ചാരം മൂടിയ തീക്കനല്‍ കാട്ടുതീയായി കത്തിപ്പടരുന്ന അപ്രതീക്ഷിത്വത്തിനാണ് ഇന്ത്യ ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്നത്. നിശ്ശബ്ദനാക്കാനായി മോദിഭരണകൂടം ജയിലിന്റെ ഇരുളിലേക്ക് എറിഞ്ഞ അരവിന്ദ് കെജ്‌രിവാള്‍ ദേശീയ നായകനെന്നവണ്ണം ഉയര്‍ന്നു വിലസിക്കൊണ്ടാണ് ഇടക്കാലജാമ്യത്തിലൂടെ ജയിലഴികള്‍ക്കു പുറത്തേക്ക് എത്തുന്നത്. നാലാം ഘട്ടവോട്ടെടുപ്പിലെ തിരഞ്ഞെടുപ്പുതാരം അരവിന്ദ് കേജ്‌രിവാള്‍തന്നെ എന്നതു നിസ്തര്‍ക്കമാണ്. ആം ആദ്മി പാര്‍ട്ടിക്ക് ഇത് വന്‍ ഉണര്‍വായെങ്കില്‍, ആടിയുലഞ്ഞിരുന്ന ഇന്ത്യാമുന്നണിക്ക് ഒരു ലക്ഷ്യവും മുന്നോട്ടുവയ്ക്കാന്‍ ഒരു ഗ്യാരന്റിയും ഉണ്ടായി. കേജ്‌രിവാളിനെ മുന്നില്‍നിര്‍ത്തി പ്രചാരണയുദ്ധം നടത്തുക എന്ന തന്ത്രത്തിലേക്കു മുന്നണി ചുവടുമാറ്റം നടത്തി. ഡല്‍ഹി, പഞ്ചാബ്, ഹരിയാന തുടങ്ങിയ മേഖലകളില്‍മാത്രം ഒതുങ്ങേണ്ടിയിരുന്ന അദ്ദേഹം സംസാരഭാഷകൊണ്ടും ശരീരഭാഷകൊണ്ടും ഒരു ദേശീയനേതാവായി സ്വയം അവരോധിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇങ്ങനെ ഒരു അറസ്റ്റും ജയില്‍വാസവും ഉണ്ടായിരുന്നില്ലെങ്കില്‍ ഇത്രത്തോളം തിരഞ്ഞെടുപ്പുപ്രചാരണങ്ങളില്‍ അദ്ദേഹം പങ്കെടുക്കുമായിരുന്നില്ല. ഒരുപക്ഷേ, രാഹുല്‍ ഗാന്ധിയെപ്പോലും നിഷ്പ്രഭനാക്കി ഇന്ത്യാമുന്നണിയുടെ കപ്പിത്താനായി മാറുകയും ചെയ്യുന്നു.
ഇന്ത്യാമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മോദി ഗ്യാരന്റിക്കു ബദലായി പത്തു കേജ്‌രിവാള്‍ ഗ്യാരന്റികള്‍ ഇടക്കാലജാമ്യത്തില്‍ പുറത്തിറങ്ങിയ ദിവസംതന്നെ പ്രഖ്യാപിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് വര്‍ത്തമാനകാലരാഷ്ട്രീയത്തിലെ തന്റെ പ്രസക്തി വ്യക്തമായി മനസ്സിലാക്കിയതുകൊണ്ടുതന്നെയാണ്. മുന്നണിയില്‍ ആലോചിച്ചില്ല എന്ന് അദ്ദേഹം പരസ്യമായി പറഞ്ഞപ്പോഴും നീരസത്തിന്റെ ഒരു ചെറുകണികപോലും പ്രകടിപ്പിക്കാതെ അതു ശിരസ്സാവഹിക്കാന്‍മാത്രമേ മുന്നണിനേതാക്കള്‍ക്കു കഴിഞ്ഞുള്ളൂ. അത്രത്തോളം ശക്തനും മുന്നണിയുടെ പ്രചാരണമുഖവുമായി മാറിക്കഴിഞ്ഞിരുന്ന കേജ്‌രിവാള്‍ മോദിക്കു ബദല്‍ താന്‍തന്നെയെന്നു പറയാതെപറയുകയാണു ചെയ്തത്.
ഇന്ത്യാമുന്നണി ഭരണത്തിലേറുമ്പോള്‍ താനും ഒപ്പം ഉണ്ടാവുമെന്ന ഉറപ്പിനൊപ്പം അദ്ദേഹം നല്‍കുന്ന ഗ്യാരന്റികളില്‍ സൗജന്യനിരക്കിലുള്ള വൈദ്യുതി, ഉയര്‍ന്ന നിലവാരത്തിലുള്ള സ്‌കൂള്‍വിദ്യാഭ്യാസം, സൗജന്യ കുടിവെള്ളം, സൗജന്യനിരക്കില്‍ മികച്ച ചികിത്സ തുടങ്ങി ഒരു സാധാരണക്കാരനു വേണ്ടതെല്ലാം ഉറപ്പുനല്‍കുന്നു. ഡല്‍ഹിയിലും പഞ്ചാബിലും അതു തെളിയിച്ച വ്യക്തിയാണ് ഇതു പറയുന്നത് എന്നതുകൊണ്ടുതന്നെ ഒരു ദേശീയനേതാവിന്റെ സ്വരത്തില്‍ അദ്ദേഹം പറയുന്നത് ജനങ്ങള്‍ അവിശ്വസിക്കാന്‍ ഇടയില്ല. വൈദ്യുതി - വിദ്യാഭ്യാസമേഖലകള്‍ക്കായി പത്തുലക്ഷം കോടി രൂപ സമാഹരിക്കേണ്ടിവരും എന്നുകൂടി അദ്ദേഹം വ്യക്തമാക്കിയതും ദേശീയവീക്ഷണത്തില്‍ തന്നെയാണ്.
കേജ്രിവാളിനെ തടവറയില്‍ പൂട്ടാന്‍ ബിജെപി കാണിച്ച തിടുക്കം അവരുടെ തന്ത്രപരമായ പരാജയമായി മാറി. 'വിനാശകാലേ വിപരീതബുദ്ധി' എന്ന അവസ്ഥയിലാണ് കെജ്‌രിവാള്‍പ്രശ്‌നത്തില്‍ ബിജെപിയുടെ അവസ്ഥ എന്ന് അവരുടെ ആത്മവിശ്വാസമുടഞ്ഞ നേതാക്കളുടെ സംസാരഭാഷ വ്യക്തമാക്കുന്നു. ഭരണത്തിലിരുന്ന കേജ്‌രിവാളിനെക്കാള്‍ ശക്തനായി മാറി, ജയില്‍ വിട്ടിറങ്ങിയ കേജ്‌രിവാള്‍. ജയില്‍വാസക്കാലം രാഷ്ട്രീയ തന്ത്രങ്ങള്‍ ചെത്തിക്കൂര്‍പ്പിക്കാന്‍ അദ്ദേഹം വിനിയോഗിച്ചു എന്നു നിസ്സംശയം പറയാം. ആരെ, എങ്ങനെ അഭിസംബോധന ചെയ്യണമെന്ന വ്യക്തമായ ബോധ്യത്തിലാണ് അദ്ദേഹം നിലയുറപ്പിച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ദിനംതന്നെ അദ്ദേഹമുതിര്‍ത്ത ആരോപണങ്ങളുടെ അനുരണനങ്ങള്‍ ബിജെപിക്കുള്ളിലും, മോദി - യോഗി ആരാധകരിലും ആശയക്കുഴപ്പം ഉളവാക്കുമെന്നുറപ്പ്.
എഴുപത്തഞ്ചാം വയസ്സില്‍ ഔദ്യോഗികസ്ഥാനങ്ങളില്‍നിന്നു വിരമിക്കുക എന്ന പാര്‍ട്ടിനയം നരേന്ദ്രമോദിക്കും ബാധകമായതിനാല്‍ അമിത്ഷായെ പ്രധാനമന്ത്രിയാക്കാനാണ് മോദി വോട്ടു ചോദിക്കുന്നത് എന്നതായിരുന്നു ആദ്യനിറയൊഴിക്കല്‍. മുരളി മനോഹര്‍ ജോഷി, എ.ബി വാജ്‌പേയി, എല്‍.കെ. അദ്വാനി തുടങ്ങി ബിജെപിയെ ഭരണത്തിലേറ്റിയ എണ്ണം പറഞ്ഞ നേതാക്കളെ ഉപദേശകസമിതിയംഗം എന്ന സ്റ്റിക്കറൊട്ടിച്ചു വീട്ടിലിരുത്തിയ മോദി - അമിത്ഷാ ദ്വയത്തിനും അതു ബാധകമാകാതെ തരമില്ല. 2025 ല്‍ എഴുപത്തിയഞ്ചിന്റെ പടി കടക്കുന്ന മോദി സ്ഥാനമൊഴിഞ്ഞാല്‍ അതു കൈമാറുക അമിത്ഷായ്ക്കല്ലാതെ മറ്റാര്‍ക്കുമാവില്ല. ബിജെപിഭരണത്തില്‍ അത്ര തൃപ്തരൊന്നുമല്ലാത്ത ഒരു വിഭാഗം അനുഭാവികള്‍ പക്ഷേ, മോദി ബ്രാന്‍ഡിന്റെ ആരാധകരാണ്. അവരില്‍ ആശയക്കുഴപ്പം നിറയ്ക്കുക എന്നതാണ് കേജ്‌രിവാള്‍തന്ത്രം; ഒപ്പം, ബിജെപി അണികളിലും.
കേജ്‌രിവാളിന്റെ അടുത്ത ഉന്നം ഏറ്റവും കൂടുതല്‍ ലോകസഭാനിയോജകമണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശായിരുന്നു. യോഗി ആദിത്യനാഥിനെ യു.പി മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കം ചെയ്യാനുള്ള പദ്ധതികള്‍ നരേന്ദ്രമോദിയും അമിത്ഷായും ആസൂത്രണം ചെയ്യുന്നു എന്നതായിരുന്നു അത്. ഇവിടെ യോഗിയുടെ അനുയായികളായിരുന്നു കേജ്‌രിവാളിന്റെ ലക്ഷ്യം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകനായിരുന്ന യോഗി ആദിത്യനാഥ് ഇത്തവണ പഴയ തിരഞ്ഞെടുപ്പു വീര്യം പ്രകടിപ്പിച്ചില്ല എന്നു മാത്രമല്ല, പ്രചാരണരംഗത്തുനിന്നു വിട്ടുനില്‍ക്കുകയും ചെയ്തു എന്നത് മോദി - അമിത്ഷാ ദ്വയത്തോള്ള വിയോജിപ്പിന്റെ പ്രകടനമായി കണക്കാക്കപ്പെടുന്നുണ്ട്.
യുപിയില്‍ ബിജെപിയുടെ ശക്തിയെ ഇതെങ്ങനെ ബാധിക്കും എന്നറിയാന്‍ മറ്റു ചിലതുകൂടി മനസ്സിലാക്കണം. ഇരുപത്തിയാറാം വയസ്സില്‍ എം.പിയായ, ഖരക്പൂര്‍ നിയോജകമണ്ഡലത്തില്‍നിന്ന് അഞ്ചു തവണ വിജയിച്ച, യു.പിയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടുതവണ മുഖ്യമന്ത്രിപദം വഹിച്ച ആദ്യവ്യക്തിയായ യോഗി ആദിത്യനാഥ് എന്ന അമ്പത്തിരണ്ടുകാരന്‍ ഒരു ബിജെപി സംഘപരിവാര്‍ അനുയായി അല്ല എന്നുമാത്രമല്ല, സ്വന്തമായ ഒരു ഹൈന്ദവവാദത്തിനൊപ്പം നടക്കുന്ന വ്യക്തികൂടിയാണ്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ചശേഷവും 'ഹിന്ദു യുവവാഹിനി' എന്ന സംഘടന സ്ഥാപിച്ച അദ്ദേഹം പലതവണ ബിജെപിനേതൃത്വവുമായി ഉരസിയിട്ടുമുണ്ട്. അതേസമയം, കരുത്തനായ യോഗി വന്‍അനുയായിവൃന്ദമുള്ള നേതാവുകൂടിയാണ്. അവരെയാണ് കുറുക്കന്റെ കൗശലത്തോടെ കേജ്രിവാള്‍ ഉന്നംവച്ചത്. യോഗിയുടെ ഇത്തവണത്തെ തണുപ്പന്‍മട്ടാണ് കോണ്‍ഗ്രസിന്റെയും സമാജ്‌വാദി പാര്‍ട്ടിയുടെയും നേരിയ പ്രതീക്ഷ.
സത്യത്തില്‍, കേജ്‌രിവാളിന്റെ കാര്യത്തില്‍ ബിജെപിക്ക് എല്ലാ വശത്തുനിന്നും അടിപതറുകയായിരുന്നു. രാഷ്ട്രീയനേരിടലിനു കഴിയാതെ നേതാക്കളെ വേട്ടയാടി തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം അരക്കിട്ടുറപ്പിക്കാനിടയായി. മദ്യനയ അഴിമതി ആരോപണത്തില്‍ കേജ്രിവാള്‍ ജയിലില്‍ അടയ്ക്കപ്പെടുമ്പോള്‍, അതേ കേസില്‍ നാളുകള്‍ക്കുമുമ്പേ ജയിലിലടയ്ക്കപ്പെട്ട ആം ആദ്മി മന്ത്രി സഞ്ജയ് സിങ് ജയില്‍ മോചിതനായതും ഈ കേസിന്റെ അടിസ്ഥാനം സംബന്ധിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. ആരോപണമുന്നയിച്ച് രണ്ടു വര്‍ഷമായിട്ടും നിങ്ങള്‍ എന്തു ചെയ്തുവെന്നും, അഴിമതിയിലൂടെ നേടിയെന്നു പറയപ്പെടുന്ന പണം എവിടെ യെന്നും ഇ.ഡിയോടുള്ള കോടതിയുടെ ചോദ്യങ്ങളും, കേസ് അടിസ്ഥാനരഹിതമെന്ന് ഉറപ്പിച്ചു പറഞ്ഞുകൊണ്ട് കേജ്‌രിവാള്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാതിരുന്നതും ഉദ്ദേശിച്ചപോലെ അദ്ദേഹത്തിന്റെ ഹീറോ ഇമേജിന് ആക്കംകൂട്ടി. കേജ്‌രിവാളിനെ കാണാനെത്തുന്ന ആള്‍ക്കൂട്ടം വോട്ടായി മാറുമോ എന്നു കണ്ടറിയണം. എങ്കിലും, പാര്‍ട്ടി രൂപീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയുടെ ഭരണം പിടിച്ച, തിരഞ്ഞെടുപ്പുപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതാണെന്നു ബോധ്യപ്പെടുത്തിയ, പഞ്ചാബും കീഴടക്കിയ അരവിന്ദ് കേജ്‌രിവാള്‍തന്നെയാണ് ഇപ്പോള്‍ ബിജെപിയുടെയും മോദിയുടെയും പേടിസ്വപ്നം; ഒപ്പം, ഇന്ത്യാമുന്നണിയുടെ പ്രതീക്ഷയും.