•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പി.പി.ഇ. കിറ്റിനുള്ളില്‍ വീര്‍പ്പുമുട്ടി ദൈവത്തിന്റെ സ്വന്തം മാലാഖമാര്‍

കൊവിഡ് മഹാമാരി ലോകമെമ്പാടും സംഹാരതാണ്ഡവമാടുമ്പോള്‍  മാനവരാശിക്കുചുറ്റും പ്രതിരോധത്തിന്റെ കൂറ്റന്‍ മതിലുകള്‍ തീര്‍ത്ത് പോരാടുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. ദിനംപ്രതി പുറത്തുവരുന്ന കൊവിഡ് ബാധിതരുടെ കണക്കുകള്‍ കേട്ട് നെടുവീര്‍പ്പിടുന്ന നമ്മളാരെങ്കിലും എപ്പോഴെങ്കിലും ഈ ആരോഗ്യപ്രവര്‍ത്തകരുടെ പ്രയാസങ്ങളെയും ആശങ്കകളെയുംകുറിച്ച് ഓര്‍ക്കാറുണ്ടോ? ഇല്ല.
നമുക്കും ഈ നാടിനും സുരക്ഷയൊരുക്കാന്‍ നാടും വീടും ഉപേക്ഷിച്ച് അഹോരാത്രം പണിയെടുക്കുന്നവരാണ് അവര്‍. ജീവന്‍പോലും പണയപ്പെടുത്തി മഹാമാരിക്കെതിരേ പോരാടുന്നവരില്‍ മുന്‍പന്തിയിലാണ് ലോകം മാലാഖമാരെന്ന ഓമനപ്പേരിട്ടു വിളിക്കുന്ന നഴ്സുമാര്‍. 
വൈറസ്ബാധയേല്‍ക്കാതിരിക്കാന്‍  മുന്‍കരുതലുകളൊരുക്കി നമ്മള്‍ വീടുകളിലൊതുങ്ങിക്കൂടുമ്പോള്‍ അപരരുടെ ആരോഗ്യസംരക്ഷണത്തിനും പരിപാലനങ്ങള്‍ക്കും വേണ്ടിയാണ് നഴ്‌സുമാര്‍ വീടുവിട്ടിറങ്ങിയത്. കൊവിഡ് പ്രതിരോധപ്രവത്തനങ്ങളില്‍ വ്യാപൃതരായ നഴ്സുമാരുടെ നിസ്തുലസേവനങ്ങള്‍ നമ്മള്‍ വാഴ്ത്തിപ്പാടാറുണ്ടെന്നത് സത്യംതന്നെ. എന്നാല്‍, അവരിപ്പോള്‍ അനുഭവിക്കുന്ന വിഷമതകളും ആശങ്കകളും നാം അറിയാതെ പോകരുത്.
കേരളത്തിലെ പ്രമുഖ ആശുപത്രികളിലൂടെ ഞങ്ങള്‍ സഞ്ചരിച്ചപ്പോഴാണ് പി.പി.ഇ. കിറ്റിനുള്ളിലെ നരകജീവിതത്തെക്കുറിച്ച് നഴ്സുമാര്‍ മനസുതുറന്നത്. 
പേഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് (പി.പി.ഇ.) കിറ്റ് അണിഞ്ഞുള്ള നഴ്സുമാരുടെ ആരോഗ്യപ്രവര്‍ത്തനം ഇന്ന് സാധാരണകാഴ്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍, അതണിഞ്ഞുള്ള ജോലിയുടെ ബുദ്ധിമുട്ടിനെക്കുറിച്ചോ അപകടത്തെക്കുറിച്ചോ ആരും ചിന്തിക്കാറുമില്ല, ചര്‍ച്ച ചെയ്യാറുമില്ല.
ഗ്ലൗസ്, ഗൗണ്‍, തലയുള്‍പ്പെടെ മുഴുവന്‍ ശരീരവും മൂടുന്ന വസ്ത്രം, കാലുറ, മാസ്‌ക്, ഗോഗിള്‍സ് (കണ്ണട), ശ്വസനോപകരണം എന്നിവ അടങ്ങുന്നതാണ് പി.പി.ഇ. കിറ്റ്. ഇവയെല്ലാം ധരിച്ചുവേണം കൊറോണ വാര്‍ഡിലെ നഴ്സുമാര്‍ ജോലിയില്‍ പ്രവേശിക്കാന്‍. 
പി.പി.ഇ. കിറ്റ് ധരിക്കുക എന്നത് വളരെയധികം ശാരീരിക അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് നഴ്‌സുമാര്‍ ഒന്നടങ്കം പറയുന്നു. പ്രതിരോധമെന്ന നിലയില്‍ കിറ്റ് ഉപേക്ഷിക്കാനും വയ്യ. പരസ്പരം തിരിച്ചറിയാത്തവിധം ശരീരം മറയ്ക്കുന്ന ഈ കിറ്റ് ധരിച്ച് പത്തു മുതല്‍ പന്ത്രണ്ട് മണിക്കൂര്‍വരെ ജോലി ചെയ്യുക എന്നത് മരണപരീക്ഷണമാണ്. പി.പി.ഇ. കിറ്റ് അഴിച്ചുമാറ്റാതെ  ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ മലമൂത്രവിസര്‍ജ്ജനം ചെയ്യാനോ കഴിയില്ല. പത്തു മണിക്കൂര്‍വരെ ബാത്റൂമില്‍ പോകാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന നഴ്‌സുമാര്‍ ക്ഷമയുടെ പര്യായമാണെന്നു വേണം പറയാന്‍.
സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് നാലു മണിക്കൂറാണ് പി.പി.ഇ. കിറ്റിനുള്ളിലെ ജോലി. എന്നാല്‍, പല ആശുപത്രികളിലും ഡ്യൂട്ടിസമയം എട്ടും പത്തും മണിക്കൂറാണെന്ന് നഴ്സുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. ചില സാഹചര്യങ്ങളില്‍ ഓവര്‍ ഡ്യൂട്ടികൂടി ചെയ്യേണ്ടിവരുന്നുണ്ടെന്ന് തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയിലെ നഴ്‌സ് വെളിപ്പെടുത്തുന്നു. കൊറോണ ഡ്യൂട്ടിക്ക് ആളില്ലാത്തതാണ് അധികഡ്യൂട്ടിക്കു കാരണം. ചിലര്‍ ശാരീരികാസ്വസ്ഥതകള്‍ പറഞ്ഞ് മാറും, മറ്റുചിലര്‍ സ്വാധീനം ചെലുത്തി രക്ഷപ്പെടും. ജോലിയില്‍ പ്രവേശിക്കുന്നവര്‍ പിന്നീട് അവിടെ സ്ഥിരമായി മാറുകയാണ്. പല ഹോസ്പിറ്റലുകളിലും ഷിഫ്റ്റ് ചെയിഞ്ച് ചെയ്യാന്‍പോലും ആളില്ല.
ഇത്തരത്തില്‍ എട്ടും പത്തും  മണിക്കൂര്‍ ഒരിറ്റു വെള്ളംപോലും കുടിക്കാതെ ജോലിചെയ്ത് യൂറിനല്‍ ഇന്‍ഫക്ഷനും മറ്റ് അസുഖങ്ങളും വന്ന നഴ്സുമാരുടെ എണ്ണം കൂടിവരികയാണ്. സമയത്ത് ആഹാരം കഴിക്കാത്തതിന്റെപേരില്‍ തലചുറ്റി വീണവരും പി.പി.ഇ. കിറ്റിന്റെ നിരന്തര ഉപയോഗംമൂലം തൊലിപ്പുറത്ത് അലര്‍ജി സംഭവിച്ചവരും ഉണ്ട്. പി.പി.ഇ. കിറ്റ് ധരിച്ചാല്‍ അസഹ്യമായ ചൂടാണ്. മിനിറ്റുകള്‍ക്കകം ശരീരം വിയര്‍ത്തൊഴുകും. പിന്നെ വല്ലാത്തൊരു അസ്വസ്ഥതയാണ്. വിയര്‍പ്പും പുകച്ചിലുംമൂലം ശരീരം തളരുമ്പോള്‍പോലും തുള്ളി വെള്ളം കുടിക്കാന്‍ കഴിയില്ലെന്ന് നഴ്സുമാര്‍ പറയുന്നു.
സുരക്ഷയ്ക്കായി രണ്ടു മാസ്‌കുകളാണ് വയ്ക്കുന്നത്. ഇവയുടെ വള്ളി ചെവികള്‍ക്കിടയില്‍ ഉരഞ്ഞു മുറിവുണ്ടാകുന്നുണ്ട്. കക്ഷം, കഴുത്ത്, വയറ്, തുട, മുട്ട് തുടങ്ങിയ ഭാഗത്ത് ചെറിച്ചിലും മുറിവും ഉണ്ടാകാറുണ്ടെന്നും നഴ്സുമാര്‍ പറയുന്നു. വീട്ടില്‍ പോയിട്ടു മാസങ്ങളായവരാണ് ഒട്ടുമിക്ക നഴ്സുമാരും. കൈക്കുഞ്ഞുങ്ങളും പ്രായമായ മാതാപിതാക്കളുമുള്ളവരാണ് അധികവും. മക്കളെയോ രോഗികളായ മാതാപിതാക്കളെയോ കാണാന്‍ കഴിയാതെ തടങ്കലിലകപ്പെട്ട അവസ്ഥയിലാണ് പലരും.
ആശുപത്രിയധികൃതരുടെ ഭാഗത്തുനിന്ന് ഒരു കനിവും ഉണ്ടായിട്ടില്ലെന്നും ഒട്ടുമിക്ക ഹോസ്പിറ്റലുകളിലും റിസ്‌ക് ഫണ്ടുപോലും ലഭിക്കുന്നില്ലെന്നും നഴ്സുമാര്‍ പറയുന്നു. കൊറോണ വാര്‍ഡില്‍ ചികിത്സയിലിരിക്കേ നഴ്‌സുമാര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായാല്‍ സ്വന്തം ചെലവില്‍ പരിശോധന നടത്തേണ്ട അവസ്ഥയാണെന്നാണ് എറണാകുളത്തെ ഒരു പ്രമുഖ ഹോസ്പിറ്റലിലെ നഴ്‌സ് പറയുന്നത്. ഇത്തരത്തില്‍ നിരവധി പ്രശ്‌നങ്ങളാണ് നഴ്‌സുമാര്‍ അഭിമുഖീകരിക്കുന്നത്. 
ആരോഗ്യമേഖലയിലെ എല്ലാ ജീവനക്കാരും ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെങ്കിലും, നഴ്സുമാരാണ് ഇതില്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. രോഗികളുമായി കൂടുതല്‍ സമയം ചെലവിടേണ്ടി വരുന്നതാണ് ഇതിനു കാരണം. ഡോക്ടര്‍മാരും മറ്റു ജീവനക്കാരും നാലു മണിക്കൂര്‍ മാത്രമാണ് പി.പി.ഇ. കിറ്റ് ധരിക്കുന്നത് എന്നാല്‍, ഞങ്ങള്‍ പത്തു മണിക്കൂറോളം പി.പി.ഇ. കിറ്റിനുള്ളിലാണെന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ഒരു നഴ്‌സ് പറയുന്നു. 
പി.പി.ഇ. കിറ്റിന് ആയിരം രൂപയോളം വില വരും, അതുകൊണ്ടുതന്നെ ഇവ ഊരിമാറ്റി ഭക്ഷണം കഴിക്കാന്‍ ആരും തയ്യാറാകില്ല.
പുകച്ചിലും ദാഹവുംമൂലം തളരുമ്പോള്‍ മുഖാവരണവും മറ്റും ഊരിമാറ്റി വെള്ളം കുടിക്കുന്നവരുണ്ട്. അപകടമാണെന്നറിഞ്ഞും ഇങ്ങനെ ചെയ്യേണ്ടിവരുന്നത് നിവൃത്തികേടുകൊണ്ടാണെന്ന് കണ്ണൂരിലെ ഒരു നഴ്സ് പറയുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോഴാണ് നഴ്സുമാരിലേക്കും വൈറസ് ബാധ പടരുന്നതെന്നും ഇവര്‍ പറയുന്നു.
പി.പി.ഇ. കിറ്റ് ധരിക്കുന്നതിനെക്കാള്‍ കരുതല്‍ വേണം ഇവ ശരീരത്തില്‍നിന്നു നീക്കം ചെയ്യാന്‍. കൈയുറ ഊരുമ്പോള്‍പോലും അല്പം പാളിയാല്‍ കിറ്റ് ഉപയോഗിച്ചതിന്റെ ഗുണം ഇല്ലാതാകും. പി.പി.ഇ. കിറ്റ് ഊരിക്കഴിഞ്ഞാല്‍ അത് അണിഞ്ഞ ആള്‍ ആദ്യം കൈകള്‍ നന്നായി കഴുകി വൃത്തിയാക്കിയിരിക്കണം. ഒരു കിറ്റ് ഒരിക്കല്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ശരീരത്തില്‍നിന്ന് നീക്കിക്കഴിഞ്ഞാല്‍ അത് കത്തിച്ചുകളയുകയാണ്. ഓരോ പ്രവൃത്തിക്കും അതീവശ്രദ്ധ ആവശ്യമാണെന്നും ദൈവകൃപയാലാണ് അനിഷ്ടങ്ങള്‍ സംഭവിക്കാത്തതെന്നും നഴ്‌സുമാര്‍ പറയുന്നു. 
ഇത്തരത്തില്‍ സാഹസികമായ ഒരു ജീവിതമാണ് കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഓരോ നഴ്സുമാരും നമുക്കുവേണ്ടി അനുഭവിക്കുന്നത്. കൊവിഡ് ഡ്യൂട്ടിയെടുക്കുന്ന നഴ്‌സുമാര്‍ ദുരിതത്തിലാണെന്നും അടിയന്തരമായി ഇതിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നഴ്സസ് യൂണിയന്‍ രംഗത്തു വന്നിരുന്നു. എന്നാല്‍, സര്‍ക്കാര്‍തലങ്ങളില്‍നിന്ന് ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നതാണ് ഖേദകരം. മാനവരാശിയെ രക്ഷിക്കാന്‍ കണ്ണും കാതും കൂര്‍പ്പിച്ച് അഹോരാത്രം പണിയെടുക്കുന്ന നമ്മുടെ മാലാഖമാരുടെ ദുരിതം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍തന്നെ നടപടി വേണം. കൂടുതല്‍ ജീവനക്കാരെ നിയമിച്ച് തങ്ങളുടെ  ജോലിഭാരം കുറയ്ക്കുകയും ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യണമെന്നതാണ് നഴ്സുമാരുടെ ആവശ്യം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)