•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

വീട്ടുമുറ്റത്തൊരു വായനശാല

വായന മരിച്ചു എന്ന നിരാശാപൂര്‍ണമായ ആത്മരോദനവും  വായന മരിക്കുകയല്ല വായനയെ കൊല്ലുകയാണ് എന്ന പ്രതിരോധചിന്തയും മലയാളിമനസ്സുകളില്‍ ഇടം നേടിയിട്ടുണ്ട്.  
ഗ്രാമീണവായനശാലകള്‍ കേവലം പുസ്തകസൂക്ഷിപ്പുകേന്ദ്രങ്ങളായി മാറി.
സ്‌കൂള്‍, കോളജ്, സര്‍വകലാശാല ലൈബ്രറികളും, റഫറന്‍സ് ഗ്രന്ഥശേഖരങ്ങളടങ്ങിയ പബ്ലിക് ലൈബ്രറികളും സന്ദര്‍ശകരില്ലാത്ത ഏകാന്തതാവളങ്ങളുടെ രൂപവും ഭാവവും ആര്‍ജിച്ചു.
മലയാളം ക്ലാസുമുറികളിലും അധ്യാപനപരിശീലനകേന്ദ്രങ്ങളിലും മൗനവായന, ശ്രാവ്യവായന തുടങ്ങിയ പാരായണപരമ്പര കേട്ടുകേള്‍വിയായി മാറി. സഞ്ചാരവേളയിലും വിശ്രമസങ്കേതങ്ങളിലും സഞ്ചിയില്‍നിന്നു പുസ്തകം എടുത്തുവായിക്കുന്ന അക്ഷരാന്വേഷികള്‍ അപൂര്‍വദൃശ്യമായി മാറി. 
സ്‌കൂള്‍ അസംബ്ലിയിലെ ന്യൂസ് റീഡിങ്, ദൃശ്യശ്രാവ്യമാധ്യമങ്ങളിലെ വാര്‍ത്താവായന ഇവയില്‍ ഒതുങ്ങി മലയാളിയുടെ പാരമ്പര്യവായന. ഇത്തരം വായനകള്‍ക്കുള്ള വസ്തുതകളും വിജ്ഞാനവും ശേഖരിക്കാന്‍ പണ്ടത്തെ മലയാളി ആശ്രയിച്ചിരുന്നത് ഗ്രന്ഥാലയങ്ങളെയും സ്വന്തം പുസ്തകശേഖരങ്ങളെയും ആയിരുന്നു. അത്തരം വായനയുടെ സ്രോതസ്സും വറ്റിവരണ്ടു. 
മലയാളിയുടെ വിജ്ഞാനദാഹവും വിവരാന്വേഷണമോഹവും തളരുകയല്ല, വളരുകയാണ്. പക്ഷേ, വായനയും പുസ്തകാന്വേഷണവും അസ്തമിച്ചു. ഇത്തരം പദവികളും സ്ഥാനങ്ങളും സൈബറിടങ്ങള്‍ കൈയടക്കി. ഇ വായനയും ഗൂഗിള്‍ സേര്‍ച്ചും വിജ്ഞാനശേഖരണത്തിനു കുട്ടികള്‍പോലും ആശ്രയിക്കുന്ന ഒറ്റമൂലിയും ഉറ്റമൂലിയുമായി മാറി. കൈയിലൊരു സ്മാര്‍ട്ട് ഫോണുണ്ടെങ്കില്‍ അറിവിന്റെ ലോകത്ത് തിളങ്ങാനും വിളങ്ങാനും താരപദവി നേടാനും എല്ലാമായി. 
മേല്പറഞ്ഞ നേരനുഭവങ്ങളാണ് വായന മരിച്ചു എന്ന ആത്മരോദനം തേച്ചുമിനുക്കിയെടുത്തുപ്രയോഗിക്കുന്ന വാദമുഖങ്ങള്‍.
സമയലാഭം, അധ്വാനമില്ലായ്മ, എവിടെയും എപ്പോഴും കൊണ്ടുനടക്കാനും എടുത്തുപയോഗിക്കാനുമുള്ള ഒതുക്കവും ചാരുതയും, പുനരുപയോഗത്തിനും ഭദ്രമായി സൂക്ഷിച്ചുവയ്ക്കാനുമുള്ള അനായാസസൗകര്യം, മറ്റുള്ളവരുടെ വിജ്ഞാനശേഖരം സ്വീകരിക്കാനും നമ്മുടേതു കൈമാറാനുമുള്ള വിനിമയചാരുത സര്‍വതോഭദ്രമായ സുതാര്യത, സ്വീകാര്യത ഇങ്ങനെ മേന്മകളാല്‍ സമൃദ്ധമാണ് സൈബര്‍ വിജ്ഞാനീയത്തിന്റെ തട്ടകങ്ങള്‍.
ഗുണഗണങ്ങള്‍ അനുഭവിച്ചറിഞ്ഞ വിജ്ഞാനകുതുകികളും വിവരാന്വേഷികളും തേടുന്ന സൈബറിടങ്ങളുടെ സജീവതയും ജനബാഹുലവും പാരമ്പര്യവായനയിടങ്ങളിലെ ശൂന്യതയും കാണുമ്പോള്‍ വായന മരിച്ചു എന്ന ആത്മഗതം പൊതുവികാരമായി മാറുന്നു.
പുനരുജ്ജീവനത്തിനു പുത്തന്‍മാര്‍ഗങ്ങള്‍
നമുക്കിനി വേണ്ടത് ഗ്രന്ഥശാലകളുടെ പുത്തന്‍വായനയിടങ്ങളാണ്, അടച്ചുപൂട്ടിയ വമ്പന്‍ അലമാരകള്‍ ഇല്ല.
ഇരട്ടവാലനും വേട്ടാളനും പര്യവേക്ഷണം നടത്തുന്ന തടിയന്‍പുസ്തകങ്ങളും അവയ്ക്കിടയില്‍ വിശ്രമിക്കുന്ന ബുക്കുമാര്‍ക്കുകളുമല്ല.
പുസ്തകങ്ങളുടെ സാന്നിധ്യവും ശബ്ദവും ഗ്രന്ഥപ്പുരകളില്‍നിന്നു വെളിയില്‍ കടന്ന് ജനങ്ങള്‍ക്കിടയില്‍ വ്യാപിക്കണം.
ജനകീയ വായനയിടങ്ങള്‍
വീട്ടുമുറ്റങ്ങളില്‍ ചേരുന്ന വനിതാസംഘങ്ങള്‍ക്കൊപ്പം വായനസംഘങ്ങളും ഉണ്ടാകുന്നതു വായനയെ വളര്‍ത്തുന്നതിനുപകരിക്കും. മീറ്റിങ് കഴിഞ്ഞു. തിരികെപ്പോകുമ്പോള്‍ വീട്ടിലുള്ള മക്കള്‍ക്കും മറ്റംഗങ്ങള്‍ക്കും സമ്മാനമായി വായിക്കാന്‍ ഒരു പുസ്തകവും കൊണ്ടുപോകുക. ഒരാള്‍ ഉച്ചത്തില്‍ അക്ഷരസ്ഫുടതയോടെ അതു വായിക്കുക. മറ്റുള്ളവര്‍ കേള്‍ക്കുക. ഒന്നാംതരമൊരു ആസ്വാദകസദസ്സ്. പറ്റിയാല്‍ ഒരു വായനക്കുറിപ്പും തയ്യാറാക്കുക. 
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ പി.എന്‍. പണിക്കര്‍ നമ്മുടെ നാട്ടുമ്പുറങ്ങളില്‍ നടപ്പാക്കിയ ഗൃഹസദസ്സിന്റെ പുനരാവിഷ്‌കാരമാക്കി മാറ്റാം വീട്ടുമുറ്റത്തെ വായനശാലകള്‍.
ഇത്തരം ഗ്രൂപ്പുകള്‍ക്കു പുസ്തകങ്ങള്‍ നല്‍കാന്‍ വായനശാലകള്‍ സന്തോഷത്തോടെ തയ്യാറാകും. വായനശാലയുടെ വിതരണക്കണക്കില്‍ വീട്ടുമുറ്റവായനശാലകളുടെ വിതരണം ഉള്‍പ്പെടുത്തുന്നത്, ഗ്രേഡ് ഉയര്‍ത്താനും വീട്ടുമുറ്റത്തെ വായനശാല കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം ലഭിക്കാനും സഹായകമാകും. വീട്ടുമുറ്റത്തെ വായനശാല വനിതഗ്രൂപ്പുകള്‍ക്ക് അംഗീകാരവും സമ്മാനവും നേടിത്തരാനും ഇടയാകും. എല്ലാവര്‍ക്കും അംഗീകാരം നേടിത്തരുന്ന വീട്ടുമുറ്റത്തെ വായനശാല സംസ്ഥാനതലത്തില്‍ മിന്നുന്ന പദ്ധതിയായി മാറും.
വീട്ടകങ്ങളിലൊതുങ്ങിക്കഴിയുന്ന എഴുത്തുകാരിലെ മുത്തുമണികള്‍ കണ്ടെത്താനും വീട്ടുമുറ്റത്തെ വായനശാല വേദിയൊരുക്കും. പതിനായിരം വായനയിടങ്ങളെയും നാലഞ്ചുലക്ഷം സ്ത്രീവായനക്കാരെയും സൃഷ്ടിക്കുന്ന സംരംഭം എന്ന നിലയിലേക്ക് വീട്ടുമുറ്റത്തെ വായനശാല ഉയരാം. സ്ത്രീശക്തീകരണത്തിന് അക്ഷരനന്മയുടെ മുഖം ചമയ്ക്കാനും വീട്ടുമുറ്റവായനശാലകള്‍ക്കു കഴിയും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)