മാതൃത്വം സംരക്ഷിക്കുന്നതിനായി സ്വജീവന്‍ ബലിയായി അര്‍പ്പിച്ച ജിയന്ന ബെരേറ്റ മോള്ള വിശുദ്ധപദവിയിലെത്തിയിട്ട് 2024 മേയ് 14 ന് ഇരുപതുവര്‍ഷം പൂര്‍ത്തിയാകുന്നു.
ചരിത്രാതീതകാലംമുതല്‍ സ്ത്രീക്ക്, അതിലുപരി മാതൃത്വത്തിന് പരമോന്നതസ്ഥാനമാണു ലോകം നല്‍കിപ്പോന്നിട്ടുള്ളത്. അവള്‍ നന്മയാണ്, പുണ്യമാണ്, വിശുദ്ധിയാണ്, സത്യമാണ്, സൗന്ദര്യമാണ്, സ്‌നേഹമാണ്... എന്നിങ്ങനെ മതങ്ങളും മതഗ്രന്ഥങ്ങളും മതസാരഥികളും തുടങ്ങി കവികളും ചിന്തകരും വരെ അടിക്കുറിപ്പെഴുതി ആദരവും അംഗീകാരവും നല്‍കിയിരിക്കുന്നു. അവള്‍ ജീവനോട് ഏറ്റവും അടുത്തിരിക്കുന്നവളും തലമുറകള്‍ക്കു ജന്മം നല്‍കുന്നവളുമാണ്. ഭൂമിയില്‍ ദൈവത്തിന്റെ പകരക്കാരിയാണവള്‍. എന്നാല്‍, കാലം മാറി... കഥ മാറി... മാതൃത്വത്തിന്റെ ദിവ്യഭാവങ്ങള്‍ തച്ചുടച്ചു ദുഷ്ടതയുടെ മൂര്‍ത്തീഭാവങ്ങളായി സംഹാരതാണ്ഡവമാടുന്ന മാതാക്കള്‍ ഇന്നിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ഉദരത്തില്‍ ഉരുവാകുന്ന കുഞ്ഞുങ്ങളെ ഒരു മടിയുംകൂടാതെ പിച്ചിച്ചീന്തി വലിച്ചെറിയുന്ന മാതാക്കളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്നു. പ്രതിവര്‍ഷം അഞ്ചരക്കോടിയിലധികം ഗര്‍ഭച്ഛിദ്രങ്ങളാണ് ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നതെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, തന്റെ നാലാമത്തെ ഉദരഫലത്തിനു ജന്മം നല്‍കാന്‍ സ്വന്തം ജീവന്‍ ബലിയായി നല്‍കിയ ഇരുപതാം നൂറ്റാണ്ടിന്റെ നേര്‍ക്കാഴ്ചയായ ഒരു മഹാവിശുദ്ധയാണ് ജിയന്ന ബെരേറ്റ മോള്ള. മാതൃത്വത്തിന്റെ മഹനീയമാതൃകയാണവള്‍.
ഇറ്റലിയില്‍ മിലാന്‍നഗരത്തിലെ മാഗ്നറ്റാ എന്ന സ്ഥലത്തു വസിച്ചിരുന്ന ആല്‍ബര്‍ട്ടോ-മരിയ ദമ്പതികളുടെ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ പത്താമത്തെ പുഷ്പമാണ് 1922 ഒക്‌ടോബര്‍ 4 നു പിറന്നുവീണ ഈ പെണ്‍കുഞ്ഞ്. അന്നേദിവസം അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസിന്റെ തിരുനാള്‍കൂടിയായിരുന്നു. ഏഴാംദിവസം മാതാപിതാക്കള്‍ മാമ്മോദീസാ നല്‍കി ജിയന്ന ഫ്രാന്‍സിസ്‌കോ എന്നു പേരു നല്‍കി. ആല്‍ബര്‍ട്ടോയും മരിയയും ജീവിതത്തില്‍ ലാളിത്യം പുലര്‍ത്തിയിരുന്നവരും കഠിനാധ്വാനം ചെയ്ത് ഏറെ അംഗങ്ങളുള്ള കുടുംബത്തെ പോറ്റിയിരുന്നവരുമാണ്. മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ദൈവഭക്തിയിലും പരസ്‌നേഹത്തിലും വളര്‍ത്താന്‍ ഏറെ ശ്രദ്ധിച്ചിരുന്നു. അനുദിനം മക്കളോടൊപ്പം ദിവ്യബലിയില്‍ പങ്കെടുക്കുകയും ജീവകാരുണ്യപ്രവൃത്തികള്‍ക്കായി സമയം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ആത്മീയപുഷ്ടിയും വിശ്വാസതീക്ഷ്ണതയും ജീവിതവിശുദ്ധിയും നിറഞ്ഞ ആ കുടുംബത്തില്‍ നിന്ന് തീരാനൊമ്പരവും ദുഃഖത്തിന്റെ കരിനിഴലുമായി അഞ്ചു കുട്ടികള്‍ പലവിധ രോഗങ്ങളാല്‍ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു. എങ്കിലും ഭഗ്നാശരാവാതെ ശേഷിച്ച എട്ടുകുഞ്ഞുങ്ങളെയും ദൈവോന്മുഖരായി വളര്‍ത്തി. മാത്രമല്ല, മൂന്നു മക്കളെ കര്‍ത്താവിന്റെ മുന്തിരിത്തോപ്പിലേക്കു വേലയ്ക്കായി അയയ്ക്കുകയും ചെയ്തു.
ജിയന്നായുടെ ബാല്യകൗമാരങ്ങള്‍ ഏവരുടെയും ശ്രദ്ധയും അംഗീകാരവും പിടിച്ചുപറ്റാന്‍ പര്യാപ്തമായിരുന്നു. സംഗീതം, പഠനം, കലാകായികരംഗങ്ങള്‍ തുടങ്ങിയവയിലെല്ലാം അവള്‍ സമര്‍ഥയായിരുന്നു. ജിയന്നായ്ക്ക് പതിനാറു വയസ്സുള്ളപ്പോള്‍. ഒരു നോമ്പുകാലധ്യാനത്തില്‍ പങ്കെടുക്കവേ അവള്‍ക്കു തന്റെ ജീവിതത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ലഭ്യമാകുകയും പലവിധ പരിവര്‍ത്തനങ്ങള്‍ക്കു വിധേയപ്പെടുകയും ചെയ്തു. പാപത്തെ വെറുക്കാനും പുണ്യത്തെ പുണരാനുമുള്ള കൃപ അവളില്‍ നിറഞ്ഞൊഴുകി. ജിയന്നായുടെ ഇരുപതാമത്തെ വയസ്സില്‍ തന്റെ പ്രിയമാതാവ് ഹൃദയസ്തംഭനംമൂലം മരണപ്പെട്ടു. ആ ദുഃഖം അവള്‍ക്കു താങ്ങാവുന്നതിലധികമായിരുന്നു. ആ മുറിവുണങ്ങുന്നതിനുമുമ്പേതന്നെ അവളുടെ പിതാവും മരിച്ചു. മുറിഞ്ഞിടത്തുതന്നെ വീണ്ടും മുറിയുന്ന അനുഭവം നിശ്ശബ്ദസഹനത്തിന്റെ ഏങ്ങലടികളായി രൂപം പ്രാപിച്ചു. വേര്‍പാടിന്റെ എല്ലാ വേദനകളും പരിശുദ്ധ വ്യാകുലമാതാവിന്റെ വിമലഹൃദയംവഴി ഈശോയിലേക്കു സമര്‍പ്പിച്ച്, ജീവിതം പുനഃക്രമീകരണം നടത്തി. ദൈവാലയശുശ്രൂഷകളും ജീവകാരുണ്യപ്രവൃത്തികളും ദിവ്യകാരുണ്യാരാധനയുമെല്ലാം അവളുടെ മനസ്സിനു ശാന്തിയും ആത്മാവിനു കുളിര്‍മയും ജീവിതത്തിനു ലക്ഷ്യബോധവും പകര്‍ന്നുനല്‍കി.
മാതാപിതാക്കളുടെ മരണശേഷം ജിയന്നയും സഹോദരങ്ങളും അപ്പൂപ്പന്റെ ഭവനത്തിലേക്കു താമസം മാറ്റി. 1942 ല്‍ ജിയന്നാ മിലാന്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിനു ചേരുകയും 1949 ല്‍ മെഡിസിനിലും സര്‍ജറിയിലും ബിരുദാനന്തരബിരുദം നേടുകയും ചെയ്തു. അതിനുശേഷം സ്വന്തമായൊരു ക്ലിനിക് ആരംഭിക്കുകയും വീണ്ടും പീഡിയാട്രിക്‌സില്‍ സ്‌പെഷ്യലൈസ് ചെയ്ത് കുട്ടികളുടെ ഡോക്ടറാവുകയും ചെയ്തു. ഈ തിരക്കേറിയ ജീവിതത്തിനിടയിലും ദിവ്യബലിക്കോ വ്യക്തിപരമായ പ്രാര്‍ഥനകള്‍ക്കോ കാരുണ്യപ്രവൃത്തികള്‍ക്കോ മുടക്കം വരുത്തിയിരുന്നില്ല. ശിശുരോഗവിദഗ്ധയായ ജിയന്നായുടെ അര്‍പ്പണബോധവും സേവനതത്പരതയും ദീനാനുകമ്പയും തിളക്കമാര്‍ന്ന വ്യക്തിത്വവും മറ്റുള്ളവരുടെ മനംകവരാന്‍ പര്യാപ്തമായിരുന്നു.
ഒരുനാള്‍ ജിയന്ന ഒരു പുത്തന്‍കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ അവസരത്തിലാണ് മതാധ്യാപകനും ഒരു ഫാക്ടറിയുടെ എഞ്ചിനീയറുമായ പിയോട്രായുമായി കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. പിന്നീടങ്ങോട്ട് പല അവസരങ്ങളിലുമുള്ള അവരുടെ കൂടിക്കാഴ്ചകള്‍ ഒരു നവക്രൈസ്തവകുടുംബം രൂപംപ്രാപിക്കാനുള്ള നിമിത്തമായി ഭവിച്ചു. അങ്ങനെ ഇരുവരുടെയും വീട്ടുകാര്‍ തമ്മിലുള്ള അറിവോടും അനുവാദത്തോടും അനുഗ്രഹത്തോടുംകൂടി 1955 സെപ്റ്റംബര്‍ 25 ന് വിവാഹിതരായി. ജിയന്ന ആതുരശൂശ്രൂഷകള്‍ക്ക് ഒട്ടും കുറവു വരുത്താതെ നല്ലൊരു ഭാര്യയായി, ഡോക്ടറായി പ്രശംസാവഹമായി ജീവിതമാരംഭിച്ചു. ദൈവം അവര്‍ക്കു സമ്മാനമായി ഒരാണ്‍കുഞ്ഞിനെയും രണ്ടു പെണ്‍കുഞ്ഞുങ്ങളെയും നല്‍കി അനുഗ്രഹിച്ചു. കുഞ്ഞുങ്ങളെ ഓമനിച്ചും ലാളിച്ചുമുള്ള അവരുടെ സന്തുഷ്ടജീവിതം മറ്റുള്ളവര്‍ക്ക് ഏറെ പ്രശംസനീയവും അഭിനന്ദനാര്‍ഹവുമായി ശോഭിച്ചിരുന്നു! 1961 ല്‍ ജിയന്ന വീണ്ടും ഗര്‍ഭിണിയായി. അവരുടെ സന്തോഷം ഇരട്ടിയായി. ഒരുദിവസം ജിയന്നായുടെ ഉദരത്തില്‍ അതിശക്തമായ വേദനയും ശരീരത്തിനു തളര്‍ച്ചയും അനുഭവപ്പെട്ടു. ആശുപത്രിയിലെത്തി വിദഗ്ധപരിശോധനയില്‍ അറിഞ്ഞത് അവളുടെ ഉദരത്തില്‍ ഒരു ട്യൂമര്‍ വളരുന്നുവെന്നാണ്. എത്രയും പെട്ടെന്ന് ഗര്‍ഭച്ഛിദ്രം നടത്തുകയും ഗര്‍ഭപാത്രം നീക്കം ചെയ്യുകയുംമാത്രമാണു പ്രതിവിധിയെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതി. എല്ലാവരെയും ദുഃഖത്തിലാഴ്ത്തുന്ന വാര്‍ത്തായിരുന്നു അത്.
ജിയന്ന പ്രാര്‍ഥിച്ചൊരുങ്ങി ഒരു തീരുമാനമെടുത്തു തന്റെ ഭര്‍ത്താവിന്റെ മുമ്പില്‍ നിറകണ്ണുകളോടെ ഇത്രമാത്രം പറഞ്ഞു: ''എന്നെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിക്കൂ. ഒരാള്‍ മാത്രമേ ജീവിക്കൂ എന്ന അവസ്ഥയിലാണെങ്കില്‍ കുഞ്ഞിനെത്തന്നെ രക്ഷിക്കൂ.'' ദൈവമനസ്സിനിണങ്ങിയ മാതൃത്വത്തിന്റെ മധുരിമയില്‍ ജിയന്ന തന്റെ ശാരീരികവും മാനസികവുമായ വേദനയോടു താദാത്മ്യം പ്രാപിച്ചുകൊണ്ട് ഒരു പെണ്‍കുഞ്ഞിനുംകൂടി ജന്മം നല്‍കി മരണത്തോടു സമീപിക്കുകയായിരുന്നു. അമ്മ കുഞ്ഞിനെ കരങ്ങളിലെടുത്തു ചുംബിച്ചുകൊണ്ട് എമ്മാനുവേല എന്നു പേരുവിളിച്ചു. തന്റെ ജീവിതപങ്കാളിയെയും നാലു മക്കളെയും ദൈവതൃക്കരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട് ജിയന്ന ശാന്തമായി സുസ്‌മേരവദനയായി സമാധാനത്തോടെ സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി! അനുജത്തി സിസ്റ്റര്‍ വെര്‍ജീനിയ അവളെ തഴുകിത്തലോടി യേശുനാമം ചൊല്ലിക്കൊടുത്തു. അവള്‍ മെല്ലെ അധരങ്ങള്‍ അടച്ചു. കണ്ണുകള്‍ കൂപ്പി. അവള്‍ ഒരു മാടപ്പിറാവിനെപ്പോലെ മാലാഖമാരുടെ ചിറകിലേറി സ്വര്‍ഗത്തിലേക്കു പറന്നുയര്‍ന്നു! ഈ ദുഃഖവാര്‍ത്ത നാടെങ്ങും പരന്നൊഴുകി. ജനസഹസ്രങ്ങള്‍ ആ പുണ്യാത്മാവിനെ ഒരു നോക്കു കാണാന്‍ ഓടിക്കൂടി.
മരണാനന്തരം ആ ധന്യമാതൃത്വത്തിന്റെ കബറിടത്തിലേക്കു ഭക്തജനപ്രവാഹം വര്‍ധിച്ചുകൊണ്ടിരുന്നു. തന്നെ വിളിച്ചു മാധ്യസ്ഥ്യം യാചിക്കുന്നവര്‍ക്കെല്ലാം സ്വര്‍ഗത്തില്‍നിന്ന് അനുഗ്രഹപ്പൂമഴ ചൊരിയാനുള്ള വരം നല്‍കി ദൈവം അവളെ അനുഗ്രഹിച്ചു! ജിയന്നയുടെ കബറിടം സ്ഥിതിചെയ്യുന്ന മിലാനിനടുത്തുള്ള മെസോേറായില്‍ സന്ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് അദ്ഭുതരോഗശാന്തികള്‍ നിത്യസംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ജിയന്നായെ വാഴ്ത്തപ്പെട്ടവളായും വിശുദ്ധയായും പ്രഖ്യാപിക്കാനുള്ള രണ്ട് അദ്ഭുതങ്ങളും നടന്നത് ബ്രസീലിലാണ്. ജിയന്ന മരണമടഞ്ഞ് 42 വര്‍ഷങ്ങള്‍ക്കുശേഷം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ 1994 ഏപ്രില്‍ 14 ന് അവളെ വാഴ്ത്തപ്പെട്ടവളായി നാമകരണം ചെയ്തു. 2004 മേയ് 14 ന് റോമിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ വച്ച് വാഴ്ത്തപ്പെട്ട ജിയന്നായെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ചു. കേവലം 39 വര്‍ഷംമാത്രം ഭൂമിയില്‍ ജീവിച്ച് നാലുമക്കള്‍ക്കു ജന്മം നല്‍കി സ്വര്‍ഗം പൂകിയ ഈ മഹാവിശുദ്ധ ഗര്‍ഭിണികളുടെ മധ്യസ്ഥയായി പ്രത്യേകമാംവിധം വണങ്ങപ്പെടുന്നു.