2024 ലെ കേരള ബാലസാഹിത്യ അക്കാദമി കവിതാപുരസ്‌കാരവും അഷിതാ സ്മാരക പുരസ്‌കാരവും നേടിയ ശ്രീമൂലനഗരം സുരേന്ദ്രന്റെ എഴുത്തുവഴികളെക്കുറിച്ച് ഒരു അന്വേഷണം.
അഭിമുഖം
ദശാബ്ദങ്ങളായി വായനയുടെ ലോകത്ത് ഉണ്ടെങ്കിലും എഴുത്തിന്റെ ലോകത്തേക്ക് വളരെ സാവധാനം കടന്നുവന്ന ഒരാളാണെന്നു തോന്നിയിട്ടുണ്ട്. എങ്ങനെയാണ് എഴുത്തിലേക്കുള്ള അങ്ങയുടെ രംഗപ്രവേശം?
സജീവമായി എഴുതിത്തുടങ്ങിയിട്ട് നാലു വര്‍ഷം കഴിഞ്ഞുകാണും. ചരിത്രങ്ങളും പുരാണങ്ങളും എല്ലാം വായിക്കും. പക്ഷേ, വായിക്കുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കുന്ന സ്വഭാവമില്ല. യുക്തിക്കിണങ്ങാത്തതു നിരാകരിക്കുകയോ അന്വേഷിച്ചറിയുകയോ ചെയ്യും. സമൂഹത്തിന്റെ ദുഃഖങ്ങള്‍ കഥയിലൂടെയും കവിതകളിലൂടെയും ഭംഗിയായി ജനങ്ങളുടെ മുന്നിലെത്തിക്കാനും അതിലൂടെ നമ്മുടെ നിലപാടുകള്‍ വ്യക്തമാക്കാനും കഴിയുമെന്ന തിരിച്ചറിവാണ് എന്നെ എഴുത്തിന്റെ മേഖലയിലേക്കു കടന്നുവരാന്‍ പ്രേരിപ്പിച്ചത്.
താങ്കളുടെ ബാലകവിതകളിലെല്ലാം പ്രാസഭംഗിയോടൊപ്പം തന്നെ വാത്സല്യവും സാരോപദേശവും ഒളിഞ്ഞിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വെറുതെ ഒരു രസത്തിനു പാടിപ്പോകാതെ, തന്നെ വായിക്കുന്ന കുട്ടികളിലേക്ക് ചില മൂല്യങ്ങള്‍കൂടി നല്‍കണമെന്ന ഉദ്ദേശ്യത്തോടുകൂടിയായിരിക്കുമല്ലേ ഇത്തരത്തിലൊരെഴുത്ത്?
ശരിയാണ്. പ്രാസഭംഗി കവിതയെ മനോഹരമാക്കും. തുടക്കത്തിലേ അങ്ങനെ എഴുതിയാണു ശീലം. ചെറുപ്പത്തിലേ കവിതകള്‍ ഇഷ്ടമായിരുന്നു. വെറുതെ കേട്ടുപോകലല്ല. അതിലെ പദപ്രയോഗങ്ങള്‍ ശ്രദ്ധിക്കും.. പദങ്ങള്‍കൊണ്ടുള്ള ചെപ്പടിവിദ്യകള്‍ ശ്രീനാരായണ ഗുരുദേവന്റെ കൃതികളില്‍ വായിക്കുമ്പോള്‍ അദ്ഭുതവും ആഹ്‌ളാദവും തോന്നിയിട്ടുണ്ട്.
കഥാപ്രസംഗങ്ങള്‍ ഇഷ്ടമാണ്. സാംബശിവന്റെ ഒട്ടുമിക്ക കഥാപ്രസംഗങ്ങളും കാണാപ്പാഠമാണ്. അതിലെ ഗാനങ്ങളെല്ലാം പ്രാസഭംഗിയുള്ളതാണ്. എന്റെ കഥയെഴുത്തിലും അദ്ദേഹത്തിന്റെ കഥപറച്ചില്‍ശൈലി കണ്ടേക്കാം. ഓരോ എഴുത്തുകാരനും സമൂഹത്തോടുപ്രതിബദ്ധതയുണ്ട്. ബാലസാഹിത്യം എഴുതുമ്പോള്‍ വളരുന്ന കുട്ടികള്‍ക്ക് അതിലൂടെ ധാരാളം അറിവുകള്‍ പകര്‍ന്നുനല്‍കാന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കഥയിലൂടെയും കവിതയിലൂടെയും ജീവിതമൂല്യങ്ങള്‍ രസകരമായി കുട്ടികളിലേക്ക് എത്തിക്കാന്‍ കഴിയും. ഒരു കഥ അല്ലെങ്കില്‍ കവിത ആസ്വദിച്ചുകഴിയുമ്പോള്‍ ആസ്വാദകരില്‍ അറിവിന്റെ ഒരു കിരണമെങ്കിലും വീഴ്ത്താന്‍ കഴിയണം. അതായിരിക്കണം കഥയും കവിതയും.
എഴുത്തുകാരന്‍ എപ്പോഴും നല്ല വായനക്കാരന്‍കൂടി ആയിരിക്കണം എന്നാണല്ലോ പറയുന്നത്. എങ്ങനെയുള്ള പുസ്തകങ്ങളാണ് കൂടുതലും വായിക്കാറുള്ളത്? ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ ആര്?
കവിതയെഴുത്തുകാര്‍ക്ക് ഏറ്റവും വേണ്ട ഒരു സമ്പത്താണ് പദസമ്പത്ത്. കൂടുതല്‍ വായിക്കുക, കുറച്ചെഴുതുക എന്നാണ് അറിവുള്ളവര്‍ പറയുന്നത്.
എം. മുകുന്ദന്റെയും ഉറൂബ്, ചെറുകാട്, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവരുടെയും കൃതികള്‍ വായിക്കാനാണ് കൂടുതലിഷ്ടം. വയലാറിന്റെയും ഒ.എന്‍.വിയുടെയും കവിതകള്‍ എത്ര വായിച്ചാലും മതിയാവില്ല. ബാലസാഹിത്യലോകത്ത് ധാരാളം പ്രതിഭകളുണ്ട്. ബാലസാഹിത്യകാരന്മാരുടെ ഗ്രൂപ്പുകളിലൂടെ എഴുതുകയും വായിക്കുകയും ചെയ്യാറുണ്ട്.
സോഷ്യല്‍ മീഡിയ എഴുത്തിനെ സ്വാധീനിക്കാറുണ്ടോ?
സോഷ്യല്‍ മീഡിയ എഴുത്തിനെയും വായനയെയും കുറച്ചൊന്നുമല്ല സ്വാധീനിച്ചിരിക്കുന്നത്. പണ്ട് കഥയോ കവിതയോ എഴുതിയാല്‍ അത് ജനമധ്യത്തില്‍ എത്തണമെങ്കില്‍ ഏതെങ്കിലും വാരികക്കാരുടെ ദയവുണ്ടാകണം. ഇന്നതു വേണ്ട. അതിനെല്ലാം പോന്ന പ്ലാറ്റ്‌ഫോമായി സോഷ്യല്‍ മീഡിയ ഇന്ന് തിളങ്ങിനില്‍ക്കുന്നു.
ഇപ്പോഴത്തെ കുട്ടികള്‍ മൊബൈലിനും ഇന്റര്‍നെറ്റിനും അടിമകളായി വായനയില്‍നിന്നു പിന്‍വലിയുന്നുവെന്ന് കുറേ നാളായി നാം കേട്ടുകൊണ്ടിരിക്കുന്നു. ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
സത്യത്തില്‍, പത്രം പതിവായി വായിക്കുന്ന കുട്ടികള്‍ എത്രയുണ്ട്? മലയാളം തെറ്റുകൂടാതെ എഴുതാന്‍ ഇന്നത്തെ തലമുറയില്‍ പലര്‍ക്കും അറിയില്ല. എന്റെ മക്കള്‍ക്ക് മലയാളം അറിയില്ല, ഇംഗ്ലീഷേ അറിയൂ എന്ന് പലരും അഭിമാനത്തോടെ പറയുന്നതു കേള്‍ക്കാം. ഇതൊരു നല്ല പ്രവണതയല്ല. മാതൃഭാഷ ഒരു ഭാഷ മാത്രമല്ല. നമ്മളോരോരുത്തരും അടയാളപ്പെടുന്നത് മാതൃഭാഷയുടെ പേരിലാണ്.
ലൈബ്രറികള്‍ വളരെ ദീര്‍ഘവീക്ഷണത്തോടെയാണു പ്രവര്‍ത്തിക്കുന്നത്. വീട്ടുമുറ്റസദസ്സുകള്‍വഴി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും പുസ്തകങ്ങള്‍ വീടുകളില്‍ എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതിനാണ് ലൈബ്രറി കൗണ്‍സില്‍ നിര്‍ദേശം കൊടുത്തിരിക്കുന്നത്. അത് എല്ലായിടത്തും പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുന്നത് ഗുണപരമായ മാറ്റങ്ങളുണ്ടാക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് എഴുത്തിന്റെ ശക്തിയെന്നു പലരും പറയുന്നതു കേട്ടിട്ടുണ്ട്. സ്വജീവിതം എഴുത്തിനുള്ള അസംസ്‌കൃതവസ്തുവായി മാറിയിട്ടുണ്ടോ?
ശരിയാണ്. ജീവിതാനുഭവങ്ങളില്‍നിന്നാണ് ജീവനുള്ള കഥകളും കവിതകളുമുണ്ടാകുന്നത്. ഒരുവിധം എല്ലാ കഥാപാത്രങ്ങളായും ജീവിതത്തില്‍ എനിക്കു പകര്‍ന്നാടേണ്ടിവന്നിട്ടുണ്ട്. എന്റെ കഥകളെല്ലാം നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങളാണ്. അതുകൊണ്ടുതന്നെ നമ്മളോരോരുത്തരും അതില്‍ കഥാപാത്രങ്ങളായും വരും.
ബിസിനസിന്റെ തിരക്കിനിടയിലും എഴുത്തിനുള്ള സമയം കണ്ടെത്തുന്നത് എങ്ങനെയാണ്?
എന്തിനും സമയമുണ്ടാക്കിയാല്‍ ഉണ്ടാവും എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ജോലിയെല്ലാം കഴിഞ്ഞെത്തിയാല്‍ കുറെ സമയം കിട്ടും. പിന്നെ എവിടെയെങ്കിലും വെറുതെയിരിക്കേണ്ട സന്ദര്‍ഭം വന്നാല്‍ ഫോണില്‍ എഴുതാമല്ലോ.
എഴുത്തുജീവിതത്തില്‍ എവിടെനിന്നെങ്കിലും അവഗണന നേരിട്ടിട്ടുണ്ടോ?
അത് പ്രാരംഭത്തില്‍ എല്ലാവരും നേരിട്ടിട്ടുണ്ടാകും എന്നുതന്നെയാണ് കരുതുന്നത്. അതൊന്നും വക വയ്ക്കാതെ നമ്മള്‍ നമ്മുടെ മാര്‍ഗത്തിലൂടെ മുന്നേറുക എന്നുള്ളതാണ് കാര്യം. എന്റെ ജീവിതത്തില്‍ ഏറെ ഒറ്റപ്പെടുത്തലും ദ്രോഹങ്ങളും സഹിച്ചിട്ടുണ്ട്. ഏറ്റവും വലിയ ശത്രുക്കള്‍ മിത്രമായി കൂടെനിന്ന് ചതിക്കുന്നവരാണ്. ഇവരോടെല്ലാം ഇന്നെനിക്ക് നന്ദിയേ പറയാനുള്ളൂ. കാരണം, എന്നെ എല്ലാ മേഖലയിലും വളര്‍ത്തിയത് അവരാണ്. അവരുടെ ചെയ്തികളാണ് എനിക്കു വളരാന്‍ വളമായത്. പട്ടിണി ഞാന്‍ ഏറെ സഹിച്ചിട്ടുണ്ട്. എന്നെ പലതും പഠിപ്പിച്ച പട്ടിണിയാണ് ഇന്ന് എന്റെ ഏറ്റവും വലിയ ഗുരുനാഥന്‍. ഏതൊരു രംഗത്തും വരുമ്പോള്‍ത്തന്നെ മിടുക്കരാവില്ല. ഏതു തൊഴില്‍ രംഗത്തും എത്രയെത്ര തെറ്റുകള്‍ തിരുത്തിയാണ് നല്ല രീതിയില്‍ ആ രംഗത്ത് ശോഭിക്കാന്‍ കഴിയുന്നത്. അതുപോലെത്തന്നെയാണ് എഴുത്തും. എഴുതിയെഴുതി പാകം വരണം. ശരിയായ വായനയും ചിന്തയും വേണം.
കുടുംബവിശേഷങ്ങള്‍
ഭാര്യ സരള, മകള്‍ സുരഭി, മകന്‍ സുരാജ്, മരുമക്കള്‍ കൃഷ്ണകുമാര്‍, വിഷ്ണുപ്രിയ, ചെറുമകന്‍ അഭിനവ്. ഇവരെല്ലാമടങ്ങിയതാണ് കുടുംബം.