നീണ്ട ഒരു ഇടവേളയ്ക്കുശേഷമാണ് പ്രിയ കൂട്ടുകാരി എന്നെ കാണാന്‍ വീട്ടിലേക്കു വന്നത്. കുശലാന്വേഷണങ്ങള്‍ക്കുശേഷം അവളുടെ ആഗമനോദ്ദേശ്യം എന്നെ അറിയിച്ചു: മകള്‍ കല്യാണപ്രായമെത്തിയിരിക്കുന്നു. ബി.ടെക് കഴിഞ്ഞ് റിസള്‍ട്ട് കാത്തിരിക്കുകയാണ്. എന്റെ ബന്ധത്തിലോ കൂട്ടുകാര്‍ക്കിടയിലോ നല്ല പയ്യന്മാരുണ്ടോ എന്നാണു ചോദ്യം. തെല്ലൊന്ന് ആലോചിച്ചിട്ടു ഞാന്‍ പറഞ്ഞു: എന്റെ ഒരു കസിന്റെ മകന്‍ തിരുവനന്തപുരത്തു ടെക്‌നോപാര്‍ക്കിലുണ്ട്. എഞ്ചിനീയറാണ്. എനിക്കറിയാവുന്നിടത്തോളം നല്ലൊരു പയ്യനാണ്. കൂട്ടുകാരി എടുത്ത വായിലേ പറഞ്ഞു: ''അയ്യോ മോള്‍ക്കു നാട്ടില്‍ ജോലിയുള്ളയാളെ വേണ്ട; ഫോറിന്‍ മതി. അവിടെയൊക്കെ ജീവിതം എത്ര അടിപൊളിയാണ്! സ്വര്‍ഗമല്ലേ! അതുകൊണ്ട്, ഫോറിന്‍ പ്രൊപ്പോസല്‍സ് മാത്രമേ നോക്കുന്നുള്ളൂ.'' അന്വേഷിക്കാം എന്നു പറഞ്ഞ് കൂട്ടുകാരിയെ ഞാന്‍ യാത്രയാക്കി.
രണ്ടുമാസം കഴിഞ്ഞുകാണും, കൂട്ടുകാരിയുടെ ഫോണ്‍കോള്‍. അതീവസന്തോഷത്തോടെ അവള്‍ പറഞ്ഞു: മോള്‍ക്കു കല്യാണമായി കേട്ടോ; ജര്‍മനിയിലാണ് പയ്യന്റെ ജോലി. നേരിട്ടു കണ്ടിട്ടില്ല. വീട്ടുകാര്‍ തമ്മില്‍ ഇഷ്ടമായി. വീഡിയോ കോള്‍വഴി സംസാരിക്കുകയും കാണുകയും ചെയ്തു. മകള്‍ക്കും ഇഷ്ടമായി. അടുത്ത തിങ്കളാഴ്ച പയ്യനെത്തും. ചൊവ്വാഴ്ച പെണ്ണുകാണല്‍ച്ചടങ്ങ്. വ്യാഴാഴ്ച കല്യാണനിശ്ചയം. ശനിയാഴ്ച ഒത്തുകല്യാണം. ഒന്നു വിളിച്ചു ചൊല്ലി തിങ്കളാഴ്ച കല്യാണം. കല്യാണം കഴിഞ്ഞ് മൂന്നാംനാള്‍ മോനു തിരിച്ചുപോകണം. ലീവില്ല. ആറുമാസം കഴിയുമ്പോള്‍ മോളെയും കൊണ്ടുപോകും. നീ തീര്‍ച്ചയായും കല്യാണത്തിനെത്തണം. വാട്‌സാപ്പില്‍ കല്യാണക്കുറി അയച്ചേക്കാം.
എല്ലാം ഭംഗിയായി നടന്നു. ആഡംബരപൂര്‍ണമായ കല്യാണം. ഒരു സാമ്രാജ്യം നേടിയെടുത്ത സായുജ്യമായിരുന്നു മണവാട്ടിയുടെ മുഖത്ത്. അഭിമാനത്തോടെ അവളുടെ മാതാപിതാക്കന്മാര്‍ വിരുന്നുകാര്‍ക്കിടയില്‍ ഓടിനടന്നു സംസാരിച്ചു.
തിരക്കിനിടയില്‍ കുറെനാള്‍ ഞങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായില്ല. എന്നാല്‍, ഒരാഴ്ചമുമ്പ് നിനച്ചിരിക്കാതെ കൂട്ടുകാരി എന്നെ തേടിയെത്തി. അവള്‍ ഏറെ മാറിപ്പോയിരിക്കുന്നു. എന്തോ വലിയ പ്രശ്‌നം അവളെ അലട്ടുന്നുണ്ടെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ എനിക്കു മനസ്സിലായി. മുമ്പില്‍ കൊണ്ടുവന്ന കാപ്പി യാന്ത്രികമായി കുടിച്ചുകൊണ്ട് അവള്‍ പറഞ്ഞു: ''എനിക്കു നിന്നോടു കുറേകാര്യങ്ങള്‍ സംസാരിക്കാനുണ്ട്.''
കൂട്ടുകാരി പതിയെ തന്റെ മനസ്സു തുറന്നു: ''നിനക്കറിയാല്ലോ, മകളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷമേ ആകുന്നൊള്ളൂ. ഞങ്ങള്‍ വഞ്ചിക്കപ്പെട്ടു. എന്റെ മോള്‍ സ്വര്‍ഗത്തിലേക്കല്ല പോയത്, നരകത്തിലേക്കാണ്. ആദ്യരാത്രിയില്‍ത്തന്നെ തുടങ്ങി പ്രശ്‌നങ്ങള്‍. കല്യാണത്തിന്റെ തിരക്കും ബഹളവുമൊക്കെ കഴിഞ്ഞ് കുളിച്ചൊരുങ്ങി മണിയറയിലേക്കു ചെന്ന അവള്‍ കണ്ടത് കൂര്‍ക്കംവലിച്ചുറങ്ങുന്ന തന്റെ ഭര്‍ത്താവിനെയാണ്. ഏറെ നിരാശ തോന്നിയെങ്കിലും തിരക്കുകൂടിയതിന്റെ ക്ഷീണം കൊണ്ടാവുമെന്ന് അവള്‍ കരുതി. രണ്ടാമത്തെ രാത്രിയില്‍ 'അത്യാവശ്യമായി എനിക്കു കുറച്ചു ജോലിയുണ്ട്; നീ കിടന്നോളൂ' എന്നു പറഞ്ഞ് ലാപ്‌ടോപ്പുമായി മറ്റൊരു മുറിയിലേക്കു പോയി. അടുത്ത രാത്രിയിലും ഓഫീസ് വര്‍ക്കിന്റെ തിരക്കഭിനയിച്ച് മറ്റൊരു മുറിയില്‍. എല്ലാം ശരിയാകും; ആറുമാസം കഴിയുമ്പോള്‍ ജര്‍മനിയില്‍ ചെല്ലുമ്പോള്‍ എല്ലാം ശരിയാകുമെന്ന് അവള്‍ വിശ്വസിച്ചു. ഞങ്ങളാരോടും ഒന്നും പറഞ്ഞതുമില്ല.
ആറുമാസമായപ്പോള്‍ ജര്‍മനിയിലേക്കു പോകാന്‍ അവള്‍ക്കു സാധിച്ചു. ബി.ടെക്. റിസള്‍ട്ടു വന്നു. നല്ല മാര്‍ക്കോടെ പാസ്സായി. ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം ജര്‍മന്‍ഭാഷ കുറച്ചു കൈവശമാക്കിയിരുന്നു. ജര്‍മനിയില്‍ എയര്‍പോര്‍ട്ടില്‍ മകളെ സ്വീകരിക്കാന്‍ ഭര്‍ത്താവിനൊപ്പം ഒരു കൂട്ടുകാരനെയും കണ്ടു. പേരുകൊണ്ട് ആളൊരു മുസ്ലീം സമുദായാംഗമാണെന്നു മനസ്സിലായി. ഫ്‌ളാറ്റിലെത്തിയപ്പോള്‍ അവിടുത്തെ സൗകര്യങ്ങളെക്കുറിച്ചും, മറ്റുള്ളവരോടു പെരുമാറേണ്ട രീതികളെക്കുറിച്ചും തുടര്‍ന്നു പഠിക്കേണ്ടതിനെക്കുറിച്ചും ഒരു താത്കാലികജോലി തരപ്പെടുത്തുന്നതിനെക്കുറിച്ചുമൊക്കെ സംസാരിച്ചു. കൂടെ ഒന്നുകൂടി പറഞ്ഞു, നാട്ടില്‍ അവളുടെ പേരിലിട്ടിരിക്കുന്ന ബാങ്ക് ഡെപ്പോസിറ്റ് പിന്‍വലിച്ച് ജര്‍മന്‍ കറന്‍സിയായി മാറ്റുന്നതിനെക്കുറിച്ച്. അടുക്കളയില്‍ ഏറെ സ്‌നേഹത്തോടെ ഭക്ഷണം പാകം ചെയ്ത് ഭര്‍ത്താവിനായി വിളമ്പി. രാത്രിയായപ്പോള്‍ 'എനിക്കു നൈറ്റ് ഷിഫ്റ്റാണ് നീ ഉറങ്ങിക്കോളൂ' എന്നു പറഞ്ഞ് പുറത്തേക്കു പോയി. പേടിക്കാനൊന്നുമില്ല; നമ്മള്‍ രണ്ടാള്‍ക്കും വാതില്‍ തുറക്കാനാവും എന്നു പറഞ്ഞുകൊണ്ട് അതിന്റെ രീതിയും കാണിച്ചശേഷമാണ് പുറത്തേക്കു പോയത്.
ജര്‍മനി എന്ന വികസിതരാജ്യത്തെ ആദ്യത്തെ രാത്രി. ഏകയായി അവള്‍. എന്തു ചെയ്യണം, ആരോടിതൊക്കെ പറയണം. രാവിലെ എണീറ്റ് പ്രഭാതഭക്ഷണമൊക്കെ ഒരുക്കി അവള്‍ ഭര്‍ത്താവിനായി കാത്തിരുന്നു. രാവിലെ പത്തരയോടെ അയാള്‍ തിരിച്ചെത്തി: നീ കഴിച്ചില്ലേ? ഞാന്‍ കഴിച്ചു; ഇവിടെ ആരും ആരെയും നോക്കിയിരിക്കാറില്ല. അവനവനു വേണ്ടത് ഉണ്ടാക്കി ക്കഴിക്കും. നാട്ടിലേതുപോലെ വിഭവസമൃദ്ധമൊന്നുമല്ല. ബ്രഡ്, ചീസ്, ഓംലറ്റ്, പഴങ്ങള്‍ ഇതൊക്കെ മതി. റെഡിയായിക്കോ, നമുക്കൊന്നു പുറത്തുപോകണം. നിനക്കൊരു ജോലി ശരിയായിട്ടുണ്ട് എന്നു പറഞ്ഞപ്പോള്‍ ഏറെ ആശ്വാസം തോന്നി. ഭര്‍ത്താവ് അവളെ ഒരു ഡേകെയര്‍ സെന്ററിലേക്കാണു കൊണ്ടുപോയത് (പകല്‍സമയത്ത് കുഞ്ഞുങ്ങളെ നോക്കുന്ന ആയയുടെ പണി). എന്തു പണിയുമാവട്ടെ, ഇപ്പോള്‍ അതൊരു വലിയ ആശ്വാസമാകുമെന്ന് അവള്‍ കരുതി.
തിരികെപ്പോരുമ്പോള്‍ ഒരു പള്ളി കാണാനിടയായി. അവിടെ ഒന്നു കയറണമെന്ന് അവള്‍ പറഞ്ഞപ്പോള്‍ 'നീ കയറിക്കോളൂ' എന്നു പറഞ്ഞു പള്ളിയുടെ വശത്തായി കാര്‍ പാര്‍ക്കു ചെയ്തു. താമസിക്കുന്ന ഫ്‌ളാറ്റില്‍നിന്ന് അരക്കിലോമീറ്ററേ ദൂരം കാണൂ. അതൊരു വലിയ ആശ്വാസമായി അവള്‍ക്കു തോന്നി.
ജീവിതം മുമ്പോട്ടു പോയി. രാത്രി ഏറെ വൈകിവരുന്ന ഭര്‍ത്താവ്. ജിമ്മില്‍ പോകുന്നുണ്ടത്രേ. അന്യയായ ഒരു സ്ത്രീ വീട്ടില്‍ താമസിക്കുന്നു എന്നതില്‍ കവിഞ്ഞ് യാതൊരു ബന്ധവുമില്ല. ഡേകെയറിലെ കുഞ്ഞുങ്ങളുടെ മുഖം ഏറെ ആശ്വാസമായി. ജര്‍മന്‍ഭാഷ കുറച്ചറിയാവുന്നതുകൊണ്ട് കുഞ്ഞുങ്ങളെ ലാളിക്കാന്‍ പഠിച്ചു. ഞായറാഴ്ചകളില്‍ തനിയെ പള്ളിയില്‍ പോയി. ഇതിനിടയില്‍ ബാങ്കുനിക്ഷേപം മാറ്റുന്നതിനെക്കുറിച്ച് ഭര്‍ത്താവ് ഓര്‍മിപ്പിച്ചു. അപ്പനോടും അമ്മയോടും ചോദിക്കണ്ടേ എന്നു ചോദിച്ചപ്പോള്‍ വളരെ ഗൗരവത്തോടെ 'ഇനി ഞാനാണു തീരുമാനിക്കുന്നത്' എന്നു പറഞ്ഞു. അവരോടു പറയാതെ ഞാനൊന്നും ചെയ്യില്ല എന്നു പറഞ്ഞപ്പോള്‍ അടിക്കാനായി കൈയോങ്ങി.
യാദൃച്ഛികമായിട്ടാണ് അതു സംഭവിച്ചത്. തലേന്ന് തെല്ലും ഉറങ്ങാത്തതുകൊണ്ടാവും, ഭയങ്കര തലവേദന. ഡേകെയറില്‍നിന്നു ലീവ് എടുത്ത് ഫ്‌ളാറ്റില്‍ തിരിച്ചു വന്നു. അപ്പോഴാണ് ബഡ്‌റൂമില്‍നിന്ന് എന്തോ ശബ്ദം കേട്ടത്. ദൈവമേ, വല്ല മോഷ്ടാക്കളും? ഇടയ്ക്ക് ഭര്‍ത്താവിന്റെ സ്വരംപോലെ എന്തോ സംഭാഷണം. അവള്‍ ഓരം ചേര്‍ന്ന് ബഡ് റൂമിലേക്കു നോക്കി. ഇടിവെട്ടേറ്റതുപോലെയായി. ബഡ്ഡില്‍ തന്റെ ഭര്‍ത്താവും എയര്‍പോര്‍ട്ടില്‍ കണ്ട ആ കൂട്ടുകാരനും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ. സ്വവര്‍ഗാനുരാഗത്തെക്കുറിച്ചും സ്വവര്‍ഗരതിയെക്കുറിച്ചുമൊക്കെ എങ്ങോ വായിച്ചത് ഓര്‍മ വന്നു. കേരളത്തില്‍ വച്ചു കണ്ട ഒരു സിനിമയും മനസ്സിലേക്കോടിയെത്തി. തന്റെ ഭര്‍ത്താവ് മനോവൈകല്യമുള്ളയാള്‍തന്നെ. വെറുതെ യല്ല, തന്റെ സാമീപ്യം അയാള്‍ ഇഷ്ടപ്പെടാത്തത്. എത്രയും പെട്ടെന്ന് ഫ്‌ളാറ്റിനു പുറത്തുപോകണം. തന്നെ കണ്ടാല്‍ അപകടമാണ്. രണ്ടു പുരുഷന്മാരാണ് അകത്ത്. ശബ്ദമുണ്ടാക്കാതെ അവള്‍ ഫ്‌ളാറ്റിനു പുറത്തിറങ്ങി. ലിഫ്റ്റിലൂടെ ഗ്രൗണ്ടിലെത്തി. ഇനി എന്തു ചെയ്യും? നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ തുടച്ച് അവള്‍ പള്ളിയെ ലക്ഷ്യമാക്കി നടന്നു. അവിടെ ക്രിസ്തുരൂപത്തിനു മുമ്പില്‍ ഏങ്ങിക്കരഞ്ഞു. ഒരു ഉള്‍വിളി എന്നതുപോലെ വീട്ടിലേക്കു വിളിക്കൂ എന്നൊരു ശബ്ദം അവള്‍ കേട്ടു. ഇനി ഒന്നും ആരോടും മറച്ചുവയ്ക്കുന്നില്ല; പേരന്‍സിനോടു പറയാം. ബാഗില്‍നിന്നു മൊബൈല്‍ ഫോണെടുത്ത് അവള്‍ എന്നെ വിളിച്ചു. എന്തുണ്ടു മോളെ വിശേഷം എന്നു ചോദിച്ചപ്പോള്‍ പപ്പായെക്കൂടി വിളിക്കൂ; എനിക്ക് അത്യാവശ്യമായ കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ട് എന്നു പറഞ്ഞു. എന്തോ പന്തികേടു തോന്നി പെട്ടെന്നു പപ്പായും വന്നു. ഫോണ്‍ ലൗഡ് സ്പീക്കറിലിട്ടു ഞങ്ങള്‍ രണ്ടുപേരോടുമായി നടന്നതെല്ലാം വിശദമായി പറഞ്ഞു.
ഷോക്കേറ്റതുപോലെയായി ഞങ്ങള്‍. പപ്പായുടെ മുഖം വിളറുന്നതു ഞാന്‍ കണ്ടു. എങ്കിലും ധൈര്യമവലംബിച്ച് മോള്‍ സമാധാനമായിരിക്കൂ; അവിവേകമൊന്നും കാണിക്കരുത്; ഞങ്ങളുണ്ട് നിന്റെകൂടെ; ഭര്‍ത്താവിന് യാതൊരു സംശയവും തോന്നാത്തവിധം നീ പെരുമാറണം, നാളെ ഈ സമയത്തു വിളിക്കും ലൈനിലുണ്ടാവണം എന്നും ഓര്‍മിപ്പിച്ചു.
പപ്പാ നേരേ പോയത് പള്ളിയിലേക്കാണ്. വികാരിയച്ചനെ കണ്ടു കാര്യമെല്ലാം പറഞ്ഞു. അച്ചന്റെ നിര്‍ദേശപ്രകാരം ഒരു സൈക്കോളജിസ്റ്റിനെയും കണ്ടു. മോളുടെ ജീവിതം അവിടെ സുരക്ഷിതമല്ല എത്രയും വേഗം മടക്കിക്കൊണ്ടുവരണം എന്നാണ് രണ്ടുപേരും നിര്‍ദേശിച്ചത്. ഉടന്‍തന്നെ ചില ട്രാവല്‍ഏജന്‍സികളുമായി ബന്ധപ്പെട്ട് വിമാന ടിക്കറ്റ് ഏര്‍പ്പെടുത്താനും തീരുമാനിച്ചു. പിറ്റേന്നു പറഞ്ഞതുപോലെ മോളെ വിളിച്ചു. ടിക്കറ്റ് ശരിയാക്കി മെയിലു ചെയ്യുമെന്നും ഭര്‍ത്താവിന് യാതൊരു സംശയവും തോന്നാത്തവിധം അവിടെനിന്നു പോരണമെന്നുമായിരുന്നു നിര്‍ദേശം. നാലുദിവസംകൊണ്ട് എയര്‍ ടിക്കറ്റ് ശരിയാക്കി മെയില്‍ ചെയ്തു. അവള്‍ ബുദ്ധിപൂര്‍വം അവളുടെ സര്‍ട്ടിഫിക്കറ്റ്‌സും, പാസ്‌പോര്‍ട്ടുമൊക്കെ ഡേകെയര്‍ സെന്ററിലെ ക്യാബിനിലേക്കു മാറ്റി. അവിടെ ലീവ് ആപ്ലിക്കേഷനും കൊടുത്തു.
പോരേണ്ട ദിവസം എന്നത്തേതുപോലെ അവള്‍ ഫ്‌ളാറ്റു വിട്ടിറങ്ങി. സെന്ററില്‍ ചെന്ന് ചെറിയ ബാഗെടുത്ത് ഒരു ബസ്സില്‍ കയറി അവള്‍ എയര്‍പോര്‍ട്ടിലെത്തി. മൂന്നു കണക്ഷന്‍ ഫ്‌ളൈറ്റുകളാണ്: ജര്‍മനിയില്‍നിന്നു യു.കെ.യിലേക്ക്, അവിടെനിന്നു ദുബായ്ക്ക്, അവിടെനിന്നു തിരുവനന്തപുരത്തേക്ക്. എയര്‍പോര്‍ട്ടില്‍നിന്നു നേരേ ഒരു കൗണ്‍സലിങ് സെന്ററിലേക്കാണ് അവളെ കൊണ്ടുപോയത്. അവിടെ രണ്ടാഴ്ച; ഞങ്ങളും ഒപ്പം താമസിച്ചു. ഇപ്പോള്‍ മോള്‍ വീട്ടിലുണ്ട്; ഒന്നിനും ഒരു താത്പര്യമില്ല. ഞങ്ങളെ തൃപ്തിപ്പെടുത്താന്‍ എന്തൊക്കെയോ ചെയ്യുന്നു.
കൂട്ടുകാരി പറഞ്ഞവസാനിപ്പിച്ചപ്പോള്‍ എനിക്കും നിയന്ത്രിക്കാനായില്ല. നിറകണ്ണുകളോടെ അവളെ പറഞ്ഞയച്ചപ്പോള്‍ ആ പഴമൊഴി ഞാന്‍ ഓര്‍മിച്ചു: മിന്നുന്നതെല്ലാം പൊന്നല്ല.