•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മധുരഗാനങ്ങളുടെ മഴവില്‍പ്രഭ

മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരനും കവിയും ഗാനരചയിതാവുമായ പി.ഭാസ്‌കരന്റെ ജന്മശതാബ്ദി 

ലയാളികളുടെ ആധുനികവും ജനകീയവുമായ സ്വത്വത്തെ രൂപീകരിച്ച പ്രതിഭാശാലികളിലൊരാളായിരുന്നു പി.ഭാസ്‌കരന്‍. കേരളീയ സാമൂഹികജീവിതത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലും പ്രതിഫലിച്ച ഒരു പരിവര്‍ത്തനമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഘട്ടത്തിലുണ്ടായ പുതിയ മലയാളിത്തരൂപീകരണം. ഭാസ്‌കരന്‍ തന്റെ കവിതയും ഗാനങ്ങളും ചലച്ചിത്രങ്ങളുംകൊണ്ട് ആ രൂപീകരണത്തെ ആഴത്തില്‍ സ്വാധീനിച്ചു.

വിദ്യാഭ്യാസകാലത്ത് പുരോഗമനപ്രസ്ഥാനങ്ങളോടു ബന്ധപ്പെട്ടിരുന്ന ഭാസ്‌കരന്‍ 1942 ല്‍ ക്വിറ്റിന്ത്യാസമരത്തോടനുബന്ധിച്ച് ജയില്‍വാസം വരിക്കുകയുണ്ടായി. പിന്നീട് കമ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ സഹയാത്രികനും അംഗവുമായി. അക്കാലത്ത് ഒളിവിലും തടവിലും കഴിഞ്ഞിട്ടുണ്ട്. വയലാര്‍ വെടിവയ്പ്പിനെക്കുറിച്ച് അദ്ദേഹം രചിച്ച 'വയലാര്‍ ഗര്‍ജിക്കുന്നു' എന്ന സമാഹാരം തിരുവിതാംകൂറില്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ നിരോധിച്ചിരുന്നു. പിന്നീട് അദ്ദേഹം രാഷ്ട്രീയം പൂര്‍ണമായും ഉപേക്ഷിച്ച് സാഹിത്യസാംസ്‌കാരികപ്രവര്‍ത്തകനായി. ഏഷ്യാനെറ്റിന്റെ സ്ഥാപകചെയര്‍മാനായും, കെ.എഫ്.ഡി.സിയുടെ ചെയര്‍മാനായും, ദേശാഭിമാനി ദിനപത്രത്തിന്റെ പത്രാധിപരായും, ജയകേരളം മാസിക, ദീപിക വാരിക എന്നിവയുടെ പത്രാധിപസമിതി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഏകദേശം 250 സിനിമകള്‍ക്കായി മൂവായിരത്തി ലധികം ഗാനങ്ങള്‍ എഴുതി. 44 മലയാളം ഫീച്ചര്‍ ഫിലിമുകളും മൂന്നു ഡോക്യുമെന്ററികളും സംവിധാനം ചെയ്യുകയും 6 ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മിക്കുകയും നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു.
രാമു കാര്യാട്ടും പി. ഭാസ്‌കരനും ചേര്‍ന്നു സംവിധാനം ചെയ്ത 'നീലക്കുയില്‍' ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിക്കുന്ന ആദ്യമലയാളസിനിമയെന്ന കീര്‍ത്തി സ്വന്തമാക്കി. 'ഒറ്റക്കമ്പിയുള്ള തംബുരു' എന്ന ആത്മകഥാകാവ്യത്തിന് ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. മികച്ച ഗാനരചനയ്ക്ക് മൂന്നു തവണ സംസ്ഥാന അവാര്‍ഡ്, സമഗ്രസംഭാവനയ്ക്കുള്ള ജെ.സി. ദാനിയേല്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പി. ഭാസ്‌കരന്‍ മലയാളത്തിനു നല്‍കിയ സംഭാവനകള്‍ പരിശോധിച്ചാല്‍, സാഹിത്യത്തെയും സംഗീതത്തെയും ചലച്ചിത്രലോകവുമായി ബന്ധിപ്പിക്കാന്‍ അദ്ദേഹം നടത്തിയ തീക്ഷ്ണമായ പരിശ്രമങ്ങള്‍ എളുപ്പത്തില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. 'ഞാന്‍ വിശ്വസിച്ച തത്ത്വങ്ങളില്‍ ഞാന്‍ വിശ്വസ്തനായിരുന്നു, എന്റെ സിനിമകള്‍ക്ക് ഒരു സാമൂഹിക ഉള്ളടക്കവും കാഴ്ചപ്പാടും ഉണ്ടായിരുന്നു. അവയെല്ലാം യാഥാര്‍ഥ്യത്തില്‍ വേരൂന്നിയതാണ്' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ തികച്ചും വാസ്തവമാണ്.
ചങ്ങമ്പുഴയ്ക്കുശേഷം മലയാളകവിതയെ ജനഹൃദയത്തോടടുപ്പിച്ച കവികളില്‍ പ്രമുഖനാണ് പി. ഭാസ്‌കരന്‍. തന്റെ ഇരുപതാമത്തെ വയസ്സില്‍ത്തന്നെ ആദ്യ കവിതാസമാഹാരം പുറത്തിറക്കിയ അദ്ദേഹം, കാല്പനികത ലളിതമായി ചിത്രീകരിക്കാനാണ് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്.
അടിമത്തത്തിന്റെ ചങ്ങലക്കെട്ടുകളില്‍ തളയ്ക്കപ്പെട്ട, ജീവിതദുഃഖങ്ങളാല്‍ പൊറുതിമുട്ടിയ, അശരണരും ആലംബഹീനരും അരികുവത്കരിക്കപ്പെട്ടവരുമായ സാധാരണമനുഷ്യരുടെ ആവേശോജ്ജ്വലമായ ഉയിര്‍ത്തെഴുന്നേല്പിന്റെയും മോഹനസ്വപ്നങ്ങളുടെയും പ്രതിബിംബമായിരുന്നു പി. ഭാസ്‌കരന്റെ കവിതകള്‍.
മണ്ണില്‍ മടയ്ക്കുന്ന അഭിശപ്തമനുഷ്യജന്മങ്ങളുടെ ദീനതയില്‍ അമര്‍ഷംകൊള്ളുന്ന ദീപ്തമുഖം ആദ്യ കാലങ്ങളില്‍ ആ കവിതയില്‍ ജ്വലിച്ചുനിന്നു.
'വില്ലാളിയാണു ഞാന്‍ ജീവിതസൗന്ദര്യ
വല്ലകി മീട്ടലല്ലെന്റെ ലക്ഷ്യം' എന്നറിയിച്ചുകൊണ്ട് കവിത വീണവായനയല്ല, സമരപരിപാടിയാണെന്നു വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്ത ഏറ്റവും ഊര്‍ജസ്വലമായ രണാങ്കണകവിതകളിലൂടെ അദ്ദേഹം ഇക്കാലത്തു ശ്രദ്ധേയനായി. വിപ്ലവകവിതയുടെ രൂപഭാവങ്ങള്‍ നിര്‍ണയിക്കുന്നതില്‍ പി. ഭാസ്‌കരന്‍ നല്‍കിയിടത്തോളം ഇന്ധനം ആരും നല്‍കിയിട്ടില്ല. ഊര്‍ജസ്വലമായ ഉത്സാഹത്തിന്റെയും ശപഥത്തിന്റെയും വെല്ലുവിളിയുടെയും ഗര്‍ജനമായിരുന്നു 'വയലാര്‍ ഗര്‍ജിക്കുന്നു'. എണ്ണമറ്റ സ്വന്തം മക്കളുടെ ജഡം ഏറ്റുവാങ്ങേണ്ടിവന്ന ഒരു ഗ്രാമത്തിന്റെ ഗാന്ധാരീവിലാപമായി കരുതപ്പെട്ട ഈ കൃതി അടിച്ചമര്‍ത്തി നിശ്ശബ്ദരാക്കപ്പെട്ട ഒരു സമൂഹത്തിന്റെ നാവും നാദവുമായി മാറി. നമ്മുടെ രാഷ്ട്രീയ കവിതയുടെ ആദ്യത്തെയും ഒരളവില്‍ കുറ്റമറ്റതുമായ മാതൃകയാണത്.
'ഉയരും ഞാന്‍ നാടാകെപ്പടരും ഞാന്‍, ഒരു പുത്ത-
നുയിര്‍ നാട്ടിനേകിക്കൊണ്ടുയരും വീണ്ടും' എന്നു പാടിക്കൊണ്ട് വയലാര്‍സമരത്തിന്റെ ജ്വാല പുത്തന്‍ തലമുറകള്‍ മനസ്സിലാക്കുംവിധം അദ്ദേഹം ചിത്രീകരിച്ചു.
ഓടക്കുഴലും ലാത്തിയും, വില്ലാളി, ഉത്തരമില്ലാത്ത ചോദ്യം, കര്‍ഷകഗാനം, പ്രേതങ്ങളുടെ പാട്ട്, ഗൂര്‍ക്കയും സേട്ടുവും, പല്ലക്ക് ചുമക്കുന്നവര്‍, പന്തയം, ആമിന, ഉണ്ണിക്കുട്ടന്‍, കേരളീയര്‍ക്കൊരു തുറന്ന കത്ത്, രണ്ടു കണ്ണുകളുടെ കഥ, ഒരു ഗ്രാമീണഗാനം, തെരുവിലെ നിമിഷങ്ങള്‍, പുതിയ തലമുറ, ആവിവണ്ടി എന്നിവ ഈ കാലഘട്ടത്തിലെ വിപ്ലവസൃഷ്ടികളാണ്.
നഖശിഖാന്തം വികാരശീലനായ കവിയാണെന്നു പ്രഖ്യാപിക്കുന്നവയാണ് ഭാസ്‌കരന്‍മാഷിന്റെ കവിതകളുടെ രണ്ടാം ഘട്ടം. സ്വന്തം ആത്മാവിനെ ആവിഷ്‌കരിക്കാനും നമ്മുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിക്കുംവിധം നിറകണ്ണുകള്‍ സൃഷ്ടിക്കാനും ഈ കവിതകളെ അദ്ദേഹം പ്രാപ്തമാക്കി. ഉത്കണ്ഠജനകമാംവിധം പാതി ചാരിയ വാതിലുകളോടുകൂടിയ കൊത്തളത്തില്‍നിന്നു കേള്‍ക്കുന്ന ഒരു സ്ത്രീയുടെ ഏകാന്തശോകമായ ഗാനംപോലെയോ, ഒരു എഴുത്താണിത്തലപ്പുപോലെ ഹൃദയത്തിലേക്ക് ആഴ്ന്നാഴ്ന്നു പോകുന്ന രോദനംപോലെയോ നമ്മെ വിധുരമാക്കുന്നവയായിരുന്നു മിക്ക കവിതകളും. ദൃശ്യങ്ങളുടെ മനോജ്ഞത ഹൃദയസ്രോതസ്സില്‍ സൂക്ഷിക്കുന്ന സംഗീതവും ചിത്രവും കൂടിക്കുഴയുന്ന അന്തരീക്ഷത്തില്‍ ജീവിക്കുന്ന നന്മയുടെ തേരാളിയാണ് ഇവിടെ നിറഞ്ഞുനില്‍ക്കുന്നത്. ശോകസ്ഥായിത്വം, സംഗീതാത്മകത്വം, ആകസ്മികത, നൈമിഷികമായ വികാരതീവ്രത, ലളിതവികാരങ്ങളോടുള്ള അതിരുകടന്ന മമത, അന്ധക്രിയാത്മകത്വം, അന്തരീക്ഷത്തെ ധ്വനിപ്പിക്കാനുള്ള മിടുക്ക്, നാടകീയമായ ചിത്രീകരണത്തിനുള്ള സാമര്‍ഥ്യം എന്നീ സവിശേഷതകള്‍ ഭാസ്‌കരന്‍ മാഷിന്റെ കവിതകളുടെ പ്രത്യേകതയാണെന്ന് ഉറൂബ് പറയുന്നത് എത്രയോ ശരിയാണ്.
ഈ കാലയളവില്‍ പ്രേമം, ജീവിതകാമന, ത്യാഗ സൗന്ദര്യം എന്നിവ കവിയുടെ കാവ്യപ്രമേയങ്ങളായി ത്തീര്‍ന്നു. തന്റെ കവിതകളുടെ ശക്തികേന്ദ്രമായ ഗാനാത്മകതയില്‍നിന്നുറന്നൊഴുകുന്ന സ്രോതസ്സുകള്‍കൊണ്ട് കേരളീയ ആസ്വാദകഹൃദയതടങ്ങളെ ആര്‍ദ്രമാക്കുന്ന ഒട്ടേറെ രചനകള്‍ അദ്ദേഹം മലയാളിക്കു സമ്മാനിച്ചു. ഈ രചനകളില്‍ അടരാടിയിട്ടും നേടേണ്ടതു നേടിയെന്ന ധന്യത കൈവരാത്ത ഭഗ്‌നവ്യാമോഹത്തിന്റെ കര്‍ത്തവ്യസമസ്യകള്‍ കാണാന്‍ കഴിയും. കാല്പനികഭാവങ്ങള്‍ വ്യത്യസ്തമായ വ്യക്തിമഹിമയോടെ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളും, പ്രതീകാത്മകവും അല്ലാതെയുമുള്ള സ്വാഭാവികമായ ആത്മാലാപങ്ങളുടെ ആവിഷ്‌കാരങ്ങളും ഈ കാലഘട്ടത്തിലെ മിക്ക കവിതകളുടെയും പ്രത്യേകതകളാണ്. ഓര്‍ക്കുക വല്ലപ്പോഴും, സത്രത്തില്‍ ഒരു രാത്രി, തിരിച്ചുവരവ്, കവി ഖബറിനുള്ളില്‍, പാടുന്ന മണ്‍തരികള്‍, കണ്ണീരിന്റെ കഥകള്‍, രണ്ടു രക്തസാക്ഷികള്‍, അമലേ നീ വന്നപ്പോള്‍, പെണ്ണു കാണല്‍, അദ്ഭുതനാഗത്തിന്റെ കഥ, മുല്ലപ്പൂക്കളും കല്ലുകളും, ഒറ്റക്കമ്പിയുള്ള തംബുരു, പുഴ പിന്നെയുമൊഴുകുന്നു, വിട്ടയയ്ക്കില്ല എന്നിവ ഈ ഘട്ടത്തില്‍ അദ്ദേഹം മലയാളിക്കു സമ്മാനിച്ചു.
പി. ഭാസ്‌കരന്‍ എന്ന കവിയുടെ മറ്റൊരു മുഖം നാം കണ്ടത് ജീവിതത്തിലെ വ്യത്യസ്തമുഹൂര്‍ത്തങ്ങളെ സംഗീതസാന്ദ്രമാക്കിയ അദ്ദേഹത്തിന്റെ ചലച്ചിത്രഗാനങ്ങളിലൂടെയായിരുന്നു. മലയാളഗാനസാഹിത്യത്തെ ഹിന്ദിയുടെയും തമിഴിന്റെയും പിടിയില്‍നിന്നു മോചിപ്പിച്ചെടുത്ത ആദ്യത്തെ ആചാര്യനാണ് പി. ഭാസ്‌കരന്‍. ഗൃഹാതുരത്വത്തിന്റെ ഉള്‍പ്പുളകങ്ങള്‍ അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ നിറയെ പൂവണിഞ്ഞുനിന്നു. നാടന്‍ ശീലുകളുടെ അനുപമലാളിത്യവും നാടന്‍പദങ്ങളുടെയും പഴമൊഴികളുടെയും മധുരിമയും അതിലാകെ നിറയുന്ന സംഗീതവും മലയാളത്തിന് ഒരു പുത്തന്‍ അനുഭവം പകര്‍ന്നു. മലയാളഗാനശാഖയുടെ പിതാവ് എന്ന് അദ്ദേഹം വാഴ്ത്തപ്പെട്ടത് നാടന്‍മൊഴികളുടെ തേന്‍ തുളുമ്പുന്ന ഒട്ടേറെ ഗാനങ്ങളാല്‍ കേരളീയമനസ്സുകളില്‍ ഹര്‍ഷകുതൂഹലങ്ങളുടെ അമൃതം നിറച്ചുവച്ചതിനാലാണ്. മനുഷ്യഹൃദയത്തില്‍ ഭാവാത്മകമായ കൊച്ചു കൊച്ചു ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിക്കുന്ന, വികാരങ്ങള്‍ക്കു ചിറകുകള്‍ നല്കുന്ന അദ്ദേഹത്തിന്റെ കാവ്യാത്മകത ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്. സഹൃദയരുടെ മനസ്സിലും പാട്ടിലും നിലാവിന്റെ ഭംഗിയും കുളിര്‍മയും നിറച്ചുകൊണ്ടാണ് അദ്ദേഹം കടന്നുവന്നത്. 
നാട്ടില്‍ ദുരിതം പെരുകിയ അമ്പതുകളില്‍ യൗവനത്തിന്റെ പൊതുസ്വഭാവം മനസ്സില്‍ നൈരാശ്യവും നീറ്റലും തിരസ്‌കാരവും നിത്യവിരഹവും പരാജിതനാണെന്ന കുറ്റബോധവും വയറ്റില്‍ വിശപ്പും ആയിരുന്നു. അതിനാല്‍, എല്ലാ പ്രണയവും വിലാപത്തിന്റെ അനുഭവമായി മാറി. മറുകര കാണാതെ മുങ്ങിമരിക്കുന്ന ഹൃദയബന്ധങ്ങള്‍. ചരടു പൊട്ടിയ അല്ലെങ്കില്‍ കൈവിട്ടു പോയ പട്ടമായി പ്രേമബന്ധങ്ങളെല്ലാം തലകുത്തി വീഴുകയോ അനന്തതയിലേക്കു പറന്നുപോവുകയോ ചെയ്തു. ഇങ്ങനെ പരാജിതനായ, പ്രതീക്ഷ നഷ്ടപ്പെട്ട മലയാളിയുടെ പൊതുവികാരത്തോടു തന്മയീഭവിച്ചുകൊണ്ട് നിസ്സഹായരായ ജനതയുടെ ഭാവം പി.ഭാസ്‌കരന്‍ ഗാനങ്ങളില്‍ വിരചിച്ചു.
ഇരുപതാം നൂറ്റാണ്ടിലെ കേരളീയസമൂഹത്തിനു പൊതുവായ ഒരു സുഗമസംഗീതസംസ്‌കാരം രൂപീകരിച്ചു നല്‍കിയതില്‍ പ്രഥമസ്ഥാനത്തു നില്‍ക്കുന്ന ഗാനരചയിതാവായിരുന്നു പി. ഭാസ്‌കരന്‍.
നിറങ്ങളുടെ നാദസൗന്ദര്യപ്രപഞ്ചത്തിലേക്കു നമ്മുടെ വികാരഹര്‍ഷങ്ങളെ ആവിഷ്‌കരിക്കുന്ന വിലോലകാല്പനികതയെയാണ് ഭാസ്‌കരന്‍ മാഷ് പാട്ടിലാക്കിയത്. കാവ്യസൗന്ദര്യത്തിന്റെ തലങ്ങളില്‍നിന്ന് പ്രമേയതലങ്ങളിലേക്കുള്ള സൗന്ദര്യപരിണാമത്തില്‍ ഈ വര്‍ണരാജികള്‍ സമ്മോഹനതകള്‍ പകരുന്നു. വികാരങ്ങളുടെ അനുസ്മൃതിയും അസാധാരണ വിടര്‍ച്ചകളും നിറങ്ങളുടെ ഈ ജാഗ്രത്തായ സര്‍ഗസ്ഥലത്തില്‍ കാണാം. നിറങ്ങളെ അവയുടെ സൂക്ഷ്മതലത്തില്‍ സ്വാംശീകരിച്ച പാട്ടുകളാണിവ. പ്രത്യക്ഷത്തില്‍നിന്ന് പരോക്ഷത്തിലേക്കും നേരേ തിരിച്ചും, ബാഹ്യത്തില്‍നിന്ന് ആന്തരത്തിലേക്കും ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും നേരേ തിരിച്ചുമൊക്കെ ലയിക്കുന്ന നിറങ്ങളുടെ കല്പനകള്‍ ഭാസ്‌കരന്‍ മാഷിന്റെ പാട്ടുകളില്‍ പ്രകടമാണ്. ക്ഷണികതയുടെ വാങ്മയമായി മാറുന്ന മഴിവില്ലായിരുന്നു നിറത്തിനാധാരം. മഴവില്ലിനോടൊപ്പം മയില്‍പ്പീലിയും നിറങ്ങളുടെ കാല്പനികാടയാളങ്ങളായി.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)