•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

'ഇന്ത്യ' തിളങ്ങി മോദിപ്രഭ മങ്ങി

വോട്ടെണ്ണല്‍ദിനത്തിലെ അപ്രതീക്ഷിതത്വത്തില്‍ വരുംകാലരാഷ്ട്രീയം കാത്തുവയ്ക്കുന്നതെന്ത് എന്ന  അനിശ്ചിതാവസ്ഥയിലാണ് ഇന്ത്യന്‍ രാഷ്ട്രീയരംഗം. ജൂണ്‍ നാലിന് വോട്ടുപെട്ടി തുറന്നപ്പോള്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ അധികാരത്തിന്റെ അപ്രമാദിത്വത്തില്‍ വാണരുളിയ ബിജെപി കേവലഭൂരിപക്ഷം നഷ്ടപ്പെട്ടു പകച്ചുനില്‍ക്കുന്നു! അപ്രതീക്ഷിതമുന്നേറ്റത്തിന്റെ വിസ്മയക്കുതിപ്പില്‍ ഇന്ത്യാസഖ്യം!
എന്‍.ഡി.എ - 292, ഇന്ത്യാസഖ്യം - 234, മറ്റുള്ളവര്‍ - 17
കേരളം തൂത്തുവാരി യുഡിഎഫ്! കേരളത്തില്‍ അക്കൗണ്ട് തുറന്ന് ബിജെപി!
യു.ഡി.എഫ്. - 18. എല്‍.ഡി.എഫ്. - 01. ബി ജെ പി - 01.
എക്‌സിറ്റ് പോള്‍ അല്ല എക്‌സാറ്റ് പോള്‍ എന്ന തിരിച്ചറിവു നല്‍കിക്കൊണ്ട് ഇന്ത്യയും കേരളവും മാറിച്ചിന്തിക്കുന്നുവെന്നതാണ് വോട്ടെണ്ണല്‍ദിനത്തിലെ ചിത്രം വ്യക്തമാക്കുന്നത്. ഇഞ്ചോടിഞ്ചുപോരാട്ടത്തിന്റെ നേര്‍ക്കാഴ്ചയായിമാറിയ വോട്ടെണ്ണല്‍ ദിനം, ജനാധിപത്യത്തിന്റെ കരുത്തോടെയുള്ള തിരിച്ചുവരവിനു രാജ്യം സാക്ഷ്യം വഹിക്കുന്നതിന്റെ മനോഹരമായ കാഴ്ച സമ്മാനിച്ചു. കേന്ദ്രത്തിലും കേരളത്തിലും ഭരണവിരുദ്ധവികാരത്തിന്റെ കൊടുങ്കാറ്റാഞ്ഞടിച്ചുവെന്നു നിസ്സംശയം പറയാം. നാനൂറിലേറെ സീറ്റ് എന്ന അവകാശവാദത്തിന്റെ ഗര്‍വില്‍ വിവേകാനന്ദപ്പാറയില്‍ അരങ്ങേറിയ ധ്യാനനാടകത്തിനൊടുവില്‍ മോഹങ്ങള്‍ തിരയെടുക്കുന്ന കാഴ്ചയാണു നാം കണ്ടത്.
292 സീറ്റില്‍ എന്‍ഡിഎ മുന്നണിയെ പിടിച്ചുകെട്ടിയ ഇന്ത്യാസഖ്യം നേടിയ 234 സീറ്റുകള്‍ക്കു കേവലഭൂരിപക്ഷത്തെക്കാള്‍ മധുരം! തനിച്ചു ഭരിക്കാനാവശ്യമായ 272 എന്ന മാജിക് നമ്പര്‍ കൈയെത്താദൂരത്ത് ആയതോടെ അധികാരമുറപ്പിക്കാന്‍ ധര്‍മാധര്‍മങ്ങളെക്കുറിച്ചു ചിന്തിക്കുന്ന ശീലമില്ലാത്ത ബിജെപി എന്തു കളികളാവും നടത്തുന്നതെന്ന് ഉറ്റുനോക്കുകയാണു രാജ്യം.
 2014 ല്‍ 282 ഉം 2019 303 ഉം സീറ്റുകള്‍ നേടി അധികാരപ്രമത്തതയുടെ ഉത്തുംഗശൃംഗങ്ങളിലിരുന്ന് ജനാധിപത്യത്തെ ഗോഷ്ടി കാണിച്ച മോദിക്ക് 2024 ല്‍ കേവലഭൂരിപക്ഷത്തില്‍പ്പോലും എത്താനാവാതെ 240 സീറ്റുകളില്‍ ഒതുങ്ങേണ്ടിവന്നത് വ്യക്തിപരമായേറ്റ വന്‍തിരിച്ചടിയാണ്. ഈ തോല്‍വിയുടെ പൂര്‍ണമായ ഉത്തരവാദിത്വം മോദി - അമിത്ഷാ ദ്വയത്തിനുമാത്രമാണ്. ഇരുവര്‍സംഘത്തിനുമുമ്പില്‍ ബിജെപി എന്ന പാര്‍ട്ടിയും മറ്റു നേതാക്കളും വെറും പാവകള്‍മാത്രമായി ഒതുങ്ങിയിരുന്നു എന്നതുതന്നെ കാരണം. ഒപ്പംതന്നെ, വിശ്വഗുരു പരിവേഷത്തില്‍ പരിലസിച്ചിരുന്ന മോദിക്ക് വ്യക്തിപരമായ അടുത്ത ആഘാതമായി വാരണാസിയിലെ സ്വന്തം വിജയം. 2019 ല്‍  ഇതേ സ്ഥാനാര്‍ത്ഥിക്കെതിരേ നേടിയ 4,79,000 വോട്ടിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞ്  1,52,513 ആയി മാറിയത് മോദിപ്രഭാവം കുറയുന്നതിന്റെ ദൃഷ്ടാന്തമായി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലെങ്കിലും അദ്ദേഹം പിറകിലായിപ്പോയി എന്നതും ഓര്‍മിക്കേണ്ട ഒരു കാര്യമാണ്. അതേസമയം, മോദിയുടെ പരിഹാസശരങ്ങള്‍ ഏറ്റുവാങ്ങിയ രാഹുല്‍ഗാന്ധി മത്സരിച്ച റായ്ബറേലിയില്‍ നാലു ലക്ഷത്തിലേറെയും വയനാട്ടില്‍ മൂന്നര ലക്ഷത്തിലേറെയും വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്നതും മോദിക്കു തിരിച്ചടിയായി.
ഈ തിരഞ്ഞെടുപ്പില്‍ ദേശീയരാഷ്ട്രീയത്തിന്റെ നടുത്തളത്തില്‍ മിന്നുംതാരങ്ങളായത് മൂന്നുപേരാണ്. ഒരു ഘട്ടത്തില്‍ ഇല്ലാതായി എന്നുറപ്പിച്ച ഇന്ത്യാസഖ്യത്തെ ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്പിച്ച രാഹുല്‍ഗാന്ധി, അഖിലേഷ് യാദവ്, എം.കെ. സ്റ്റാലിന്‍ എന്നിവരാണ് യഥാര്‍ഥത്തില്‍ ഇന്ത്യാമുന്നണിയുടെ അപ്രതീക്ഷിത മുന്നേറ്റത്തിന്റെ യഥാര്‍ഥ അവകാശികള്‍. 50 സീറ്റുപോലും കടക്കില്ല എന്ന് നരേന്ദ്രമോദി തുടര്‍ച്ചയായി പരിഹസിച്ചിരുന്ന കോണ്‍ഗ്രസിനെ 99 സീറ്റ് നേടി വന്‍തിരിച്ചുവരവിന്റെ പാതയിലെത്തിക്കാന്‍ ഏറെ ദൂരങ്ങള്‍ നടന്നുതീര്‍ക്കേണ്ടിവന്ന രാഹുല്‍ഗാന്ധി എന്ന നേതാവിന് ഇത് അഭിമാനത്തിന്റെ നിമിഷം. മോദീ, താങ്കള്‍ നേടില്ല എന്ന്  ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത് കനലെരിഞ്ഞ വഴികള്‍ ഏറെ താണ്ടിയ കരുത്തില്‍ അദ്ദേഹം യാഥാര്‍ഥ്യമാക്കി. 
അഖിലേഷ് യാദവിന്റെ സുദര്‍ശനചക്രം യുപിയില്‍ ബിജെപിയെ അരിഞ്ഞുവീഴ്ത്തിയപ്പോള്‍ ഇന്ത്യാസഖ്യം നേടിയത് 43 സീറ്റുകള്‍. വരുംകാലപ്രധാനമന്ത്രി എന്നു വിശേഷിപ്പിക്കപ്പെടുന്ന യോഗി ആദിത്യനാഥിന്റെ മണ്ണില്‍ എന്‍ഡിഎ നേടിയതാവട്ടെ 36 സീറ്റുകള്‍മാത്രം. ഇതാണ് ഹിന്ദിഹൃദയഭൂമിയില്‍ ബിജെപിയുടെ നട്ടെല്ലൊടിച്ചത്. ബിഎസ്പി ചിത്രത്തില്‍നിന്നു മാഞ്ഞതോടെ യുപിയിലെ വിധി നിര്‍ണയിക്കുന്ന ദളിത് വോട്ടുകള്‍ ബിജെപിയിലേക്കു ചോരാതെ സമാജ്‌വാദിപാര്‍ട്ടിയിലേക്കു സമാഹരിക്കാന്‍ സാധിച്ചുവെന്നത് അഖിലേഷിന്റെ വിജയമായി. ഈ യുവ യാദവനേതാവ് വരുംകാല ദേശീയരാഷ്ട്രീയത്തിലെ സുപ്രധാനകണ്ണിയാകുമെന്ന് ഉറപ്പ്.
തമിഴ്‌നാട്ടില്‍ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്ന തേരോട്ടത്തില്‍ ബിജെപി മുമ്പു കാണാത്തവിധം നിഷ്‌കാസനം ചെയ്യപ്പെടുകയാണുണ്ടായത്. മരുന്നിനുപോലുമില്ലാത്ത വിധം തമിഴ്‌നാട്ടില്‍നിന്ന് ബിജെപിയെ തൂത്തെറിഞ്ഞ സ്റ്റാലിന്‍ ജനക്ഷേമനടപടികള്‍ക്കും രാഷ്ട്രീയതന്ത്രങ്ങള്‍ക്കും വിദഗ്ധനായതിനാല്‍ ദേശീയരാഷ്ട്രീയത്തിന് ഒരു വാഗ്ദാനമാണ്. അഖിലേഷിനും സ്റ്റാലിനും രാഷ്ട്രീയപാരമ്പര്യത്തിന്റെ പരിചയമേറെയുണ്ട് എന്നതും ശ്രദ്ധേയം.
വംഗദേശത്ത് മമതാ ബാനര്‍ജി എന്ന പെണ്‍പുലിക്കരുത്തില്‍ ബിജെപിക്ക് അടിതെറ്റിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വാരിക്കൂട്ടിയത് നിര്‍ണായകമായ 30 സീറ്റുകള്‍! മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയ രാഷ്ട്രീയധര്‍മം മറന്ന ഉപജാപങ്ങള്‍ അവര്‍ക്കു തിരിച്ചടിയായി മാറി. എന്‍ഡിഎ നേടിയ 17 സീറ്റുകള്‍ക്കു മുകളില്‍ 30 സീറ്റുകള്‍കൊണ്ടാണ് ഇന്ത്യാസഖ്യം മറുപടി പറഞ്ഞത്. 
അമിത ആത്മവിശ്വാസം ബിജെപിക്കു വിനയായെങ്കില്‍ ഉറച്ച ആത്മവിശ്വാസം ഇന്ത്യാസഖ്യത്തിനു ജീവശ്വാസമായി. കര്‍ഷകസമരത്തിനെതിരേ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട അപലപനീയമായ നടപടികളും അമിതമായ ന്യൂനപക്ഷവര്‍ഗീയതയുമെല്ലാം ഉത്തരേന്ത്യയില്‍ ബിജെപിക്കു തിരിച്ചടിയായി. അയോധ്യയും രാമക്ഷേത്രവുമൊന്നും ജനങ്ങളെ സ്പര്‍ശിച്ചതേയില്ല. 
ശക്തമായ ഒരു പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ കരുത്ത് എന്നിരിക്കേ, ഏറെക്കാലത്തിനൊടുവില്‍ അത് സംജാതമായി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം.
ബിജെപിക്കും ഇന്ത്യാസഖ്യത്തിനും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, ജെഡിയു, ടി ഡി പി തുടങ്ങിയ കക്ഷികള്‍ക്കു പ്രാധാന്യമേറുകയാണ്. എവിടെയും ചാടുന്ന നിതീഷ് കുമാര്‍ നിലപാടെടുത്തിട്ടില്ല. മമതാ ബാനര്‍ജി അദ്ദേഹവുമായി ആശയവിനിമയം നടത്തിവരുന്നുണ്ട്. ഇന്ത്യാസഖ്യത്തിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്പിച്ചുകൊണ്ട് ചന്ദ്രബാബു നായിഡു (ടിഡിപി) ഇന്നത്തെ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനമാണ് അദ്ദേഹത്തിനുള്ള വാഗ്ദാനം എന്നറിയുന്നു. 
സഖ്യകക്ഷിഭരണം കോണ്‍ഗ്രസിനു പുത്തരിയല്ല. എന്നാല്‍, ബിജെപിക്ക് കേവലഭൂരിപക്ഷമില്ലാത്ത ഒരു മുന്നണിസര്‍ക്കാരിനെ നരേന്ദ്രമോദി നയിച്ചിട്ടില്ല എന്നത് ഒരു പ്രശ്‌നംതന്നെയാണ്. ഗുജറാത്തിലും ഡല്‍ഹിയിലും ആധിപത്യത്തിന്റെ ആള്‍രൂപമായിരുന്ന മോദി തനിക്കു സര്‍വാധിപത്യം ഇല്ലാത്തിടത്ത് എത്രനാള്‍ ചന്ദ്രബാബു നായിഡുവിന്റെയും നിതീഷ് കുമാറിന്റെയും കനിവില്‍ ഭരണം നടത്തുമെന്നു കണ്ടറിയണം. ഒരുപക്ഷേ, രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്തവിധം രാഷ്ട്രീയക്കളികള്‍ക്കും പിളര്‍പ്പുകള്‍ക്കും നാം സാക്ഷ്യംവഹിക്കേണ്ടിവന്നേക്കാം. ഇനിയും ഭരിക്കുന്നത് മോദിയാവാം, എന്നിരുന്നാലും പ്രതിപക്ഷംകൂടി ചേരുന്നതാണ് ജനാധിപത്യമെന്ന ഒരു ബോധ്യം അദ്ദേഹത്തിന് ഉണ്ടാവേണ്ടതാണ്. 
കേരളത്തില്‍ ഭരണവിരുദ്ധവികാരത്തിന്റെ വേലിയേറ്റം കണ്ട സിപിഎം സ്വയം തിരുത്തുകയും അധികാരത്തിന്റെ അപ്രമാദിത്വം നുകരുന്ന മുഖ്യമന്ത്രിയെ തിരുത്താന്‍ തയ്യാറാവുകയും വേണം.
ത്രികോണപ്പോരില്‍ തൃശൂരിന്റെ തിടമ്പേറ്റിയ സുരേഷ് ഗോപി 75 വര്‍ഷങ്ങള്‍ക്കിപ്പുറം കേരളരാഷ്ട്രീയത്തിന്റെ ലോകസഭാതിരഞ്ഞെടുപ്പുമുന്നണി ചിത്രം യുഡിഎഫ് - എല്‍ഡിഎഫ് - ബിജെപി എന്നിങ്ങനെ മൂന്നായി വിഭജിച്ചു. തിരുവനന്തപുരത്തും ആറ്റിങ്ങലിലും ഒപ്പത്തിനൊപ്പം പൊരുതിത്തോല്‍ക്കുകയായിരുന്ന ബിജെപിയുടെ കേരളത്തിലെ അപ്രതീക്ഷിതമുന്നേറ്റം ഇരുമുന്നണികളുടെയും വീഴ്ചയുടെ ഫലമാണ് എന്നു പറയാതെ വയ്യ. കഴിഞ്ഞതവണത്തെ തന്റെ 28 ശതമാനം വോട്ടുവിഹിതം ഇത്തവണ 39 ശതമാനമാക്കി ഉയര്‍ത്തിയ സുരേഷ് ഗോപി വിജയശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ആദ്യമേ ലൂര്‍ദു മാതാവിനു നന്ദി പറഞ്ഞത് ഇടതുപക്ഷം നടത്തിയ വ്യക്തിഹത്യയ്ക്കുള്ള കൃത്യമായ മറുപടിയായിരുന്നു. തൃശൂരില്‍ തങ്ങളുടെ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായി എന്നത് കോണ്‍ഗ്രസിനെ ചിന്തിപ്പിക്കേണ്ടതുണ്ട്. എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി ഒറ്റയ്ക്കാണു പ്രചാരണത്തിനു നേതൃത്വം നല്‍കിയത് എന്നതുകൊണ്ടുതന്നെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം വിലയിരുത്തല്‍ നടത്തേണ്ടതല്ലേ എന്ന് അദ്ദേഹം ചിന്തിക്കണം. കണ്ണൂര്‍ ജില്ലയിലെ സിപിഎം പാര്‍ട്ടിഗ്രാമങ്ങളിലടക്കം കോണ്‍ഗ്രസ് നേടിയ മേല്‍ക്കോയ്മ സത്യത്തില്‍ അവരെ ഞെട്ടിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ സര്‍വാധിപതിയായി വാണരുളുന്ന പിണറായി വിജയന്റെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെടുന്ന ചര്‍ച്ചകള്‍ക്ക് ഇടതുപക്ഷത്തിന്റെ ഈ വന്‍പരാജയം വഴിതുറന്നേക്കാം. കേരളത്തില്‍ ബിജെപിക്കു തുല്യമായി ഒരു സീറ്റുമായി നിലനില്‍ക്കുക എന്നത് എന്തൊക്കെ ന്യായീകരണങ്ങള്‍ ഉന്നയിച്ചാലും എല്‍ഡിഎഫിന് അപമാനം തന്നെയാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)