ലോകത്തിലെ ഏറ്റവും ഉയരമുള്ള പര്‍വതവും കൊടുമുടിയുമാണ് എവറസ്റ്റ് എന്ന് ഏവര്‍ക്കുമറിയാം. നേപ്പാളിന്റെയും തിബറ്റിന്റെയും അതിര്‍ത്തിയിലുള്ള ഹിമാലയഗിരിനിരകളില്‍ ഇതു സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഉയരം 8848 മീറ്റര്‍.
ഈ അളവ് എവിടെനിന്ന് എങ്ങനെ കിട്ടി? ആര് അളന്നു? നൂറ്റാണ്ടുകളായി ഈ കൊടുമുടി അവിടെ സ്ഥിതിചെയ്യുന്നുണ്ടെങ്കിലും 1852 ല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കമ്പ്യൂട്ടറായിരുന്ന രാധാനാഥ് സിക്ധറാണ് ഇതിന്റെ ഉയരം കണക്കുകൂട്ടി നിശ്ചയിച്ചത്. എന്നാല്‍, ഈ കൊടുമുടി കണ്ടുപിടിച്ചത് ഇന്ത്യയില്‍ സര്‍വെയര്‍ ജനറലായിരുന്ന സര്‍ ജോര്‍ജ് എവറസ്റ്റായിരുന്നു. കൊടുമുടിക്ക് 'എവറസ്റ്റ്' എന്ന് അദ്ദേഹത്തിന്റെ പേരുതന്നെ നല്‍കിയത് 1863 ലാണ്.
ഹിമാലയത്തിലെ ഈ കൊടുമുടിയെ ഇന്ത്യക്കാര്‍ ഗൗരീശങ്കരം എന്നും തിബറ്റുകാര്‍ ചോമാലുങ്മാ എന്നും തിബത്ത് - നേപ്പാള്‍ അതിര്‍ത്തിയിലുള്ളവര്‍ സാഗരമാതാ എന്നും വിളിച്ചുവന്നു. ഇന്ന് ഇതു ലോകമെങ്ങും അറിയപ്പെടുന്നത് എവറസ്റ്റ് എന്ന പേരില്‍.
സാഹസികനായ മനുഷ്യന്‍ ഒരു വെല്ലുവിളിപോലെ എവറസ്റ്റാരോഹണശ്രമം ആദ്യമായി നടത്തിയത് 1922 ല്‍ മാത്രമാണ്. വിദേശസംഘങ്ങളാണ് ഈ ശ്രമങ്ങള്‍ മിക്കതും നടത്തിയത്. മഞ്ഞുമൂടിക്കിടക്കുന്ന എവറസ്റ്റിലേക്ക് ഒരുവഴി കണ്ടുപിടിക്കാനുള്ള ആദ്യശ്രമം ലഫ്. കേണല്‍ സി.കെ. ഹോവാര്‍ഡ്ബറിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം 1921 ല്‍ നടത്തി. ഖേദകരമെന്നു പറയട്ടെ, എവറസ്റ്റിനെ സമീപിക്കുംമുമ്പുതന്നെ സംഘത്തിലെ 'ഒരംഗമായ കെല്ലാസ് ഹൃദയസ്തംഭനംമൂലം മരിച്ചു. തുടര്‍ന്ന് ഈ സംഘത്തിലുണ്ടായിരുന്ന മല്ലോറിയും ബുള്ളക്കും വീലറും ചേര്‍ന്നാണ് പര്‍വതനിരകള്‍ക്കിടയിലെ ഒരു പിളര്‍പ്പ് (നോര്‍ത്തുകോള്‍) കണ്ടുപിടിച്ചത്. അതിലൂടെ എവറസ്റ്റിന്റെ ഉച്ചിയിലേക്കുള്ള ഒരു വഴി നിര്‍ണയിക്കാനും മല്ലോറിക്കു കഴിഞ്ഞു. എന്നാല്‍, എവറസ്റ്റാരോഹണം ആദ്യമായി നടത്തിയത് 1922 ല്‍ ബ്രിഗേഡിയന്‍ ജനറല്‍ സി.ജി. ബ്രൂസ് നേതാവായുള്ള ഒരു സംഘമാണ്. സംഘാംഗങ്ങളുടെ ചുമടുകള്‍ ചുമക്കാന്‍ ഡാര്‍ജിലിങ്ങിലെ ഒരു വര്‍ഗക്കാരായ ഷെര്‍പ്പകളെയാണു നിയോഗിച്ചത്. മേയ് മാസം 13 ന് ഈ സംഘം നോര്‍ത്തുകോളില്‍ ഒരു താവളം സ്ഥാപിച്ചു. അവിടെനിന്നു കയറി 7620 മീറ്റര്‍ പൊക്കത്തിലുള്ള ഒരു സ്ഥാനത്തു മറ്റൊരു ക്യാമ്പും സ്ഥാപിച്ചു. ഈ സംഘത്തിലെ ബ്രൂസും ഫിഞ്ചും 8221 മീറ്റര്‍ വരെ കയറി. സംഘത്തിലുണ്ടായിരുന്ന ഏഴു ഷെര്‍പ്പകള്‍ ശക്തമായ ഹിമപ്രവാഹത്തില്‍പ്പെട്ടു മരിച്ചു. അതു സംഘത്തിനു വല്ലാത്ത ഷോക്കായി. ഇതിനെത്തുടര്‍ന്നു സംഘം നൈരാശ്യത്തോടെ ഉദ്യമത്തില്‍നിന്നു പിന്‍വാങ്ങി.
അതിശൈത്യം, ഹിമപ്രവാഹത്തിന്റെ അനിശ്ചിതത്വം, വീശിയടിക്കുന്ന ശീതക്കാറ്റ്, കുത്തനെയുള്ള കയറ്റം, പിടിച്ചുകയറാന്‍ വൃക്ഷമോ മറ്റ് ആശ്രയമോ ഇല്ലാത്ത അവസ്ഥ, മുകളിലേക്കു കയറുന്തോറും ഓക്‌സിജന്റെ ദൗര്‍ലഭ്യം - ഇവയൊക്കെയാണ് എവറസ്റ്റാരോഹണത്തിന്റെ പ്രധാനപ്രതിബന്ധങ്ങള്‍.
ശ്രമങ്ങള്‍ പിന്നെയും നടന്നു. ബ്രൂസിന്റെ നേതൃത്വത്തില്‍ത്തന്നെയുള്ള മറ്റൊരു സംഘം 1924 ല്‍ എവറസ്റ്റു കയറാന്‍ വീണ്ടും ശ്രമിച്ചു. ജൂണ്‍ 5 ന് നോര്‍ട്ടനും ഡോക്ടര്‍ സോമര്‍വെല്ലും 8534 മീറ്റര്‍ ഉയരത്തില്‍വരെ എത്തി. നോര്‍ട്ടന്‍ പിന്നെയും കുറച്ചുകൂടി മുകളിലേക്കു കയറി. സംഘത്തിലെ മറ്റു രണ്ട് അംഗങ്ങളായ മല്ലോറിയും ഇര്‍വിനും ജൂണ്‍ 6 ന് നോര്‍ത്തുകോളില്‍നിന്നു പുറപ്പെട്ടു. ജൂണ്‍ 8 ന് അവര്‍ എവറസ്റ്റിന്റെ നെറുകയിലേക്കു കയറ്റം തുടങ്ങി. അവര്‍ നെറുകയിലെത്തിയോ ഇല്ലയോ എന്നു തീര്‍ച്ചയില്ല. യാതൊരവശിഷ്ടവും കണ്ടുകിട്ടാത്തവണ്ണം അവര്‍ എന്നന്നേക്കുമായി അപ്രത്യക്ഷമായി. മഞ്ഞുകട്ടകളില്‍ മൂടിയോ ഹിമപാളികള്‍ വന്നു പതിച്ചോ ആയിരിക്കാം ഈ ധീരസാഹസികരുടെ ജീവിതാന്ത്യം. ഈ ദുഃഖപൂര്‍ണമായ ദുരന്തത്തോടെ രണ്ടാമത്തെ ആരോഹണശ്രമവും പരാജയപ്പെട്ടു. ഇങ്ങനെ എത്രയോ പര്‍വതാരോഹകര്‍ പല പല ഘട്ടങ്ങളിലായി ഇങ്ങിനി വരാത്തവണ്ണം മഞ്ഞിന്‍പാളികളില്‍ മറഞ്ഞുപോയി. വമ്പിച്ച വിജയപ്രതീക്ഷയോടെ ആവേശപൂര്‍വം ഇറങ്ങിത്തിരിച്ച ഈ ഹതഭാഗ്യര്‍ക്കു ഹിമകൂമ്പാരം അവരുടെ ശവകുടീരങ്ങളായി മാറി. പിന്നീട് 1933 ലും 1936 ലും 1951 ലും 1952 ലും വിവിധ സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ആരോഹണശ്രമങ്ങളും വിജയം കാണാതെ പോയി. (ഇതിലെ ചില അറിവുകള്‍ ശേഖരിച്ചത് കോട്ടയം എസ്.പി.സി.എസ്. പ്രസിദ്ധപ്പെടുത്തിയ വി.വി. കോശം, വോളിയം 3 ല്‍ നിന്ന്.)
സര്‍ എഡ്മണ്ട് ഹിലാരി പര്‍വതാരോഹണം തൊഴിലായി സ്വീകരിച്ച ന്യൂസിലന്‍ഡുകാരനായ ഒരു യുവാവാണ്. പല സംഘങ്ങളുടെ നേതൃത്വത്തില്‍ എവറസ്റ്റ് കൊടുമുടി കയറാന്‍ അദ്ദേഹം പല തവണ ശ്രമിച്ചു. എല്ലാം പരാജയപ്പെട്ടു. പക്ഷേ, പിന്തിരിഞ്ഞില്ല. എഡ്മണ്ട് ഹിലാരി അദ്ദേഹത്തിന്റെ ഡയറിയില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു: ''എവറസ്റ്റ് കയറാന്‍ പലവട്ടം ശ്രമിച്ചു. കനത്ത മഞ്ഞുമൂലം, കടുത്ത ശീതക്കാറ്റുമൂലം - ഇങ്ങനെ പല തവണ പല തടസ്സങ്ങള്‍കൊണ്ടു പരാജയപ്പെട്ടു. ഇച്ഛാഭംഗത്തോടെ പിന്‍വാങ്ങി. ഞാന്‍ നിരാശനായില്ല. താഴെ അടിവാരത്തുവന്ന് എവറസ്റ്റിനെ നോക്കി വെല്ലുവിളിപോലെ തന്റേടത്തോടെ പറഞ്ഞു: ''ഋ്‌ലൃലേെ! ഥീൗ രമിിീ േഴൃീം മി്യാീൃല, ആൗ േക മാ ്യീൗിഴ. ക ംശഹഹ ഴൃീം. അിറ ീില റമ്യ ക ംശഹഹ രീാല മിറ ുൗ ോ്യ ഹലഴ െീി ്യീൗൃ വലമറ.''
അതാണ് ഇച്ഛാശക്തി! ദൃഢനിശ്ചയം! വീറോടെ ഡയറിയില്‍ കുറിച്ചത് വിഫലമായില്ല. കേണല്‍ ജോണ്‍ ഹണ്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സംഘത്തിലെ ഒരംഗമായിരുന്നു ഹിലാരി. മറ്റൊരംഗം ഇന്ത്യക്കാരനായ ടെന്‍സിങ്. 1953 മേയ് 17 ന് ഈ രണ്ടുപേരും മറ്റു സംഘാംഗങ്ങളും എവറസ്റ്റില്‍ 7315 മീറ്റര്‍ ഉയരത്തിലുള്ള ഒരു സ്ഥാനത്തു ക്യാമ്പ് സ്ഥാപിച്ചു. മേയ് 22 ന് വൈലിയും ഹിലാരിയും ടെന്‍സിങ്ങും ഏതാനും ഷെര്‍പ്പകളോടൊപ്പം കോളിലെത്തി താവളമുറപ്പിച്ചു. 26 ന് ഇവാന്‍സും ബോര്‍ലില്ലനും കൂടി 8747 മീറ്റര്‍ ഉയരത്തില്‍ വരെ കയറി. അതിനുമപ്പുറം പോകാന്‍ അവര്‍ക്കു കഴിഞ്ഞില്ല. ഒടുവില്‍ മേയ് 29 ന് രാവിലെ ഹിലാരിയും ടെന്‍സിങ്ങും കൂടി മുകളിലേക്കു കയറി. പകല്‍ 11.30 ന് അവര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയും എവറസ്റ്റിന്റെ നെറുകയില്‍ കാലുകുത്തി. 1953 മേയ് 29 എന്നതു ലോകത്തിലെ ചരിത്രവിജയം കുറിച്ച ഒരു സുദിനം! ലോകം ഈ സംഭവത്തെ മനുഷ്യന്റെ ഇച്ഛാശക്തിയുടെയും ധീരതയുടെയും ഒരു മഹാവിജയമായി പ്രകീര്‍ത്തിച്ചു. ഹിലാരിയും ടെന്‍സിങ്ങും അവരവരുടെ രാഷ്ട്രപതാകകള്‍ എവറസ്റ്റിന്റെ നെറുകയില്‍ സ്ഥാപിച്ചശേഷമാണ് മടങ്ങിയത്.
തെല്ലും സ്വാര്‍ഥതയില്ലാത്ത മനസ്സാണ് ഹിലാരി പ്രദര്‍ശിപ്പിച്ചത്. ഹിലാരിക്കു വേണമെങ്കില്‍ ഒറ്റയ്ക്ക് എവറസ്റ്റിന്റെ ഉച്ചിയില്‍ കാലുകുത്താമായിരുന്നു. ലോകം എന്നെന്നും പ്രകീര്‍ത്തിക്കപ്പെടുന്ന ഏകവ്യക്തിയാകാമായിരുന്നു. എന്നാല്‍, അതുവരെ ഒപ്പം നിന്ന് ഇന്ത്യക്കാരനെയും കൂടെ കൂട്ടി. അതു ഹിലാരി എന്ന വലിയ മനുഷ്യന്റെ വിശാലമനസ്സ്! അതുകൊണ്ട് അന്ന് ഇന്ത്യയുടെ ത്രിവര്‍ണപതാകയും എവറസ്റ്റില്‍ പാറിക്കളിച്ചു.
ഒരു പിന്‍കുറിപ്പ്: എവറസ്റ്റിന്റെ ഉച്ചിയില്‍ യേശുവിന്റെ കൊച്ചുക്രൂശിതരൂപമടങ്ങിയ ഒരു പേടകവും അന്നു ഹിലാരി ഏറെ ഭവ്യതയോടെ കാഴ്ചവച്ചു. പോള്‍ ആറാമന്‍ മാര്‍പാപ്പാ വെഞ്ചരിച്ച്, ഒരു ബനഡിക്ടന്‍ സന്ന്യാസി വഴിയാണ് അത് എത്തിയത്. ഇത് അധികമാരും അറിയാത്ത ഒരു സത്യമാണ്.