ്ങള്‍ അനുദിനം കൂടിവരുന്നു. ഇന്ത്യയില്‍ 90 ദശലക്ഷത്തിലധികം പേര്‍ ഏതെങ്കിലും തരത്തിലുള്ള മാനസികപ്രശ്‌നമുള്ളവരാണ്. ബാംഗ്ലൂര്‍ നിംഹാന്‍സിന്റെ 2015-16 ലെ റിപ്പോര്‍ട്ടിനനുസരിച്ച് 150 ദശലക്ഷം പേര്‍ അടിയന്തരചികിത്സ ആവശ്യമുള്ളവരാണ്. എന്നാല്‍, 30 ലക്ഷം പേര്‍ക്കേ ഇത് ലഭ്യമാകുന്നുള്ളൂ മള്‍ട്ടിനാഷണല്‍, കോര്‍പ്പറേറ്റ് മേഖലകളില്‍ മാനസികപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായും അവിടെ ജോലിചെയ്യുന്നവരില്‍ 42.5% പേരും വിഷാദം, ഉത്കണ്ഠ എന്നിവ പേറുന്നവരാണെന്നും പഠനങ്ങള്‍ പറയുന്നു. 
കൊറോണ വൈറസിന്റെ വ്യാപനംമൂലം മനുഷ്യരിലുണ്ടായ ഉത്കണ്ഠ, ഭയം, ഒറ്റപ്പെടല്‍, സാമൂഹികാകലം, യാത്രാ-ജോലിതടസ്സം, വൈകാരികക്ലേശങ്ങള്‍, ഉറ്റവരുടെ മരണം, തുടരുന്ന അനിശ്ചിതത്വം, ഉത്പാദനവരുമാനനഷ്ടം, സാമ്പത്തികത്തകര്‍ച്ച, ദാരിദ്ര്യം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ വരുംതലമുറയെത്തന്നെ ദോഷകരമായി ബാധിക്കുമെന്നും ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പു നല്‍കുന്നു. 2017 ലെ യു.എസ്. നാഷണല്‍ സെന്റര്‍ ഫോര്‍ ബയോ ടെക് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്പ്രകാരം ആത്മഹത്യകള്‍ കൂടുതലും മാനസികരോഗവുമായി ബന്ധപ്പെട്ടാണ്, വിഷാദം, ലഹരിയുപയോഗം, സൈക്കോസിസ് ഇവയാണ് അപകടഘടകങ്ങള്‍. 15 നും 35 നുമിടയിലുള്ളവരുടെ ആത്മഹത്യ വര്‍ധിക്കുന്നു. ഓരോ 40 സെക്കന്റിലും ഒരാള്‍ ആത്മഹത്യ ചെയ്യുന്നതായി ലോകാരോഗ്യസംഘടനയുടെ 2018 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിവര്‍ഷം ഇത് 8 ലക്ഷമാണ്. യുദ്ധങ്ങള്‍ മൂലം മരിക്കുന്നതിനെക്കാളധികമാണിത്. 
ആത്മഹത്യയ്ക്കു ശ്രമിക്കുന്നവരും ഏറെയാണ്. 29 വയസ്സുവരെയുള്ളവരുടെ ആത്മഹത്യയില്‍ 79% ഉം താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണു സംഭവിക്കുന്നത്. ഭൂരിഭാഗം രാജ്യങ്ങളിലും കുട്ടികളിലെ ആത്മഹത്യയും കൂടിക്കൂടിവരുന്നു. കുടുംബത്തെയും സമൂഹത്തെയും ബാധിക്കുന്ന വന്‍ദുരന്തമാണിത്. ആത്മഹത്യ ചെയ്യുന്നവരുടെ ബന്ധുക്കളില്‍ ഭാവിയില്‍ വിനാശകരമായ ഫലങ്ങളുളവാകുന്നു. ശിശു കൗമാര മാനസികാരോഗ്യരംഗത്തെ നമ്മുടെ മികവില്ലായ്മ മാനസികപ്രശ്‌നം ഉള്ള 50 ലക്ഷം കുട്ടികളില്‍ ഇന്ന് എത്തിനില്‍ക്കുമ്പോള്‍ വരുംകാലങ്ങളില്‍ അത് വര്‍ധിക്കും എന്നതില്‍ സംശയമില്ല. 2012 ലെ കണക്കനുസരിച്ച് ലോകത്ത് രണ്ടരലക്ഷം ഇന്ത്യക്കാരുടെ ആത്മഹത്യയില്‍ പകുതിയിലധികം 19 വയസ്സില്‍ താഴെയുള്ളവരാണ്. മാനസികാരോഗ്യരംഗത്ത് കുട്ടികളെ നാം ഏറെ ശ്രദ്ധിച്ചില്ലെങ്കില്‍ ഭാവിവികസനസങ്കല്പങ്ങള്‍ക്കു വളര്‍ച്ചയില്ലാത്തതാകും എന്നതില്‍ സംശയം വേണ്ട. അതിനാല്‍ കുട്ടികളുടെ മാനസികാരോഗ്യത്തിന് കുടുംബവും സമൂഹവും അതീവപ്രാധാന്യം നല്‍കണം.
2018 ബജറ്റ് പ്രകാരം ഈ മേഖലയില്‍ ചെലവഴിക്കേണ്ടിയിരുന്ന തുകയില്‍ പത്തുശതമാനം മാത്രമാണു ചെലവഴിച്ചത്. 150 ദശലക്ഷം രോഗികളെ കണക്കിലെടുത്താല്‍ ഒരാള്‍ക്ക് 33 പൈസ മാത്രം. അതിനുള്ള ചികിത്സകര്‍ മാത്രമാണ് ഇവിടെയുള്ളത്. ഇന്ത്യയിലെ മാനസികരോഗവിദഗ്ധര്‍ മറ്റു രാജ്യങ്ങളില്‍ മെച്ചപ്പെട്ട ജോലിസാധ്യതകള്‍ തേടുമ്പോള്‍ ഇവിടെ കുറവുകള്‍ ഓരോ ദിവസവും വര്‍ദ്ധിക്കുന്നു. ശരിയായ ചികിത്സയുടെയും മറ്റു സൗകര്യങ്ങളുടെയും അഭാവത്തിലുണ്ടാകുന്ന മാനസികരോഗ പ്രതിസന്ധിമൂലം വരുന്ന നഷ്ടം 2012 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഒരു ട്രില്ല്യണ്‍ ഡോളര്‍ ആണെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2007 ലെ ഐക്യരാഷ്ട്ര സംഘടനയുടെ ഉടമ്പടിപ്രകാരം ഭിന്നശേഷിക്കാരുടെ മാനസികാരോഗ്യപരിപാലനം മൗലികാവകാശമാണ്. ഇതിന്‍പ്രകാരമുള്ള ദേശീയനിയമം (2017) സൗജന്യചികിത്സ ഉറപ്പുവരുത്തുന്നുണ്ടെങ്കിലും അതു പൂര്‍ണ്ണതയില്‍ ലഭ്യമാകുന്നില്ല. അടിയന്തരാവശ്യം ജില്ലാ മാനസികാരോഗ്യപദ്ധതിപ്രകാരം ഗ്രാമപ്രദേശത്തു സേവനം ലഭ്യമാക്കാന്‍ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുകയും എല്ലാ ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കുകയും ചെയ്യുക എന്നതാണ്. പുനരധിവാസകേന്ദ്രങ്ങള്‍, ഡീഅഡിക്ഷന്‍ സെന്ററുകള്‍ ഇവയുടെ സേവനം മെച്ചപ്പെടുത്തുകയും കേന്ദ്രങ്ങള്‍ കൂടുതലായി അനുവദിക്കുകയും ചെയ്യണം. എല്ലാ മരുന്നുകളും സൗജന്യമായി നല്‍കുകയും, ലഭ്യത ഉറപ്പാക്കുകയും മാനസികാരോഗ്യ ചികിത്സാഫണ്ടുകള്‍ വര്‍ദ്ധിപ്പിക്കുകയും വേണം. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂട്ടുകയും കൗണ്‍സെലിംഗ് സൗകര്യം, കൃത്യമായ സമയത്ത് മരുന്നുപയോഗം, തൊഴില്‍പരമായ മേഖലയില്‍ കൂടുതല്‍ ക്രിയാത്മകത ഇവയിലൂടെ രോഗികള്‍ക്ക് കുടുംബവും സമൂഹവും ശക്തമായ പിന്തുണ നല്‍കുകയും വേണം. ഈ വര്‍ഷത്തെ മാനസികാരോഗ്യദിനത്തില്‍ ലോകാരോഗ്യസംഘടന, മാനസികാരോഗ്യമേഖലയില്‍ വലിയ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. രാജ്യങ്ങള്‍ അവരുടെ ആരോഗ്യ ബജറ്റിന്റെ 2% ശതമാനം മാത്രമാണ് ഈ രംഗത്തു ചെലവഴിക്കുന്നത്. ലോകമാനസികാരോഗ്യദിനം വിഭാവനം ചെയ്യുന്നത് ലോകത്തിന് ഒത്തുചേരാനും കാലാകാലങ്ങളായുള്ള മാനസികാരോഗ്യ അവഗണന പരിഹരിക്കാനും ആളുകളുടെ മാനസികാരോഗ്യ ക്ഷേമം ഉറപ്പുവരുത്താനും, നൂതനമാര്‍ഗ്ഗങ്ങളിലൂടെ രോഗസാധ്യതകള്‍ കുറയ്ക്കാനുമാണ്. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)