''നയാ പൈസയില്ല
കൈയിലൊരു
നയാപൈസയില്ല
നഞ്ചുവാങ്ങി തിന്നാന്‍പോലും
നയാപൈസയില്ല''
ആദ്യമലയാള ഹാസ്യസിനിമയായ 'നീലിസാലി'ക്കുവേണ്ടി പി. ഭാസ്‌കരന്‍ എഴുതി, കെ. രാഘവന്‍ ഈണം പകര്‍ന്ന്, മെഹ്ബൂബ് പാടി അനശ്വരമാക്കിയ ഗാനം. ഇല്ലായ്മയും വല്ലായ്മയും കുത്തിയൊലിച്ചെത്തിയ ഈ കൊറോണക്കാലത്തിനു തികച്ചും ചേര്‍ന്ന ഗാനം.
എന്നാല്‍, ഈ ഗാനം ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ മറ്റൊരു സുന്ദരമുഖമാവും പൊതുവില്‍ തെളിയുക. ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ മുഖം. നന്നായി ചിരിക്കുന്ന ആളായിരുന്നു അദ്ദേഹം. ചിരിച്ചുകൊണ്ടു മാത്രം സംസാരിക്കുന്ന അപൂര്‍വ്വം കമ്യൂണിസ്റ്റുകാരില്‍ ഒരാള്‍. ധനമന്ത്രിയാക്കാന്‍ സാമ്പത്തികശാസ്ത്രത്തിലുള്ള വൈദഗ്ധ്യത്തെക്കാള്‍ ഡോ. തോമസ് ഐസക്കില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കണെ്ടത്തിയ വലിയ പ്ലസ് പോയ്ന്റ് ഈ 'സുസ്‌മേരവദനത' ആയിരിക്കാം. പക്ഷേ, തോമസ് ഐസക്കിന്റെ ട്രേഡ്മാര്‍ക്കായ ആ ചിരി മാഞ്ഞിട്ട് ഏതാനും മാസങ്ങളായി. സുസ്‌മേരവദനനായിരുന്ന തോമസ് ഐസക്ക് മ്ലാനവദനനായി. വരുമാനമാര്‍ഗ്ഗങ്ങളെല്ലാം അടഞ്ഞു. ചെലവാണെങ്കിലോ കുമിഞ്ഞുകൂടി. കോവിഡ് പ്രതിരോധനടപടികള്‍, ചികിത്സ, സൗജന്യഭക്ഷണക്കിറ്റ്, പലവിധ ക്ഷേമപെന്‍ഷനുകള്‍ തുടങ്ങി ചെലവുകളുടെ പെരുമഴക്കാലം. ഖജനാവിലാണെങ്കിലോ ഒരു വകയുമില്ല. പിന്നെങ്ങനെ ഐസക്കിനു ചിരിക്കു വകയുണ്ടാകും? മുഖ്യന്‍ കഴിഞ്ഞാല്‍ മന്ത്രിസഭയിലെ രണ്ടാമന്‍ ധനമന്ത്രിയാണെന്നാണു വയ്പ്. ആഭ്യന്തരവും മുഖ്യന്‍ കൈയാളുന്ന സാഹചര്യത്തില്‍, ഗ്ലാമര്‍ പോസ്റ്റാണ്. കാശു തരേണ്ടയാള്‍ എന്ന നിലയില്‍ മന്ത്രിസഭയിലെ മറ്റെല്ലാ അംഗങ്ങളും സ്‌പെഷല്‍ ബഹുമാനത്തോടെ നോക്കിക്കാണുന്ന അംഗം. എന്നാല്‍, ഈ വറുതിക്കാലത്തു ധനമന്ത്രിയുടെ യഥാര്‍ത്ഥ സ്റ്റാര്‍വാല്യൂ ഐസക് തിരിച്ചറിയുന്നു. ചെലവുകള്‍ക്കുള്ള വക കണെ്ടത്താന്‍ ഉത്തരവാദപ്പെട്ട ഒരേയൊരാള്‍ എന്നതാണത്. അതുകൊണ്ടുതന്നെ മുഖ്യന്‍ അടക്കം മറ്റെല്ലാ അംഗങ്ങളും ഹാപ്പിയാണ്. കൊറോണയെക്കാള്‍ വലിയവനെ കണ്ടിരിക്കുന്നു എന്ന ഭാവം. മുല്ലപ്പെരിയാര്‍ പ്രക്ഷോഭം കത്തിനിന്ന നാളുകളില്‍ ജലവിഭവമന്ത്രിയായിരുന്ന പി.ജെ. ജോസഫ് പ്രതികരിച്ചപോലെ (ഡാം തകരുമെന്ന ഭീതിമൂലം എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല) ഐസക്ക് പ്രതികരിക്കുന്നില്ല എന്നു മാത്രം. എങ്കിലും, സ്ഥിതി സമാനം തന്നെ. 'ഈ സ്ഥിതിയും കടന്നുപോം, വന്ന പോലൊരിക്കല്‍' എന്നു കവി ചൊല്ലിയത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുന്നു. ഖജനാവിലേക്കു പണമൊഴുക്കു പുനരാരംഭിച്ചുകഴിഞ്ഞു. ഒഴുക്കു നാള്‍ക്കുനാള്‍ ശക്തിപ്പെടുന്നു എന്നുമാണു റിപ്പോര്‍ട്ട്. മൂന്നു മാസംമുമ്പ് എവിടെയോ മറഞ്ഞ ഐസക്കിന്റെ സ്വതഃസിദ്ധമായ ചിരി മടങ്ങിവരാന്‍ വക കാണുന്നു. അതില്‍ ജി.എസ്.ടി., ഐ.ജി.എസ്.ടി., ഇന്ധനനികുതി, രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, ബെവ്‌കോ എന്നിവയാണ് സംസ്ഥാനസര്‍ക്കാരിന്റെ മുഖ്യവരുമാനസ്രോതസ്സുകള്‍. ഏപ്രിലില്‍ സമ്പൂര്‍ണലോക്ഡൗണ്‍ ആയിരുന്നതിനാല്‍ ഈ വകയിലുള്ള വരുമാനമത്രയും നാമമാത്രമായിരുന്നു. ഇന്ധനികുതിയായി മാസം ശരാശരി 600 കോടി രൂപയാണ് ഖജനാവിലേക്ക് എത്തിക്കൊണ്ടിരുന്നത്. ഏപ്രിലില്‍ ആ ഇനത്തിലെ വരവ് 26 കോടി! രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി വകയില്‍ കിട്ടിയതാകട്ടെ 12 കോടിയും. കഴിഞ്ഞ മാസം കാര്യങ്ങള്‍ നന്നായി മെച്ചപ്പെട്ടു എന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ധനനികുതിയായി 150 കോടിയും രജിസ്‌ട്രേഷന്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി വകയില്‍ 144 കോടിയും, ഈ മേയില്‍ ഖജനാവിലെത്തിയത്രേ. ഇതിനൊക്കെ പുറമേ, ജി.എസ്.ടി., നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാരിന്റെ വക 2048 കോടിയും, ജൂണ്‍ അഞ്ചാം തീയതി ഖജനാവിലെത്തി. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മൂന്നു മാസത്തെ കുടിശ്ശികയാണത്. പ്രതിമാസം 2800 കോടി രൂപ ജി.എസ്.ടി., ഐ.ജി.എസ്.ടി. ഇനത്തില്‍ സംസ്ഥാനസര്‍ക്കാരിനു പിരിഞ്ഞുകിട്ടിയില്ലെങ്കില്‍ ആ കുറവു കേന്ദ്രം നികത്തും എന്നാണു വ്യവസ്ഥ. ഇതിനെല്ലാം പുറമെ ഒരായിരം കോടി രൂപ റിസര്‍വ്വ് ബാങ്ക് മുഖേന വായ്പയായി സ്വരൂപിക്കുന്നുമുണ്ട്. വരുമാനവാര്‍ത്തകള്‍ ശുഭോദര്‍ക്കം തന്നെ. ഇതിന്റെയെല്ലാം അര്‍ത്ഥം വലിയ അല്ലലില്ലാതെ കാര്യങ്ങള്‍ അവശ്യം നടക്കാനുള്ള സാഹചര്യം ഉരുത്തിരിയുന്നു എന്നാണ്. കൊറോണയുടെ ആശങ്ക ഒഴിയുന്നില്ലെങ്കിലും സാമ്പത്തികഞെരുക്കംമൂലമുള്ള സര്‍ക്കാരിന്റെ ആശങ്കയ്ക്കു തെല്ലൊരു കുറവുണ്ടാകുന്നു എന്നതു വലിയൊരു ആശ്വാസവാര്‍ത്തയാണ്. ഖജനാവു പോകപ്പോകെ നിറയുമ്പോള്‍, അതിന്റെ സൂക്ഷിപ്പുകാരനായ ഡോ. തോമസ് ഐസക്കിന്റെ മുഖത്തു പുഞ്ചിരി വിടരുക തന്നെ ചെയ്യും.