ഒക്‌ടോബര്‍ 18 : നാഷണല്‍ ഡോക്‌ടേഴ്‌സ് ഡേ
കോട്ടയം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ്. നു ചേരുന്നത് 1992 ല്‍ ആണ്, 28 വര്‍ഷം മുന്‍പ്. ഹിപ്പോക്രാറ്റിക് ഓത്ത് എടുത്ത് ഡോക്ടറായിട്ട് 22 വര്‍ഷം. ഔപചാരികവിദ്യാഭ്യാസം വീണ്ടും തുടര്‍ന്നു. മെഡിക്കല്‍ കോളജില്‍ ജോയിന്‍ ചെയ്തതിനുശേഷം തുടര്‍ച്ചയായ 12 വര്‍ഷങ്ങള്‍ ഔപചാരിക മെഡിക്കല്‍ വിദ്യാഭ്യാസം. എം.ബി.ബി.എസിനും എം. ഡി.ക്കും ശേഷം 2005 ല്‍ ഡി.എം. പൂര്‍ത്തിയാക്കി ന്യൂറോളജിസ്റ്റായി. മറ്റെല്ലാ ഡോക്ടര്‍മാരെയുംപോലെ ഇപ്പോഴും ഓരോ ദിവസവും പഠനം തുടരുന്നു....
ഞാന്‍ ഡോക്ടറാവാന്‍ മെഡിക്കല്‍ കോളജില്‍ ചേരുമ്പോള്‍ ഞങ്ങളുടെ പഞ്ചായത്തില്‍ എനിക്കറിയാവുന്ന വേറെ മൂന്ന് ഡോക്ടര്‍മാരേ ഉള്ളൂ. ഇപ്പോള്‍ എന്റെ കുടുംബത്തില്‍ത്തന്നെ അടുത്ത തലമുറയില്‍ ആറോ ഏഴോ ഡോക്ടര്‍മാരോ മെഡിക്കല്‍വിദ്യാര്‍ത്ഥികളോ ഉണ്ട്. ഈ കുട്ടികളുമായി സംസാരിക്കുമ്പോള്‍ അവരുടെ പല ആകുലതകളും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ക്കുവേണ്ടിയാണ് ഈ കുറിപ്പ്. ഒപ്പം, അവ മനസ്സിലാക്കാര്‍ ആഗ്രഹിക്കുന്ന മറ്റുള്ളവര്‍ക്കും.
പൊതുസമൂഹത്തിന് ഡോക്ടര്‍മാരോടും മെഡിക്കല്‍സമൂഹത്തോടുമുള്ള മാറുന്ന കാഴ്ചപ്പാട്, കുറഞ്ഞുവരുന്ന ജോലിസാധ്യതകളും സാമ്പത്തികലാഭവും, ആയുഷ്‌കാലത്തിന്റെ ഭൂരിഭാഗവും കയ്യടക്കുന്ന ഔപചാരികവിദ്യാഭ്യാസം, പഠനകാലത്തു നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ (വാക്കിന്റെ ഡിക്ഷ്ണറി മീനിങ്ങാണ് ഉദ്ദേശിച്ചത്!), മെഡിക്കല്‍ മേഖലയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് കള്‍ച്ചര്‍ അങ്ങനെ പലതും..... ചുരുക്കിപ്പറഞ്ഞാല്‍ മെഡിക്കല്‍ പ്രഫഷന്റെ ഗ്ലാമറും ആകര്‍ഷണീയതയും അനുദിനം കുറഞ്ഞുവരുന്നു...
എനിക്ക് എന്റെ കുഞ്ഞനുജന്മാരോടും അനുജത്തിമാരോടും പറയാനുള്ളത്, ഇതിനെയൊക്കെപ്പറ്റിയാണ്. ഇത്തരം ചിന്തകള്‍ നിങ്ങളെ തളര്‍ത്തരുതെന്നാണ്, കര്‍മ്മഭൂമിയില്‍നിന്ന് പിന്‍തിരിപ്പിക്കരുതെന്നാണ്!
സമൂഹത്തില്‍ ഡോക്ടര്‍മാരോടും മെഡിക്കല്‍ സമൂഹത്തോടും വളര്‍ന്നുവരുന്ന അസഹിഷ്ണുതയ്ക്ക് എന്താണു കാരണം?
വലിയൊരളവുവരെ നമ്മളില്‍ പലരുടെയും ചെയ്തികള്‍ ഇതിനു കാരണമാണെന്നു പറയാതെ വയ്യ. സാമ്പത്തികലാഭത്തില്‍ കണ്ണുവച്ച് മറ്റെല്ലാം മറക്കുന്ന ഒരു ന്യൂനപക്ഷം നമുക്കിടയിലുണ്ട്. പക്ഷേ, നൂറുശതമാനം ബോധ്യത്തോടെ നെഞ്ചില്‍ കൈവച്ച് എനിക്കു പറയാനാവും, ഇക്കൂട്ടര്‍ ഒരു ന്യൂനപക്ഷം മാത്രമാണെന്ന്. ആരും ഡോക്ടറായി ജനിക്കുന്നില്ല. പൊതുസമൂഹത്തില്‍നിന്ന്, സമൂഹത്തിലെ കുടുംബങ്ങളില്‍ നിന്നാണ് ഡോക്ടര്‍മാര്‍ ഉണ്ടാകുന്നത്. സമൂഹത്തിലെ മൂല്യച്യുതിയുടെ ഒരു പരിച്ഛേദം ഡോക്ടര്‍സമൂഹത്തിലും കാണും, സര്‍ക്കാര്‍ ജോലിക്കാരിലും അദ്ധ്യാപകരിലും രാഷ്ട്രീയക്കാരിലുമെല്ലാമുള്ളതുപോലെ.
പൊതുസമൂഹത്തിന്റെ ശത്രുതയ്ക്ക് ഇതുമാത്രമല്ല കാരണം. എന്തിനെയും ഏതിനെയും സംശയത്തോടെ നോക്കുന്ന പൊതുസമൂഹമാണ് ഇന്നത്തേത്. ഒന്നിന്റെയും നിജസ്ഥിതിയോ ശാസ്ത്രീയവശമോ അറിയാനുള്ള ക്ഷമയോ ശ്രമമോ നടത്താത്ത ചില സമകാലികമാധ്യമങ്ങള്‍ക്ക് (എല്ലാവരും അങ്ങനെയാണെന്നു പറയുന്നില്ല) ഇതില്‍ നല്ല പങ്കുണ്ട്. ആശുപത്രിയിലെത്തിയാല്‍പ്പിന്നെ ആരും രോഗം കൊണ്ട് മരിക്കുന്നില്ല, ഡോക്ടറുടെയോ നേഴ്‌സിന്റെയോ അനാസ്ഥകൊണ്ടേ മരിക്കുന്നുള്ളൂ!
വൈദ്യശാസ്ത്രത്തിന്റെ പരിമിതികളെപ്പറ്റി പൊതുസമൂഹത്തിനുള്ള അജ്ഞതയാണ് മറ്റൊരു കാരണം. മനുഷ്യശരീരത്തിന്റെയും കോശങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെ സിംഹഭാഗവും ഇന്നും ശാസ്ത്രത്തിന് അറിയില്ല. അപരിമിതമായ ബുദ്ധിയും കഴിവുകളുമുള്ള മറ്റൊരാള്‍ (ഞാന്‍ ദൈവവിശ്വാസിയാണ്. ഈ 'ആളെ' ഞാന്‍ ദൈവമെന്നു വിളിക്കും.) സൃഷ്ടിച്ച അതിസങ്കീര്‍ണ്ണമായ ഒരു 'ഉപകരണ'ത്തെ യൂസര്‍ മാനുവല്‍പോലുമില്ലാതെ റിപ്പയര്‍ ചെയ്യുക എന്ന ധര്‍മ്മമാണ് ഡോക്ടര്‍ ചെയ്യേണ്ടത്. ശാസ്ത്രം എത്ര പുരോഗമിച്ചാലും ഉത്തരമില്ലാത്ത ചോദ്യങ്ങളും പരിഹാരമില്ലാത്ത പ്രശ്‌നങ്ങളും അസംഖ്യമുണ്ടെന്നു നമുക്കറിയാം. പക്ഷേ, പൊതുസമൂഹം വൈദ്യശാസ്ത്രത്തിന്റെ ഇത്തരം പരിമിതികളെപ്പറ്റി വലിയൊരളവുവരെ അജ്ഞരാണ്.
എന്താണ് പരിഹാരം?
തൊണ്ണൂറുശതമാനം കേസുകളിലും പ്രശ്‌നമുണ്ടാകുന്നത് ശരിയായ ആശയവിനിമയം (രോഗിയുമായും ബന്ധുക്കളുമായും) ഉണ്ടാവാത്തതിനാലാണ്. ഞാന്‍ എന്റെവിദ്യാര്‍ത്ഥികളോട് എപ്പോ ഴും പറയാറുള്ള കാര്യമാണ്, ഒരു മരുന്നു കുറിപ്പടിക്കുവേണ്ടി മാത്രമല്ല രോഗി നിങ്ങളുടെ അടുത്തു വരുന്നത് എന്ന്. രോഗത്തെപ്പറ്റിയും ടെസ്റ്റുകളെപ്പറ്റിയും അവയുടെ ആവശ്യകതയെപ്പറ്റിയും ചികിത്സയെപ്പറ്റിയും ചികിത്സയുടെ പരിമിതികളെപ്പറ്റിയും രോഗിക്കും ബന്ധുക്കള്‍ക്കും പറഞ്ഞുകൊടുക്കുക. പാത്രമറിഞ്ഞു വേണം വിളമ്പാന്‍ എന്നതും അറിയണം. രോഗിയുടെയും ബന്ധുവിന്റെയും വിദ്യാഭ്യാസനിലവാരം മനസ്സിലാക്കി അവര്‍ക്കു ഗ്രഹിക്കാവുന്ന ലളിതമായ ഭാഷയില്‍ വേണം സംസാരിക്കാന്‍.
നാം പ്രാക്ടീസ് ചെയ്യുന്നത് ഒരു ശാസ്ത്രമാണെന്നു മനസ്സിലാക്കണം. പ്രാക്ടീസ് ചെയ്യുന്ന മേഖലയില്‍ പരമാവധി അറിവു സമ്പാദിക്കുകയും ശാസ്ത്രീയമായി ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതു ശീലമാക്കുകയും ചെയ്താല്‍ പ്രശ്‌നങ്ങള്‍ കുറയും. ധാര്‍മ്മികതയ്ക്കും ആത്മാര്‍ത്ഥതയ്ക്കും മനസ്സാക്ഷിക്കും തുല്യപ്രാധാന്യം കൊടുക്കണം. കാണുന്ന ഓരോ രോഗിയെയും നിങ്ങളുടെ അച്ഛനോ അമ്മയോ ആയിക്കണ്ട് ചികിത്സിക്കണം എന്നു സ്‌റ്റൈലില്‍ പറയുന്ന ഒരു പ്രഫസര്‍ എനിക്കുണ്ടായിരുന്നു. എനിക്കിതിനോടു യോജിപ്പില്ല. ആത്മാര്‍ത്ഥത കാണിക്കാന്‍ രോഗിയെ അച്ഛനായി കാണേണ്ട കാര്യമില്ല, നമ്മുടെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് മറ്റൊരാളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല! എന്നില്‍ വിശ്വാസമര്‍പ്പിച്ചുവന്ന ഒരു വ്യക്തിയാണിത്, ഇദ്ദേഹത്തിനു ശാസ്ത്രീയമായി എന്നാലാവുന്നത് ഞാന്‍ ചെയ്യും എന്ന ഉറച്ച ആത്മബോധമാണു വേണ്ടത്.
ഇന്നത്തെക്കാലത്ത് ശരി ചെയ്യുന്നതിന്റെ അത്രതന്നെ പ്രാധാന്യമുണ്ട് ശരിയാണു ചെയ്തതെന്നു രേഖപ്പെടുത്തുന്നത്. കേസ് ഫയലിലും രോഗിക്കു നല്‍കുന്ന കുറിപ്പടിയിലും രോഗവിവരങ്ങളും പരിശോധനഫലങ്ങളും നിങ്ങളുടെ തീരുമാനങ്ങളുടെ ശാസ്ത്രീയാടിസ്ഥാനവും കൃത്യമായി രേഖപ്പെടുത്തുക. ആവശ്യമുള്ളയിടങ്ങളിലെല്ലാം രോഗിയുടെ കണ്‍സെന്റ് എടുക്കുക. മെഡിക്കല്‍ റെക്കോര്‍ഡിങ്ങിനും ഡോക്യുമെന്റേഷനും പ്രാധാന്യം കൊടുക്കുക.
മെഡിക്കല്‍ പ്രഫഷനില്‍ വളരെ പ്രധാനമായതും എന്നാല്‍, പലരും മറക്കുന്നതുമായ ഒന്നാണ് ടീം വര്‍ക്ക്. കുഴഞ്ഞുമറിഞ്ഞ മെഡിക്കല്‍ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു തലച്ചോര്‍ തനിച്ചു ചിന്തിക്കുന്നതിന്റെ അഞ്ചിരട്ടി പ്രയോജനമുണ്ടാകും അഞ്ചു തലച്ചോറുകള്‍ ഒന്നിച്ചു ചിന്തിച്ചാല്‍. മറ്റുള്ളവരുടെ അഭിപ്രായങ്ങളും സഹിഷ്ണുതയോടെ കേള്‍ക്കാന്‍ തയ്യാറാവണം. പ്രഫസറുടെ മനസ്സിലുദിക്കാത്ത ബുദ്ധി പി.ജി. ഡോക്ടറുടെ മനസ്സില്‍ വന്ന് രോഗി രക്ഷപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാവാറുണ്ട്. ടീമിലെ നഴ്‌സിംഗ് അസിസ്റ്റന്റ് തൊട്ട് എല്ലാവര്‍ക്കും പരസ്പരബഹുമാനം കൊടുക്കാന്‍ ശീലിക്കണം. ആവശ്യമുള്ളപ്പോള്‍ മറ്റു സ്‌പെഷ്യലിസ്റ്റുകള്‍ക്കോ സെക്കന്റ് ഒപ്പീനിയനായി സ്വന്തം മേഖലയിലെ മറ്റൊരാള്‍ക്കോ റഫര്‍ ചെയ്യുന്നതില്‍ ഒരു മടിയും വിചാരിക്കേണ്ടതില്ല. ആരും സര്‍വ്വജ്ഞരല്ല. അതുപോലെ രോഗിക്ക് മറ്റൊരു ഡോക്ടറുടെ അഭിപ്രായം അറിയണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ റഫറന്‍സ് കൊടുക്കാന്‍ മടിക്കേണ്ടതില്ല.
മറ്റേതു മേഖലയിലുമെന്ന പോലെ വൈദ്യശാസ്ത്രത്തിലും വിജയരഹസ്യം ഒരു ശതമാനം കഴിവും തൊണ്ണൂറ്റൊമ്പതു ശതമാനം പരിശ്രമവും ആത്മാര്‍ത്ഥതയുമാണ്. ഇതു രണ്ടുമുണ്ടെങ്കില്‍ സന്തോഷമായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ സ്വയം ഉണ്ടായിക്കൊള്ളും. സാമ്പത്തികലാഭത്തെപ്പറ്റി ആകുലപ്പെടേണ്ടതില്ല. മാനവരാശി ഉള്ളിടത്തോളം കാലം നല്ല ഡോക്ടര്‍മാരുടെ ആവശ്യമുണ്ടാവും...! അതുകൊണ്ട് ഡോക്ടര്‍മാരുടെ എണ്ണം എത്ര കൂടിയാലും നിങ്ങളൊരു നല്ല ഡോക്ടറായാല്‍ മതി, സമൂഹത്തിനു നിങ്ങളെ ആവശ്യമുണ്ടാവും.
അനുദിനം ആഴവും പരപ്പും വര്‍ദ്ധിക്കുന്ന ഒരു മഹാസമുദ്രമാണ് വൈദ്യശാസ്ത്രം. അതുകൊണ്ട് ഇത് ഒഴിവാക്കാനാവില്ല. ഔപചാരിക മെഡിക്കല്‍ വിദ്യാഭ്യാസം പലപ്പോഴും കാഠിന്യങ്ങള്‍ നിറഞ്ഞതാണ്, പ്രത്യേകിച്ച് പി.ജി. കാലഘട്ടത്തില്‍ (പി.ജി. ചെയ്യുമ്പോള്‍ മുപ്പത്താറു മണിക്കൂര്‍, ഒരു മിനിട്ടിരിക്കാതെ ഓടിനടന്ന് ഡ്യൂട്ടി എടുത്തിട്ട് അതിന്റെകൂടെ ഒരു മണിക്കൂര്‍ നീണ്ട അക്കാദമിക് പ്രസന്റേഷന്‍ ചെയ്യേണ്ടി വരുന്നത് സാധാരണ കാര്യം മാത്രം). ഇത് വെയിലത്തു വാടാതിരിക്കാന്‍ നിങ്ങളെ തീയില്‍ മുളപ്പിക്കുന്നതായി കരുതിയാല്‍ മതി. പഠിത്തമെല്ലാം കഴിഞ്ഞ് ജീവിച്ചുതുടങ്ങുക എന്ന തത്ത്വം നമുക്കു ബാധകമല്ല. പഠിച്ചുകൊണ്ട് ജീവിക്കാന്‍ നാം പഠിക്കണം. കാര്യങ്ങള്‍ ബാലന്‍സില്‍ കൊണ്ടുപോകാന്‍ ശീലിക്കണം. ഞാനും എന്റെ സഹധര്‍മ്മിണിയും കല്യാണം കഴിച്ചതും കുട്ടികളുണ്ടായതുമെല്ലാം പഠനത്തോടൊപ്പമാണ്...
മേല്‍പ്പറഞ്ഞതുപോലെ അനുദിനം ആഴവും പരപ്പും വര്‍ദ്ധിക്കുന്ന ഈ മഹാസമുദ്രത്തില്‍ ആര്‍ക്കും 'ജാക്ക് ഓഫ് ഓള്‍' ആവാന്‍ പറ്റില്ല. സ്‌പെഷ്യലൈസ്ഡ് ചികിത്സകള്‍ക്കു തീര്‍ച്ചയായും സ്‌പെഷ്യലിസ്റ്റുകള്‍ ആവശ്യമാണ്. പക്ഷേ, എല്ലാ രോഗികള്‍ക്കും രോഗങ്ങള്‍ക്കും സ്‌പെഷ്യലൈസ്ഡ് ചികിത്സയും സ്‌പെഷ്യലിസ്റ്റുകളും ആവശ്യമില്ല എന്ന വസ്തുത നാം മനസ്സിലാക്കുകയും പൊതുസമൂഹത്തിനു മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയും വേണം. വിദേശരാജ്യങ്ങളിലുള്ള കുടുംബ ഡോക്ടര്‍/ പ്രൈമറി കെയര്‍ ഫിസിഷ്യന്‍ കോണ്‍സെപ്റ്റ് തീര്‍ച്ചയായും നല്ലതാണ്. ഒരു ജനറല്‍ പ്രാക്ടീഷണറുടെ സേവനത്തെ ഒരിക്കലും കുറച്ചുകാണരുത്.
അവസാനമായി ഏറ്റവും പ്രാധാന്യമുള്ള ഒരു കാര്യം ഡോക്ടറെ 'ദൈവത്തെപ്പോലെ' കാണുന്ന ഒരു പൊതുസമൂഹം ഇന്നില്ലെന്നും ഒരു കാലത്തും ഉണ്ടായിരുന്നില്ലെന്നും ഉള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കുക. അത് ഒരു മിത്ത് മാത്രമാണ്, സമൂഹം അങ്ങനെ കരുതുന്നത് ഡോക്ടര്‍മാര്‍ക്കു നല്ലതല്ലതാനും. ഇതിനെ മനുഷ്യര്‍ക്ക് നേരിട്ടുപകാരമുള്ള ഒരു പ്രൊഫഷന്‍ ആയി മാത്രം കാണുക. അങ്ങനെയുള്ള മറ്റ് ഏതു പ്രഫഷനിലും (അധ്യാപകര്‍, പോലീസുകാര്‍) അത്യാവശ്യമുള്ള ഒന്നാണ് ആത്മാര്‍ത്ഥത. അതു പുലര്‍ത്തുക. സമൂഹത്തില്‍നിന്ന് എക്‌സ്ട്രാ റിട്ടേണ്‍സ് ഒന്നും പ്രതീക്ഷിക്കരുത്. ഭഗവദ് ഗീതയിലെപ്പോലെ, 'നിഷ്‌കാമകര്‍മ്മത്തില്‍' വിശ്വസിക്കുക, ഫലം താനേ വന്നുകൊള്ളും. എന്നാല്‍, അത്മാര്‍ത്ഥത അഡിക്ഷനായി ജീവിക്കാന്‍ മറക്കരുത്. കുടുംബത്തെ നോക്കാനും ഉല്ലാസത്തിനും സമയം കണ്ടെത്തണം. അറിവും കോമണ്‍സെന്‍സും മനസ്സാന്നിധ്യവും എമ്പതിയുമെല്ലാം ആവശ്യമുള്ള ഒന്നാണ് മെഡിക്കല്‍ പ്രാക്ടീസ്. അതിനു സന്തോഷമുള്ള ഒരു മനസ്സ് വേണം! സഹജീവികളെ നേരിട്ടു സഹായിക്കാന്‍ ഇത്രമാത്രം കഴിയുന്ന മറ്റൊരു പ്രഫഷനില്ല. ഒരു ഡോക്ടറായതില്‍ അഭിമാനിക്കുക!
അവസാനവര്‍ഷ ന്യൂറോളജി ഡി.എം. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പു ചടങ്ങിന് ഞാന്‍ സ്ഥിരമായി പറയാറുള്ള ഒരു വാചകം പറഞ്ഞ് നിര്‍ത്തട്ടെ.... ''ഒരു നല്ല ഡോക്ടര്‍ ക്കേ ഒരു നല്ല ന്യൂറോളജിസ്റ്റാകാനാവൂ .... ഒരു നല്ല മനുഷ്യനേ നല്ല ഡോക്ടറാവാനാകൂ!''
ലേഖകന്‍ തിരുവനന്തപുരം ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ന്യൂറോളജി പ്രഫസറാണ്.