•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ബാല്യകാലസഖി യില്‍ ഇന്നും ജീവിക്കുന്ന ബഷീര്‍

വിശ്വവിഖ്യാതസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ അന്തരിച്ചിട്ട് ജൂലൈ അഞ്ചിന് 30 വര്‍ഷം അദ്ദേഹത്തിന്റെ അനശ്വരകൃതി ''ബാല്യകാലസഖി''ക്ക് എണ്‍പത്

വൈക്കം മുഹമ്മദ് ബഷീറിന്റെ ''മജീദും സുഹ്‌റയും'' ബാല്യകാലസഖിയിലൂടെ മലയാളികളുടെ മനസ്സില്‍ കുടിയേറിയിട്ട് 80 വര്‍ഷം തികഞ്ഞു.  രണ്ടുതവണ സിനിമയായി 18 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. അവതാരിക ഒഴിച്ചുനിര്‍ത്തിയാല്‍ 76 പേജുകള്‍മാത്രമുള്ള ഒരു ചെറുകഥയാണ് ഈ നോവല്‍. ബഷീര്‍ 1944 മേയ് 13 ന് കൊല്‍ക്കത്തയില്‍ താമസിക്കുന്ന കാലത്താണ് ബാല്യകാലസഖി പ്രസിദ്ധീകരിക്കുന്നത്. ആദ്യം ഇംഗ്ലീഷില്‍ എഴുതിയ നോവല്‍ പിന്നീട് മലയാളത്തിലേക്കു ബഷീര്‍തന്നെ തര്‍ജമ ചെയ്തു. സ്വാതന്ത്ര്യലബ്ധിക്കുമുമ്പെഴുതിയ ഈ നോവല്‍ ഇന്നും ലോകം കൗതുകത്തോടെ  തുറന്നുവയ്ക്കുന്നു.
     ഒറ്റയിരുപ്പില്‍ വായിക്കാവുന്ന ഒരു കൊച്ചുനോവലാണു ബാല്യകാലസഖി. വായിക്കുന്നവരുടെയെല്ലാം മനസ്സില്‍ സ്ഥിരപ്രതിഷ്ഠനേടുന്ന നായികാനായകന്മാര്‍ - സുഹ്‌റയും മജീദും. അവരുടെ ബാല്യകാലത്തിനു നഖക്ഷതങ്ങളുടെ എരിവും മാമ്പഴത്തിന്റെ മധുരവും ഉണ്ടായിരുന്നു. സ്വപ്നജീവിയായ മജീദും ബുദ്ധിമതിയായ സുഹ്‌റയും ബാല്യകാലത്തുതന്നെ അവര്‍ക്കു പരസ്പരമുള്ള സ്‌നേഹം തിരിച്ചറിയുന്നു. ബാല്യകാലസുഹൃത്തുക്കള്‍  പ്രണയത്തിലാകുമ്പോള്‍ ഒരു അസ്വാഭാവികതയും തോന്നാത്തവിധത്തില്‍ വായനക്കാരും അവര്‍ക്കൊപ്പം വളരുന്നു, സ്‌നേഹിക്കുന്നു, പ്രണയിക്കുന്നു. അത്ര സൂക്ഷ്മമായി വായിച്ചില്ലെങ്കില്‍ പോലും ബഷീര്‍ എന്ന സാഹിത്യകാരന്റെ ആത്മകഥാംശങ്ങള്‍ കഥയില്‍നിന്നു കണ്ടെത്താനാകും. മജീദിനെപ്പോലെ ബഷീറും വീടുവിട്ട് ധാരാളം അലഞ്ഞിട്ടുണ്ട്. മജീദിനെപ്പോലെ പ്രതാപം നിറഞ്ഞ ഒരു ബാല്യവും,വീട്ടില്‍ പിന്നീട് വന്നുചേര്‍ന്ന ദാരിദ്യവും ബഷീറും അനുഭവിച്ചിട്ടുണ്ട്.
      എന്തായിരിക്കാം സുഹ്‌റ മജീദിനോടു പറയാന്‍ ബാക്കിവച്ചത്? പലതവണ പറയാന്‍ തുനിഞ്ഞിട്ടും സുഹ്‌റ പറയാതെപോയത് എന്താണെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ നമുക്കു പറഞ്ഞുതന്നില്ല. ''എന്തായിരിക്കാം സുഹ്‌റ പറയാന്‍ കരുതിയത്? അറിയില്ല. അദ്ദേഹം അതു ഞങ്ങളോടും പറഞ്ഞിട്ടില്ല. നോവല്‍ ഇറങ്ങിയിട്ട് 80 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ആദ്യപതിപ്പിന്റെ മുഖചിത്രം എന്തായിരുന്നുവെന്നുപോലും ഞങ്ങള്‍ കണ്ടിട്ടില്ല. അന്നു ഞങ്ങളൊന്നും ജനിച്ചിട്ടില്ലല്ലോ''ബഷീറിന്റെ മകള്‍ ഷാഹിന മകള്‍ പറഞ്ഞതായി വായിച്ചത് ഓര്‍ക്കുന്നു. വെറുമൊരു പ്രണയകഥയല്ല ബാല്യകാലസഖി. പറയാന്‍ ബാക്കിവച്ച, പറയാതെ പോയ എന്തോ ഒന്നിന്റെ നീറ്റല്‍ വായനക്കാര്‍ വല്ലാതെ അനുഭവിക്കുന്നു. മജീദും സുഹ്‌റയും പ്രണയത്തിലായിരുന്നു, പക്ഷേ, നോവലില്‍ ഒരിടത്തും ഇരുവരും പരസ്പരം പ്രണയം തുറന്നു പറയുന്നില്ല. രണ്ടു വട്ടം മജീദ് കഥയില്‍ നാടുവിട്ടുപോകുന്നുണ്ട്, ഓരോ തവണയും സുഹ്‌റ എന്തോ പറയാന്‍ തുനിയുന്നുണ്ട്. പക്ഷേ, ഒന്നും പറയാന്‍ കഴിയുന്നുമില്ല. പറയാന്‍ ബാക്കിവച്ച എന്തൊക്കെയോ വായനക്കാരന്റെ മനസ്സിലും ഒരു  വിങ്ങിപ്പൊട്ടിലായി നില്‍ക്കുന്നു. 
      നിഷ്‌കളങ്കയായ ഏഴു വയസ്സുകാരി സുഹ്‌റയും ഒമ്പതുവയസ്സുകാരന്‍ മജീദും ഓരോ ഘട്ടങ്ങളിലൂടെ വളര്‍ന്ന് സൗഹൃദത്തിലും പ്രണയത്തിലും എത്തിച്ചേരുന്നതാണ് കഥ. മജീദായി തന്നെത്തന്നെയാണ് ബഷീര്‍ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബഷീറിന്റെ ബാപ്പയും ഉമ്മയും സഹോദരങ്ങളും നോവലില്‍ കഥാപാത്രങ്ങളായി വരുന്നു. തലയോലപ്പറമ്പിലുള്ള മുഹമ്മദീയന്‍സ്‌കൂളിലാണ് മജീദും സുഹ്‌റയും പഠിച്ചത്. പുതുശേരി നാരായണപിള്ളയായിരുന്നു  ക്ലാസ് അധ്യാപകന്‍. കണക്കാണു പഠിപ്പിക്കുന്നത്. കണക്കുകളെ സംബന്ധിച്ചിടത്തോളം മജീദിന് ആകപ്പാടെ ഒരു അങ്കലാപ്പാണ്. 'മണ്ടശ്ശിരോമണി' എന്നാണ് മജീദിനെ നാരായണപിള്ള വിളിച്ചിരുന്നത്. ''ഒന്നും ഒന്നും എത്രയാണെടാ?'' രണ്ടാണെന്നുള്ള ചോദ്യം മറികടന്ന് മജീദിന്റെ അദ്ഭുതകരമായ ഉത്തരംകേട്ട് ഗുരുനാഥനും സഹപാഠികളും പൊട്ടിച്ചിരിച്ചുപോയി:'' ഇമ്മിണി ബല്യ ഒന്ന്''. 
ബാല്യകാലസഖിയെപ്പറ്റി എം.പി.പോള്‍ അവതാരികയില്‍ എഴുതിയതിന് ഒരു മറുവാക്കു പറയാനില്ല:  ബാല്യകാലസഖി സ്വന്തം ജീവിതത്തില്‍നിന്നു വലിച്ചു ചീന്തിയ ഒരു ഏടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു.'' കഥാന്ത്യത്തില്‍ എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ച് ഒന്നുചേരുന്ന കമിതാക്കളെ നാം പല നോവലുകളിലും കണ്ടിട്ടുണ്ട്. എന്നാല്‍, ബഷീറിന്റെ 'ബാല്യകാലസഖി' ഇതില്‍നിന്ന് വേറിട്ടുനില്‍ക്കുന്നു. മലയാളികള്‍ കണ്ട ഏറ്റവും സത്യസന്ധമായ പ്രണയകഥയാണ് ബാല്യകാലസഖി.
     കഥാനായകനായ മജീദും നായിക സുഹ്‌റയും കണ്ടുമുട്ടുന്നത് അവര്‍ക്ക്  യഥാക്രമം ഒമ്പതും ഏഴും വയസ്സുള്ളപ്പോഴാണ്. വയസ്സില്‍ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഒരു ക്ലാസ്സിലാണ് അവര്‍ പഠിച്ചിരുന്നത്. സുഹ്‌റ കണക്കില്‍ മിടുമിടുക്കിയായിരുന്നു. മജീദ്  ഒരു മരമണ്ടനും. ആദ്യകാലത്ത് ബദ്ധവൈരികളായിരുന്നു ഇരുവരും. മാങ്ങാക്കൊതിച്ചിയായിരുന്ന സുഹ്‌റയ്ക്ക് മജീദ് മാങ്ങ പറിച്ചു കൊടുക്കുന്നതോടെ അവര്‍ കൂട്ടുകാരാവുന്നു, പിന്നീട്, എപ്പോഴോ കമിതാക്കളും. പക്ഷേ, വിധി അവര്‍ക്കായി കാത്തുവച്ചത് ഇതൊന്നുമായിരുന്നില്ല. പിച്ചളച്ചെല്ലത്തില്‍നിന്നു പുകയിലയെടുത്തു നീട്ടിത്തുപ്പി രസിച്ചിരുന്ന മജീദിന്റെ ബാപ്പ ഇത്തിരി പുകയിലയ്ക്ക് ഉമ്മയെ പറഞ്ഞയയ്ക്കുന്നതും, മാനത്തോളം ഉന്നതമായ സങ്കല്പസൗധത്തില്‍ രാജകുമാരിയുമൊത്തു വിഹരിക്കുന്ന സ്വപ്‌നങ്ങള്‍ കണ്ടിരുന്ന മജീദ് ഹോട്ടലിലെ എച്ചില്‍പാത്രങ്ങള്‍ കഴുകുന്നതും കഥയിലെ ദയനീയമായ  നിമിഷങ്ങളില്‍ ചിലതു മാത്രമാണ്.
     നിരവധി സാമൂഹികപ്രശ്‌നങ്ങള്‍ ഈ നോവല്‍ കൈകാര്യം ചെയ്യുന്നു. മിടുക്കിയായിട്ടും ദാരിദ്ര്യം മൂലം തുടര്‍ന്നുപഠിക്കാന്‍ കഴിയാഞ്ഞ സുഹ്‌റ ഇന്ത്യയിലെ ഒട്ടനവധി നിരക്ഷര ബാലികമാരുടെ പ്രതീകമാണ്. മനോഹരമായ ആഖ്യാനശൈലിയാണ് നോവലിന്റെ ഏറെ ആകര്‍ഷകമായ ഘടകം. അന്നുവരെ നമ്മുടെ സാഹിത്യത്തിന് അജ്ഞാതമായിരുന്ന മുസ്ലിംസമൂഹത്തിന്റെ ജീവിതം ഹൃദയദ്രവീകരണക്ഷമമായി 'കഥകളുടെ സുല്‍ത്താന്‍' നമുക്കായി അവതരിപ്പിച്ചിരിക്കുന്നു. 'എന്റെ വാക്കാണെന്റെ ഭാഷ' എന്നുറക്കെ പ്രഖ്യാപിച്ച ബഷീര്‍തന്നെയാണോ ഇത്ര ലളിതമായി അച്ചടിഭാഷയില്‍ എഴുതിയത് എന്ന സംശയം സ്വാഭാവികമാണ്. എം.പി പോളിന്റെ വാക്കുകള്‍ കടമെടുത്താല്‍ 'ഈ നോവല്‍ മലയാളസാഹിത്യത്തിലെ കിടയറ്റ നോവല്‍ ആണ്, തീര്‍ച്ച.'
      അയല്‍ക്കാര്‍ തമ്മിലുള്ള സ്‌നേഹം കൗമാരപ്രണയമായി പൂത്തുപന്തലിക്കുന്നു. മജീദിന്റെ പിതാവ് അക്കാലത്തു ധനികനായിരുന്നതിനാല്‍ പഠിത്തത്തില്‍ മിടുക്കനല്ലാത്ത മജീദിനെ ദൂരെയുള്ള പട്ടണത്തിലെ ഒരു സ്‌കൂളില്‍ അയയ്ക്കുന്നു. സുഹ്‌റയുടെ പിതാവിന് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബുദ്ധിമുട്ടായിരുന്നതിനാല്‍ പഠിക്കാന്‍ മിടുക്കിയായ മകളെ സ്‌കൂളില്‍ അയയ്ക്കണമെന്ന വലിയ ആഗ്രഹവും! പക്ഷേ, അച്ഛന്റെ മരണത്തോടെ അവളുടെ പ്രതീക്ഷകള്‍ തകര്‍ന്നു. സുഹ്‌റയുടെ വിദ്യാഭ്യാസചെലവുകൂടി വഹിക്കണം എന്ന മജീദിന്റെ അഭ്യര്‍ത്ഥന പിതാവ് നിരസിച്ചു. മജീദ് തന്റെ പിതാവുമായുള്ള വഴക്കിനുശേഷം വീടുവിട്ടിറങ്ങുന്നു, വളരെക്കാലം ദൂരദേശങ്ങളില്‍ അലഞ്ഞുനടക്കുന്നു. മടങ്ങിയെത്തിയപ്പോള്‍, തന്റെ കുടുംബത്തിന്റെ പഴയകാല ഐശ്വര്യമെല്ലാം ഇല്ലാതായതായും തന്റെ പ്രിയപ്പെട്ട സുഹ്‌റ മറ്റൊരാളെ വിവാഹം കഴിച്ചതായും മജീദ് അറിയുന്നു. ആ പ്രണയനഷ്ടം അവനെ ദുഃഖത്തിലാഴ്ത്തുന്നു. എപ്പോഴോ സുഹ്‌റയെ വീണ്ടും കണ്ടുമുട്ടുന്നു മജീദ്.  ഊര്‍ജസ്വലയായിരുന്ന ആ പഴയകാല സുന്ദരി, സുഹ്‌റ ഇന്ന് പരാജയവും ക്ഷീണവും മാത്രം അനുഭവിക്കുന്ന ഒരു സ്ത്രീയാണെന്ന് അവന്‍ മനസ്സിലാക്കുന്നു. സ്‌നേഹരഹിതമായ ദാമ്പത്യത്തിന്റെ കാഠിന്യത്തില്‍ തകര്‍ന്നരിക്കുന്ന അവളോട് മജീദ്  ആധികാരത്തോടെ ആജ്ഞാപിക്കുന്നു: 'സുഹ്‌റാ, തിരിച്ചുപോകരുത്''. അവള്‍ അത്  അനുസരിക്കുന്നു.
     വീണ്ടും മജീദ് വീടുവിട്ടിറങ്ങുന്നു, എന്നാല്‍, ഇത്തവണ മനസ്സില്‍ വ്യക്തമായ പദ്ധതികളുണ്ടായിരുന്നു: ഒരു ജോലി കണ്ടെത്തണം, ദാരിദ്ര്യത്തില്‍നിന്നു മുക്തി നേടണം. അവന്‍ ഒരു ഉത്തരേന്ത്യന്‍നഗരത്തിലെത്തുന്നു. ഒരുനാള്‍ സെയില്‍സ്മാനായി ജോലിനോക്കുന്നതിനിടെ ഒരു സൈക്കിളപകടത്തില്‍പെട്ട് മജീദിന് കാല്‍ നഷ്ടമാവുന്നു. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തതിന്റെ പിറ്റേന്ന് ജോലിയും നഷ്ടപ്പെടുന്നു. അവന്‍ പല വാതിലുകളിലും മുട്ടിയെങ്കിലും ഒടുവില്‍, ഒരു ഹോട്ടലില്‍ പാത്രം കഴുകുന്ന ജോലി കണ്ടെത്തുന്നു. ദിവസങ്ങളോളം വൃത്തികെട്ട പാത്രങ്ങള്‍ ചുരണ്ടുമ്പോള്‍ താന്‍ മടങ്ങിവരുന്നതും കാത്തിരിക്കുന്ന സുഹ്‌റയെ സ്വപ്നം കാണുന്നു. ഒടുവില്‍ തന്റെ പ്രാണസഖിയെ വിവാഹം കഴിക്കുന്നതിനുമുമ്പ് നാട്ടിലെ കടങ്ങള്‍ വീട്ടാന്‍ മതിയായ പണം സമ്പാദിക്കണം എന്ന ചിന്ത മനസ്സില്‍ നിറയുന്നു. വീണ്ടും വിധി അവരെ തോല്‍പ്പിക്കുന്നു. സുഹ്‌റ രോഗിയാണെന്നും തുടര്‍ന്നുള്ള അവളുടെ മരണത്തെക്കുറിച്ചും അമ്മ മജീദിനു കത്തെഴുതുന്നു. ജീവിതംതന്നെ മടുത്തു, പ്രപഞ്ചം ശൂന്യമായിപ്പോയപോലെ തോന്നി മജീദിന്. അവന്‍ വീണ്ടും പാത്രങ്ങള്‍ കഴുകിത്തുടങ്ങി. രണ്ടാം തവണ യാത്ര പറഞ്ഞിറങ്ങുന്നതിനു മുമ്പ് സുഹ്‌റ അവനോട് എന്തോ പറയാന്‍ തുടങ്ങിയതായിരുന്നു. പക്ഷേ, മുഴുമിപ്പിക്കാന്‍ ബസ്സിന്റെ ഹോണ്‍ അനുവദിച്ചില്ല. എന്തായിരുന്നു അന്ന് ഒടുവിലായി സുഹ്‌റ പറയാന്‍ തുടങ്ങിയത്? 
      നോവല്‍ ഇവിടെ തീരുന്നു...
നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു 'ബേപ്പൂര്‍ സുല്‍ത്താന്‍' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന കേരളത്തിന്റെ ഹൃദയമറിഞ്ഞ വൈക്കം മുഹമ്മദ് ബഷീര്‍. 1908 ജനുവരി 21 ന് തലയോലപ്പറമ്പിലാണു ജനനം. 1982 ല്‍ പത്മശ്രീ പുരസ്‌കാരവും 1970 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി  ഫെല്ലോഷിപ്പും ബഷീറിനെത്തേടിയെത്തി. ജനകീയനായ എഴുത്തുകാരനെന്നും ഏറ്റവുമധികം വായിക്കപ്പെട്ട കഥാകൃത്തുക്കളില്‍ ഒരാളെന്നും ബഷീര്‍ വിശേഷിപ്പിക്കപ്പെട്ടു. കായി അബ്ദുറഹ്‌മാന്റെയും കുഞ്ഞാച്ചുമ്മയുടെയും ആറുമക്കളില്‍ മൂത്തയാളായിരുന്നു ബഷീര്‍. തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്‌കൂളിലുമായിരുന്നു പ്രാഥമികവിദ്യാഭ്യാസം. സ്‌കൂള്‍പഠനകാലത്ത് വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായെത്തിയ ഗാന്ധിജിയെ കണ്ടതാണ് ബഷീറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഗാന്ധിജിയെ തൊട്ടുവെന്ന് പില്‍ക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്.  വീടുവിട്ട് കോഴിക്കോട്ടെത്തിയ ബഷീര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. കോഴിക്കോട്ടുവച്ച്, ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും ജയിലിലാകുകയും ചെയ്തു. അന്ന് അനുഭവിച്ച ക്രൂരമര്‍ദ്ദനത്തെക്കുറിച്ച് പിന്നീട് വിവരിക്കുന്നുണ്ട്, അദ്ദേഹം. 'പ്രഭ' എന്ന തൂലികാനാമത്തില്‍ 'ഉജ്ജീവനം' വാരികയില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ ശക്തമായ ലേഖനങ്ങളെഴുതി. വാരിക പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ സുഹൃത്തുക്കളുടെ ഉപദേശത്തില്‍ നാടുവിട്ട് വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. 
ഈ യാത്രയില്‍ പല ജോലികളും ചെയ്തു, പല ഭാഷകള്‍ പഠിച്ചു, മനുഷ്യജീവിതത്തിന്റെ തീവ്രദാരിദ്ര്യവും മനുഷ്യദുരയും നേരിട്ടുകണ്ട് അനുഭവിച്ചു. ലോകം ചുറ്റിനടന്നു കണ്ടെത്തിയ ഒട്ടേറെ ജീവിതസത്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.
     'ജയകേസരി'യില്‍ പ്രസിദ്ധീകരിച്ച 'എന്റെ തങ്കം' ആണ് ആദ്യം പ്രസിദ്ധീകരിച്ച കഥ. ജോലി അന്വേഷിച്ചെത്തിയ ബഷീര്‍  പ്രതിഫലത്തിനായി ഗത്യന്തരമില്ലാതെ, എഴുതിയ ആദ്യത്തെ കഥ. കറുത്തു വിരൂപയായ പെണ്ണിന്റെയും ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള യാചകന്‍ ചെറുക്കന്റെയും കഥയാണ് എന്റെ തങ്കം. ബഷീറിന്റെ ആദ്യത്തെ നോവലാണ് പ്രേമലേഖനം. വളരെ കുറച്ചുമാത്രം എഴുതിയിട്ടും ബഷീര്‍സാഹിത്യം മലയാളത്തിന്റെ ഒരു സാഹിത്യശാഖയായിത്തീര്‍ന്നു. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തും നര്‍മബോധവുംകൊണ്ട്, അദ്ദേഹം വായനക്കാരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ താഴേക്കിടയില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകള്‍ അദ്ദേഹം ജീവസ്സുറ്റതാക്കിത്തീര്‍ത്തു. ജയില്‍പ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും സ്വവര്‍ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ വികാരങ്ങള്‍ക്കോ അക്കാലത്തു സാഹിത്യത്തില്‍ സ്ഥാനമില്ലായിരുന്നതിനാല്‍, ആ കഥകളിലൂടെ സമൂഹത്തിനുനേരേയുള്ള വിമര്‍ശനചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തില്‍ ഒളിപ്പിച്ചുവച്ചു വെന്നും പറയാം. അനുഭവങ്ങളുടെ വേദന, വികാരതീവ്രത എല്ലാം തന്റെ തൂലികയിലൂടെ അദ്ദേഹം അനശ്വരമാക്കി. വൈകി ഫാത്തിമാബീവിയെ വിവാഹം കഴിച്ച ബഷീന്റെ 36 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന്റെ ഓര്‍മ്മകളുള്‍ക്കൊള്ളുന്ന ആത്മകഥ, 'എടിയേ' എന്നപേരില്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ വ്യക്തിജീവിതത്തിലെ മറ്റാരുമറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ നമ്മള്‍ വായിക്കുന്നത്. അനീസ്, ഷാഹിന എന്നിവരാണ് മക്കള്‍. 1994 ജൂലൈ 5 ന് ബഷീര്‍ അന്തരിച്ചു.
      ബഷീറിന്റെ പ്രഥാന കൃതികളില്‍ നോവല്‍, ചെറുകഥകള്‍, ഡയറിക്കുറിപ്പുകള്‍, തിരക്കഥകള്‍, നാടകം, ഓര്‍മക്കുറിപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ബഷീറിന്റെ കത്തുകള്‍  മരണശേഷം പ്രസിദ്ധീകരിക്കയുണ്ടായി. അതീവലളിതവും ഹൃദ്യവുമായിരുന്നെങ്കിലും തന്റേതായ ബഷീറിയന്‍ ശൈലി പരിഭാഷകര്‍ക്ക് ധാരാളം ബുദ്ധിമുട്ടുണ്ടാക്കി. എന്നിരുന്നാലും ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പുപ്പായ്‌ക്കൊരാനേണ്ടാര്‍ന്ന് എന്നീ നോവലുകള്‍ സ്‌കോട്ട്‌ലണ്ടിലെ ഏഡിന്‍ബറോ സര്‍വകലാശാല ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. റൊണാള്‍ഡ് ആഷര്‍ ആണ് ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തത്.  അദ്ദേഹത്തിന്റെ ചരമദിനം 'ബഷീര്‍ ദിനമായി' ആചരിക്കുന്നു. ആ ദിവസം ബഷീറുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികള്‍ വിദ്യാലയങ്ങളില്‍ നടന്നുവരുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)