1936 ലെ ബെര്‍ലിന്‍ ഒളിമ്പിക്‌സ്. സര്‍വപ്രതാപത്തില്‍ തിളങ്ങിനില്‍ക്കുന്ന ഹിറ്റ്‌ലറും ഗാലറിയിലുണ്ട്. ലോങ്ജമ്പ്കളത്തില്‍ കലാശപ്പോരാട്ടത്തില്‍ മാറ്റുരയ്ക്കുന്നത് ജര്‍മനിയുടെ ലുസ് ലോങ്ങും അമേരിക്കയുടെ ജെസ്സെ ഓവന്‍സും. രണ്ടുപേരും ലോകപ്രശസ്തര്‍. വര്‍ണവംശവെറിയുടെ ആള്‍രൂപമായ ഹിറ്റ്‌ലര്‍ തന്റെ ആര്യവംശമേധാവിത്വം തെളിയിക്കാനായി കളത്തിലിറക്കിയിരിക്കുകയാണ് ലുസ്‌ലോങ്ങിനെ. ഓവന്‍സാകട്ടെ, ഹിറ്റ്‌ലര്‍ക്കു കണ്ടുകൂടാത്ത കറുത്ത വര്‍ഗക്കാരന്‍.
ആദ്യ മൂന്നുചാട്ടത്തിലും ഓവന്‍സിനു പിഴച്ചു. ഫൗള്‍! ഇനി ഒരവസരംകൂടിമാത്രം. അയാള്‍ തികഞ്ഞ മാനസികപിരിമുറുക്കത്തിലാണ്.
ലുസ് ലോങ് ഓവന്‍സിനടുത്തുചെന്ന് രഹസ്യത്തില്‍ പറഞ്ഞു: ''ലോകചാമ്പ്യനായ താങ്കള്‍ ടെന്‍ഷനടിക്കേണ്ട കാര്യമില്ല. വരയുടെ ഒരടി പിന്നില്‍നിന്നു ചാടിയാലും താങ്കള്‍ക്കു ജയം ഉറപ്പാണ്. ധൈര്യമായി ചാടൂ.''
എതിരാളിയുടെ നിര്‍ദേശവും പ്രോത്സാഹനവും ഓവന്‍സ് അക്ഷരംപ്രതി പാലിച്ചു. പിന്നത്തെ ചാട്ടം പിഴച്ചില്ലെന്നുമാത്രമല്ല, അത് പുതിയ ലോക റെക്കോര്‍ഡ് കുറിക്കുകയും ചെയ്തു. എതിരാളിക്കു നല്ല പാഠം കൊടുത്തിട്ട് ലൂസ് രണ്ടാം സ്ഥാനം കൊണ്ടു തൃപ്തനായി. രണ്ടാളും തോളില്‍ കൈയിട്ട് ജനക്കൂട്ടത്തെ അഭിവാദ്യംചെയ്തു സ്റ്റേഡിയത്തിനു വലംവെച്ചുകൊണ്ട് മത്സരങ്ങള്‍ക്കപ്പുറത്തുള്ള മാനുഷികമൈത്രിയുടെയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെയും മഹാസന്ദേശം ലോകത്തിനു കാണിച്ചുകൊടുത്തു. കലിതുള്ളി ഹിറ്റ്‌ലര്‍ കളംവിട്ടു പോയി.
ഏതൊരു മത്സരത്തിലും വീറുറ്റ പോരിലും എന്തിന്, യുദ്ധത്തില്‍പ്പോലും ചില നിയമങ്ങളുണ്ട്. ആയുധം താഴെവച്ചു കീഴടങ്ങിയവനെ ആക്രമിക്കാതിരിക്കുക, യുദ്ധമുഖത്തുതന്നെയുള്ള മാധ്യമപ്രവര്‍ത്തകര്‍, ആതുരസേവകര്‍, സാധാരണ പൗരര്‍ തുടങ്ങിയവരെ ഉപദ്രവിക്കാതിരിക്കുക, മുറിവേറ്റവരെ വീണ്ടും മുറിവേല്പിക്കാതിരിക്കുക എന്നിങ്ങനെ അനവധി മര്യാദകളുണ്ട്. പരാജിതനെ അധിക്ഷേപിക്കാതിരിക്കുക എന്നതും ഒരു മര്യാദയാണ്, കളിക്കളത്തിലും പോര്‍ക്കളത്തിലും.
കാരണം, ഏതൊരു മത്സരത്തിലും ആരും തോറ്റെന്നിരിക്കാം, ആരും ജയിച്ചെന്നിരിക്കാം. ഇന്നത്തെ ജേതാവ് നാളത്തെ പരാജിതനായേക്കാം, മറിച്ചും.
*** *** ***
കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവുമധികം രാഷ്ട്രീയ അധിക്ഷേപശരങ്ങള്‍ക്ക് ഇരയായ വ്യക്തി രാഹുല്‍ ഗാന്ധിയാണെന്നതില്‍ സംശയമില്ല. അതു വെറും എതിര്‍പക്ഷവിരുദ്ധത എന്നതിനപ്പുറം വ്യക്തിപരമായ വിദ്വേഷവും പകപോക്കലും തരംതാണ പരിഹാസവുമൊക്കെയായി അധഃപതിച്ചു. അത്തരം അധിക്ഷേപങ്ങള്‍ നടത്തിയവര്‍ വാസ്തവത്തില്‍, തങ്ങളുടെ പാരമ്പര്യവും സംസ്‌കാരദാരിദ്ര്യവുമാണു വിളിച്ചറിയിച്ചത്.
അത്യുഗ്രന്‍ ഭൂരിപക്ഷത്തോടെ രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചുകഴിഞ്ഞ രാഹുല്‍ ഗാന്ധിക്കെതിരേ ഇനി അന്തസ്സുള്ള അമ്പുകള്‍ പ്രയോഗിക്കാനില്ലാത്തതുകൊണ്ട് അനേകം വിദ്വേഷികളും വിവരദോഷികളും എഴുതിവിടുന്ന വാക്കുകള്‍ അവരുടെ തനി 'സംസ്‌കാര'മാണ് പുറത്തുകാണിക്കുന്നത്. ഒപ്പം, രാഹുലിന്റെ മാര്‍ക്ക് കൂട്ടുകയും.
ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോള്‍, പ്രശസ്തമായ ഡൂണ്‍ സ്‌കൂളില്‍ പഠിച്ചിരുന്ന രാഹുലിനും ജീസസ് ആന്‍ഡ് മേരി സ്‌കൂളില്‍ പഠിച്ചിരുന്ന പ്രിയങ്കയ്ക്കും സിഖ് തീവ്രവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് വീട്ടിലിരുന്നു വിദ്യാഭ്യാസം തുടരേണ്ടിവന്നു. പിന്നീട് രാഹുല്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ പഠിക്കുമ്പോള്‍ പ്രധാനമന്ത്രിയായിരുന്ന പിതാവ് രാജീവ് ഗാന്ധി കൊല്ലപ്പെടുകയും ഭീഷണി നിലനില്‍ക്കുകയും ചെയ്തപ്പോള്‍ അയാള്‍ ഹര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്കു കുടിയേറി. സുരക്ഷാകാരണങ്ങളാല്‍ അവിടെനിന്നു മാറി, ഫ്‌ളോറിഡയിലെ റോളിന്‍സ് കോളജില്‍നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് കേംബ്രിഡ്ജില്‍നിന്ന് എംഫില്‍കൂടി നേടിയിട്ടാണ് അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയക്കളത്തില്‍ ഇറങ്ങിയത്.
അല്ലാതെ, സ്‌കൂള്‍ കാണാത്ത പൊട്ടന്‍ പയ്യനല്ല രാഹുല്‍. അന്തസ്സോടെ എടുത്തുകാണിക്കാവുന്ന ഡിഗ്രിരേഖകളില്ലാത്ത നേതാക്കളും ചായക്കച്ചവടക്കാരും അയാളെ ആക്ഷേപിച്ചു.
34-ാം വയസ്സില്‍, 2004 ലെ തന്റെ ആദ്യമത്സരത്തില്‍ അമേഠി മണ്ഡലത്തിലെ 67 ശതമാനം വോട്ടു നേടിയാണ് അദ്ദേഹം രാഷ്ട്രീയത്തിലെ വരവറിയിച്ചത്. 2009 ല്‍ ഭൂരിപക്ഷം 71 ശതമാനമായി വര്‍ധിച്ചു. 2014 ല്‍ അത് 46 ആയി കുറഞ്ഞെങ്കിലും വിജയിച്ചു. 2019 ല്‍ അമേഠിയില്‍ പരാജയപ്പെട്ടെങ്കിലും വയനാട്ടില്‍ വിജയിച്ചു. ഇത്തവണ റായ്ബറേലിയിലും വയനാട്ടിലും യഥാക്രമം 66 ശതമാനവും 60 ശതമാനവും വോട്ടുനേടിയാണ് രാഹുല്‍ സ്വന്തം മാറ്റു തെളിയിച്ചത്. റായ്ബറേലിയില്‍ രണ്ടാം സ്ഥാനത്തു വന്ന ബിജെപി സ്ഥാനാര്‍ഥിക്ക് 28.5% മാത്രമായിരുന്നു വോട്ട് എന്നോര്‍ക്കുക.
മോദിയും ബിജെപിയും അധികാരത്തില്‍ തകര്‍ത്താടുമ്പോഴാണ് അവരുടെ 'പയ്യന്‍ പപ്പു' തളരാതെ, ഹൃദയം തകരാതെ, അക്ഷീണം രാജ്യമെമ്പാടും ചുറ്റിനടന്ന് ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്.
പകച്ചുനിന്ന ഒരു പാര്‍ട്ടിയുടെ തലപ്പത്തുനിന്ന് ഒറ്റയ്ക്കു തേരുതെളിച്ച് പോരുനയിച്ച് അഭിമാനാര്‍ഹമായ തിരിച്ചുവരവു നടത്തിയ മനുഷ്യനെയാണ് നെറികെട്ട വിദ്വേഷികള്‍ 'മഴകൊണ്ട മരവാഴ' എന്നൊക്കെ പരിഹസിക്കുന്നത്. അതുകൊണ്ടൊന്നും അയാള്‍ക്കു ക്ഷീണമില്ല, പരിഭവമില്ല. അയാള്‍ അങ്ങനെ പ്രതികരിക്കുകയുമില്ല. കാരണം, അയാള്‍ അന്തസ്സുള്ള തറവാടിയാണ്. അയാളുടേത് തെരുവുസംസ്‌കാരമല്ല.
അങ്ങനെയാണ് രാഹുല്‍ ഗാന്ധി 2024 ലെ തിരഞ്ഞെടുപ്പിലെ സൂപ്പര്‍ സ്റ്റാര്‍ ആകുന്നത്.
ആനകള്‍ അന്തസ്സോടെ ആടിക്കുലുങ്ങി തലയുയര്‍ത്തി എഴുന്നള്ളുമ്പോള്‍ തെരുവുനായകള്‍ പിന്നാലെ നടന്ന് കുരയ്ക്കുന്നതു പതിവാണല്ലോ. എതിര്‍ക്കാനോ ആക്രമിക്കാനോ കഴിയാതാവുമ്പോള്‍ തിരിഞ്ഞോടാന്‍ തയ്യാറായി കുരച്ചുകൊണ്ടാണ് നായകള്‍ തൃപ്തിയടയുന്നത്.
ലഭിച്ച ഭൂരിപക്ഷത്തിന്റെ കണക്കുനോക്കിയാല്‍ ഇന്‍ഡോറിലെ സിറ്റിംഗ് ബിജെപി എം പി ശങ്കര്‍ ലാല്‍വാനിയാണ് ഏറ്റവും കേമന്‍. തൊട്ടടുത്ത സ്ഥാനാര്‍ഥി ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സഞ്ജയ് സോളങ്കിയുടെ 51,659 വോട്ടിനെതിരേ നേടിയ 12,26,751 വോട്ട് സര്‍വകാല റെക്കോഡ് ആയി. 11.72 ലക്ഷത്തിന്റെ ഭൂരിപക്ഷം. ബിജെപിയുടെ അമിത് ഷാ, സി ആര്‍ പട്ടീല്‍, ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയവരും ആസാമിലെ കോണ്‍ഗ്രസിന്റെ രാകിബുല്‍ ഹുസൈനുമാണ് മറ്റു ലീഡ് താരങ്ങള്‍. 7 ലക്ഷത്തിനുമേല്‍ ഭൂരിപക്ഷം.
തൃശൂര്‍ ലോകസഭാമണ്ഡലത്തിലെ എഴ് അസംബ്ലി മണ്ഡലങ്ങളിലും കഴിഞ്ഞ തവണ സിപിഎം ആണു വിജയിച്ചത്. രണ്ടു മത്സരങ്ങളില്‍ തോറ്റിട്ടും അതേ കളത്തില്‍ മൂന്നാമതുമിറങ്ങി അട്ടിമറി വിജയം നേടിക്കൊണ്ട് കേരളത്തില്‍ ആദ്യമായി ബിജെപിക്കു സീറ്റ് പിടിച്ചുകൊടുത്ത സുരേഷ് ഗോപിയാണ് കേരളത്തിലെ തിരഞ്ഞെടുപ്പുതാരം. അദ്ദേഹം കേന്ദ്രമന്ത്രിയുമായി. അദ്ദേഹത്തെ തറപറ്റിക്കാന്‍ എന്തൊക്കെ അടവുകളെടുത്തു വിരോധികള്‍. പെണ്ണുകേസ്, നികുതിവെട്ടിപ്പുകേസ്, സെല്‍ഫി കേസ്... മാലയിടീല്‍, മാതാവിന്റെ കിരീടം... അപമാനിക്കാന്‍ പരമാവധി നോക്കി. എല്ലാം ചീറ്റിപ്പോയി.
ഇവര്‍ക്കെല്ലാം മുകളില്‍ മിന്നും മെഗാ സ്റ്റാറായി ഒരു കൂട്ടരുണ്ട്. പാര്‍ട്ടിഭ്രാന്തും അടിമത്തവും തലയ്ക്കു പിടിക്കാത്ത യഥാര്‍ത്ഥ ജനാധിപത്യവിശ്വാസികളായ പൗരസമൂഹം. അവരാണ് ഈ തിരഞ്ഞെടുപ്പിലെ മെഗാസ്റ്റാര്‍. പാര്‍ട്ടിയേതെന്നു നോക്കാതെ ആളും അവസ്ഥയും രാജ്യക്ഷേമവും നോക്കി വോട്ടു ചെയ്യാന്‍ വിവേകമുള്ള ആ ജനതയാണ് രാജ്യത്തിന്റെ ഭാവിയുടെ വിധാതാക്കള്‍. അങ്ങനെയൊരു സമൂഹം ഉള്ള കാലത്തോളം ഇവിടെ ജനാധിപത്യം തിളക്കമാര്‍ന്നു നിലനില്‍ക്കും.