•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പി.ടി. ഉഷ@ 60

ഇന്ത്യയുടെ ഒരേയൊരു ഉഷ, കേരളത്തിന്റെ സ്വന്തം പി.ടി. ഉഷ. ഷഷ്ടിപൂര്‍ത്തിനിറവില്‍. ജൂണ്‍ 27 ന് ഉഷയ്ക്ക് 60 തികഞ്ഞു. ഷഷ്ടിപൂര്‍ത്തി ആഘോഷമാക്കാന്‍ പക്ഷേ, ഉഷയ്ക്കു സമയമില്ലായിരുന്നു. ഈ മാസം തുടങ്ങുന്ന പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിനെ ഒരുക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ പ്രഥമ വനിതാപ്രസിഡന്റ്. ഒപ്പം, രാജ്യസഭാംഗമെന്ന നിലയിലുള്ള ചുമതലകളും. 'പാരീസില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം രണ്ടക്കം ആകണം.' അതാണ് ഉഷയുടെ ലക്ഷ്യം. 
പതിനാറാം വയസ്സില്‍, 1980 ല്‍ മോസ്‌കോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത്, ആദ്യമലയാളി വനിതാ ഒളിമ്പ്യന്‍ എന്നു പേരെടുത്ത പി.ടി. ഉഷ മൂന്ന് ഒളിമ്പിക്‌സിലും (1980, 84,88) അഞ്ച് ഏഷ്യന്‍ ഗെയിംസിലും (1982, 86,90,94,98) ഇന്ത്യയ്ക്കായി മത്സരിച്ചു. 1996 ല്‍ അറ്റ്‌ലാന്റ ഒളിമ്പിക്‌സിലും ഉഷ ടീമില്‍ ഉണ്ടായിരുന്നെങ്കിലും ട്രാക്കില്‍ ഇറങ്ങിയില്ല.
1984 ലെ ലൊസാഞ്ചലസ് ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സെക്കന്‍ഡിന്റെ നൂറില്‍ ഒരു അംശത്തിന് വെങ്കലമെഡല്‍ നഷ്ടമായ ഉഷയ്ക്ക് കായികജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും അതാകും. നേട്ടങ്ങള്‍ എത്രയോ ഉണ്ട്. പക്ഷേ, 1985 ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണം നേടിയതും 1986 ല്‍ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ നാലു സ്വര്‍ണം നേടിയതും ആയിരിക്കും ഉഷയുടെ ഏറ്റവും വലിയ നേട്ടങ്ങള്‍.
ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ ഉഷ പരിശീലിപ്പിച്ച ടിന്റു ലൂക്ക ഒളിമ്പിക്‌സില്‍ മത്സരിച്ചു. ജിസ്‌ന മാത്യു ഇന്ത്യന്‍ ടീമില്‍ പലതവണ സാന്നിധ്യം അറിയിച്ചു. ഇപ്പോള്‍ പരിശീലകയുടെ റോളിന് തല്‍ക്കാലം അവധി നല്‍കി ഉഷ സ്‌പോര്‍ട്‌സ് സംഘാടകരംഗത്താണ്. ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 100 ലേറെ മെഡല്‍ നേടിയപ്പോള്‍ ഉഷയായിരുന്നു ഐ.ഒ.എ. അധ്യക്ഷ. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യ മെഡല്‍ നേട്ടം മെച്ചപ്പെടുത്തിയാല്‍ ഉഷയ്ക്ക് അഭിമാനിക്കാം. ടോക്കിയോയില്‍ ഒരു സ്വര്‍ണം ഉള്‍പ്പെടെ ഏഴു മെഡല്‍ ആണ് ഇന്ത്യ നേടിയത്. 
പി.ടി. ഉഷയ്ക്ക് കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും നേട്ടമില്ല. രാജ്യാന്തരനേട്ടം കണക്കിലെടുത്താല്‍ ഒളിമ്പിക്‌സ് ചാമ്പ്യനും ലോകചാമ്പ്യനും ഇന്ന് ഇന്ത്യക്കാരനായുണ്ട്. അഞ്ജുബോബി ജോര്‍ജിന് കോമണ്‍വെല്‍ത്ത് ഗെയിംസിലും ലോകചാമ്പ്യന്‍ഷിപ്പിലും മെഡല്‍ കിട്ടി. പക്ഷേ, പി.ടി. ഉഷ തുറന്ന വഴിയിലൂടെയാണ് പിന്‍തലമുറ കുതിച്ചത്. ഉഷയുടെ നഷ്ടങ്ങളാണ് അവര്‍ക്കു പാഠമായത്.
ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഒളിമ്പിക്‌സ് ഫൈനലില്‍ കടന്ന നാലാമത്തെ ഇന്ത്യന്‍ താരവും ആദ്യ ഇന്ത്യന്‍ വനിതയുമാണ് ഉഷ. ഒളിമ്പിക്‌സ് മെഡല്‍ ഇന്ത്യക്കാര്‍ക്കു കൈയെത്തും ദൂരത്തില്‍ എന്ന് ഉഷ പുതിയ തലമുറയ്ക്കു കാട്ടിക്കൊടുത്തു. ഇന്ത്യന്‍ ട്രാക്കുകളെയാകെ ഉണര്‍ത്താന്‍ ഉഷയ്ക്കു കഴിഞ്ഞു. രാജ്യത്താകെയും കേരളത്തില്‍ പ്രത്യേകിച്ചും താരങ്ങള്‍ക്ക് ഉഷ മാതൃകയായി; പ്രചോദനമായി. അതാണ് ഉഷയുടെ പ്രധാന സംഭാവന. നമ്മള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അല്ലാതെ 60 തികഞ്ഞെന്നു തോന്നാറില്ലെന്ന് ഉഷ പറയുമ്പോള്‍ ആ മനസ്സിന്റെ യുവത്വവും ശരീരത്തിന്റെ ആരോഗ്യക്ഷമതയും ഇനിയും ഇന്ത്യന്‍ സ്‌പോര്‍ട്‌സിന് പ്രയോജനപ്പെടട്ടേയെന്ന് നമുക്ക് ആശംസിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)