•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പരിശുദ്ധസ്‌നേഹത്തിന്റെ ഭ്രമകല്പനകള്‍

സുപ്രസിദ്ധമായ ഒരു ക്രിസ്തീയ നാടകമാണ് The Family Portrait  യേശുവിന്റെ ജീവിതത്തെ ആധാരമാക്കിയുള്ള ഒരു കഥ. കുരിശുമരണത്തോടെ സമാപിക്കുന്ന ഈ നാടകം രചിച്ചത് ലിയോനോര്‍ കോഫി, വില്യം ജോയ്‌സ് എന്നിവര്‍ ചേര്‍ന്നാണ്.
കഥയുടെ അവസാനം യേശുവിന്റെ സുഹൃത്തുക്കളൊക്കെ ഒന്നിച്ചുകൂടിയിരിക്കുന്ന ഒരു  രംഗമുണ്ട്. അങ്ങേയറ്റം  അസ്വസ്ഥരും ആകുലചിത്തരുമാണവര്‍. തങ്ങളുടെ നൊമ്പരങ്ങളും മോഹഭംഗങ്ങളുമെല്ലാം അവര്‍ പങ്കിടുകയാണ്. അപ്പോള്‍ ഒരു സ്ത്രീ എണീറ്റു നടുക്കു വന്നുനിന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു:
''മുമ്പ്, ഞാന്‍ മൃതയായിരുന്നു;
അവന്‍ എന്നെ ജീവിപ്പിച്ചു.
ഞാന്‍ അന്ധയായിരുന്നു;
അവന്‍ എനിക്കു കാഴ്ച നല്കി.
ഞാന്‍ ബധിരയായിരുന്നു;
അവന്‍ എനിക്കു കേള്‍വി നല്കി.''
മഗ്ദലയില്‍നിന്നുള്ള ഒരു മറിയമായിരുന്നു ആ സ്ത്രീ. കഫര്‍ണാമില്‍നിന്ന് ഏതാണ്ടു പതിനൊന്നു കിലോമീറ്റര്‍ തെക്ക് ഗലീലിയാക്കടല്‍ത്തീരത്തായിരുന്നു മഗ്ദല. ഒരുപക്ഷേ, ഭര്‍ത്താവു കൈവിട്ടവളായിരുന്നിരിക്കണം അവള്‍. ഏഴു പിശാചുക്കള്‍ ആ പാവം പെണ്ണിനെ പിടികൂടിയിരുന്നു (മര്‍ക്കോ. 16:9); അതുകൊണ്ടുതന്നെ ഇത്തിരി ദുര്‍ന്നടപ്പുകാരിയും. എങ്കിലും, അവള്‍ക്ക്  നിരന്തരം മനഃസാക്ഷിക്കുത്ത് അനുഭവപ്പെട്ടിട്ടുണ്ടാകണം: എങ്ങനെയും തിരിച്ചുവരണം. അതായിരുന്നു മാനസാന്തരത്തിന്റെ തുടക്കം.
അങ്ങനെയിരിക്കുമ്പോഴാണ് പാപപ്പൊറുതിയെക്കുറിച്ചും ദൈവികകാരുണ്യത്തെക്കുറിച്ചും സംസാരിക്കുന്ന, രോഗികളെ സുഖപ്പെടുത്തുന്ന, ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കുന്ന ഒരു റബ്ബിയെക്കുറിച്ച് അവള്‍ കേള്‍ക്കുന്നത് - നസ്രത്തില്‍നിന്നുള്ള ഒരു പ്രവാചകന്‍.
 ഒരിക്കല്‍ അകലെനിന്ന് അവള്‍ അവനെ കണ്ടു- അനേകം ശിഷ്യരുടെ അകമ്പടിയോടെ നീങ്ങുന്ന വലിയൊരു ഗുരു!
 അവന്‍ തിരിഞ്ഞ് അവളെ നോക്കി, ആ നോട്ടത്തില്‍ അവളുടെ ആശങ്കകളെല്ലാം അലിഞ്ഞുപോയി. 'അവളെ വിട്ടുപോകൂ' - ആ ആജ്ഞകേട്ട് അവളിലുള്ള ഏഴു പിശാചുക്കളും ഞെട്ടി. അലറിവിളിച്ചുകൊണ്ട് അവറ്റകള്‍ പറന്നകന്നു. 'മകളേ, നിന്റെ  പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു; നീ എന്നെ അനുഗമിക്കുക.' അന്നുമുതലേ നന്ദിയും സ്‌നേഹവും അവളില്‍ മുളയെടുത്തു. എല്ലാമുപേക്ഷിച്ച് അവള്‍ അവന്റെ പിന്നാലെ പോയി - ഒരിക്കലും പിന്തിരിഞ്ഞുനോക്കാതെ... അങ്ങനെയാണു നാടകത്തിന്റെ ഇതിവൃത്തം.
അനേകരെ ഇതിനുമുമ്പും അവന്‍ സുഖപ്പെടുത്തിയിട്ടുണ്ട്; തന്നെ അനുഗമിക്കാന്‍ ക്ഷണിച്ചിട്ടുമുണ്ട്... ഒരിക്കല്‍ സ്‌നേഹപൂര്‍വം കടാക്ഷിച്ചുകൊണ്ട് ഒരു യുവാവിനോടും അവന്‍ ഇതുപോലെ പറഞ്ഞതാണ് (മര്‍ക്കോ. 10:21). എങ്കിലും, സങ്കടത്തോടെ തിരിച്ചുപോകുകയായിരുന്നു അവന്‍. 
വേറൊരിക്കല്‍ ജീവന്റെ അപ്പത്തെക്കുറിച്ചു പറഞ്ഞതിന്റെ പേരില്‍, താന്‍ തിരഞ്ഞെടുത്തു വിളിച്ചുനിറുത്തിയ ഒട്ടേറെ ശിഷ്യര്‍ അവനെ വിട്ടുപോയി.  പിന്നീട്, ഒരിക്കലും അവരും അവന്റെകൂടെ നടന്നില്ല (യോഹ. 6:66). അവന്റെ 'വാക്കുകള്‍ കഠിനങ്ങളായിരുന്നെ'ങ്കിലും (6:60), പഴയ പാപജീവിതം പരിത്യജിച്ച് മറിയം അവനെ പിന്തുടര്‍ന്നു.
ആഫ്രിക്ക കണ്ടിട്ടുള്ളതിലെ ഏറ്റവും വലിയ മിഷനറിയാണ് ഡേവിഡ് ലിവിങ്സ്റ്റണ്‍ (1813-1873). അടിമകള്‍ക്കുവേണ്ടി ജീവിച്ച വ്യക്തി. എത്രയോ അടിമകളെ അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട് - മോചിപ്പിച്ചിട്ടുണ്ട്. അവരൊക്കെ രക്ഷപ്പെട്ടു കടന്നുപോയെങ്കിലും രണ്ടുപേര്‍ മാത്രം അദ്ദേഹത്തെ വിട്ടുപോയില്ല - സൂസി, ചൂമ എന്ന രണ്ടു സ്ത്രീകള്‍. 1873 ലെ ഒരു പ്രഭാതത്തില്‍, മുട്ടിന്മേല്‍നിന്നു കൈകള്‍ കൂപ്പി പ്രാര്‍ഥിച്ചുനില്ക്കുന്ന രീതിയിലാണ് ലിവിങ്സ്റ്റണ്‍ മരണമടയുന്നത്. അത് ആദ്യം കണ്ടെത്തുന്നതും അവര്‍തന്നെ. ഉപ്പിട്ടുകെട്ടിയ ആ മൃതശരീരവും ചുമന്നുകൊണ്ട് അവര്‍ 1600 കിലോമീറ്റര്‍ കിഴക്കുള്ള സാന്‍സിബാറിലെത്തി - ഒരാള്‍ പിന്നെയും കപ്പല്‍മാര്‍ഗ്ഗം ഇംഗ്ലണ്ടിലും - ലിവിങ്സ്റ്റണ്‍ന്റെ മൃതദേഹത്തെപ്പോലും പിന്തുടര്‍ന്നവര്‍!
 ഏതാണ്ട് ഇതുപോലൊരു വ്യക്തിയായിരുന്നു മറിയം മഗ്ദലേന - മരിച്ചിട്ടും ഗുരുവിനെ  പിന്തുടര്‍ന്നവള്‍.
 അക്ഷരാര്‍ഥത്തില്‍ എത്രയോ പേര്‍ക്ക് അവന്‍ ''കാഴ്ച'' കൊടുത്തിട്ടുണ്ട്, 'കേള്‍വി' പ്രദാനം ചെയ്തിട്ടുണ്ട് - പക്ഷേ, അവരൊക്കെ അവനെ വിട്ടുപോയതേയുള്ളൂ. അവന്‍ പിടിക്കപ്പെട്ടപ്പോള്‍ അവരാരും അതു കണ്ടില്ല; കണ്ടതായി ഭാവിച്ചില്ല - കേട്ടുമില്ല. ശിഷ്യര്‍പോലും കാടുകയറി ഓടി രക്ഷപ്പെട്ടു!
പക്ഷേ, മറിയം പോയില്ല. അവന്റെ അമ്മയോടൊപ്പം, അവനെ കുരിശിലേറ്റുന്ന സമയം മുഴുവന്‍ അവള്‍ അടുത്തുതന്നെ നിന്നു. അവനെ അടക്കം ചെയ്യുന്നിടത്തും അവളുണ്ടായിരുന്നു! അടക്കം ചെയ്തിട്ടും ശാബത്തു കഴിയുവോളം അവള്‍ സെഹിയോന്‍ ശാലയില്‍ത്തന്നെയായിരുന്നു - ഊണും ഉറക്കവുമില്ലാതെ.
ഞായറാഴ്ച പ്രഭാതമാവുന്നതിനുമുമ്പുതന്നെ ശവകുടീരത്തിലേക്ക് അവള്‍ ഓടി. ഗുരുവിന്റെ ശരീരം അവിടെയില്ല... ഹൃദയം തകര്‍ന്നു  വിലപിച്ചു നില്ക്കുന്നവളെ (യോഹ. 20:11)യാണ് അവന്‍ വിളിക്കുന്നത്: ''മറിയം.'' എന്തൊരു നിറവുറ്റ ശബ്ദം - ഒറ്റവാക്കാല്‍ ഈ പ്രപഞ്ചത്തെ മുഴുവന്‍ ഉരുവാക്കിയവന്റെ ശബ്ദം! സാഷ്ടാംഗം പ്രണമിച്ച് അവള്‍ അവനെ ആരാധിച്ചു. 'ഞാന്‍ കര്‍ത്താവിനെ കണ്ടു'വെന്നു ശിഷ്യര്‍ക്കു  സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
ഉത്ഥാനം ചെയ്ത ക്രിസ്തു  അനേകര്‍ക്കു പ്രത്യക്ഷനായിട്ടുണ്ട് - ഏറ്റവുമൊടുവില്‍ അഞ്ഞൂറിലധികം പേര്‍ക്ക് ഒരുമിച്ചും. അങ്ങനെ പലര്‍ക്കും.
പക്ഷേ, ഒരു ചോദ്യം: ''എന്തേ, എല്ലാറ്റിലുമാദ്യം മഗ്ദലയില്‍നിന്നുള്ള മറിയത്തിനു പ്രത്യക്ഷനായി?''
അവളില്‍ ഒത്തിരിയൊത്തിരി പ്രത്യേകതകളുണ്ടായിരുന്നു. ഒരിക്കലും പിന്തിരിയാതെ യേശുവിനെ പിന്തുടര്‍ന്നവളായിരുന്നു അവള്‍ - സൂസിയും ചൂമയും ഡേവിഡ് ലിവിങ്സ്റ്റണെ എന്നപോലെ.
 വി. പൗലോസിന്റേതുപോലുള്ള അന്ധമായ ആവേശമായിരുന്നു അവളുടേതും. തനിക്കുള്ളതെല്ലാം വിറ്റിട്ട് അഥവാ വിട്ടുകൊടുത്തിട്ട് അവള്‍ അവന്റെ പിന്നാലെ കൂടി. അവന്‍ മരിച്ചുകഴിഞ്ഞിട്ടും അവള്‍ മഗ്ദലയ്ക്കു മടങ്ങിയില്ല. അവിടെത്തന്നെ കഴിഞ്ഞു. അതാണ് അതിരാവിലെ അധികംപേരും ഉണരുന്നതിനുമുമ്പേ അവള്‍ക്കു പുറപ്പെടാന്‍ സാധിച്ചത്.
താന്‍ എന്തായിരുന്നുവെന്നും, ഇപ്പോള്‍ എന്താണെന്നും അവള്‍ക്കു ശരിക്കും നിശ്ചയമുണ്ടായിരുന്നു.
''ഞാന്‍ അന്ധയായിരുന്നു, ഇപ്പോള്‍ എനിക്കു കാഴ്ചയുണ്ട്.
ഞാന്‍ ബധിരയായിരുന്നു. ഇപ്പോള്‍ എനിക്കു കേള്‍ക്കാം.''
നന്ദിയുടെ ആ വിനീതഭാവമാണ് യേശുവിനെ പ്രീതിപ്പെടുത്തിയതും, മറ്റാരെയുംകാള്‍ കൂടുതല്‍ പരിഗണന കാണിക്കാന്‍ പ്രേരിപ്പിച്ചതും.
അവളുടെ ആഴമേറിയ ആത്മാര്‍ഥത, അന്ധമായ ഗുരുഭക്തി, ഭ്രാന്തമായ സ്‌നേഹം അതൊക്കെ നമ്മുടെ അന്തരംഗത്തെ കുളിരണിയിക്കണം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)