•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മനുഷ്യക്കൂട്ടങ്ങള്‍ക്കു നടുവില്‍

ച്ചിനെപ്പോലെ സ്വയം ഉള്‍വലിഞ്ഞ് അന്തര്‍മുഖികളായിക്കൊണ്ട്, ഏകാന്തധ്യാനങ്ങളിലൂടെ ആത്മനിര്‍വൃതിയും ആനന്ദവും കണ്ടെത്താം എന്നൊക്കെ പഠിപ്പിക്കുന്ന ചില തത്ത്വചിന്തകരുണ്ട്. ആള്‍ക്കൂട്ടങ്ങളില്‍നിന്നൊക്കെ വിട്ടുമാറി ഏകാന്തതയുടെ മുഹൂര്‍ത്തങ്ങള്‍ തേടുന്നതും, ആത്മശോധന നടത്തുന്നതുമൊക്കെ ഇടയ്ക്കു വേണമെന്ന് മനഃശാസ്ത്രജ്ഞന്മാരും ഉദ്‌ബോധിപ്പിക്കാറുണ്ട്. എന്നാല്‍, ജീവിതത്തിന്റെ സിംഹഭാഗവും പൊതുജനമധ്യത്തില്‍ നിന്നുകൊണ്ട്, ഔത്സുക്യത്തോടെ, തെല്ലൊരു ആവേശത്തോടെ മനുഷ്യരിലേക്കിറങ്ങിച്ചെല്ലുന്ന, അവര്‍ക്കായി സമയം ചെലവഴിക്കുന്നവരെപ്പറ്റി നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ചില മനുഷ്യരിങ്ങനെയാണ്. പൊതുജനമധ്യത്തിലേ അവര്‍ക്ക് അസ്തിത്വമുള്ളൂ. എവിടെയെങ്കിലും അല്പം ഇടവേള കിട്ടിയാല്‍  ഉടന്‍ മൊബൈല്‍ എടുക്കുകയായി, ആശുപത്രിയില്‍ കിടക്കുന്ന  രോഗിയുടെ വിവരമറിയാന്‍.

ഒരു ആധ്യാത്മികഗുരു ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു: ''ഞാന്‍ മറ്റുള്ളവര്‍ക്ക് ആകര്‍ഷണീനാവുന്നുണ്ടെങ്കില്‍ അതെന്റെ സൗന്ദര്യംകൊണ്ടൊന്നുമല്ല. എന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കാന്‍ ബോധപൂര്‍വം ഞാന്‍ ശ്രമിക്കാറുമില്ല. പക്ഷേ, ഒരു കാര്യം, ഞാന്‍ അവരുടെ ദൈനംദിനപ്രശ്‌നങ്ങളില്‍ ശ്രദ്ധയുള്ളവനാണ്; അവരുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവനാണ്. അവരുടെ ദുഃഖങ്ങള്‍ കേള്‍ക്കുകയും അറിയുകയും അവരെ സമാശ്വസിപ്പിക്കുകയും  ചെയ്യുന്നവനാണ്. എനിക്ക് അതിനു യാതൊരു മടുപ്പുമില്ല.. ഞാന്‍ നിരന്തരം അവരോടു സംസാരിക്കുന്നു. അവര്‍ പറയുന്ന കാര്യങ്ങള്‍ ഒട്ടും ശ്രദ്ധ വ്യതിചലിപ്പിക്കാതെ കേള്‍ക്കും, സാന്ത്വനമേകും. ഞാന്‍ അവരെക്കുറിച്ചു ചിന്തിക്കുന്നു. എന്റെ ചിന്തകള്‍ കുറച്ചുമാത്രം അവരുമായി പങ്കുവയ്ക്കുന്നു. എന്റെ മഹത്ത്വത്തിനായി ഞാന്‍ ഒന്നും അവരോടു പറയുന്നില്ല. ആരെങ്കിലും എന്നോട് ഏകാകിയായി ഏതെങ്കിലും സ്ഥലത്തുപോയി  ഒറ്റയ്ക്കു പാര്‍ക്കാന്‍ ആജ്ഞാപിച്ചാല്‍  ഞാന്‍ ഒരുപക്ഷേ, ശ്വാസംമുട്ടി മരിച്ചേക്കാം. എന്റെ  ഊര്‍ജവും പ്രചോദനവുമൊക്കെ  എന്റെ ചുറ്റിലുമുള്ള ജനങ്ങളാണ്.  ഓരോനിമിഷവും അളവില്ലാത്ത ഉന്മേഷവും പ്രേരണയുമാണ് എനിക്കീ അന്തരീക്ഷത്തില്‍നിന്നു ലഭിക്കുക.''
ആള്‍ക്കൂട്ടത്തിനു നടുവിലൂടെ നടക്കാന്‍ വെമ്പുന്നവര്‍ ധാരാളമായി നമ്മുടെ സമൂഹത്തിലുണ്ട്. ഒരുപക്ഷേ, ജീവിതാസ്വാദനത്തിന്റെ ചലിക്കുന്ന അധ്യായങ്ങളായി, ആള്‍സാക്ഷ്യങ്ങളായി  നടക്കുന്നവരാണവര്‍. മനുഷ്യന്റെ ജീവിതത്തിലെ ആനന്ദം  അവന്റെ ഉള്ളത്തില്‍നിന്നുമാത്രം പ്രവഹിക്കുന്ന ഏതോ വസ്തുവല്ല. നിങ്ങളുടെ സന്തോഷങ്ങള്‍ നിങ്ങള്‍ക്കു നല്‍കുന്നത് ഈ ജനസമ്പര്‍ക്കമാണ്. നിങ്ങള്‍ക്കു ചുറ്റിലുമുള്ളവരാണ് നിങ്ങളുടെ ജീവിതാനന്ദത്തിന്റെ ശില്പികള്‍. അവരാരും നിങ്ങളുടെ ജീവിതത്തിലേക്കു കടന്നുവന്നിരുന്നില്ലെങ്കില്‍ ശരിയായ അര്‍ഥത്തില്‍ ഒരു  പൂര്‍ണജീവിതം സാധ്യമാകുമായിരുന്നില്ല. ഹാപ്പിനെസ് എന്നുള്ളത് മനസ്സിന്റെ അന്തരാളങ്ങളില്‍  എവിടെയോ നടക്കുന്ന ഏകാന്തനാടകമാണെന്നു ധരിച്ചുവച്ചിരിക്കുന്നവര്‍ മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു. ഇപ്പറഞ്ഞതില്‍നിന്ന് ഏകാന്തധ്യാനം ഒരിക്കലും വേണ്ട, ആന്തരികോര്‍ജം നാം വര്‍ധിപ്പിക്കേണ്ടതില്ല എന്നൊന്നുമല്ല വിവക്ഷ. ചോദ്യമിതാണ്: നമ്മുടെ ജീവിതത്തില്‍ ഏറിയപങ്കും നാം അടച്ചിട്ട മുറികള്‍ക്കുള്ളിലാണോ അതോ പൊതുജനമധ്യത്തിലാണോ എന്നുള്ളതാണ്. ഒരു സമൂഹജീവിയായ മനുഷ്യന് ഒറ്റയാനായി ജീവിക്കുക ദുഷ്‌കരമാണ്. അവന്റെ വൈകാരികമായ ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മറ്റുള്ളവരുമായുള്ള സമ്മേളനവും സംയോജനയും കൂട്ടായ്മയും.
പഴയകാലങ്ങളില്‍ വലിയ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നവരാണ് ഭാരതീയര്‍. എന്നാല്‍, ആധുനികയുഗത്തില്‍ പുതിയ മാധ്യമങ്ങള്‍ക്കും ജീവിതസൗകര്യങ്ങള്‍ക്കുമിടയില്‍ എത്തിപ്പെട്ട നാം കൂടുതല്‍ കൂടുതല്‍ സ്വന്തം മാളങ്ങളില്‍ ഒളിക്കുന്നവരായി മാറിക്കൊണ്ടിരിക്കുന്നു. കുടുംബക്കൂട്ടായ്മകളിലൊക്കെ ഒരു ചടങ്ങിലെന്നപോലെ എത്തിനോക്കി കടന്നുപോകുന്നവരുമായി. അല്പം സംവദിക്കാന്‍ ഇപ്പോള്‍ വല്ല വിവാഹച്ചടങ്ങുകളിലോ മറ്റോ സാധിച്ചെങ്കിലായി. അയല്‍ക്കാരുടെയോ നാട്ടുകാരുടെയോ സുഖദുഃഖങ്ങള്‍ അന്വേഷിക്കാന്‍ ആര്‍ക്കുനേരം?
മനുഷ്യരുമായി സദാ ഇടപെടുന്നവരുടെ  മുഖത്ത് നമുക്ക് ആഹ്ലാദത്തിന്റെ പൊന്‍വെളിച്ചം കാണാം. ഉന്മേഷഭരിതരായിരിക്കും അവര്‍. ഇത് സാധ്യമാവുക മറ്റുള്ളവരുടെ സാമീപ്യത്തില്‍മാത്രമാണ്. മനഃശാസ്ത്രജ്ഞമാര്‍ നമ്മെ ഓര്‍മിപ്പിക്കുന്നതും ഇതേ മാജിക്കുതന്നെ. മറ്റെന്തെല്ലാം ഘടകങ്ങള്‍ ഒത്തുചേര്‍ന്നാലും സാമൂഹികമായ ഇടപെടലുകള്‍ സാധ്യമല്ലാത്തവര്‍ക്കു മൗനികളായി ഇരിക്കാനേ  യോഗമുള്ളൂ. നമുക്കു ചുറ്റിലുമുള്ളവരെ ശ്രദ്ധിക്കുക. മറ്റുള്ളവരുമായി സദാ ഇടപെടുന്നവരില്‍ ഒരു അതുല്യമായ ഊര്‍ജം സ്ഫുരിച്ചുനില്‍ക്കുന്നതു കാണാം. സമൂഹത്തിനായി സേവനങ്ങള്‍ ചെയ്യുന്നവരുടെ മുഖത്തു സന്തോഷവരപ്രസാദം തൊടുകുറിപോലെ തിളങ്ങിനില്‍ക്കുന്നുണ്ടാവും. മനഃശാസ്ത്രജ്ഞമാര്‍ മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം കൂടി വെളിപ്പെടുത്തുന്നുണ്ട്: സാമൂഹികബന്ധങ്ങളും ഇടപെടലുകളും നിരന്തരമായി ഉപേക്ഷിക്കുന്ന വ്യക്തികള്‍ അപകടകരമായ ഒരു രോഗാവസ്ഥയിലേക്കാണു നീങ്ങിക്കൊണ്ടിരിക്കുന്നത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)