2024 - കഥാപ്രസംഗകലയുടെ അരങ്ങവതരണത്തിന്റെ ശതാബ്ദിവര്‍ഷം
സ്‌നേഹത്തില്‍നിന്നുദിക്കുന്നു ലോകം
സ്‌നേഹത്താല്‍ വൃദ്ധി തേടുന്നു
സ്‌നേഹംതാന്‍ ശക്തി ജഗത്തില്‍ സ്വയം
സ്‌നേഹംതാന്‍ ആനന്ദമാര്‍ക്കും
സ്‌നേഹം താന്‍ ജീവിതം ശ്രീമന്‍
സ്‌നേഹവ്യാഹതിതന്ന മരണം
സ്‌നേഹം നരകത്തില്‍ ദ്വീപില്‍
സ്വര്‍ഗഗേഹം പണിയും പടുത്വം
കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ കാവ്യഭംഗി നിറഞ്ഞ, പ്രപഞ്ചസത്യം വിളംബരം ചെയ്യുന്ന ഈ വരികള്‍, സംഗീതാത്മകമായി ചവിട്ടുഹാര്‍മോണിയത്തിന്റെയും ചപ്ലാംകട്ടയുടെയും മൃദംഗത്തിന്റെയുമൊക്കെ പശ്ചാത്തലസംഗീതത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്നു. പാട്ടിനിടയ്ക്ക് വരികളുടെ ആഖ്യാനമെന്നവണ്ണമുള്ള പറച്ചില്‍. ജാതിവ്യവസ്ഥയുടെ നിരര്‍ഥകതയെക്കുറിച്ചുള്ള വിശദീകരണം. ചണ്ഡാലപ്പെണ്ണിന്റെ വിഹ്വലതകളുടെ അഭിനയാവതരണം. കണ്ടുനിന്നവര്‍ക്കു ഹരം പിടിച്ചു. അപ്പോള്‍ ഓടിയെത്തിയ ഒരാള്‍ ചോദിച്ചു: ഇതെന്താ പരിപാടി? ഇതല്ലേ പുതിയ പരിപാടി. കഥാപ്രസംഗം, ഗംഭീരം.
1924 ല്‍ ആയിരുന്നു ഈ സംഭവം. ഇത് കഥാപ്രസംഗകലയുടെ അരങ്ങവതരണത്തിന്റെ ശതാബ്ദിവര്‍ഷം. സാംസ്‌കാരികകേരളമാകെ ചര്‍ച്ചകളും അനുസ്മരണച്ചടങ്ങുകളുമൊക്കെ നടക്കുന്നു. കണ്ടുമടുത്ത ആവര്‍ത്തനക്കാഴ്ചകളുടെ ശബ്ദപ്രകാശഘോഷങ്ങളില്‍നിന്ന് മലയാളി വീണ്ടും കഥാപ്രസംഗവേദികളുടെ മുമ്പിലേക്കെത്തുന്ന ശുഭകാര്യവും സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഇതൊരു വലിയ കലയാണ്. വ്യക്തമായ അക്ഷരത്തിന്റെയും ശുദ്ധമായ ഭാഷയുടെയും ഒരു കല. സര്‍വജനങ്ങളും കേള്‍ക്കേണ്ട സദ്വര്‍ത്തമാനങ്ങള്‍ കഥാവതരണത്തിന്റെ ശാസ്ത്രീയചിട്ടകള്‍കൊണ്ട് അമ്പരപ്പിക്കാതെ ലളിതസുന്ദരമായി നേരേ പകര്‍ന്നുകൊടുക്കുന്ന കല. വരേണ്യവര്‍ഗത്തിനു മാത്രമുള്ളതാണ് ശ്രേഷ്ഠമായ കലകളെന്ന ധാരണയെ തകിടം മറിച്ച്, ക്ഷേത്രമതിലുകള്‍ക്കകത്തും പുറത്തും എല്ലാ വിഭാഗം ജനങ്ങളുടെയും മുമ്പാകെ അവതരിപ്പിക്കപ്പെട്ട ഉജ്ജ്വലമായ കല. പാഠപുസ്തകംപോലെ കഥാസന്ദര്‍ഭങ്ങളെ കണ്ടറിഞ്ഞ് ചിന്താപരിവര്‍ത്തനത്തിനു മാനവഹൃദയങ്ങളെ പ്രേരിപ്പിച്ച കഥാപ്രസംഗകല ശതാബ്ദിയിലേക്കു നീങ്ങുമ്പോള്‍, കടന്നുപോയവരെ ഓര്‍ക്കുന്നത് ചരിത്രബോധനത്തിനും കലയുടെ വികാസത്തിനും ഏറെ ഉപകരിക്കുമെന്നതില്‍ തര്‍ക്കമില്ല.
വ്യാസശിഷ്യനായ വൈശമ്പായനന്‍ മഹാഭാരതകഥ കഥാകഥനഗാനാവതരണമായി അവതരിപ്പിച്ചതാവാം ഭാരതചരിത്രത്തിലെ കഥാപ്രസംഗത്തിന്റെ ആദ്യരൂപം. കഥാകഥന്‍, ബുറക്കഥ, ഹരികഥ തുടങ്ങിയ പേരുകളിലൊക്കെ സമാനമായ അവതരണങ്ങള്‍ ഉത്തര - ദക്ഷിണ ഭാരതങ്ങളില്‍ നടന്നുവന്നു. ഇവയൊക്കെയും ഭക്തിപ്രസ്ഥാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ സാധൂകരിക്കുകയെന്ന ദൗത്യമാണ് നിര്‍വഹിച്ചുകൊണ്ടിരുന്നത്.
കേരളക്കരയില്‍, പരമ്പരാഗതമായ ചട്ടക്കൂടിന്റെ ചുവടുപിടിച്ചുകൊണ്ടുതന്നെ കൊല്ലവര്‍ഷം 1096 ല്‍ (എ.ഡി. 1921) ശ്രീനാരായണഗുരുവിന്റെ ശിഷ്യനും കുമാരനാശാന്റെ പ്രിയമിത്രവുമായിരുന്ന സി.ഐ. സത്യദേവന്‍ കഥാപ്രഭാഷണം എന്നപേരില്‍ ഒരു കലാപരിപാടി അവതരിപ്പിച്ചു. നെയ്യാറ്റിന്‍കരയില്‍ കുന്നുംപാറ ക്ഷേത്രത്തിലായിരുന്നു വേദി. കേരളത്തിലെ അക്കാലത്തെ രാഷ്ട്രീയസംഭവവികാസങ്ങളുടെ ആധിക്യത്തിനിടയില്‍ ഈ പുതിയ കലാരൂപം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി എന്നതു പരമാര്‍ഥം.
1924 ലാണ് കേരളം അദ്ഭുതസ്തബ്ധയായത്. ചണ്ഡാലഭിക്ഷുകി കഥാപ്രഭാഷണമായി അവതരിപ്പിക്കാന്‍ സി.ഐ. സത്യദേവന്‍ തീരുമാനിച്ചു. ഡോ. പല്‍പ്പുവാണ് സന്ദര്‍ഭോചിതമായ ചില വരികള്‍ എഴുതി നല്കിയത്. ചേന്ദമംഗലത്ത് ഡോ. പല്‍പ്പുവിന്റെ വസതിയിലായിരുന്നു റിഹേഴ്‌സല്‍. ആ വീട്ടിലെ വാടകക്കാരനും സര്‍ക്കാരുദ്യോഗസ്ഥനുമായിരുന്ന ശ്രീ പി.കെ. കുഞ്ഞിരാമന്‍ ബി.എ.യാണ് നവീനമായതും കാലത്തെ വരച്ചുകാട്ടുന്നതില്‍ കര്‍ട്ടണ്‍മറകളൊന്നുമില്ലാത്തതുമായ ഈ കലാരൂപത്തിന് കഥാപ്രസംഗം എന്ന പേരു നല്കിയത്. അതൊരു തുടക്കമായിരുന്നു.
ജാതിയുടെ ഭാരം അനുഭവങ്ങളില്‍ പേറിനടന്ന പതിനായിരങ്ങള്‍ മതില്‍ക്കെട്ടുകള്‍ക്കു വെളിയില്‍ ഈ കഥകേട്ടു. ജനം ഇളകി. എവിടെയും ജനസാഗരം. കഥാപ്രസംഗമെന്ന ജനകീയകല ഉയര്‍ന്നുറയ്ക്കുകയായിരുന്നു മലയാളക്കരയില്‍. പിന്നീടുണ്ടായ തുടര്‍ച്ചകള്‍ കഥാപ്രസംഗകലയെ കേരളീയകലകളുടെ മുന്‍നിരയില്‍ത്തന്നെ നിലനിര്‍ത്തിയെന്നതും ചരിത്രസത്യം.
സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശവാഹകനായിരുന്ന പ്രൊഫ. എം.പി. മന്മഥന്‍ കഥാപ്രസംഗകലാക്ഷേത്രത്തില്‍ അഗ്രഗണ്യനായി. വള്ളത്തോള്‍ നാരായണമേനോന്റെ 'എന്റെ ഗുരുനാഥന്‍' എന്ന കവിത കഥാപ്രസംഗമായി നൂറുകണക്കിനു വേദികളില്‍ അദ്ദേഹം അവതരിപ്പിച്ചു. വള്ളത്തോളിന്റെതന്നെ 'മഗ്ദലനമറിയം' കപടസദാചാരത്തിന്റെ മൂടുപടം വലിച്ചുകീറുന്ന കഥാപ്രസംഗമായി. ഉള്ളൂരിന്റെ മൃണാളിനിയെ ഇതിവൃത്തമാക്കി മദ്യമെന്ന വിപത്തിനെതിരേ മന്മഥന്‍സാര്‍ അത്യുജ്ജ്വലമായ സന്ദേശപ്രചാരണം നടത്തി. കഥാപ്രസംഗങ്ങള്‍ കേട്ടേ തീരൂ എന്ന തീരുമാനത്തിലേക്കു സാമാന്യജനങ്ങളെല്ലാം അവരറിയാതെതന്നെ എത്തിച്ചേര്‍ന്ന കാലഘട്ടമായിരുന്നു അത്.
ശ്രീ കെടാമംഗലം സദാനന്ദന്‍ 'അവന്‍ വീണ്ടും ജയിലിലേക്ക്, രമണന്‍' തുടങ്ങിയ ശീര്‍ഷകങ്ങളില്‍ പറഞ്ഞ കഥകള്‍ മലയാളമണ്ണിനെ കോരിത്തരിപ്പിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലും മലയാളഭാഷയുടെ അപാരമായ സൗന്ദര്യം പ്രവാഹമെന്നവണ്ണം അവതരിപ്പിക്കുന്നതിലും ശ്രീ കെടാമംഗലം അന്നും ഇന്നും ഒന്നാംസ്ഥാനത്തു നില്ക്കുന്നു.
ശ്രീ കെ.ജി. കേശവപ്പണിക്കര്‍ കാറല്‍മാര്‍ക്‌സ്, ശ്രീനാരായണഗുരു എന്നീ കഥകളിലൂടെ വ്യത്യസ്തദര്‍ശനങ്ങളിലുള്ള മാനവികതയുടെ വക്താക്കളെ നന്നായി മലയാളത്തിനു ബോധ്യപ്പെടുത്തി. ശ്രീ. ജോസഫ് കൈമാപ്പറമ്പന്‍, ശ്രീ. കെ.കെ. ജോസഫ്, ശ്രീ. പി.സി. എബ്രഹാം തുടങ്ങിയവര്‍ കൂടുതലായി ക്രൈസ്തവദേവാലയങ്ങളില്‍ കഥ പറഞ്ഞവരാണ്. വിശുദ്ധ ബൈബിളിലെ കഥാസന്ദര്‍ഭങ്ങള്‍ കൂടാതെ മൂല്യാധിഷ്ഠിതമായ കുടുംബജീവിതത്തിനുതകുന്ന സാമൂഹികകഥകളും ഇവര്‍ മൂന്നുപേരും അവതരിപ്പിച്ചുപോന്നു.
സര്‍വശ്രീ കെ.കെ. വാധ്യാര്‍, ആര്‍.കെ. കൊട്ടാരത്തില്‍, കെ.ആര്‍. ഹരിപ്പാട്, കവനാലയം നാണുക്കുട്ടന്‍, വെണ്‍പാലക്കര വിശ്വംഭരന്‍ തുടങ്ങിയ കഥാപ്രസംഗഗുരുനാഥന്മാര്‍ അവരുടെ വേദികളിലൂടെ സാമൂഹികരാഷ്ട്രീയവിഷയങ്ങളെ സംബന്ധിക്കുന്ന കഥകള്‍ അവതരിപ്പിച്ചുകൊണ്ടേയിരുന്നു. എന്താണു ജോലി എന്ന ചോദ്യത്തിന് 'കഥാപ്രസംഗം' എന്നുമാത്രം മറുപടികൊടുത്തുകൊണ്ടിരുന്ന ആദ്യകാഥികന്‍ ശ്രീ. കെ.കെ. വാധ്യാര്‍ ആയിരുന്നു.
1949 സെപ്റ്റംബര്‍ 17 ന് കഥാപ്രസംഗവേദിയില്‍ ഒരു പൊന്‍താരകം ഉദിച്ചുയര്‍ന്നു സാക്ഷാല്‍ വി. സാംബശിവന്‍. കൊല്ലം ജില്ലയിലെ ഗുഹാനന്ദപുരം ക്ഷേത്രവേദിയില്‍ ചങ്ങമ്പുഴയുടെ ദേവത എന്ന കാവ്യകൃതിയാണ് അദ്ദേഹം ആദ്യകഥാപ്രസംഗമാക്കിയത്. പിന്നെ ആയിരക്കണക്കിനു വേദികള്‍. ലക്ഷംലക്ഷം ശ്രോതാക്കള്‍. വി. സാംബശിവന്‍ അവതരിപ്പിച്ച കഥാപ്രസംഗങ്ങളുടെ വിശദാംശങ്ങള്‍ക്ക് ഈ താളുകള്‍ തികയില്ല എന്നതാണു പരമാര്‍ഥം.
കരുണ, കൊച്ചുസീത, പുള്ളിമാന്‍, യന്ത്രം, പ്രേമശില്പി, ദേവലോകം തുടങ്ങി പ്രസിദ്ധ മലയാളസാഹിത്യകൃതികള്‍ കഥാപ്രസംഗങ്ങളായി അവതരിപ്പിച്ചതിനൊപ്പം വൈദേശികസാഹിത്യകൃതികള്‍ക്കും ബംഗാളിസാഹിത്യത്തിലെ നിരവധിയായ ഉത്കൃഷ്ടരചനകള്‍ക്കും വി. സാംബശിവന്‍ കഥാപ്രസംഗരൂപം നല്കുകയുണ്ടായി. ഒഥല്ലോ, കുറ്റവും ശിക്ഷയും, അന്നാകരിനീന, പ്രതി ഹാജരുണ്ട്, വിലയ്ക്കുവാങ്ങാം, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയവ ഏതാനും ഉദാഹരണങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ നേരം മൈക്രോഫോണിനു മുന്നില്‍നിന്ന വ്യക്തി ആരെന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു വി. സാംബശിവന്‍. ഇന്നുവരെ പകരക്കാരനുണ്ടായിട്ടില്ലാത്ത കാഥികരത്‌നം.
ശ്രീ ചേര്‍ത്തല ബാലചന്ദ്രന്റെ പുരാണകഥകള്‍ അന്യൂനമായ അവതരണശൈലികൊണ്ട് ഇന്നും ശ്രോതാക്കളുടെ കര്‍ണങ്ങളില്‍ നിറഞ്ഞുനില്ക്കുന്നു. രണ്ടാമൂഴം, ഇനി ഞാന്‍ ഉറങ്ങട്ടെ തുടങ്ങിയ കഥകള്‍ അവതരിപ്പിക്കുമ്പോള്‍, കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നതുപോലുള്ള അനുഭവമായിരുന്നുവെന്നത് ഈ ലേഖകനും നേരനുഭവമാണ്. അദ്ദേഹം ഒടുവില്‍ അവതരിപ്പിച്ച ഞാന്‍ സുയോധനന്‍ എന്ന കഥാപ്രസംഗവും നേരില്‍ കേള്‍ക്കാനുള്ള സൗഭാഗ്യമുണ്ടായി. കഥാപ്രസംഗവേദിയിലെ അദ്ഭുതമായിരുന്ന ശ്രീ കൊല്ലം ബാബുവിനെയും ഇവിടെ സ്മരിക്കുന്നു.
ശ്രീ കോട്ടയം ബാബുരാജ്, ശ്രീ ജോര്‍ജ് ചാത്തമ്പടം എന്നീ കാഥികര്‍ക്ക് ക്രൈസ്തവകുടുംബാന്തരീക്ഷവുമായി ബന്ധപ്പെട്ട കഥകള്‍ അവതരിപ്പിച്ചു പോന്നതിലൂടെ പള്ളിപ്പെരുന്നാളുകളിലും മറ്റും തുടര്‍ച്ചയായി വേദികള്‍ ലഭിച്ചുകൊണ്ടിരുന്നു. വിദ്വാന്‍ പി.ആര്‍. പുതുമനയുടെ ചന്ദനക്കട്ടില്‍, ലഹര, കര്‍ണന്‍ തുടങ്ങിയ കഥാപ്രസംഗങ്ങള്‍ മധ്യതിരുവിതാംകൂറിലെ ക്ഷേത്രോത്സവവേദികളില്‍ നന്നായി അവതരിപ്പിക്കപ്പെട്ടുപോന്നു.
ഹാസ്യരസപ്രധാനമായ കഥകളിലൂടെ മലയാളികളുടെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രമായ കാഥികന്‍ ശ്രീ. വി.ഡി. രാജപ്പനും ഇത്തരുണത്തില്‍ സ്മരണീയനാണ്. ചിങ്ങവനം സിസ്റ്റേഴസ്, തുടിയൂര്‍ വസന്തകുമാരി, വെള്ളിനെല്ലൂര്‍ വസന്തകുമാരി, സീന പള്ളിക്കര തുടങ്ങിയ വനിതകളും ഈ കലാവേദിക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയവരാണ്.
കാഥികര്‍ പിന്നെയും പിന്നെയും ഉണ്ടായിക്കൊണ്ടിരുന്നു. മറ്റുള്ളവരെക്കൊണ്ട് എഴുതിച്ച കഥകളുടെ അവതരണത്തില്‍ സ്വാഭാവികമായുണ്ടാകാവുന്ന ലാക്ക് ഓഫ് ഇന്‍വോള്‍വ്‌മെന്റ് ഈ കലയ്ക്ക് വീഴ്ചയുണ്ടാക്കി. വി. സാംബശിവനെപ്പോലെതന്നെ കഥപറയണമെന്ന വാശിയിലുണ്ടായ അനുകരണഭ്രമവും കഥാപ്രസംഗത്തെ ക്ഷീണിപ്പിച്ചു. ഭാഷാബോധ്യമില്ലാതെ നിസ്സാരകാര്യമെന്ന മട്ടില്‍ ഈ രംഗത്തേക്കു കടന്നുവന്ന കാഥികന്മാരും കഥാപ്രസംഗത്തിനുണ്ടാക്കിയ നഷ്ടം ചെറുതല്ല.
ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നു കഥാപ്രസംഗം തിരിച്ചുവരികതന്നെയാണ്. യുവജനോത്സവവേദികളില്‍ ഈ കലയ്ക്ക് ഉചിതമായ സ്ഥാനം ലഭിക്കുന്നുണ്ട്. ഉത്സവവേദികളിലും കഥാപ്രസംഗം കൂടുതലായി ബുക്ക് ചെയ്യപ്പെടുന്നു. കേട്ടുകേട്ടു തഴമ്പിച്ച കഥകള്‍ക്കു പകരം കേള്‍വിക്കാരില്‍ ജിജ്ഞാസയുണ്ടാക്കുകയും ആ കഥയില്‍ കേട്ടതുപോലെ എന്ന വിചാരം ശ്രോതാക്കളിലുണ്ടാക്കി മാനവികതയുടെ അഭിലഷണീയമായ വളര്‍ച്ചയ്ക്ക് കളമൊരുക്കുകയും ചെയ്താല്‍ ഒരു കാഥികനു തീര്‍ച്ചയായും വിജയിക്കാനാവും; പക്ഷേ, അയാള്‍ ഒരു തികഞ്ഞ കലാകാരനായിരിക്കണമെന്നു മാത്രം.
ഗുരുമുഖത്തുനിന്നുള്ള പഠനം, ആഴത്തിലുള്ള വായന, വര്‍ത്തമാനകാലസംഭവങ്ങളെ വിശ്ലേഷണബുദ്ധിയോടെ സമീപിക്കാനുള്ള കഴിവ്, വളരെ മാന്യമായി പെരുമാറുന്നതിനുള്ള ശേഷി, അപാരമായ ശബ്ദശേഖരത്തിനുടമ എന്നിങ്ങനെയുള്ള യോഗ്യതകള്‍ നേടാന്‍ കഴിഞ്ഞാല്‍ ആ കാഥികന്‍ ശോഭിക്കുകതന്നെ ചെയ്യും, തീര്‍ച്ച.