കേരളത്തിലെ ചരിത്രപ്രസിദ്ധങ്ങളായ ക്രൈസ്തവതീര്‍ഥാടനകേന്ദ്രങ്ങളില്‍ പ്രമുഖസ്ഥാനമലങ്കരിക്കുന്ന ഒന്നാണ് അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളി. മീനച്ചിലാറിന്റെ കരയില്‍, പശ്ചിമഘട്ടമലനിരകളുടെ മടിത്തട്ടിലെന്നോണം ഈ ദൈവാലയം സ്ഥിതിചെയ്യുന്നു. കോട്ടയത്തുനിന്ന് 25 മൈല്‍ കിഴക്കുമാറി, മധ്യതിരുവിതാംകൂറിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഈ ശിലാഗോപുരം ഭക്തസഹസ്രങ്ങളുടെ അഭയസ്ഥാനമാണിന്ന്. ഇടവകമധ്യസ്ഥനായ വിശുദ്ധ ഗീവറുഗീസ് സഹദാ അഥവാ ''അരുവിത്തുറ വല്യച്ചന്‍'' സര്‍പ്പഭയത്തില്‍നിന്നും ശത്രുദോഷത്തില്‍നിന്നും മറ്റനേകം ഈതിബാധകളില്‍നിന്നും തങ്ങളെ സംരക്ഷിക്കുമെന്ന ദൃഢവിശ്വാസം ജാതിമതഭേദമെന്യേ അനേകായിരങ്ങളെ ഈ ദൈവാലയത്തിലേക്കു ശരണാര്‍ഥികളായി അടുപ്പിക്കുന്നു.
മുസ്ലീംഭൂരിപക്ഷപ്രദേശമായ ഈരാറ്റുപേട്ടയുടെ ഒത്ത നടുവിലായി സ്ഥിതിചെയ്യുന്ന അരുവിത്തുറപ്പള്ളി മുമ്പ് ഈരാപ്പുഴ അഥവാ ഈരാപ്പെലിപ്പള്ളി എന്നാണറിയപ്പെട്ടിരുന്നത്. അതേക്കുറിച്ചു ചരിത്രം ഇങ്ങനെ പറയുന്നു: പശ്ചിമഘട്ടമലനിരകളുടെ കിഴക്കുഭാഗത്തുനിന്നുദ്ഭവിക്കുന്ന വടക്കനാറും പടിഞ്ഞാറുഭാഗത്തുനിന്നുദ്ഭവിക്കുന്ന പൂഞ്ഞാര്‍നദിയും അരുവിത്തുറയിലെത്തി ഒന്നിക്കുകയും ആ സംഗമസ്ഥാനത്തിന് ഈരാറ്റുപുഴയെന്നു പേരുവീഴുകയും ചെയ്തു. രണ്ട് ആറുകളുടെ ഇട എന്ന അര്‍ഥത്തില്‍ 'ഈരാറ്റിട'യെന്നും 'ഈരാപ്പെലി'യെന്നും പേരില്‍ വകഭേദങ്ങള്‍ വേറേയുമുണ്ടായി. കാലക്രമേണ അത് ഈരാറ്റുപേട്ടയായി മാറി.
അരുവിത്തുറയെന്ന സ്ഥലനാമവും ഇങ്ങനെ രൂപപ്പെട്ടതാകണം. അരുവിയെന്നാല്‍ ചെറിയ നദി. 'തുറ'യെന്നാല്‍ കടവ് അഥവാ യാനപാത്രങ്ങള്‍ അടുക്കുന്ന സ്ഥലം. അങ്ങനെ വരുമ്പോള്‍ അരുവിത്തുറയെന്നാല്‍ ചെറിയ ആറിന്റെ തീരത്തുള്ള കടവ് എന്നര്‍ഥം. പശ്ചിമഘട്ടത്തിനപ്പുറത്തു കിടക്കുന്ന തമിഴ്പ്രദേശങ്ങളുമായി 'ഈരാപ്പെലി'ക്ക് ഊര്‍ജിതമായ വ്യാപാരബന്ധമുണ്ടായിരുന്നുവെന്നും തമിഴ്‌വ്യാപാരികള്‍ അവരുടെ ശൈലിയനുസരിച്ച് ഈ സ്ഥലത്തിന് അരുവിത്തുറ എന്ന പേരു നല്കിയെന്നുമാണ് ഒരു നിരീക്ഷണമുള്ളത്. ഈ സ്ഥലം കരമാര്‍ഗവ്യാപാരത്തിനു സഹായകമായ ഒരു ഉള്‍നാടന്‍തുറമുഖമായി അഭിവൃദ്ധിപ്പെട്ടതിനാല്‍ ആ സ്ഥലത്തു കച്ചവടം നടത്തിയിരുന്ന തമിഴന്മാരുമായി പല സ്ഥലങ്ങളില്‍നിന്നുമുള്ള ആളുകള്‍ വ്യാപാരബന്ധം പുലര്‍ത്തുകയും, ഈ സമ്പര്‍ക്കം അരുവിത്തുറ എന്ന തമിഴ്‌പേര് അംഗീകരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തുവത്രേ. ക്രമേണ ഈരാപ്പെലി, ഈരാപ്പുഴ എന്നീ പേരുകള്‍ വിസ്മൃതങ്ങളായി. വൈദേശികമായ അരുവിത്തുറ എന്ന പേര് പള്ളിയുടെ രേഖകളില്‍ 1901 നു ശേഷം മാത്രമേ കാണുന്നുള്ളൂ.
ചുരുക്കിപ്പറഞ്ഞാല്‍, അരുവിത്തുറപ്പള്ളിയുടെ പേരിനെ സംബന്ധിച്ച് ചരിത്രക്രമമനുസരിച്ച് അനുമാനിക്കാവുന്ന കാര്യമിതാണ്:
• ശവകുടീരലിഖിതങ്ങളില്‍ കാണുന്നപ്രകാരം
എ.ഡി. 17-ാം ശതകംവരെ 'ഈരാറ്റിട'.
• നാലാം തോമാ ആര്‍ച്ചുഡീക്കന്‍, മാര്‍ ഗബ്രിയേല്‍ മെത്രാന്‍, മത്തായിക്കത്തനാര്‍ എന്നിവരുടെ ലിഖിതങ്ങളില്‍ കാണുന്നവിധം 18-ാം നൂറ്റാണ്ടില്‍ ഈരാപ്പെലി അഥവാ ഈരാപ്പുഴ.
• പള്ളിയിലെ രേഖകളില്‍ കാണുംവിധം പത്തൊമ്പതാം ശതകത്തില്‍ ഈരാറ്റുപുഴ.
• 1901 മുതലുള്ള പള്ളിരേഖകളില്‍ അരുവിത്തുറ.
തോമാശ്ലീഹാ സ്ഥാപിച്ച പള്ളി
അരുവിത്തുറപ്പള്ളി തോമാശ്ലീഹാ സ്ഥാപിച്ചുവെന്ന പാരമ്പര്യവിശ്വാസം വളരെ പ്രബലമാണ്. ഭാരതപ്രേഷിതനായ അപ്പസ്‌തോലന്‍ (എ.ഡി. 52-72) തമിഴ്‌നാട്ടിലേക്കുള്ള യാത്രയില്‍ യഹൂദരുടെയും മറ്റു വിദേശികളുടെയും വ്യാപാരകേന്ദ്രമായിരുന്ന അരുവിത്തുറയില്‍ (ഈരാറ്റുപുഴ) എത്തുകയും ഏതാനും പ്രമുഖവ്യക്തികളെ മാനസാന്തരപ്പെടുത്തുകയും അവര്‍ക്കുവേണ്ടി ഒരു ആരാധനാസ്ഥലം ആരംഭിക്കുകയും ചെയ്തു. തോമാശ്ലീഹാ സ്ഥാപിച്ച പള്ളികളുടെ പ്രസിദ്ധമായ പട്ടികയില്‍ (കൊടുങ്ങല്ലൂര്‍, കോട്ടക്കായല്‍, കോക്കമംഗലം, നിരണം, കൊല്ലം, ചായല്‍, പാലയൂര്‍) ഈരാപ്പുഴപ്പള്ളി ഉള്‍പ്പെട്ടിട്ടില്ലായെങ്കിലും, അരുവിത്തുറയുടെ അപ്പസ്‌തോലികപാരമ്പര്യം സംബന്ധിച്ച അനിഷേധ്യമായ വസ്തുതകള്‍ ചരിത്രത്തില്‍നിന്നു നമുക്കു കണ്ടെത്താന്‍ കഴിയും. കേരളയാക്കോബായ സഭയിലെ ഉന്നതസ്ഥാനീയനായിരുന്ന നാലാം മാര്‍ത്തോമ്മാ മെത്രാന്‍ ഹോളണ്ടിലെ ലെയ്ഡന്‍ യൂണിവേഴ്‌സിറ്റി പ്രഫസര്‍ കാര്‍ലോസ് ഷാഫിന് എ.ഡി. 1721 ല്‍ അയച്ച കത്തില്‍ മാര്‍ത്തോമ്മാശ്ലീഹാ സ്ഥാപിച്ച പള്ളികളുടെ ഗണത്തില്‍ മൈലാപ്പൂര്‍, കൊടുങ്ങല്ലൂര്‍, ഈരാപ്പെലി, പ്രാക്കാര്‍, കൊക്കമംഗലം, തിരുവാംകോര്‍, നിരണം എന്നും, 1717 നും 1721 നും മധ്യേ യാക്കോബായമെത്രാന്‍ മാര്‍ ഗബ്രിയേല്‍ സുറിയാനിവൈദികനായ മത്തായി കത്തനാരുടെ കൈപ്പടയില്‍ എഴുതിയ കത്തില്‍ സെന്റ് തോമസ് ദൈവാലയങ്ങളായി ഈരാപ്പുഴ, പറവൂര്‍, നിരണം, കൊക്കമംഗലം, തിരുവാംകോര്‍ എന്നും, പ്രസ്തുത മത്തായി കത്തനാരുടെ 1725 ലെ സഭാചരിത്രത്തില്‍ അപ്പസ്‌തോലസ്ഥാപിതങ്ങളായ പള്ളികളില്‍ ഈരാപ്പുഴ, കൊക്കമംഗലം, പറവൂര്‍, നിരണം, തിരുവാംകോര്‍ എന്നും വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.
ഈ രേഖകളില്‍ കൊടുത്തിരിക്കുന്ന പള്ളികളുടെ ലിസ്റ്റ് റമ്പാന്‍പാട്ടിലെയും മാര്‍ഗംകളിപ്പാട്ടിലെയും പട്ടികയില്‍നിന്നു വ്യത്യസ്തമാണ്. ഇതില്‍നിന്ന് അനുമാനിക്കേണ്ടത്, റമ്പാന്‍പാട്ടിലും മാര്‍ഗംകളിപ്പാട്ടിലും നല്കപ്പെട്ടിട്ടുള്ള പള്ളികളുടെ പേരുകള്‍ അവയുടെ കര്‍ത്താക്കളുടെ സ്ഥലങ്ങളില്‍ പ്രചാരത്തിലിരുന്ന പാരമ്പര്യങ്ങളെയും മുകളില്‍പ്പറഞ്ഞ കത്തുകളിലെ പ്രസ്താവനകള്‍ അവ എഴുതിയവരുടെ പ്രദേശങ്ങളിലെ പാരമ്പര്യങ്ങളെയും ആധാരമാക്കിയുള്ളവയെന്നാണ്. മറ്റൊരുദാഹരണം പറഞ്ഞാല്‍, മാര്‍ത്തോമ്മാശ്ലീഹാ തമിഴ്‌നാട്ടിലേക്കുള്ള തന്റെ യാത്രയില്‍ മലയാറ്റൂരില്‍ സുവിശേഷം പ്രസംഗിച്ചുവെന്നു റമ്പാന്‍പാട്ടില്‍ പറയുന്നു. എന്നാല്‍, തോമാശ്ലീഹാ സ്ഥാപിച്ച പള്ളികളുടെ പൊതുവെ അംഗീകരിക്കപ്പെട്ട പട്ടികയില്‍ മലയാറ്റൂര്‍ ഇല്ല. ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്, അപ്പസ്‌തോലന്‍ മാനസാന്തരങ്ങള്‍ സാധിതമാക്കുകയും കുരിശുകള്‍ സ്ഥാപിച്ച് ആരാധനാകേന്ദ്രങ്ങള്‍ ആരംഭിക്കുകയും ചെയ്ത സ്ഥലങ്ങള്‍ വേറെയും ഉണ്ടായിരുന്നിരിക്കാമെന്നാണ്.
അരുവിത്തുറപ്പള്ളിയെയും (ഈരാപ്പുഴ) തെക്കന്‍ തിരുവിതാംകൂറിലെ തിരുവാംകോട് പള്ളിയെയും സംബന്ധിച്ച് അതതു പ്രദേശങ്ങളില്‍ നിലവിലുള്ള പരമ്പരാഗതവിശ്വാസം ഈ അനുമാനത്തിനു ബലം നല്കുന്നു.
ചായല്‍ അഥവാ നിലയ്ക്കല്‍ എന്ന സ്ഥലത്തേക്കോ അവിടെനിന്നോ ഉള്ള യാത്രാമധ്യേ തോമാശ്ലീഹാ ഈരാപ്പുഴപള്ളി സ്ഥാപിച്ചുവെന്നാണു പാരമ്പര്യവിശ്വാസം. അരുവിത്തുറപ്പള്ളിയുടെ അപ്പസ്‌തോലികപാരമ്പര്യത്തിനുള്ള മറ്റൊരു തെളിവ്, ഈരാപ്പുഴ(അരുവിത്തുറ)പ്പള്ളി മറ്റേതെങ്കിലും പള്ളിയില്‍നിന്നു ഭാഗം പിരിഞ്ഞുപോയതാണെന്നു പ്രസ്താവിക്കുന്ന യാതൊരു രേഖയുമില്ല എന്നതാണ്. തോമാശ്ലീഹാ സ്ഥാപിച്ചവയൊഴികെ കേരളത്തിലുള്ള മറ്റെല്ലാ പള്ളികള്‍ക്കും അവയുടെ സ്ഥാപനത്തെയോ മറ്റു പള്ളികളില്‍നിന്നു പിരിഞ്ഞുപോയതിനെയോ സംബന്ധിച്ച രേഖകളുണ്ട്. ഈരാപ്പുഴപ്പള്ളിയുടെ അപ്പസ്‌തോലികസ്ഥാപനം സംബന്ധിച്ച പാരമ്പര്യം 18-ാം ശതകത്തിന്റെ ആദ്യപാദത്തില്‍ വളരെ പ്രചാരമുള്ളതായിരുന്നു. കോട്ടയം വികാരിയാത്തിന്റെ ആദ്യകാല അപ്പസ്‌തോലിക്കാ ആയിരുന്ന മോണ്‍. ചാള്‍സ് ലവീഞ്ഞ് 1893 ലെ തന്റെ കലണ്ടറില്‍ അരുവിത്തുറപ്പള്ളി സമീപപ്രദേശങ്ങളിലെ എല്ലാ പള്ളികളുടെയും മാതൃദൈവാലയമായിരുന്നുവെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
പള്ളിയുടെ ആരംഭം
പാരമ്പര്യമനുസരിച്ച്, അരുവിത്തുറ (ഈരാപ്പെലി)യിലെ ആദ്യത്തെ ആരാധനാലയം ഹൈന്ദവക്ഷേത്രങ്ങളുടെ മാതൃകയില്‍ കരിങ്കല്ലുകൊണ്ടാണു നിര്‍മിച്ചത്. അതു പല തവണ പുനര്‍നിര്‍മിതമായി എന്നു പറയപ്പെടുന്നു. ഒരിക്കല്‍ പള്ളി പൊളിച്ചപ്പോള്‍, ഉപേക്ഷിക്കപ്പെട്ട മൂന്നു കരിങ്കല്‍ക്കഷണങ്ങളാല്‍ നിര്‍മിതമായ റോമന്‍മാതൃകയിലുള്ള ഒരു കമാനം (പ്രധാന വാതിലിന്റെ ഭാഗമായിരുന്നത്) പരേതനായ ഫാ. ഹോസ്റ്റന്‍ എസ്. ജെ. തന്റെ പുരാവസ്തുഗവേഷണയാത്രയ്ക്കിടയില്‍ അരുവിത്തുറപ്പള്ളിയുടെ പരിസരത്തുനിന്ന് 1924 ല്‍ കണ്ടെടുത്തിരുന്നു. അതു പുതിയ പള്ളിയുടെ തറക്കെട്ടില്‍ ഇന്നും ഭദ്രമായി (ഭാഗികമായി തേഞ്ഞുപോയെങ്കിലും) സംരക്ഷിച്ചുവരുന്നു. മുന്‍വശത്തു മൂന്നു പടികളുള്ള കുരിശുരൂപം കൊത്തിയ പ്രസ്തുത കമാനം, പതിനാറാം നൂറ്റാണ്ടില്‍ പൊളിക്കപ്പെട്ട പള്ളിയുടെ ഭാഗമായിരിക്കണമെന്നാണ് അനുമാനം. എന്തെന്നാല്‍, രണ്ടാംശതകം അവസാനത്തിലോ മൂന്നാം ശതകം ആരംഭത്തിലോ നിര്‍മിക്കപ്പെട്ട ക്ഷേത്രത്തിന്റെ ആകൃതിയിലുള്ള പള്ളിയില്‍ ഒരു റോമന്‍കമാനം ഉണ്ടാവാന്‍ ഇടയില്ലല്ലോ. സിറിയാക്കാരാണ് പണ്ട് ഈ വിധത്തിലുള്ള കമാനങ്ങള്‍ തീര്‍ത്തിരുന്നത്. പിന്നീട്, ഈ മാതൃക റോമാക്കാരും മറ്റു പാശ്ചാത്യരാജ്യങ്ങളും അനുകരിച്ചുതുടങ്ങി. കാലാന്തരത്തില്‍ സിറിയന്‍കമാനം റോമന്‍കമാനം എന്ന പേരിലറിയപ്പെട്ടു.
പതിനാറാം ശതകത്തിന്റെ ആരംഭത്തിലാണ് ഇടവകക്കാരനായ കല്ലറയ്ക്കല്‍ മത്തായിക്കത്തനാരുടെ നിയന്ത്രണത്തില്‍ കല്ലും കുമ്മായവും ഉപയോഗിച്ച്, കളിമണ്ണോടുകള്‍കൊണ്ടു മേല്‍ക്കൂര ചാര്‍ത്തിയ ഒരു പുതിയ പള്ളി ഉയരുന്നത്.
സിറിയന്‍-ഗോഥിക് ശൈലിയില്‍, പടിഞ്ഞാറോട്ടു ദര്‍ശനമായി പണിത പ്രസ്തുതപള്ളി 1951 ല്‍ പൊളിച്ചുപണിയപ്പെട്ടു. അതിന്റെ മദ്ബഹമാത്രം മേല്‍ക്കൂരയോടുകൂടി ഇന്നു നിലവിലുള്ള ആധുനികദൈവാലയത്തിന്റെ വലതുവശം ചേര്‍ത്തു സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇടവകമധ്യസ്ഥനായ വിശുദ്ധ ഗീവറുഗീസിന്റെ അഥവാ 'അരുവിത്തുറ വല്യച്ച'ന്റെ തിരുസ്വരൂപം വിശ്വാസികളുടെ ഭക്ത്യാദരങ്ങളേറ്റുവാങ്ങി ഇവിടെ കുടികൊള്ളുന്നു.
ആധുനികപള്ളിയുടെ ആരംഭം
1942 സെപ്റ്റംബര്‍ എട്ടാം തീയതി പരുന്തിരിക്കല്‍ തോമാച്ചന്‍ വികാരിയായിരിക്കുമ്പോഴാണ്, ചങ്ങനാശേരി മെത്രാന്‍ മാര്‍ ജെയിംസ് കാളാശേരി ഇന്നു കാണുന്ന പള്ളിക്കു തറക്കല്ലിട്ടത്. 1951 ഏപ്രില്‍ 20-ാം തീയതി മറ്റത്തില്‍ സെബാസ്റ്റ്യനച്ചന്‍ വികാരിയായിരുന്നപ്പോള്‍ പാലായുടെ പ്രഥമമെത്രാന്‍ യശഃശരീരനായ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍തിരുമേനി പുതിയ ദൈവാലയം ആശീര്‍വദിച്ചു. ഈ ദൈവാലയത്തിന്റെ മദ്ബഹ മുതല്‍ മുഖവാരം വരെ 170 അടി നീളവും 50 അടി വീതിയും 52 അടി ഉയരവുമുണ്ട്. മുഖവാരത്തിന് 120 അടിയിലധികം പൊക്കവും മദ്ബഹയുടെ രണ്ടുവശത്തുമുള്ള നീട്ടുകള്‍ ഉള്‍പ്പെടെയുള്ള ഭാഗത്തിന് 100 അടിയോളം കുറുകെ നീളവുമുണ്ട്. മുന്‍വശത്തു 120 അടി പൊക്കമുള്ള മണിമാളികയും അതിനു മുകളിലായി ക്രിസ്തുരാജന്റെ തിരുസ്വരൂപവും സ്ഥിതിചെയ്യുന്നു. മധ്യത്തിലുള്ള തട്ടില്‍ വിശുദ്ധ ഗീവറുഗീസിന്റെയും താഴേത്തട്ടില്‍ സ്വര്‍ഗാരോപിതമാതാവിന്റെയും ശില്പങ്ങള്‍ മുഖവാരത്തിനു പരഭാഗശോഭയേറ്റുന്നു.
ശ്രീ. കെ.സി. തോമസ് ആനത്താനത്ത് കല്ലറയ്ക്കല്‍ എന്ന എഞ്ചിനീയറുടെ നേതൃത്വത്തിലായിരുന്നു പുതിയ പള്ളിയുടെ നിര്‍മാണം. കല്ലറയ്ക്കല്‍ - പൊട്ടംകുളം കുടുംബക്കാര്‍ അള്‍ത്താരയും പരേതനായ കെ.വി. സക്കറിയാസ് പൊട്ടംകുളം പ്രധാനബലിപീഠവും സംഭാവന ചെയ്തു. അള്‍ത്താരയിലെ സ്വര്‍ഗാരോപിതമാതാവിന്റെ രൂപവും കൊടിമരവും വല്യച്ചന്‍ മലയിലെ കുരിശും പ്ലാത്തോട്ടം കുടുംബക്കാരും, വിശുദ്ധ തോമാശ്ലീഹായുടെ രൂപം തെങ്ങുംമൂട്ടില്‍ കുടുംബക്കാരും സംഭാവന ചെയ്തതാണ്. ഇടവകയുടെ അകത്തും പുറത്തുമുള്ള നിരവധിയാളുകള്‍ സാമ്പത്തികമായും കായികമായും അളവറ്റ സംഭാവനകള്‍ വേറേയും നല്കിയിട്ടുണ്ട്. പള്ളിനിര്‍മാണത്തിന്റെ ഭാഗമായി നില ഇടുന്നതിനാവശ്യമായ ഇല്ലി മുഴുവന്‍ സ്വന്തം പുരയിടത്തില്‍നിന്നു സ്വന്തം ചെലവില്‍ വെട്ടിച്ചുനല്‍കിയത് ദേവസ്യാ തൊമ്മന്‍ (കുഞ്ഞപ്പന്‍) അത്യാലിയാണ്.