കഴിഞ്ഞലക്കം തുടര്‍ച്ച
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ
പുതിയ ചാക്രികലേഖനത്തെക്കുറിച്ച്
ഒരു പഠനം - രണ്ടാംഭാഗം
മെച്ചപ്പെട്ട ഒരു രാഷ്ട്രീയം (154-197)
അഞ്ചാമത്തെ അധ്യായം ഒരു മെച്ചപ്പെട്ടതരം രാഷ്ട്രീയത്തെക്കുറിച്ചാണു പറയുന്നത്. പരസ്‌നേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രൂപമാണ് രാഷ്ട്രീയം. കാരണം, പൊതുനന്മയ്ക്കായുള്ള ശുശ്രൂഷയാണ് അത്. (180). അതുപോലെതന്നെ ജനത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതും അവരുമായി ചര്‍ച്ചയ്ക്കും സംഭാഷണത്തിനുമെല്ലാം അവസരം കൊടുക്കുന്നതുമാണ്. രാഷ്ട്രീയം ഉന്നതമായ ഒരു ദൈവവിളിയാണ്. ആകര്‍ഷണീയമായ കാര്യങ്ങളിലൂടെ തങ്ങളുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടി ജനത്തെ ചൂഷണം ചെയ്യരുത്. പരസ്‌നേഹത്തിലധിഷ്ഠിതമായ മെച്ചപ്പെട്ട ഒരു രാഷ്ട്രീയം, സാമൂഹികജീവിതത്തിന്റെ അടിസ്ഥാനഘടകമായ തൊഴിലിനെ സംരക്ഷിക്കുന്നതും ദാരിദ്ര്യത്തിനെതിരേയുള്ള പ്രധാനപ്പെട്ട പ്രതിരോധവുമാകാവുന്നതാണ്. അപരന്റെ മഹത്ത്വത്തെ അംഗീകരിക്കുന്നതും ഐകദാര്‍ഢ്യവും സഹവര്‍ത്തിത്വവും വളര്‍ത്തുന്നതുമാണ് ശരിയായ രാഷ്ട്രീയം. മനുഷ്യന്റെ അടിസ്ഥാനാവകാശങ്ങള്‍ക്കു നേരേയുണ്ടാകുന്ന എല്ലാ ആക്രമണങ്ങള്‍ക്കും അതായത്, സാമൂഹികാവഗണന, അവയവങ്ങള്‍, ആയുധങ്ങള്‍, മയക്കുമരുന്ന്, സെക്‌സ് എന്നിവയുടെ വ്യവസായം തുടങ്ങിയവയ്ക്ക് പരിഹാരം കണ്ടെത്തുക എന്നതായിരിക്കണം നാം ലക്ഷ്യം വയ്‌ക്കേണ്ടത്. മനുഷ്യരാശിക്കുതന്നെ മാനക്കേടായ മനുഷ്യക്കടത്തും, ഒരു ക്രിമിനല്‍ക്കുറ്റമായ പട്ടിണിയും തുടച്ചുനീക്കണമെന്ന് പാപ്പാ ശക്തമായി ആവശ്യപ്പെടുന്നു(188-189). പണാധിപത്യത്തിനല്ല മനുഷ്യമഹത്ത്വത്തിനു വിലകല്പിക്കുന്ന ഒരു രാഷ്ട്രീയമാണ് നമുക്കാവശ്യമെന്ന് പാപ്പാ ഊന്നിപ്പറയുന്നു(169).
രാഷ്ട്രീയത്തെ സംബന്ധിച്ചു പറയുന്നതിനോടു ചേര്‍ത്ത് ഐക്യരാഷ്ട്രസംഘടനയുടെ പ്രവര്‍ത്തനശൈലിയെക്കുറിച്ചുതന്നെ പാപ്പാ സൂചിപ്പിക്കുന്നുണ്ട്. അതിന്റെ പ്രധാനലക്ഷ്യം പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ ഒരു കുടുംബം എന്ന സങ്കല്പമായിരിക്കണം. പട്ടിണിയുടെ നിര്‍മാര്‍ജ്ജനവും മനുഷ്യാവകാശത്തിന്റെ സംരക്ഷണവുമായിരിക്കണം പ്രധാന ദൗത്യം. ഐക്യരാഷ്ട്രസംഘടന, നിയമത്തിന്റെ ശക്തി കൊണ്ടുവരുന്നതിനേക്കാള്‍ (force of law) ശക്തിയുടെ നിയമം (law of force) നടപ്പിലാക്കാന്‍ ശ്രമിക്കണം.
സമൂഹത്തിലെ സംഭാഷണവും സൗഹൃദവും (198-224)
ഇവിടെ മാര്‍പാപ്പാ പ്രധാനമായും മൂന്നു കാര്യങ്ങളാണ് എടുത്തുപറയുന്നത്: ദയ എന്ന അദ്ഭുതം, സത്യമായ സംഭാഷണം, കണ്ടുമുട്ടലിന്റെ കല. എല്ലാത്തലങ്ങളിലുമുള്ള വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ സാധിക്കണം. ആരെയും ഉപയോഗമില്ലാത്തവരെന്നു കരുതി മാറ്റിനിര്‍ത്തുവാന്‍ സാധ്യമല്ല. എല്ലാവരില്‍നിന്നും എന്തെങ്കിലും പഠിക്കുവാന്‍ നമുക്കുണ്ട് എന്ന് പാപ്പാ പറയുന്നു(215). ദയ എന്ന അദ്ഭുതം കണ്ടെത്തേണ്ട ഒരു യാഥാര്‍ഥ്യമാണ്. കാരണം, ഇത് അന്ധകാരത്തിനു മധ്യേ തിളങ്ങുന്ന നക്ഷത്രമാണ്; അത് എല്ലാ ക്രൂരതകളില്‍നിന്നും ആകുലതകളില്‍നിന്നും മോചനം നല്കുന്നു (224).
നവീകൃതമായ കണ്ടുമുട്ടലിന്റെ പാതകള്‍ (225-270)
സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രോത്സാഹനത്തെക്കുറിച്ചും പറയുന്നതിനു നീക്കി വച്ചിരിക്കുകയാണ് നവീകൃതമായ കണ്ടുമുട്ടലിന്റെ വഴികള്‍ എന്ന ഏഴാം അധ്യായം. ഇവിടെ പാപ്പാ എടുത്തുപറയുന്നത്, സമാധാനം, സത്യവും നീതിയും കരുണയുമായി ബന്ധപ്പെട്ടിരിക്കുന്നു( 227-229) എന്നാണ്. ഇത് ലക്ഷ്യം വയ്ക്കുന്നത് മറ്റുള്ളവര്‍ക്കുള്ള സേവനത്തില്‍ അടിസ്ഥാനപ്പെട്ടതും അനുരഞ്ജനത്തിന്റെയും വളര്‍ച്ചയുടെയും പാത പിന്തുടരുന്നതുമായ ഒരു സമൂഹമാണ്. സമാധാനം എന്നു പറയുന്നത് എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നതും പരിഗണിക്കുന്നതും ഓരോരുത്തരും തങ്ങളുടെ ഭാഗം മുടക്കംകൂടാതെ ചെയ്യുന്നതുമാണ്(227-232). സമാധാനത്തോടു ബന്ധപ്പെട്ട ഒന്നാണ് ക്ഷമ എന്ന് പാപ്പാ എടുത്തുപറയുന്നു. നാം എല്ലാവരെയും സ്‌നേഹിക്കണം. എന്നാല്‍, ഒരു മര്‍ദ്ദകനെ സ്‌നേഹിക്കുക എന്നുപറയുമ്പോള്‍ ലക്ഷ്യംവയ്ക്കുന്നത് അവനെ മര്‍ദ്ദകന്റെ സ്ഥാനത്തുനിന്ന് മാറാന്‍ സഹായിക്കുക എന്നതാണ്. ക്ഷമ എന്നു പറഞ്ഞാല്‍ ശിക്ഷയുടെ ഇളവ് എന്നല്ല; മറിച്ച്, നീതിയും ഓര്‍മയുമാണ്. ക്ഷമിക്കുക എന്നുപറഞ്ഞാല്‍, മറക്കുക എന്നല്ല; മറിച്ച്, നശീകരണശക്തിയായ തിന്മയും പ്രതികാരവാഞ്ഛയും ഉപേക്ഷിക്കുക എന്നതാണ്. നാഗസാക്കി - ഹിരോഷിമ പോലെയുള്ള ദുരന്തങ്ങള്‍ ഒരിക്കലും മറക്കാനാവില്ല; അപ്രകാരമുള്ളവ ആവര്‍ത്തിക്കാതിരിക്കുവാന്‍ അവ എപ്പോഴും ഓര്‍മയിലുണ്ടാവണം
(246-252).
ഏഴാം അധ്യായത്തിന്റെ ഒരു ഭാഗം യുദ്ധത്തെക്കുറിച്ചു പറയുന്നു. എല്ലാ അവകാശങ്ങളെയും ഇല്ലെന്നാക്കുന്ന സ്ഥിരമായ ഒരു ഭീഷണിയും രാഷ്ട്രീയത്തിന്റെയും മനുഷ്യത്വത്തിന്റെയും തിന്മയുടെ ശക്തിയുടെ മുമ്പിലുള്ള പരാജയവുമാണ് യുദ്ധങ്ങള്‍, അണു-രാസ-ജൈവ ആയുധങ്ങള്‍കൊണ്ടുള്ള യുദ്ധങ്ങള്‍. ധാരാളം നിഷ്‌കളങ്കജീവിതങ്ങളെ നശിപ്പിക്കുന്നു. മുന്‍കാലത്തെപ്പോലെ ന്യായയുദ്ധം (just war) എന്ന ആശയം ഇനി ചിന്തിക്കാനാവില്ല; മറിച്ച്, ഇനി ഒരു യുദ്ധമില്ല എന്നു ദൃഢനിശ്ചയം ചെയ്യണം. അണ്വായുധങ്ങള്‍ പൂര്‍ണമായി ഇല്ലെന്നാക്കണം, യുദ്ധത്തിനുവേണ്ടി ഉപയോഗിക്കുന്ന പണം പട്ടിണി ഇല്ലാതാക്കുന്നതിനുള്ള ഒരു ആഗോളധനശേഖരണമായി മാറ്റണം(255-262). മരണശിക്ഷ അംഗീകരിക്കാനാവാത്തതും ഇല്ലാതാക്കേണ്ടതുമാണെന്ന ചിന്ത പാപ്പാ വ്യക്തമായി പങ്കുവയ്ക്കുന്നുണ്ട്(263-269). ജീവന്റെ വിശുദ്ധി ആദരിക്കേണ്ടത് ഇന്ന് ഏറ്റവും ആവശ്യമായിരിക്കുന്നു(283).
നമ്മുടെ സമൂഹത്തില്‍ മതങ്ങള്‍
സാഹോദര്യത്തിന്റെ ശുശ്രൂഷയില്‍ (271-284)
എട്ടാം അധ്യായത്തില്‍, ലോകത്തില്‍ സാഹോദര്യത്തിന്റെ ശുശ്രൂഷ ചെയ്യുന്ന മതങ്ങെളക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. മതാന്തരസംഭാഷണങ്ങള്‍ സൗഹൃദവും സമാധാനവും സാഹോദര്യവും വളര്‍ത്തുന്നതിന് ഉതകുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ മതംമൂലമുണ്ടാകുന്നതല്ല, മറിച്ച്, മതഗ്രന്ഥങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതുമൂലമുണ്ടാകുന്നതാണ്. അതോടൊപ്പം ദാരിദ്യവും വിശപ്പും അനീതിയും പീഡനങ്ങളും ഇതിനു കാരണമാകുന്നുണ്ട്(282-283). മതങ്ങള്‍ക്കു സമാധാനപൂര്‍വ്വകമായ സഹവര്‍ത്തിത്വം സാധ്യമാണ്. അതുകൊണ്ട് എല്ലാ വിശ്വാസികള്‍ക്കും മതസ്വാതന്ത്ര്യം അടിസ്ഥാനമനുഷ്യാവകാശമായി ഉണ്ടായിരിക്കേണ്ടതാണ്(279). ഈ പശ്ചാത്തലത്തില്‍ സഭയുടെ പ്രത്യേകമായ പങ്കും പാപ്പാ എടുത്തുപറയുന്നുണ്ട്. സഭ തന്റെ ദൗത്യം സ്വകാര്യതലങ്ങളിലേക്കു മാത്രമായി പരിമിതപ്പെടുത്തരുത്. രാഷ്ട്രീയത്തില്‍ മുഴുകുന്നില്ല എന്നതുകൊണ്ട് ജീവിതത്തിന്റെ രാഷ്ട്രീയമാനം ഉപേക്ഷിക്കപ്പെടുന്നില്ല. പൊതുനന്മയും മനുഷ്യന്റെ സമഗ്രമായ വളര്‍ച്ചയും ലക്ഷ്യംവച്ച് സുവിശേഷമൂല്യങ്ങള്‍ക്കനുസരിച്ച് സഭ പ്രവര്‍ത്തിക്കണം(276-278). 2019 ഫെബ്രുവരിയില്‍ അബുദാബിയില്‍ ഒപ്പുവച്ച 'ഒന്നിച്ചുള്ള ജീവിതത്തിനും ലോകസമാധാനത്തിനുംവേണ്ടി മനുഷ്യസാഹോദര്യം' എന്ന രേഖയില്‍നിന്ന് ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം ആവശ്യപ്പടുന്നു:
മനുഷ്യസാഹോദര്യത്തിനുവേണ്ടിയുള്ള സംഭാഷണങ്ങള്‍ മാര്‍ഗമായും പൊതുസഹകരണം പ്രവര്‍ത്തനശൈലിയായും, പരസ്പരമുള്ള അറിവ് അതിന്റെ രീതിയും മാനദണ്ഡവുമായും മാറണം(285).
ഉപസംഹാരം
ഉപസംഹാരം എന്ന് പ്രത്യേകിച്ച് ഒരു തലക്കെട്ട് ഇല്ലെങ്കിലും വിശുദ്ധ ഫ്രാന്‍സിസിനെക്കൂടാതെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, ആര്‍ച്ചുബിഷപ് ടെസ്മണ്ട് ടുട്ടു, മഹാത്മാഗാന്ധി എന്നിങ്ങനെ പലരാല്‍ പ്രചോദിതനായിട്ടുണ്ടെന്നു പറയുന്ന ഫ്രാന്‍സിസ് പാപ്പാ, ലേഖനം അവസാനിപ്പിക്കുമ്പോള്‍ എല്ലാവരുടെയും സഹോദരന്‍ ആയിരിക്കണമെന്ന് പ്രാര്‍ഥിച്ച വാഴ്ത്തപ്പെട്ടവനായ ചാള്‍സ് ദെ ഫുക്കോയെയും പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. പാപ്പാ പറയുന്നു: എറ്റവും ചെറിയവനുമായി അനുരൂപപ്പെട്ടതിലൂടെ അവന്‍ ചിലതു സ്വായത്തമാക്കി. സ്രഷ്ടാവിനോടുള്ള ഒരു പ്രാര്‍ഥനയോടും ഒരു ക്രൈസ്തവ എക്യുമെനിക്കല്‍ പ്രാര്‍ഥനയോടുംകൂടിയാണ് ചാക്രികലേഖനം അവസാനിപ്പിക്കുന്നത്.
മാത്സര്യവും വിഘടനവാദങ്ങളും ഉപഭോഗസംസ്‌കാരവും വിദ്വേഷങ്ങളും വംശീയാധിക്ഷേപങ്ങളും ശമനമില്ലാതെ തുടരുന്ന ആധുനികലോകത്തിലേക്കു പ്രത്യാശയുടെ പുലര്‍ക്കാലമായി ലോകത്തിനു ദിശാബോധം നല്കി ഏവരെയും സാഹോദര്യവലയത്തിലേക്കു ക്ഷണിക്കുന്നതാണ് ''എല്ലാവരും സഹോദര്‍''. '‘It is not just to read but to pray and to live it. ഇത് കേവലം വായിച്ചുതീര്‍ക്കാനുള്ള ഒന്നല്ല; മറിച്ച്, പ്രാര്‍ത്ഥിക്കാനും ജീവിക്കാനുമുള്ളതാണ്.