•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

യുദ്ധവിരുദ്ധപ്രക്ഷോഭത്തിലുലഞ്ഞ് അമേരിക്കന്‍ കാമ്പസുകള്‍

ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരേ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ നയത്തിനുമെതിരേ അമേരിക്കയിലെ സര്‍വകലാശാലകളില്‍ പ്രതിഷേധം ആളിപ്പടരുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ അന്തര്‍ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടുകള്‍. കൊളംബിയ സര്‍വകലാശാലയില്‍ തുടങ്ങിയ പ്രതിഷേധം ഹാര്‍വാര്‍ഡും യേലും ഉള്‍പ്പെടെയുള്ള അമേരിക്കയിലെ പ്രശസ്തമായ സര്‍വകലാശാലകളിലേക്കു വ്യാപിച്ചിരിക്കുന്നു.  പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികളെ പോലീസ് കൂട്ടത്തോടെ അറസ്റ്റു ചെയ്യുകയാണ്. അമേരിക്കയിലെ കാമ്പസുകളില്‍  പടരുന്ന വിദ്യാര്‍ഥിപ്രക്ഷോഭം ഫ്രാന്‍സിലെയും ഓസ്ട്രേലിയയിലെയും കാനഡയിലെയും കാമ്പസുകളെയും പിടിച്ചുലയ്ക്കുന്നുണ്ട് .
വിദ്യാര്‍ഥിപ്രക്ഷോഭം ശക്തിപ്പെടുന്നു
പലസ്തീനിലെ ഗാസയില്‍  ഇസ്രായേല്‍ നടത്തുന്ന യുദ്ധത്തിനെതിരേ  അമേരിക്കയിലും വിവിധ യൂറോപ്യന്‍നാടുകളിലും വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭം അനുദിനം ശക്തിപ്പെടുകയാണ്. ഇസ്രയേല്‍ ഇരുനൂറിലേറെ ദിവസങ്ങളായി ഗാസയില്‍ തുടരുന്ന യുദ്ധം  അവസാനിപ്പിക്കുക, യുദ്ധത്തിന് അമേരിക്കയുടെ സഹായം പൂര്‍ണമായും പിന്‍വലിക്കുക, ആക്രമണത്തിനു സംഭാവന നല്‍കുന്ന കമ്പനികളില്‍നിന്നു സര്‍വകലാശാലകള്‍ നിക്ഷേപം പിന്‍വലിക്കുക, ഇസ്രയേല്‍ സര്‍വകലാശാലകളുമായുള്ള സാംസ്‌കാരികബന്ധങ്ങള്‍ വിച്ഛേദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ ആളിപ്പടരുന്നത്. പ്രക്ഷോഭങ്ങളെ അധികൃതര്‍ മൃഗീയമായി അടിച്ചൊതുക്കുന്നതിനാല്‍ മറ്റു സര്‍വകലാശാലകളിലേക്കും പ്രക്ഷോഭം  ആളിക്കത്തുകയും പടരുകയുമാണ്. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ തുടക്കംകുറിച്ച പ്രതിഷേധങ്ങള്‍ ഇതിനകം യൂറോപ്പിലേക്കും അറബ് രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിലേക്കും വ്യാപിച്ചിരിക്കുന്നു.
പ്രക്ഷോഭത്തിനു തുടക്കം
കൊളംബിയ സര്‍വകലാശാലയില്‍

ഏപ്രില്‍ 17 ന് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലാണ് സമരത്തിനു തുടക്കമിട്ടത്. അന്നേദിവസം പുലര്‍ച്ചെ നാലുമണിയോടെ കൊളംബിയ യൂണിവേഴ്‌സിറ്റി കാമ്പസിന്റെ തെക്കുഭാഗത്ത് വിദ്യാര്‍ഥികള്‍ ഗാസയിലെ അഭയാര്‍ഥിക്യാമ്പുകളെ അനുസ്മരിപ്പിക്കുംവിധം ടെന്റുകള്‍ സ്ഥാപിച്ചാണ് പ്രക്ഷോഭം  ആരംഭിച്ചത്. ഇസ്രയേലുമായി ബന്ധമുള്ള കമ്പനികളില്‍നിന്നു യൂണിവേഴ്‌സിറ്റി പിന്മാറണം എന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. എന്നാല്‍, അധികൃതര്‍ പ്രതിഷേധത്തെ നേരിട്ടത് ന്യൂയോര്‍ക്ക് പോലീസിനെ ഉപയോഗിച്ചായിരുന്നു. 108 വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു, ടെന്റുകള്‍ നശിപ്പിച്ചു. കൊളംബിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ പ്രശസ്തമായ ഹാമില്‍ട്ടണ്‍ ഹാള്‍ കൈയടക്കുകയും  'ഹിന്ദ്‌സ് ഹാള്‍' എന്നു പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. ഫെബ്രുവരിയില്‍ വടക്കന്‍ഗാസയില്‍ മരിച്ച ആറുവയസുകാരി ഹിന്ദ് റജബിന്റെ സ്മരണയ്ക്കാണ്  'ഹിന്ദ്‌സ് ഹാള്‍' എന്നു പേരിട്ടത്. എന്നാല്‍, സമരം തകര്‍ക്കാനുള്ള അധികൃതരുടെയും പോലീസിന്റെയും സകലപദ്ധതികള്‍ക്കും കനത്ത തിരിച്ചടിയായിരുന്നു ഫലം. പുതിയ ടെന്റുകള്‍ അതേ കാമ്പസില്‍ സ്ഥാപിക്കപ്പെട്ടു. ബ്രൗണ്‍, പ്രിന്‍സ്റ്റണ്‍, നോര്‍ത്ത് വെസ്റ്റേണ്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ തൊട്ടടുത്ത ദിവസങ്ങളില്‍  പ്രതിഷേധം നടത്തി. യേലിലെയും യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന ചാപ്പല്‍ഹില്ലിലെയും വിദ്യാര്‍ഥികളും അവ ഏറ്റെടുത്തു.
പ്രക്ഷോഭം പടരുന്നു
കൊളംബിയ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ടെക്‌സസ് യൂണിവേഴ്‌സിറ്റി, ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, കാലിഫോര്‍ണിയ സ്റ്റേറ്റ് പോളിടെക്നിക് യൂണിവേഴ്സിറ്റി, എമേഴ്‌സണ്‍ കോളജ്,  ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി, എമോറി യൂണിവേഴ്‌സിറ്റി, യേല്‍ യൂണിവേഴ്സിറ്റി, ഇന്ത്യാന യൂണിവേഴ്‌സിറ്റി, ബ്ലൂമിങ്ടണ്‍, മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഈസ്റ്റ് ലാന്‍സിങ് കാമ്പസ്, സിറ്റി കോളജ് ഓഫ് ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെല്ലാം കടുത്ത വിദ്യാര്‍ഥിപ്രതിഷേധമാണു നടക്കുന്നത്. പ്രതിഷേധക്കാരെ നീക്കാന്‍ കുരുമുളകുസ്‌പ്രേ അടക്കമാണ് പോലീസ് പ്രയോഗിക്കുന്നത്. പോലീസ് നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും ഇവയെല്ലാം അവഗണിച്ച് കൂടുതല്‍ വിദ്യാര്‍ഥികളാണ് സംഘടിതമായി കാമ്പസുകളിലെത്തുന്നത്. പല കാമ്പസുകളിലും സമരത്തെ പോലീസ്‌സഹായത്തോടെ അധികൃതര്‍ അടിച്ചമര്‍ത്തുന്നുണ്ടെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  അധ്യാപകരുടെ നേരേയും പലയിടത്തും പൊലീസ് ബലപ്രയോഗം നടത്തി. എമറി സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്രവിഭാഗം അധ്യാപിക കരോലിന്‍ ഫോളിന്‍ ക്രൂരമായി  ആക്രമിക്കപ്പെടുന്ന വീഡിയോ വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. താന്‍ ഒരു പ്രൊഫസറാണെന്ന് അവര്‍ പൊലീസിനോട് വിളിച്ചുപറയുന്നത് വിഡിയോയില്‍ കാണാം.
ചരിത്രം ആവര്‍ത്തിക്കുമോ?
1968 ല്‍ വിയറ്റ്നാം യുദ്ധത്തിനെതിരേയും വംശീയതയ്‌ക്കെതിരേയും വിദ്യാര്‍ഥികള്‍ നടത്തിയ സമരം ചരിത്രപ്രധാനമാണ്. അന്നും കൊളംബിയ  സര്‍വകലാശാലയിലാണ് വിദ്യാര്‍ഥിപ്രക്ഷോഭം ആരംഭിച്ചത്. ആയുധഗവേഷണം നടത്തുന്ന സ്ഥാപനവുമായുള്ള കൊളംബിയ സര്‍വകലാശാലയുടെ  ഇടപാടുകളാണ് വിദ്യാര്‍ഥികളെ സമരത്തിലേക്കു നയിച്ചതെങ്കില്‍ ആഫ്രിക്കന്‍വംശജരായ വിദ്യാര്‍ഥികളെ ചൊടിപ്പിച്ചത് കറുത്തവരോടു വിവേചനം കാണിക്കുന്ന ഒരു ജിംനേഷ്യം ഹാര്‍ലം പബ്ലിക് പാര്‍ക്കില്‍ തുടങ്ങാനുള്ള സര്‍വകലാശാല അധികൃതരുടെ തീരുമാനമായിരുന്നു. അമേരിക്കയിലെ ഹോവാര്‍ഡ് യൂണിവേഴ്സിറ്റി, നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റി, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, കെന്റ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഓഹ്യോ യൂണിവേഴ്സിറ്റി, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി, മിഷിഗണ്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്തമായ സര്‍വകലാശാലകളില്‍ വലിയ വിദ്യാര്‍ഥി പ്രക്ഷോഭമാണ് അന്നു നടന്നത്.
വിയറ്റ്നാംയുദ്ധം, ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനം തുടങ്ങിയവയ്‌ക്കെതിരേ ലോകമനഃസാക്ഷിയെ ഉണര്‍ത്തുന്നതിന് അന്നത്തെ പ്രക്ഷോഭം കാരണമായി. 1968 ഏപ്രിലില്‍ നടന്ന സമരത്തെത്തുടര്‍ന്ന് എഴുന്നൂറിലധികം  വിദ്യാര്‍ഥികള്‍  അറസ്റ്റു ചെയ്യപ്പെട്ടു. 148 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. വിയറ്റ്നാംയുദ്ധം തുടര്‍ന്നെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍  വിദ്യാര്‍ഥികള്‍ അന്ന് നേടിയെടുക്കുകതന്നെ ചെയ്തു. 1985 മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനഭരണകൂടവുമായുള്ള സര്‍വകലാശാലയുടെ വാണിജ്യബന്ധത്തില്‍ പ്രതിഷേധിച്ച് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പ്രകടനം നടത്തുകയും ക്ലാസുകള്‍ ബഹിഷ്‌കരിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ ആ സമരം വിജയിച്ചു. അന്നത്തെ സമരങ്ങളോട് ഒരുപാട് സാമ്യമുണ്ട് 2024 ലെ യുദ്ധവിരുദ്ധപ്രക്ഷോഭത്തിന്. പതിനായിരക്കണക്കിനു നിരപരാധികളുടെ മരണത്തിനും ലക്ഷക്കണക്കിന് അഭയാര്‍ഥികളുടെ യാതനകള്‍ക്കും ഇടയായ യുദ്ധത്തിനു വിദ്യാര്‍ഥിപ്രക്ഷോഭത്തോടെ പരിസമാപ്തി കുറിക്കുമെന്നു പ്രതീക്ഷിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)